TopTop
Begin typing your search above and press return to search.

തിര എന്ന മെക്‌സിക്കന്‍ അനുഭവം

തിര എന്ന മെക്‌സിക്കന്‍ അനുഭവം

ആര്‍ പ്രവീണ്‍

വിനീത് ശ്രീനിവാസന്റെ മൂന്നാം സിനിമയായ തിര ഒരു ത്രില്ലര്‍ എന്ന നിലയില്‍ മലയാളത്തില്‍ പുതുമയാണ്. ചടുലമായ ഷോട്ടുകളിലൂടെയും ഉദ്വേഗജനകമായ സീനുകളിലൂടെയും അത് പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. ജോമോന്‍ ടി. ജോണിന്റെ ചലിക്കുന്ന ക്യാമറയും ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതവും വ്യത്യസ്തമാണ്. ശോഭനയുടെ ഉജ്വലമായ പ്രകടനവും കൂടിയാകുമ്പോള്‍ ശരാശരി മലയാള വാണിജ്യ സിനിമയുടെ സ്ഥിരം ചേരുവകളുടെ രുചിയില്‍ തിര ബോക്‌സ് ഓഫീസില്‍ ഹിറ്റാകുമെന്ന് ഉറപ്പാണ്. അങ്ങനെയാകട്ടെ എന്നാശംസിക്കുന്നു.

പ്രമേയപരമായി തിര മലയാളിക്ക് അപരിചിതമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന റാക്കറ്റുകളേക്കുറിച്ചുള്ള നിരവധി സിനിമകള്‍ മലയാളത്തില്‍ ഇതിനു മുന്‍പ് ഇറങ്ങിയിട്ടുണ്ടെങ്കിലും അതിലൊന്നും ഇല്ലാത്തവിധം അതിശയോക്തിപരമാണ് തിരയുടെ പ്രമേയം. പെണ്‍കുട്ടികളെ ഒറ്റക്കും കൂട്ടമായും തട്ടിക്കൊണ്ടുപോയി കോര്‍പ്പറേറ്റ് സല്‍ക്കാരങ്ങള്‍ക്ക് വേണ്ടി വില്‍ക്കുന്ന ഗൂഡ സംഘമാണ് പ്രധാന വില്ലന്‍മാര്‍. പോലീസും മാധ്യമങ്ങളുമെല്ലാം അവര്‍ക്കനുകൂലമാണ്. മാഫിയാവത്കരണത്തിനും ഹ്യൂമന്‍ ട്രാഫിക്കിംഗിനും കുപ്രസിദ്ധമായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ കഥ പ്രമേയമായി വരുന്ന സിനിമകളില്‍ കാണുന്നപോലെ ഗൂഡസംഘം എല്ലാത്തിനേയും അതിജയിക്കുന്നവരാകുന്നു. മെക്‌സിക്കന്‍ നഗരങ്ങളുടെ കഥ പറയുന്ന രണ്ടു സിനിമകളെ കൃത്യമായി ഓര്‍മ്മപ്പെടുത്തുന്ന ചിത്രമാണ് തിര. ബോര്‍ഡര്‍ ടൌണ്‍, ട്രേഡ് എന്നീ സിനിമകളുമായി അദ്ഭുതകരമായ സാമ്യമാണ് തിരയിലെ കഥാപാത്രങ്ങള്‍ക്കും കഥാ സന്ദര്‍ഭങ്ങള്‍ക്കുമുള്ളത്. തിര എന്ന ലാറ്റിനമേരിക്കന്‍ അനുഭവത്തേക്കുറിച്ചാണ് ഈ കുറിപ്പ്.


തിരയുടെ കഥ
പീഡനങ്ങള്‍ക്കിരയാകുന്ന പെണ്‍കുട്ടികളെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുതിനുമായി ഒരു ശരണാലയം നടത്തുകയാണ് ഡോക്ടര്‍ രോഹിണി (ശോഭന). ജേണലിസ്റ്റായ അവരുടെ ഭര്‍ത്താവ് ഏതാനും ദിവസം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നു. അതിനു പിറകില്‍ ക്രിമിനല്‍ സംഘങ്ങളാണെ് ഡോക്ടര്‍ രോഹിണി സംശയിക്കുന്നുണ്ട്. ഇതിനിടയില്‍ പോലീസ് അവരുടെ ശരണാലയം റെയ്ഡ് ചെയ്ത് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു. അവരിപ്പോള്‍ ഗൂഡസംഘത്തിന്റെ കസ്റ്റഡിയിലാണ്. (ഇതെങ്ങനെ എന്ന് ചോദിക്കരുത്. പേരുപോലുമില്ലാത്ത ഒരു വെള്ളരിക്കാപ്പട്ടണമാണത്.) ആരോടും പരാതിപ്പെടാന്‍ സമയമില്ല. കുട്ടികളെ 48 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കോര്‍പ്പറേറ്റ് പാര്‍ട്ടിയില്‍ ഉന്നതര്‍ക്ക് കാഴ്ചവയ്ക്കും. അതിന് മുന്‍പ് അവരെ രക്ഷിക്കണം. മറ്റൊരു വഴിയും കാണാതെ ഡോക്ടര്‍ രോഹിണി തന്നെ അവരെ രക്ഷിക്കാന്‍ ഇറങ്ങുകയാണ്.

