TopTop
Begin typing your search above and press return to search.

കോമണ്‍വെല്‍ത്ത് ഉച്ചകോടി: ഇന്ത്യയും ജാഫ്നയിലെ തമിഴരും

കോമണ്‍വെല്‍ത്ത് ഉച്ചകോടി: ഇന്ത്യയും ജാഫ്നയിലെ തമിഴരും

വി. സമ്പത്ത്

(കൊളംബോ)

നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രധാന വിഷയങ്ങളേക്കാള്‍ മറ്റു ചില പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ മാറുന്നത് അന്താരാഷ്ട്ര ഉച്ചകോടികളിലെ പതിവാണ്. സാര്‍ക്ക് ഉച്ചകോടികളാണെങ്കില്‍ അത് ഇന്ത്യ - പാക്കിസ്ഥാന്‍ ഉഭയകക്ഷി ബന്ധത്തെ കുറിച്ചാവും. ഇനി കിഴക്കനേഷ്യന്‍ ഉച്ചകോടിയാണെങ്കില്‍ ചൈനയുടെ ഉയര്‍ച്ചയെ കുറിച്ചുള്ള ആശങ്കകളായിരിക്കും അവിടെയുണ്ടാവുക.

നവംബര്‍ 15 മുതല്‍ 17 വരെ കൊളംബോയില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.

കോമണ്‍വെല്‍ത്ത് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം മൂന്നു മണിക്കൂറു പോലും തികയുന്നതിനു മുമ്പ് ഉച്ചയ്ക്ക് രണ്ടു മണിയോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വടക്കന്‍ ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ മേഖലയായ ജാഫ്‌നയിലെത്തി. സന്ദര്‍ശനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഉടന്‍ തന്നെ അദ്ദേഹം ട്വീറ്റ് ചെയ്‌തെങ്കിലും രാജ്യാന്തര, ആഭ്യന്തര നിരീക്ഷകരെ ലക്ഷ്യമാക്കിയുള്ള ഒരു വന്‍ പബ്ലിക് റിലേഷന്‍സ് പരിപാടി ആണെന്ന് കാമറൂണിന് സമ്മതിക്കാന്‍ കഴിയുമായിരുന്നില്ല.

'1948-നു ശേഷം ജാഫ്‌ന സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി/പ്രസിഡണ്ട് ആണ് താന്‍'- കാമറൂണ്‍ പറഞ്ഞു. അതെ, കാരണം ഇന്ത്യന്‍ പ്രധാനമന്ത്രി 2008-ലെ സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശ്രീലങ്കയില്‍ എത്തിയിരുന്നെങ്കിലും അദ്ദേഹം കൊളംബോയ്ക്ക് പുറത്തു കടന്നിരുന്നില്ല.


ഡേവിഡ് കാമറൂണ്‍


2009-ല്‍ അവസാനിച്ച ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്നിട്ടുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ഫലപ്രദവും വേഗത്തിലുമുള്ളതുമായ പരിഹാരങ്ങള്‍ ഉണ്ടാക്കണമെന്ന് അദ്ദേഹം ശനിയാഴ്ച ശ്രീലങ്കന്‍ പ്രസിഡന്റിനോട് ആവശ്യപ്പെടുകയും ചെയ്തു.

ജാഫ്‌നയില്‍ നിന്നു തിരിച്ചു വന്ന ശേഷം പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെയുമായി കൂടിക്കാഴ്ച നടത്തിയ കാമറുണിന്റെ നിലപാട് കൂടുതല്‍ കര്‍ക്കശമായിരുന്നു. യുദ്ധ സമയത്തെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശ്രീലങ്ക തന്നെ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ വരുന്ന മാര്‍ച്ചില്‍ ഇക്കാര്യം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണത്തിനു വേണ്ടി താന്‍ ഉന്നയിക്കുമെന്നും കാമറൂണ്‍ വ്യക്തമാക്കുകയുണ്ടായി.

