TopTop
Begin typing your search above and press return to search.

കഥ പറയേണ്ടി വരുന്ന പെണ്ണുടലുകള്‍

കഥ പറയേണ്ടി വരുന്ന പെണ്ണുടലുകള്‍

എവിടെയും 'വിഷയ'മാണ് വിഷയം. വില്ക്കപെടുന്ന സ്ത്രീകളുടെ കഥയാണ് മാധ്യമങ്ങളുടെയും എരിവുള്ള വിഷയം. പെണ്ണിന്റെ ശരീരം കച്ചവടമാക്കുന്ന കഥകളും ഉപകഥകളും കൊണ്ട് മാത്രം റേറ്റിങ്ങ് കൂട്ടി കഞ്ഞി കുടിക്കുന്ന ഒരു വര്‍ഗ്ഗം മാധ്യമങ്ങളാണ്. ഒരു പക്ഷേ വഞ്ചനകളും വ്യഭിചാരങ്ങളും പരസ്യപെടുത്താന്‍ വേണ്ടി നിലകൊള്ളുന്ന, സാഹിത്യ - സാംസ്കാരിക മേഖലയില്‍ നിന്ന് തന്നെ ഒരുപാട് കഥകളുണ്ടാവും. അതെല്ലാം പറയാന്‍ സാധിക്കില്ലെങ്കില്‍ കൂടി എല്ലാവരും തമ്മില്‍ തമ്മില്‍ പറഞ്ഞു പറഞ്ഞു അടക്കിപ്പിടിച്ച് ചിരിക്കും. ശരീരം ഉപയോഗിച്ച് ജീവിക്കുന്നവരില്‍ അറിയപ്പെടുന്ന മുഖങ്ങളാണെങ്കില്‍ നമ്മുടെ സമൂഹം അവരെ 'ചീത്ത സ്ത്രീ'കളെന്നൊന്നും വിളിക്കില്ല. പകരം 'ചീത്ത സ്ത്രീ'കളെ വേശ്യാലങ്ങളിലും ചെറുകിട തെറ്റുകാരിലും ഒക്കെ കണ്ടെത്തി ഒതുക്കി നിര്‍ത്തുന്നു. പലപ്പോഴും എല്ലാത്തിനും വാര്‍പ്പ് മാതൃകകള്‍ ഉണ്ടാക്കി ജീവിക്കുന്നതിലാണു നമുക്ക് കൗതുകം. അതിനു പുറത്ത് അത്തരം കാര്യങ്ങള്‍ ഗോപ്യമായി, അല്ലെങ്കില്‍ മാദ്ധ്യമപ്രവര്‍ത്തകരോ രാഷ്ട്രീയക്കാരോ താരങ്ങളോ അറിയപ്പെടുന്ന സെലിബ്രേറ്റികളോ ചെയ്യുമ്പോള്‍ അത്ര പ്രശ്‌നമാവാറില്ല. പകരം അവരുടെ ചെയ്തികള്‍ മധുരം പുരട്ടി അവതരിപ്പിക്കും. അവരുടെ ചതിയുടെയും വഞ്ചനയുടെയും ഇരുണ്ട ലോകങ്ങള്‍ ഒത്തിരി കഷ്ടപെട്ടെന്ന ഒറ്റവാക്കിലൊതുക്കും.

വാങ്ങുന്നവരിലേക്ക് പോകാം

ദാരിദ്രം കൊണ്ട് മാത്രമാണ് അനില എന്ന പെണ്‍കുട്ടി ഡല്‍ഹിയിലെ ഒരു പുതുപ്പണക്കാരന്റെ വീട്ടിലെത്തിയത്. പുതുപ്പണക്കാരന്റെതായ അഹങ്കാരങ്ങളൊന്നുമില്ലെങ്കിലും പൈങ്കിളി നോവലുകള്‍ ബ്രീഫ്കേസിലിട്ട് ലോകത്തിന്റെ ഏത് കോണില്‍ പോകുമ്പോഴും പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇരുന്നു വായിക്കുന്ന ഒരു 'സാധു' മനുഷ്യന്‍. പതിവ് മിസ്റ്റര്‍ ക്‌ളീന്‍. ഇടയില്‍ അദ്ദേഹത്തിന്റെ ഭാര്യ രോഗിയാകുന്നു, മരിക്കുന്നു. മരണത്തിന്റെ രണ്ടാമത്തെ ആഴ്ചതന്നെ അറിയുന്നു അനില രണ്ട് മാസം ഗര്‍ഭിണിയാണെന്ന്. അദ്ദേഹം അതൊതുക്കി തീര്‍ത്തു. പതിയെ അനിലയെ മകനും ഉപയോഗിക്കാന്‍ തുടങ്ങി. പിന്നീട് ബന്ധുവും. അങ്ങനെ ആ ദരിദ്ര യുവതി തഞ്ചം പോലെ അച്ഛനും മകനും ബന്ധുവിനാലും ഒക്കെ ഉപയോഗിക്കപെട്ട് നിര്‍വ്വികാരയായ് തനിക്ക് താഴെയുള്ള നാല് പെണ്ണുടലുകളെ കാത്ത് പോന്നു. ഇടയില്‍ പലവട്ടം ഗര്‍ഭിണിയായെങ്കില്‍ കൂടി ആ വീടിനു വെളിയില്‍ ആരുമായും പ്രണയമോ കാമമോ ഇല്ലാതെ തന്നെ കേവലം യന്ത്രമായ് 16 വര്‍ഷം ജീവിച്ചു. പിന്നീട് ബംഗാളിലെ സ്വന്തം ഗ്രാമത്തിലേക്കെന്നു പറഞ്ഞ് മടങ്ങി. ഇതിനിടയില്‍ ഇളയ കുട്ടികള്‍ ഒക്കെ വിവാഹം കഴിഞ്ഞു എന്നൊരാശ്വാസം ബാക്കിയായെങ്കിലും ആരും ഇല്ലെന്ന തോന്നലില്‍ ജോലി മതിയാക്കി. എന്തായാലും ദാരിദ്രത്തിലും തിളയ്ക്കുന്ന ബംഗാളിയുടെ അഭിമാനത്തിന്റെ വറ്റാത്തൊരു അടര് അവളില്‍ എവിടെയെങ്കിലും ബാക്കിയായത് കൊണ്ടാവും പുരാണ ദില്ലിക്കു സമീപമൊരു റെയില്‍വേ ട്രാക്കില്‍ അനില തന്നെത്തന്നെ അവസാനിപ്പിച്ചു.

