TopTop
Begin typing your search above and press return to search.

ആരേയും കൂസാത്ത ഓഡിറ്റര്‍മാര്‍

ആരേയും കൂസാത്ത ഓഡിറ്റര്‍മാര്‍

ടീം അഴിമുഖം

മെയ് 22-ന് രാജ്യത്തിന്റെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സ്ഥാനത്തു നിന്നു വിരമിച്ച വിനോദ് റായി ഈ പദവി വഹിച്ചിട്ടുള്ളവരില്‍ ഏറ്റവും പ്രശസ്തനാണെന്നതില്‍ തര്‍ക്കമില്ല. രാജ്യത്തെ വിവിധ വകുപ്പുകള്‍, പദ്ധതികള്‍ തുടങ്ങിയവയൊക്കെയുമായി ബന്ധപ്പെട്ട് ഈ ഭരണഘടനാ സ്ഥാപനം നടത്തിയിട്ടുള്ള ഓഡിറ്റുകള്‍ ഇന്ത്യന്‍ ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ കൂടി സൂചനകളാണ്. അതോടൊപ്പം, അഴിമതി വിരുദ്ധ മുന്നേറ്റങ്ങളിലെ നാഴികക്കല്ലു കൂടിയാണിത്. ഉദാരവത്ക്കരണ നയപരിപാടികളുടെ രണ്ട് ദശകങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പൊതു സ്വത്തിന്റെ സ്വകാര്യവത്ക്കരണം ഊര്‍ജിതമായപ്പോള്‍ അഴിമതിയും 'ചങ്ങാത്ത മുതലാളിത്തത്ത'വും ഓഡിറ്റിംഗിന്റെ രീതികളെ തന്നെ മാറ്റി. 2ജി, ആദര്‍ശ് ഫ്‌ളാറ്റ്, കോമണ്‍വെല്‍ത്ത്, കല്‍ക്കരി ഖനി വിതരണം, കെ.ജി ബേസിന്‍ വാതകപ്പാടം എന്നീ ഓഡിറ്റുകളില്‍ നമ്മള്‍ കണ്ട ഭീമമായ തുകകള്‍ ഈ മാറ്റത്തെ സൂചിപ്പിക്കുന്നു.

എന്നാല്‍ ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ഈ ഓഡിറ്റിംഗ്, വിനോദ് റായ് എന്ന ഉദ്യോഗസ്ഥന്റെ മാത്രം മിടുക്കാണ് എന്ന മട്ടില്‍ ചില മാധ്യമങ്ങളും ചില വലതുപക്ഷ പാര്‍ട്ടികളും നടത്തുന്ന പ്രചരണം സി.എ.ജി എന്ന ഭരണഘടനാ സ്ഥാപനത്തോടു കാണിക്കുന്ന നീതി കേടാണ്. മറിച്ച്, രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നിന്റെ തലപ്പത്ത് വിനോദ് റായിയെ പോലെ അന്തസുള്ള ഒരു ഉദ്യോഗസ്ഥന്‍ വന്നപ്പോഴുണ്ടായ മാറ്റമാണ് അതെന്നു തന്നെ പറയേണ്ടി വരും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അഴിമതിക്കെതിരെ രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയവും അരാഷ്ട്രീയവുമായ മുന്നേറ്റങ്ങളും അതിലൊരു പങ്കു വഹിച്ചിട്ടുണ്ട്.

സി.എ.ജി എന്നത് ഓഡിറ്റിംഗ് നടത്താനുള്ള ഭരണഘടനാ സ്ഥാപനമാണ്. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസ് (ഐ.എ.എ.എസ്) കേഡറില്‍പ്പെട്ട ഉദ്യോഗസ്ഥരാണ് അവിടെ ജോലി ചെയ്യുന്നത്. ഭരണകര്‍ത്താക്കളുടേയും മറ്റും നിയന്ത്രണങ്ങള്‍ക്ക് പുറത്താണ് അവരുടെ ജോലി. അതുകൊണ്ടു തന്നെ രാഷ്ട്രീയ സമ്മര്‍ദ്ദം ഇവര്‍ക്കു മേലുണ്ടാകുന്നില്ല. സി.എ.ജി റിപ്പോര്‍ട്ടിനും ഐ.എ.എ.സിനും മുകളില്‍ ആകെയുള്ള മേല്‍നോട്ടം പാര്‍ലമെന്റിന്റെ ഭരണ-പ്രതിപക്ഷ അംഗങ്ങളുള്ള പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കാണ്. സ്വയംഭരണാവകാശത്തിന്റെ എല്ലാ സുഖങ്ങളും സി.എ.ജിക്ക് ലഭിക്കുന്നുണ്ടെന്ന് സംശയമില്ലാതെ പറയാം. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.എ.എ.എസ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉത്തരവാദിത്തമുള്ള സ്വയംഭരണ സംവിധാന രീതി നടപ്പാക്കി വരുന്നുണ്ട്. അടുത്ത കാലത്ത് സര്‍ക്കാരിനെ പിടിച്ചുലച്ചതും ശ്രദ്ധിക്കപ്പെട്ടതുമായ എല്ലാ ഓഡിറ്റുകളും ഐ.എ.എ.എസ് കേഡറില്‍ പെട്ട ഉദ്യോഗസ്ഥരാണ് പുറത്തു കൊണ്ടു വന്നതെന്ന് ഓര്‍ക്കേണ്ടതാണ്. അല്ലാതെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐ.എ.എസ്) ഉദ്യോഗസ്ഥനായ വിനോദ് റായല്ല. ഈ ഓഡിറ്റിംഗുകള്‍ക്ക് മേല്‍നോട്ടം വഹിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജോലി.

