TopTop
Begin typing your search above and press return to search.

അവരിത്തിരി ഇമോഷണലാവട്ടെന്നേ

അവരിത്തിരി ഇമോഷണലാവട്ടെന്നേ

കെ.ജെ ജേക്കബ്

കിലുക്കത്തിലെ നിശ്ചലിനോട് സഹതപിക്കാത്തവര്‍ ചുരുങ്ങും. '...അവസാനം നീ കാണിച്ച തെണ്ടിത്തരത്തിനു ഒടിഞ്ഞത് എന്റെ കൈ, എന്റെ മൂക്ക്, എന്റെ തല... ഇത്രയൊക്കെ സംഭവിച്ച എനിക്ക് ഇമോഷണലാവാനുള്ള അവകാശമില്ലേടാ'ന്നു ഫോട്ടോഗ്രാഫര്‍ ചോദിക്കുമ്പോള്‍ തല കുലുക്കാത്തവര്‍ ചുരുങ്ങും. ഏകദേശം ഇത്തരമൊവസ്ഥയില്‍ നില്‍ക്കുന്ന കേരളത്തിലെ പരിസ്ഥിതി ലോലപ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് പക്ഷെ ഇമോഷണലാവാനുള്ള അവകാശമില്ലെന്ന് കരുതുന്നവര്‍ ഏറെയുണ്ട്. അവരുടെ മുന്‍പാകെയാണ് ഈ സങ്കട ഹര്‍ജി. (ഇത്തിരി നീളമുണ്ട്, പറ്റുമെങ്കില്‍ മാപ്പാക്കണം)

കര്‍ഷക സമരം മണല്‍ക്വാറി, റിസോര്‍ട്ട്‌, റിയല്‍ എസ്‌റ്റേറ്റ് മാഫിയയ്ക്ക് വേണ്ടി കത്തോലിക്കാ സഭ നടത്തുന്ന പ്രഹസനമാണ് എന്നൊരാക്ഷേപമുണ്ട്. ചേട്ടന്മാരെ, മാഫിയകള്‍ക്ക് കച്ചവടം നടത്താന്‍ സമരത്തിന്റെ ആവശ്യമില്ല. ഏതു നിയമം വന്നാലും നടപ്പാക്കേണ്ടവരെ വിലയ്ക്കുവാങ്ങാന്‍ പോക്കറ്റിനു നീളമുള്ളവര്‍ക്ക് ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ട ആവശ്യമില്ല. വഴിനീളെ വണ്ടി തടഞ്ഞും കളക്ടറെ ആക്രമിച്ചും പോലീസ് സൂപ്രണ്ടിന്റെ വണ്ടിയ്ക്കു കല്ലെറിഞ്ഞുമാണോ സര്‍, മാഫിയകള്‍ അവരുടെ പണി നടത്തുന്നത്? താമരശേരിയിലെ ഫോറസ്റ്റ് ഓഫീസില്‍ ചെയ്തപോലെ, അവര്‍ പരമാവധി ചെയ്യുന്നത് ബഹളത്തിനിടയില്‍ ചില പണികള്‍ ഒപ്പിക്കലല്ലേ?

ഇനി ക്വാറി മാഫിയ ആണെന്ന് തന്നെയിരിക്കട്ടെ. ആരാണ് അവര്‍ക്ക് ചൂട്ടുപിടിക്കുന്നത്? ഈ കല്ലു മുഴുവന്‍ എങ്ങോട്ടാണ് പോകുന്നത്, ആരാണ് ഉപയോഗിക്കുന്നത്? ഞാന്‍ സ്ഥിരമായി യാത്ര ചെയ്യുന്ന രണ്ടു റോഡുകളാണ് കൊച്ചിയിലെ സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡും കാക്കനാട് - പാലാരിവട്ടം റോഡും. ആദ്യത്തെ റോഡ് 14 വര്‍ഷം മുന്‍പ് പണിതു; അങ്ങനെ തന്നെയിരിക്കുന്നു. രണ്ടാമത്തെ റോഡ് ഓരോ വര്‍ഷവും രണ്ടു പ്രാവശ്യം പുതുക്കി പണിയും. ആദ്യത്തെ റോഡിനു മുകളില്‍ മഴ പെയ്യാത്തതിനാലല്ല, ആ റോഡ് കേടു കൂടാതെയിരിക്കുന്നത്. അതിനു വേണ്ടി നീക്കിവച്ച പണം അവിടത്തന്നെ ഉപയോഗിച്ചു എന്നതുകൊണ്ടാണ്. കര്‍ഷകര്‍ പുതിയ കൃഷി രീതികള്‍ പ്രയോഗിച്ചു പഠിക്കണം എന്നവശ്യപ്പെടുന്നവര്‍ എന്തേ, വിഭവങ്ങള്‍ കുറച്ചുപയോഗിക്കുന്ന പുതിയൊരു നിര്‍മാണ ക്രമത്തെക്കുറിച്ച് ആകുലപ്പെടുന്നില്ല?