'എല്‍.റ്റി.റ്റി.ക്കെതിരെ നടന്ന യുദ്ധത്തിന്റെ അവസാന നാളുകളില്‍ നടന്ന സംഭവങ്ങളെ കുറിച്ച് വിശ്വസനീയവും സ്വതന്ത്രവൂം സുതാര്യവുമായ ഒരു ആഭ്യന്തര അന്വേഷണം മാര്‍ച്ചിനു മുമ്പു തന്നെ പൂര്‍ത്തിയാക്കണം. ഇത് നടന്നില്ലെങ്കില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിന് വേണ്ടി തങ്ങളുടെ സ്വാധീനം ഉപയോഗിക്കുമെന്നും' ഉച്ചകോടിക്കിടെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാമറൂണ്‍ വ്യക്തമാക്കി.

'നിരവധി മേഖലകളിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷണം നടക്കേണ്ടതുണ്ട്. കാണാതായ മനുഷ്യര്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള നിയന്ത്രണങ്ങളും അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കലും മുതല്‍ മാധ്യമ സ്വാതന്ത്ര്യം തടയുന്ന കാര്യങ്ങളുമൊക്കെ ഇതിന്റെ ഭാഗമാണ്. ആഭ്യന്തര യുദ്ധത്തിന്റെ അവസാന ഭാഗത്തുണ്ടായ കാര്യങ്ങളെ കുറിച്ച് അതുകൊണ്ടു തന്നെ ശരിയായ ഒരന്വേഷണം ആവശ്യമാണ്' - കാമറൂണ്‍ വ്യക്തമാക്കി.


സല്‍മാന്‍ ഖുര്‍ഷിദ്

ശ്രീലങ്കന്‍ പ്രശ്‌നങ്ങളില്‍ അനുരഞ്ജനത്തിന് ശ്രമിക്കുന്ന പ്രസിദ്ധ ക്രിക്കറ്റ് താരവും തമിഴ് വംശജനുമായ മുത്തയ്യ മുരളീധരനുമായും കാമറൂണ്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി. ശ്രീലങ്കയിലേക്കുള്ള കാമറൂണിന്റെ വരവിനെ പിന്തുണച്ചെങ്കിലും ശ്രീലങ്കയിലെ പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നായിരുന്നു ഈ സ്പിന്‍ മാന്ത്രികന്റെ അഭിപ്രായം.

'അദ്ദേഹത്തെ ആളുകള്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അവിടെ പോകാതെയും കാര്യങ്ങള്‍ കാണാതെയുമാണ് ആളുകള്‍ അഭിപ്രായം പറയുന്നത്. ഞാന്‍ അവിടെ പോയി വരുന്ന ആളാണ്. അവിടെ കാര്യങ്ങള്‍ മെച്ചപ്പെടുന്നത് ഞാനെന്റെ കണ്ണുകള്‍ കൊണ്ട് കാണുന്നുണ്ട്' - മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 'ബ്രിട്ടീഷ് പ്രധാനമന്ത്രി ശരിയാണോ തെറ്റാണോ എന്ന് തനിക്ക് പറയാന്‍ കഴിയില്ല. എന്നാല്‍ അദ്ദേഹം അവിടെ പോവുകയോ കാര്യങ്ങള്‍ കാണുകയോ ചെയ്തിട്ടില്ല- ഇന്നലെ ഒഴിച്ച്'. മുരളീധരന്‍ പറഞ്ഞു.

ജാഫ്‌ന സന്ദര്‍ശിച്ച സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കാറിനു ചുറ്റും കുറഞ്ഞത് 200-ഓളം പ്രക്ഷോഭകരെങ്കിലും തടിച്ചു കൂടിയിരുന്നു. ശ്രീലങ്കന്‍ സൈന്യം കൊലപ്പെടുത്തുകയോ കാണാതാവുകയോ ചെയ്തവരുടെ ചിത്രങ്ങളുമേന്തിയായിരുന്നു അവര്‍ അവിടെ എത്തിയത്.

സന്ദര്‍ശനത്തിനിടയില്‍ ഒരു താത്കാലിക അഭയാര്‍ഥി ക്യാമ്പും ഒരു ദിനപത്രത്തിന്റെ കത്തിച്ചാമ്പലായ പ്രിന്റിംഗ് പ്രസും കാമറൂണ്‍ സന്ദര്‍ശിച്ചിരുന്നു. ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമത്തിന്റെ നേര്‍ചിത്രങ്ങളാണ് അതെന്ന് അദ്ദേഹം അതിനെ വിശേഷിപ്പിക്കുകയുണ്ടായി.