ഉദാഹരണത്തിന് 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട ഓഡിറ്റിംഗിന്റെ ആദ്യ ടീമിനെ നയിച്ചത് സി.എ.ജി ആസ്ഥാനത്ത് ടെലികോം മേഖലയുടെ ഓഡിറ്ററായിരുന്ന ആര്‍.പി സിംഗായിരുന്നു. സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് ഇതില്‍ ഉള്‍പ്പെട്ട നിയമാനുസൃതമല്ലാത്ത ഏതൊക്കെ കമ്പനികള്‍ ഉണ്ടെന്നു പോലും ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഈ പോരായ്മകള്‍ തിരുത്തി 1.76 ലക്ഷം കോടി രൂപയുടെ വരെ നഷ്ടം 2ജി സ്‌പെക്ട്രം വിതരണത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് തെളിയിച്ചത് വിനോദ് റായല്ല. സി.എ.ജി ആസ്ഥാനത്തെ ഡയറക്ടര്‍ ജനറല്‍ ആര്‍.ബി സിന്‍ഹയുടെയും ഡപ്യൂട്ടി സി.എ.ജിയായിരുന്ന രേഖാ ഗുപ്തയുടേയും മേല്‍നോട്ടമാണ്. രണ്ടു പേരും ഐ.എ.എ.എസ് ഉദ്യോഗസ്ഥര്‍. ഫലമോ, ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യന്‍ ടെലികോം വിപ്ലവത്തെ പറ്റിയുള്ള ഒരു ധവളപത്രമായി മാറി 2ജി ഓഡിറ്റ് റിപ്പോര്‍ട്ട്. ഇവരുടെ പ്രവര്‍ത്തനത്തെ പുകഴ്ത്തുന്നതില്‍ റായ് ഒരിക്കലും പിശുക്ക് കാണിച്ചിട്ടുമില്ല. പിന്നീട് ബിഹാറിലേക്ക് പോയ സിന്‍ഹ അവിടെ നിതീഷ് കുമാര്‍ സര്‍ക്കാരിനേയും പിടിച്ചു കുലുക്കി. തലസ്ഥാനത്തേക്ക് തിരിച്ചെത്തിയിട്ടുള്ള സിന്‍ഹ ഇപ്പോള്‍ ടെലികോം ഓഡിറ്റിംഗിന്റെ മേല്‍നോട്ടം വഹിക്കുകയാണ്. ടെലികോം മന്ത്രി കപില്‍ സിബലിന് തലവേദനയുണ്ടാക്കുന്ന പല ചോദ്യങ്ങളും ഇതിനകം തന്നെ അദ്ദേഹം ഉയര്‍ത്തിക്കഴിഞ്ഞതായാണ് അറിവ്.

കോമണ്‍വെല്‍ത്ത് ഗെയിംസുമായും റിലയന്‍സിന്റെ കെ.ജി ബേസിനുമായും ബന്ധപ്പെട്ട ഓഡിറ്റുകള്‍ നടത്തിയത് ഒരു ഐ.എ.എ.എസ് ഉദ്യോഗസ്ഥന്റെ കീഴിലുള്ള രണ്ട് ടീമുകളാണ്. കല്‍ക്കരി ഖനി വിതരണവുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിന്റെ കാര്യവും വ്യത്യസ്തമല്ല. അട്ടപ്പാടി അടക്കം കേരളത്തിലെ വിവിധ മേഖലകളില്‍ പോഷകാഹാരക്കുറവു മൂലം കുട്ടികള്‍ മരിക്കുന്നതും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നിരുത്തരവാദപരമായ നടപടികള്‍ ചൂണ്ടിക്കാട്ടിയതും സി.എ.ജിയുടെ സംസ്ഥാന വിഭാഗമായ അക്കൗണ്ടന്റ് ജനറല്‍ റിപ്പോര്‍ട്ടാണ്. മറ്റു സംസ്ഥാനങ്ങളിലേയും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല.