ഇതൊരുമിച്ചു പോകേണ്ട കാര്യങ്ങളല്ലേ?

മണല്‍ മാഫിയയെക്കുറിച്ചു പറയാനുള്ളതും ഇത് തന്നെ. കേരളത്തില്‍ ഏകദേശം 40 ശതമാനത്തോളം വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്നാണു സെന്‍സസ് റിപ്പോര്‍ട്ട്. നഗരത്തിലെ ഫ്‌ലാറ്റുകളിലെയ്ക്ക് രാത്രിയില്‍ ഒന്ന് നോക്കുക. നൂറെണ്ണത്തില്‍ വിളക്ക് തെളിയുന്നത് പത്തിലധികം വരില്ല. എന്നിട്ടും തിരക്കിട്ട് വീടുപണിയാണ് നാടെങ്ങും. ഒരേക്കറില്‍ കപ്പയും വാഴയും ചെമ്പും ഇഞ്ചിയും കൃഷി ചെയ്തു ജീവിക്കുന്നവന്റെ മണ്ണിന്റെ ചെരിവ് അളന്നുനോക്കി വിലക്കുന്നവര്‍ എന്തുകൊണ്ടാണ് ഇത്തരം നിര്‍മാണങ്ങള്‍ കാണാതെ പോകുന്നത്?

എന്ത് മാനദണ്ഡം വച്ചാണ് വാഗമണ്‍ ലിസ്ടില്‍ നിന്നൊഴിവായത്? എന്റെ നാടായ ആറളത്തിന്റെ അയല്‍പഞ്ചായത്ത്, വളരെയധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന, പശ്ചിമ ഘട്ടം കടന്നു പോകുന്ന അയ്യന്‍കുന്ന്‍ എങ്ങനെ ഒഴിവായി? കേരളത്തില്‍ പശ്ചിമ ഘട്ടം മുറിയുന്നത് വാളയാറും പുനലൂരും ആണ് എന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്. എങ്ങനെയാണ് കാസര്‍ഗോഡ് ജില്ല മൊത്തത്തില്‍ ഒഴിവായത്?

കുറെപ്പേരുടെ സംശയം കേന്ദ്ര വിജ്ഞാപനത്തില്‍ പറഞ്ഞ അഞ്ചു കാര്യങ്ങളില്‍ ഏതാണ് കൃഷിക്കാര്‍ക്കെതിരെയുള്ളത് എന്നാണ്. കളി കാര്യമാവുന്നു എന്ന് കണ്ടപ്പോള്‍ ജയന്തി നടരാജനും ഉമ്മന്‍ ചാണ്ടിയുമെല്ലാം മലക്കം മറിഞ്ഞെങ്കിലും എന്തായിരുന്നു നവം. 15ന്റെ ഉത്തരവ്? ഈ തൊന്തരവുകളില്‍ നിന്നെല്ലാം അകലെയുള്ള 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്:

“The ministry in its notification, issued on Wednesday, annexed a comprehensive list of state-wise, district-wise and taluka-wise villages in the ESA and posted the details on its website while asking the six states - Gujarat, Maharashtra, Goa, Karnataka, Kerala and Tamil Nadu - to implement the order strictly.

"In case of any violation, appropriate legal action under the Environment (Protection) Act, 1986 will be taken," said the notification.”