സമാന്തരമായി മറ്റൊരുകഥയും അരങ്ങേറുന്നുണ്ട്. അച്ഛനോട് പിണങ്ങി വീട് വിട്ടിറങ്ങിയ നവീന്‍ (ധ്യാന്‍ ശ്രീനിവാസന്‍) അനുജത്തിയെ കാണാനായി അതേ നഗരത്തില്‍ എത്തുന്നു. അവളേയും കൂട്ടി നാട്ടിലേക്ക് പോവുകയാണ് ലക്ഷ്യം. അവര്‍ പരസ്പരം കാണുന്ന നിമിഷത്തില്‍, നവീനിന്റെ കണ്‍മുന്‍പില്‍ നിന്നും ഒരു കറുത്ത കാറിലെത്തിയ സംഘം അനുജത്തിയെ തട്ടിക്കൊണ്ടുപോകുന്നു. നിസഹായനായ നവീന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തുകയാണ്. അവിടെ നീതി കിട്ടില്ലെന്ന് കണ്ട് അവന്‍ ഒറ്റക്ക് അനുജത്തിയെ തേടിയിറങ്ങുന്നു.

ഒരു ഘട്ടത്തില്‍ ഡോക്ടര്‍ രോഹിണിയും നവീനും കണ്ടുമുട്ടുകയാണ്. ഒരേ സംഘം തന്നെയാണ് തങ്ങള്‍ അന്വേഷിക്കുവരെ തട്ടിയെടുത്തതെന്ന് ഇരുവരും മനസിലാക്കുന്നു. ഗോവയിലേക്കാണ് പെണ്‍കുട്ടികളെ കൊണ്ടുപോകുതെന്ന് അവര്‍ മനസ്സിലാക്കുകയാണ്. അവിടെയെത്തി അവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങളാണ് തിര എന്ന സിനിമ.


ട്രേഡ് എന്ന മെക്‌സിക്കന്‍ കഥ
2007ല്‍ റിലീസായ അമേരിക്കന്‍ സിനിമയാണ് ട്രേഡ്. മയക്ക് മരുന്ന് മാഫിയയുടേയും ക്രിമിനല്‍ സംഘങ്ങളുടേയും ശക്തമായ സാന്നിധ്യത്തിലുടെ കുപ്രസിദ്ധമായ മെക്‌സിക്കോ സിറ്റിയിലാണ് കഥ നടക്കുത്. പതിമൂന്ന് കാരിയായ ആഡ്രിയാന പിറന്നാള്‍ ദിനത്തില്‍ സൈക്കിളില്‍ സുഹൃത്തിനെ കാണാനിറങ്ങുന്നു. 17 കാരനായ ജേഷ്ഠന്‍ ജോര്‍ജ് പിറന്നാള്‍ സമ്മാനമായി നല്‍കിയതാണ് സൈക്കിള്‍. റോഡില്‍ വച്ച് കറുത്ത കാറിലെത്തിയ ഒരു സംഘം അവളെ തട്ടിക്കൊണ്ടുപോവുകയാണ്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലേക്ക് കടത്തുന്ന ഗൂഡസംഘമാണ് ആഡ്രിയാനയെ പിടികൂടുന്നത്. അവളെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ പോലും അവനെ സഹായിക്കുന്നില്ല. ഒടുവില്‍ ജേഷ്ടന്‍ ജോര്‍ജ് സാഹസികമായി ഗൂഡസംഘത്തെ തേടി പുറപ്പെടുകയാണ്. ഇതിനിടയില്‍ സെക്‌സ് റാക്കറ്റ് തട്ടിയെടുത്തതെന്ന് സംശയിക്കുന്ന മകളെ തേടി മെക്‌സിക്കോയില്‍ എത്തുന്ന റേ എന്ന അമേരിക്കക്കാരനെ ജോര്‍ജ് പരിചയപ്പെടുന്നു. അനുജത്തിയെ കണ്ടെത്താന്‍ സഹായിക്കാമെന്ന് റേ ജോര്‍ജിന് ഉറപ്പു നല്‍കുന്നു. ന്യൂജേഴ്‌സിയാണ് ക്രിമിനല്‍ സംഘത്തിന്റെ ലക്ഷ്യസ്ഥാനം എന്ന് ഇരുവരും തിരിച്ചറിയുന്നു. അവിടെയെത്തി ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുത്ത് പെണ്‍കുട്ടിയെ കണ്ടെത്തി രക്ഷിക്കുകയാണ് ഇരുവരും ചേര്‍ന്ന്.