വിനോദ് റായുടെ മിടുക്കും അഴിമതിയോട് സന്ധിയില്ലെന്ന നിലപാടും ഐ.എ.എ.എസ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകര്‍ന്നുവെന്ന് പറയാതിരിക്കാന്‍ പറ്റില്ല. ഭരണഘടനയോടുള്ള കൂറ് അസാധാരണമാം വിധം പുലര്‍ത്തുന്ന ഒരു പക്ഷേ ഏക ഔദ്യോഗിക സംവിധാനമായിരിക്കും ഓഡിറ്റ് സര്‍വീസുകാര്‍. ഇതിനു പുറകില്‍ ചരിത്രപരമായ കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനമെന്നത് ഇവര്‍ക്ക് ഒരു വകുപ്പിനോടും ഒരു മന്ത്രിയോടും ഒന്നും ബോധിപ്പിക്കേണ്ടതില്ല എന്നതാണ്. പാര്‍ലമെന്റിലാണ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുക. റിപ്പോര്‍ട്ട് പരിശോധിക്കുന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിലാകട്ടെ, സി.എ.ജി ഒരു അവിഭാജ്യ ഘടകമാണ്. 30 അംഗ പി.എ.സിയില്‍ രണ്ട് സഭകളിലുമായുള്ള ഭരണ-പ്രതിപക്ഷ പാര്‍ട്ടികളിലെ മുതിര്‍ന്ന അംഗങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. സാധാരണയായി പ്രതിപക്ഷ പാര്‍ട്ടികളിലെ ഒരു നേതാവാണ് ഇതിന്റെ ചെയര്‍മാനായി വരിക. പി.എ.സിയുടേയും സി.എ.ജിയുടേയും പ്രവര്‍ത്തനം കാണിക്കുന്നത് പാര്‍ലമെന്റിന്റെ മേല്‍നോട്ടത്തില്‍ രാജ്യത്തെ ഉദ്യോഗസ്ഥ സംവിധാനത്തെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്‍ നിന്നും സ്വാധീനങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയും എന്നു തന്നെയാണ്.

കല്‍ക്കരി ഖനി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സി.ബി.ഐയുടെ സ്വയംഭരണാധികാര കാര്യങ്ങളില്‍ സര്‍ക്കാരിനെ ഈയിടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി സി.ബി.ഐയുടെ സ്വയംഭരണം സംബന്ധിച്ച് ശിപാര്‍ശകള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. സി.ബി.ഐക്ക് സ്വതന്ത്രമായി അന്വേഷണം നടത്താനുള്ള ശിപാര്‍ശകള്‍ ഉണ്ടാക്കാന്‍ ഈ മന്ത്രിമുഖ്യന്മാര്‍ അധിക ദൂരേക്ക് പോകണമെന്നില്ല. സി.എ.ജി എന്ന ഭരണഘടനാ സ്ഥാപനവും അവിടുത്തെ ഓഡിറ്റര്‍മാരുടെ പ്രവര്‍ത്തനങ്ങളും കണ്ടാല്‍ മതി.

സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ പാര്‍ലമെന്റിനോടും നിയമസഭകളോടും കൂറും ഉത്തരവാദിത്തവുമുള്ള സ്ഥാപനമാണ് സി.എ.ജി. വിനോദ് റായുടെ ഒഴിവില്‍ ഇവിടേക്ക് തങ്ങളുടെ ഒരു വിധേയനെ കൊണ്ടുവന്ന് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ അട്ടിമറിക്കാം എന്ന വ്യാമോഹം സര്‍ക്കാരിന് ഉണ്ടാവുക എന്നത് വ്യാമോഹം മാത്രമായിത്തീരും. എന്നാല്‍ എസ്.കെ ശര്‍മ എന്ന മുന്‍ പ്രതിരോധ സെക്രട്ടറി സി.എ.ജിയാകുമ്പോള്‍ അദ്ദേള്‍ം സര്‍ക്കാരിന്റെ കണക്കപ്പിള്ള മാത്രമായി തീരും എന്ന ധാരണ ലഭ്യമായ വിവരങ്ങള്‍ വച്ചു നോക്കുമ്പോള്‍ അത്ര ശരിയല്ല താനും. അതുകൊണ്ടു തന്നെ റായ്ക്കു പകരം ശര്‍മ വന്നാലും ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം അഴിമതിക്കാര്‍ ഒന്നു സൂക്ഷിക്കുന്നതു തന്നെയാണ് നല്ലത്.


Next Story

Related Stories