ഓലപ്പാമ്പ് ഒന്നുമല്ലണ്ണാ, ഉത്തരവാണ്. കല്ല് മാത്രമല്ല, മനുഷ്യന്റെ ജീവിതം തന്നെ പിളര്‍ത്തുന്ന തരമാണ്. കണ്ടു പരിചയമുള്ളവരാണ് വഴിയിലിറങ്ങിയത്. അവര്‍ നടത്തിയ അക്രമം ന്യായീകരിക്കാനില്ല. അത് മണ്ടത്തരമാണ് താനും. പക്ഷെ അക്രമത്തെ സാധൂകരിച്ചതാരാണ്? കര്‍ശനമായി നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും എന്ന് പറഞ്ഞിറക്കിയ ഇണ്ടാസ് എങ്ങനെയാണ് നാലുമാസം കാലാവധിയുള്ള ഓഫീസ് ഓര്‍ഡര്‍ ആയി മാറിയത്? താടിയുള്ളപ്പനെ അപ്പോള്‍ പേടിയുണ്ടല്ലേ? (അതിലോലദുര്‍ബലപ്രാധാന്യ സ്ഥലങ്ങളെന്നു യു എന്‍ അംഗീകരിച്ച രാംസര്‍ സൈറ്റുകളിലൊന്നാണ് വേമ്പനാട് കായല്‍. അത് നികത്തിയുണ്ടാക്കിയ കണ്ണായ ടൂറിസം സ്‌പോട്ടില്‍ മനുഷ്യ മുഖമുള്ള ഒരു മുതലാളി ഒരു കൊച്ചു ഓല ഷെഡ് പണിയുന്നുണ്ട്. ഇത്തരം ഓഫീസ് ഓര്‍ഡര്‍ ആയി മാറിയ നോട്ടിഫിക്കെഷനുകളൊന്നും ആ ഭാഗത്ത് കണ്ടില്ല എന്ന് വെറുതെ ഓര്‍ത്തുപോകുന്നു)

കാര്യം പി ടി തോമസ് പറഞ്ഞാലും അംഗീകരിക്കണം. ഒന്നുമല്ലെങ്കിലും ഒരു ബിഷപ്പിന്റെ മുന്‍പില്‍ നട്ടെല്ല് വളയ്ക്കാതെ നില്ക്കാന്‍ കഴിഞ്ഞ ഏക ന്യൂ ജെനറേഷന്‍ കോണ്‍ഗ്രസുകാരന്‍ എന്ന നിലയ്ക്ക് അദേഹം ആദരം അര്‍ഹിക്കുന്നു. എങ്കിലും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും, പരിസ്ഥിതി മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷനും അദ്ദേഹം കണ്ടോ എന്നെനിക്കറിയില്ല. ചില കാര്യങ്ങള്‍ ഇതൊക്കെയാണ്:

“All other infrastructure and development projects/schemes should be subject to environment clearance under Category ‘A’ projects under EIA Notification 2006”

From the notification 2006

http://envfor.nic.in/legis/eia/so1533.pdf

All projects or activities included as Category ‘A’ in the Schedule, including expansion and modernization of existing projects or activities and change in product mix, shall require prior environmental clearance from the Central Government in the Ministry of Environment and Forests (MoEF) on the recommendations of an Expert Appraisal Committee (EAC) to be constituted by the Central Government for the purposes of this notification”

അതായത്:

റിപ്പോര്‍ട്ട് നടപ്പായാല്‍ പരിസ്ഥിതിലോല പ്രദേശങ്ങളിലെ അടിസ്ഥാന വികസനപദ്ധതികള്‍ മുഴുവന്‍ പരിസ്ഥിതി നിയമമനുസരിച്ചുള്ള കാറ്റഗറി എയില്‍ വരും, കേന്ദ്ര ഗവണ്‍മെന്‍റിന്റെ ബന്ധപ്പെട്ട സമിതിയുടെ അനുവാദത്തോടെയേ അത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ പറ്റൂ. അത്തരം ഏടാകൂടങ്ങളൊന്നുമില്ലാതിരുന്നിട്ടും അവിടങ്ങളിലെ അവസ്ഥ ദുര്‍ബ്ബലമാണ്. കസ്തൂരിരംഗനെ ഗര്‍ഭം ധരിച്ചാലത്തെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടാന്‍ അവിടങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് അവകാശമില്ല? ചുവപ്പ് വ്യവസായങ്ങളുടെ നിരോധനം ഈ പ്രദേശങ്ങളെ ഫലത്തില്‍ പ്രേതഭൂമിയാക്കില്ലേ?

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളെപ്പറ്റി അടിസ്ഥാനമില്ലാത്ത, ഊതിപ്പെരുപ്പിച്ച, പേടിപ്പിക്കുന്ന വ്യാഖ്യാനങ്ങള്‍കൊണ്ട് കര്‍ഷകരെ ഭയപ്പെടുത്തി സമര രംഗത്തെത്തിക്കുന്നു എന്ന് വ്യാപകമായി ആക്ഷേപമുണ്ട്. ഇതൊന്നു വായിച്ചു നോക്കൂ:

“What particularly concerns the HLWG is that these rules could easily work against the very communities – poor tribal and agriculturists – whose interest WGEEP is working to safeguard. For instance, WGEEP refers to the confusion created because of the rules issued for Ecologically Sensitive Zones (ESZ) near protected areas. It finds that the rule, no artificial lighting will be used in ESZ has been interpreted by forest department to imply that no kerosene or oil lanterns are allowed inside homes located within 10 km of the protected area. “The only fallout of such a programme is that the poor suffer harassment and extortion while the wealthy and powerful successfully flout the regulations”, rightly observes WGEEP.”