എന്നാല്‍ രാജപക്‌സെ പറയുന്നത് യുദ്ധത്തിന് ഒടുവില്‍ രാജ്യത്ത് സമാധാനവും സ്ഥിരതയും ശ്രീലങ്കയ്ക്ക് നല്ലൊരു ഭാവിയും കൊണ്ടു വരാന്‍ കഴിഞ്ഞു എന്നാണ്.

യുദ്ധത്തിന്റെ അവസാന കാലങ്ങളില്‍ തമിഴ് വംശജര്‍ക്ക് നേര്‍ക്കുണ്ടായ അതിക്രമങ്ങള്‍ തന്നെയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കോമണ്‍വെല്‍ത്ത് സമ്മേളനത്തിലെ മുഖ്യ അജണ്ടയായി മാറിയിരിക്കുന്നതും. യുദ്ധ കുറ്റങ്ങളെ കുറിച്ചുള്ള ആരോപണങ്ങളെ തുടര്‍ന്ന് കാനഡ, ഇന്ത്യ, മൗറീഷ്യസ് പ്രധാനമന്ത്രിമാര്‍ സമ്മേളനം ബഹിഷ്‌കരിക്കുകയും ചെയ്തു.


മഹീന്ദ്ര രാജപക്സെ

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്, കാമറൂണിനെ പോലെ ജാഫ്‌ന സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നതില്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഖേദം പ്രകടിപ്പിക്കുകയുണ്ടായി. യുദ്ധാനന്തരം ജാഫ്‌ന സന്ദര്‍ശിച്ച ഏക രാഷ്ട്രത്തലവനാണ് കാമറൂണ്‍ എന്നിരിക്കെയായിരിക്കണം ഖുര്‍ഷിദിന്റെ ഈ ഖേദപ്രകടനം ഉണ്ടായത്.

'ഇത് സങ്കടകരമല്ലേ?, ആരെ കുറ്റപ്പെടുത്തും? എന്റെ പ്രധാനമന്ത്രിയായിരിക്കണം അവിടെ ആദ്യം സന്ദര്‍ശിക്കേണ്ടത് എന്നു ഞാന്‍ ആഗ്രഹിച്ചു. യുദ്ധാനന്തരം അവിടം സന്ദര്‍ശിച്ച രണ്ടാമത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയാണ് ഞാന്‍. തമിഴ് മേഖലയില്‍ നാം 50,000 വീടുകള്‍ നിര്‍മിക്കുന്നുണ്ട്. അവിടെ റോഡുകളും മറ്റു പദ്ധതികളും ഏറ്റെടുത്തു നടത്തുന്നുണ്ട്. ഇതൊന്നും പ്രധാനമന്ത്രിയെ കൊണ്ടു വന്നു കാണിക്കാന്‍ കഴിയാത്തതില്‍ എനിക്ക് നിരാശയുണ്ട്' - സല്‍മാന്‍ ഖുര്‍ഷിദ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

ഉച്ചകോടിയുടെ ഭാഗമായി കൊളംബോയില്‍ എത്തുന്നതിന് മുമ്പു തന്നെ ജാഫ്‌ന സന്ദര്‍ശിക്കാനായിരുന്നു മന്‍മോഹന്‍ സിംഗിന്റെ പദ്ധതി. എന്നാല്‍ തമിഴ്‌നാട്ടിലെ ശക്തമായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് യാത്ര വേണ്ടെന്നു വയ്ക്കുകയായിരുന്നു. മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരായ എ.കെ ആന്റണി, പി. ചിദംബരം തുടങ്ങിയവരും പ്രധാനമന്ത്രിയുടെ ലങ്കന്‍ സന്ദര്‍ശനത്തിന് എതിരായിരുന്നു. ജാഫ്‌ന സന്ദര്‍ശിക്കാന്‍ വടക്കന്‍ പ്രവിശ്യാ മുഖ്യമന്ത്രി സി.എസ് വിഘ്‌നേശ്വരനും പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു.