ബോര്‍ഡര്‍ ടൌണ്‍ എന്ന മറ്റൊരു മെക്‌സിക്കന്‍ കഥ
അമേരിക്കയുടെ അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മെക്‌സിക്കന്‍ നഗരമായ ജുവാറസിലാണ് കഥ നടക്കുന്നത്. അമേരിക്കന്‍ ഇലക്ട്രോണിക്‌സ് കോര്‍പ്പറേറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഇവിടം ക്രിമിനല്‍ സംഘങ്ങളുടെ പിടിയിലാണ്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്ന സംഘങ്ങളും ദരിദ്രരായ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കമ്പനികളും ചേര്‍ന്ന് ഭീതിപ്പെടുത്തുന്ന അന്തരീക്ഷമാണ് ജുവാറസിന്റേത്. പെണ്‍കുട്ടികളെ തട്ടിയെടുത്ത് അമേരിക്കയിലേക്ക് കടത്തുന്നതും ഇവിടെ പതിവാണ്. സ്ത്രീകള്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്ന സംഭവത്തേക്കുറിച്ച് വിശദമായ റിപ്പോര്‍ട് തയ്യാറാക്കാന്‍ അമേരിക്കന്‍ പത്രത്തില്‍ നിന്നുമെത്തുകയാണ് ജേണലിസ്റ്റായ ലോറന്‍ അഡ്രിയാന്‍ (ജിഫര്‍ ലോപസ്). ക്രിമിനല്‍ സംഘത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട ഇവ എന്ന പെണ്‍കുട്ടിയെ ലോറന്‍ കാണുന്നു. അവരിരുവരും ചേര്‍ന്ന് ക്രിമിനല്‍ സംഘത്തിനെതിരെ നടത്തുന്ന പോരാട്ടമാണ് ബോര്‍ഡര്‍ ടൌണ്‍.

ട്രേഡ് എന്ന സിനിമയിലെ സഹോദരിയെ രക്ഷിക്കാനിറങ്ങുന്ന ജോര്‍ജ് എന്ന കഥാപാത്രത്തോട് അദ്ഭുതകരമായ സാമ്യം പുലര്‍ത്തുന്നുണ്ട് തിരയിലെ നവീന്‍. സഹോദരിയെ രക്ഷിക്കാനുള്ള ഇരുവരുടേയും പരിശ്രമങ്ങള്‍ ഒറ്റക്കാണ്. ഇടക്ക് വച്ച് ഇരുവര്‍ക്കും ഒരു മുതിര്‍ന്ന സഹായിയെ കിട്ടുന്നു. തിരയില്‍ ഇത് ശോഭന അവതരിപ്പിക്കുന്ന രോഹിണിയാണെങ്കില്‍ ട്രേഡില്‍ റേ എന്ന അമേരിക്കക്കാരനാണ്. മറ്റൊരു നഗരത്തില്‍ എത്തിപ്പെടുകയാണ് ഇരുവരുടേയും ലക്ഷ്യം. തിരയില്‍ ഇത് ഗോവയാണെങ്കില്‍ ട്രേഡില്‍ ന്യൂജേഴ്‌സി. പ്രായപൂര്‍ത്തിയാകാത്ത അനുജത്തിയേയാണ് രണ്ടുപേര്‍ക്കും രക്ഷിക്കേണ്ടത്. അന്വേഷണത്തിനിടെ പെണ്‍കുട്ടികളെ തൊട്ടുമുന്‍പ് താമസിപ്പിച്ചിരുന്ന സ്ഥലങ്ങലില്‍ ഇരുവരും എത്തിപ്പെടുന്നുണ്ട്. അത്തരമൊരിടത്തുവച്ചാണ് ഇരുവര്‍ക്കും മുതിര്‍ന്ന സഹായിയെ കിട്ടുന്നത് എന്നിങ്ങനെ നിരവധി സാദൃശ്യങ്ങള്‍ ഇരു കഥാപാത്രങ്ങളും തമ്മിലുണ്ട്. കഥയുടെ ഗതിയാകട്ടെ ഏതാണ്ട് സമാനമാണ്.