കൃത്രിമ വെളിച്ചം പാടില്ല എന്ന ഇ എഫ് എല്‍ വ്യവസ്ഥ (ഞാന്‍ അതിന്റെ ഗൈഡ്‌ലൈന്‍സ് നോക്കി. അതിലെങ്ങും പറയുന്നില്ല ഇത്തരമൊരു നിബന്ധനയെപ്പറ്റി)യുടെ മറവില്‍ രാത്രിയില്‍ മണ്ണെണ്ണ വിളക്കോ റാന്തലൊ ഉപയോഗിക്കുന്നത് വനം വകുപ്പുദ്യോഗസ്ഥന്മാര്‍ വിലക്കിയ കഥ പേടിയോടെ ഓര്‍ക്കുന്നത് ഒരിടയ ലേഖനത്തിലുമല്ല; ഇത് ഗാഡ്ഗില്‍ കമ്മിറ്റിയെ ഉദ്ധരിച്ച് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലാണ്. ഇത്തരം ക്രിമിനലുകളായ ഉദ്യോഗസ്ഥന്മാര്‍ക്ക് കേരളത്തിലും കുറവില്ല എന്ന് ഇവിടത്തെ കര്‍ഷകര്‍ക്ക് നല്ല ഉറപ്പുണ്ട്; പതിറ്റാണ്ടുകളായി ജീവിച്ച, അധ്വാനിച്ച മണ്ണില്‍ നിന്ന് കാല്‍ക്കാശു നഷ്ടപരിഹാരം കൊടുക്കാതെ ഇ എഫ് എല്‍ നിയമം ഉപയോഗിച്ച് ഇറക്കിവിട്ട ഉദ്യോഗസ്ഥകൃമികള്‍ പുതിയൊരു അവസരത്തിന് പുളയ്ക്കുന്നത് അവര്‍ക്ക് കാണാം. അങ്ങോട്ട് അവരെ വീണ്ടും എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ചാല്‍ നടപ്പില്ല എന്നവര്‍ പറഞ്ഞെന്നിരിക്കും.

ഇ എസ് എ ഗൈഡ് ലൈനില്‍ സ്വകാര്യ ഭൂമിയിലെ മരംമുറി നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്.

As per the guidelines on ESZ, felling of trees will be allowed ‘with permission from appropriate authority”

അതായത് ഒരു കര്‍ഷകന്റെ പറമ്പില്‍ അയാള്‍ വച്ചുപിടിപ്പിച്ച മരം വെട്ടണമെങ്കില്‍ മുന്‍പറഞ്ഞ ഏമാന്റെ അനുവാദം വേണ്ടിവരും. അതിത്തിരി ബുദ്ധിമുട്ടാണെന്ന് അയാള്‍ക്ക് പറഞ്ഞുകൂടെ?

വ്യാപകമായ മറ്റൊരാക്ഷേപമാണ് മലയും കാടും കുന്നും കൈയേറി എല്ലാം നശിപ്പിച്ചിട്ട്, കാടിന്റെ അടുത്തുകൊണ്ടുപോയി വീടുവച്ചിട്ടു ഇപ്പോള്‍ എല്ലാം തകരുന്നെ എന്ന് നിലവിളിക്കുന്നു എന്ന്. ഓരോ സമയത്തും നിയമപരമായിത്തന്നെയാണ് കുടിയേറ്റം നടന്നിട്ടുള്ളത്. സര്‍ക്കാരുകള്‍ ചിലപ്പോള്‍ അത് പ്രോത്സാഹിപ്പിച്ചു; ചിലപ്പോള്‍ മനുഷ്യര്‍ ചെയ്യുന്ന സാധാരണ പ്രവൃത്തികള്‍ പോലെ തന്നെ കണ്ടു; പ്രോത്സാഹിപ്പിച്ചില്ല, നിരോധിച്ചുമില്ല. അങ്ങിനെ ചെന്നെത്തിയ മനുഷ്യര്‍ നാളെ എന്ത് സ്വപ്നം കാണണം എന്ന് ഉത്തരവിടുമ്പോള്‍ അവരോടും കൂടെ ഒന്ന് ചോദിക്കാനുള്ള സാമാന്യ മര്യാദ കാണിക്കേണ്ടേ? അവരെ ബോധ്യപ്പെടുത്തി, അവരെക്കൊണ്ടു ആ പണി ചെയ്യിക്കുന്നതല്ലേ അതിന്റെ മര്യാദ? അതിന്റെ വിലയിലൊരു പങ്കു കൊടുക്കാന്‍ ഈ നിയന്ത്രണത്തിന്റെയൊക്കെ ഗുണഭോക്താക്കളായി പുറത്തു നില്ക്കുന്നവരോടും കൂടെ പറയുകയല്ലേ നീതി?