'പ്രധാനമന്ത്രിയുടെ യാത്ര തടഞ്ഞതിന് എന്തെങ്കിലും ഗുണമുണ്ടായോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ശ്രീലങ്കക്കാര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ ആത്മവിശ്വാസമുണ്ടാക്കുക എന്നതു മാത്രമായിരുന്നു എന്റെ ലക്ഷ്യം' - ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.

ശ്രീങ്കന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലും സര്‍ക്കാരിലും ഭിന്നിപ്പ് ഉണ്ടായിട്ടില്ലെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുക മാത്രമേ ചെയ്തുള്ളൂ എന്നും ഇതു സംബന്ധിച്ച് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

'പ്രധാനമന്ത്രി പോയില്ലെങ്കിലും ഉച്ചകോടി പൂര്‍ണമായി ബഹിഷ്‌കരിക്കേണ്ടതില്ല എന്നായിരുന്നു നമ്മുടെ തീരുമാനം. ശ്രീലങ്ക - ഇന്ത്യ ബന്ധം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വിവിധ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സമ്മേളനത്തില്‍ പങ്കെടുക്കണം എന്നു തന്നെ തീരുമാനിക്കുകയായിരുന്നു.' - ഖുര്‍ഷിദ് വ്യക്തമാക്കി.

എല്‍.റ്റി.റ്റി.യുമായുള്ള യുദ്ധത്തില്‍ ഉണ്ടായിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങളും തമിഴ് വംശജരുടെ ആശങ്കകളും ശരിയായി പരിഹരിച്ചിട്ടില്ലെന്ന് ശ്രീലങ്കന്‍ അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'സത്യം നിലനില്‍ക്കണമെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ ഉണ്ടാകണമെന്നുമാണ് നമ്മുടെ നിലപാട്. മെച്ചപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിക്കണമെങ്കില്‍ തമിഴ് വംശജരുടെ ആശങ്കകള്‍ പരിഹരിക്കേണ്ടതുണ്ട്. അത് വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. അത് പരിഹരിക്കപ്പെടേണ്ടത് ശ്രീലങ്കയിലാണ്. അല്ലാതെ ന്യൂഡല്‍ഹിയിലോ വാഷിംഗ്ടണിലോ അല്ല.' - ശ്രീലങ്കന്‍ പ്രശ്‌നത്തിലുള്ള ഇന്ത്യന്‍ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഖുര്‍ഷിദ് വ്യക്തമാക്കി.

സ്വതന്ത്രമായ അന്വേഷണം വേണമെന്ന ആവശ്യം ശ്രീലങ്ക നിരാകരിച്ചതില്‍ ബ്രിട്ടനും കാനഡയുമൊക്കെ തങ്ങളുടെ ആശങ്കകള്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് സമ്മേളനത്തിലെ ഏറ്റവും വലിയ പ്രശ്‌നമായി ശ്രീലങ്കയിലെ തമിഴ് പ്രശ്‌നം മാറുകയും ചെയ്തു.

'നമുക്ക് ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ മാത്രമേ കഴിയൂ എന്നാണ് ഇന്ത്യന്‍ നിലപാട്. കാര്യങ്ങള്‍ നടത്തേണ്ടത് ശ്രീലങ്കയിലെ ജനങ്ങളും സര്‍ക്കാരുമാണ്. നമ്മുടെ ജോലി അവരെ സഹായിക്കലും അതിനു വേണ്ട കാര്യങ്ങള്‍ ചെയ്യുകയുമാണ്. ശ്രീലങ്കയൊരു പരമാധികാര രാജ്യമാണ്. അതുകൊണ്ടു തന്നെ അവിടുത്തെ കാര്യങ്ങള്‍ ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ശ്രീലങ്കയിലെ പ്രശ്‌നങ്ങള്‍ തീര്‍ച്ചയായിട്ടും ഇന്ത്യയേയും ബാധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പരിഗണിക്കുകയും അവ പരിഹരിക്കുകയും ചെയ്യുന്നത് ഇരു കൂട്ടര്‍ക്കും ഗുണകരമാണ്. നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ നമ്മള്‍ എപ്പോഴും സന്നദ്ധരാണ്'. - ഖുര്‍ഷിദ് വ്യക്തമാക്കി.


Next Story

Related Stories