ബോര്‍ഡര്‍ ടൗണിലെ ജേണലിസ്റ്റായ ലോറനുമായി തിരയിലെ ഡോക്ടര്‍ രോഹിണിക്കുള്ള സാദൃശ്യവും അദ്ഭുതകരമാണ്. ചൂഷണം ചെയ്യപ്പെടുന്നവരോടുള്ള അനുകമ്പയാണ് ഇരുവരേയും നയിക്കുന്നത്. തിരയില്‍ ജേണലിസ്റ്റിന്റെ ഭാര്യയാണ് രോഹിണി എന്നതിനാല്‍ കഥാപാത്രത്തിന് പൊതു സ്വഭാവം ആരോപിക്കാന്‍ എളുപ്പമല്ല. പക്ഷേ ഭര്‍ത്താവ് കണ്ടെത്തുന്ന രേഖകളിലൂടെ ജേണലിസ്റ്റ് അല്ലെങ്കിലും ജേണലിസ്റ്റിനേപ്പോലെയാകുന്നുണ്ട് രോഹിണി. സമാനമായ കഥാസന്ദര്‍ഭങ്ങള്‍, ഒരേപോലിരിക്കുന്ന കഥാപാത്രങ്ങള്‍. എല്ലാം യാദൃശ്ചികമായിരിക്കുമോ? അതോ വിടവുകള്‍ പരമാവധിയടച്ചുള്ള അനുകരണമോ? എന്തായാലും ഒരുകാര്യം ഉറപ്പാണ്. ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്ത അതിശയോക്തികള്‍ കലര്‍ന്ന കഥയാണ് തിരയുടേത്.


ഒരു ഇന്ത്യന്‍ കഹാനി

മെക്‌സിക്കന്‍ അനുഭവങ്ങളെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രതിഷ്ഠിച്ച സിനിമയാണ് തിരയെന്ന് അതിന്റെ വിമര്‍ശകര്‍ പോലും പറയില്ല. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഇന്ത്യയില്‍ നിത്യ സംഭവം തന്നെയാണ്. പക്ഷേ അതിനെ പര്‍വ്വതീരിച്ച്, യുക്തിക്ക് നിരക്കാത്ത കെട്ടുകഥ പോലെയാക്കുതിന്റെ ഭംഗികേട് തീര്‍ച്ചയായും തിരക്കുണ്ട്. മെക്‌സിക്കന്‍ സിനിമകളിലെ കഥകളോടുള്ള സാമാന്യമല്ലാത്ത സദൃശ്യം ആ സിനിമകള്‍ കണ്ടിട്ടുള്ളവരേക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചാല്‍ തെറ്റുപറയാനുമാകില്ല. സുജോയ് ഘോഷ് സംവിധാനം ചെയ്ത ഹിന്ദി സിനിമയാണ് കഹാനി. വിദ്യ ബാഗ്ചി എന്ന ഗര്‍ഭിണി(വിദ്യ ബാലന്‍) തന്റെ ഭര്‍ത്താവിന്റെ ഘാതകരോട് പ്രതികാരം വീട്ടാന്‍ കല്‍ക്കട്ടയില്‍ എത്തുന്നതാണ് ഇതിന്റെ പ്രമേയം. ഡോക്ടര്‍ രോഹിണിയുടെ അന്വേഷണത്തിന്റെ മാര്‍ഗത്തിലും കഥപറച്ചിലിന്റെ രീതിയിലും വിദ്യാ ബാഗ്ചിയേയും കഹാനിയേയും ഓര്‍മ്മവരുന്നത് യാദൃശ്ചീകമാകാം. പക്ഷേ തിരയുടെ ടെയില്‍ എന്‍ഡില്‍ ഡോക്ടര്‍ രോഹിണിക്ക് തന്റെ ഭര്‍ത്താവിന്റെ ദുരൂഹമരണത്തേക്കുറിച്ച് വിവരം ലഭിക്കുന്നു എന്ന സൂചനയുണ്ട്. മൂന്ന് സിനിമകള്‍ അടങ്ങുന്ന സിനിമാ പരമ്പരയുടെ ആദ്യ ചിത്രമാണ് തിര. അടുത്ത ചിത്രം കഹാനിയോട് അതിശയകരമായ സദൃശ്യങ്ങളുള്ള ഒന്നാകാതിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.


എന്‍.ബി: ഒരേപോലെയുളള ഒന്നിലധികം സിനിമകള്‍ ലോകത്തുണ്ടാകാമെന്ന അഭിപ്രായത്തിന് വലിയ പിന്തുണ ലഭിക്കുന്ന കാലമാണിത്. അനുഭവങ്ങള്‍ ഒരുപോലെയാകുന്നത് കൊണ്ടാകാം ഇതെന്ന് പറയുന്നവരുമുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ മനസിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2009 ല്‍ റിലീസായ ടേക്കണ്‍ എന്ന ഫ്രഞ്ച് സിനിമ കൂടി കാണണമെന്ന് അപേക്ഷിക്കുന്നു.


Next Story

Related Stories