പിന്നെ, ഇവര്‍ മാത്രമല്ലല്ലോ കുടിയേറ്റത്തിന്റെ ഗുണഭോക്താക്കള്‍. കേരളത്തിലെ വൈദ്യുതി നിലയങ്ങളുടെ ആകെ സ്ഥാപിത ശേഷി 2200-ഓളം മെഗാ വാട്ട് ആണ്. അതില്‍ പകുതിയിലധികം ഇടുക്കി ജില്ലയിലെ എട്ടു ജലവൈദ്യുത പദ്ധതികളുടെയാണ്. ഇടുക്കി പദ്ധതി മാത്രം ഏകദേശം പതിനയ്യായിരം ഏക്കര്‍ നിത്യഹരിത വനം നശിപ്പിച്ചു എന്നാണ് ഏകദേശ കണക്ക്. പദ്ധതിയ്ക്ക് വേണ്ടി റോഡുണ്ടാക്കാനും ക്വാര്‍ട്ടെഴ്‌സ് കെട്ടാനും നശിപ്പിച്ചത് വേറെ. പശ്ചിമ ഘട്ടത്തിന്റെ പരിസ്ഥിതി നാശത്തിന്റെ പേരില് കണ്ണീരോഴുക്കുമ്പോള്‍ ഈ നഷ്ടത്തിന്റെ പേരിലും കൂടി കണ്ണീരൊഴുക്കുമോ?

തീര്‍ന്നില്ല. ഇടുക്കി ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം പകുതിയിലധികം വീടുകളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. ഇടുക്കി പദ്ധതിയ്ക്ക് സ്ഥലം വിട്ടുകൊടുത്തവരും വൈദ്യുതി കാത്തിരിക്കുന്നു എന്നാണ് ഒരു റിപ്പോര്‍ട്ട്. അവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവന്‍ പുറത്തേയ്ക്ക് കടത്തി എസി യും കമ്പ്യൂട്ടറും പ്രവര്‍ത്തിപ്പിച്ചുതന്നെ വേണം ഇടുക്കിക്കാരോട് പരിസ്ഥിതി സംരക്ഷണക്കുറിച്ച് ഉത്‌ബോധിപ്പിക്കാന്‍.

അവിടെ ആളുകള് കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചു തുടങ്ങിയാല്‍ നമുക്കുള്ള അളവ് കുറയും, വില കൂടും, ചിലപ്പോള്‍ ലോഡ്‌ഷെഡിംഗ് വരെ വന്നെന്നിരിക്കും. അതുകൊണ്ട് അവര്‍ ഇങ്ങനെയൊക്കെ എല്ലാക്കാലവും ജീവിക്കും എന്ന് ഉറപ്പുവരുത്തെണ്ടതുണ്ട് എന്നാണോ? കേന്ദ്രത്തില്‍നിന്ന് അനുമതി വരുന്നതും കാത്തിരുന്നു അടിസ്ഥാന വികസനം പോലും നടക്കാതെ ഈ വില്ലേജുകള്‍ പ്രേതഭൂമിയായി മാറുന്ന കാലം നോക്കിയിരിക്കുകയാണോ സര്‍ക്കാര്‍?

അങ്ങിനയെങ്കില്‍ സര്‍ക്കാര്‍ ഒരു കാര്യം ചെയ്യണം: ഈ വില്ലേജുകളിലെ മുഴുവന്‍ സ്ഥലവും മാര്‍ക്കറ്റുവില കൊടുത്ത് വാങ്ങി സംരക്ഷിക്കുക. പിന്നെ ആര്‍ക്കുമൊന്നും പറയാനില്ലല്ലോ. അതു പറ്റില്ലെങ്കില്‍ അവിടെ ജീവിക്കുന്നവര്‍ക്ക് പറയാനുള്ളത് കൂടെ കേള്‍ക്കുക.

അതും പറ്റില്ലെങ്കില്‍,

അവരിത്തിരി ഇമോഷണലാവട്ടെന്നേ.


Next Story

Related Stories