കല്ക്കത്തയിലെ സോനാഗച്ചിയിലും ഡല്‍ഹിയിലെ ജീ ബി റോഡിലും മുംബയിലെ കാമാത്തിപുരയിലും അനേക നാളുകള്‍. ഒരു സാമൂഹ്യജീവി എന്ന നിലയില്‍ പല സേവന പ്രവര്‍ത്തികളിലും, അവരുടെ കുട്ടികളുടെ ക്ഷേമത്തിനായും പല കാലങ്ങളില്‍ ഇടപഴകേണ്ടി വന്നിട്ടുണ്ട്. അതില്‍ ജി ബി റോഡിലെ ഒരു രംഗം വിവരിക്കാം. ജീ ബീ റോഡിലേക്ക് കയറുന്ന ആദ്യ കെട്ടിടങ്ങളിലധികവും നിറം മങ്ങിയവയാണ്. വേശ്യാലയങ്ങളെക്കുറിച്ചുള്ള കഥകളില്‍ അധികവും മാദലസ യൗവനങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ലോകമാണ്. മുകളില്‍ പറഞ്ഞ വേശ്യാലയങ്ങളില്‍ രാവ് മയങ്ങിയാല്‍ മായിക രാവിന്റെ ആരംഭം കുറിക്കും. കൃത്രിമ വര്‍ണ്ണ മേളങ്ങളുടെ അത്തറുപുരണ്ട ലോകം. രാത്രി മാത്രം ഉണര്‍ന്നിരിക്കുകയും പകലുറങ്ങുകയും ചെയ്യുന്നവരുടെ ലോകം എന്ന് വെറുതെ പറയുന്നതാണ്. പകലും അവരിലധികവും ഉണര്‍ന്നിരിക്കുകയാണ്. വേശ്യാലയത്തില്‍ അധികവും കൂട്ടമായിട്ടാണ് ആള്‍ക്കാരെത്തുന്നത്. ഒറ്റയ്ക്ക് വരുന്നത് അത്ര പന്തിയല്ല എന്നതും അതിനൊരു കാരണം ആണ്. ഒറ്റയ്ക്ക് വരുന്നവര്‍ അവിടെ കൊള്ളയടിക്കപ്പെടുമെന്നുറപ്പ്.

അവിടെ നടക്കുന്നതിനെ കൊള്ളയടി എന്നൊന്നും ആരും പറയാറില്ല. ആ കാഴ്ചകള്‍ ആദ്യം സങ്കടമായ് തോന്നിയിരുന്നു. പിന്നെ അതൊരു കാവ്യ നീതിയാണ്, അങ്ങനെ സംഭവിച്ചാലും ലോകത്തിനൊരു ചുക്കുമില്ല എന്നും തോന്നി. ഞാന്‍ ആദ്യം പറഞ്ഞ കെട്ടിടങ്ങളുണ്ടല്ലൊ ഇരുളു കട്ടപിടിച്ച് കിടക്കുന്ന കെട്ടിടങ്ങള്‍, അവയിലെല്ലാം തന്നെ മുകളിലേക്ക് കയറുന്ന വഴിയില്‍ പോക്കറ്റടിക്കാരെ ശ്രദ്ധിക്കുക എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്. വേശ്യാലയങ്ങള്‍ എല്ലാം തന്നെ മുകള്‍ നിലയില്‍ ആണെങ്കിലും താഴെ പ്രവേശന വഴിയിലുള്ള ചവിട്ടു പടികളിലൊക്കെ ഡല്‍ഹി പോലീസ് എഴുതി വെച്ചിട്ടുണ്ട് - പോക്കറ്റടിക്കാരെ സൂക്ഷിക്കുക - എന്ന്.

ഈ എഴുതിവെച്ചതിനു ചുവട്ടില്‍ സന്ദര്‍ശകരെ കാത്ത് പോക്കറ്റടിക്കാരുണ്ടാവില്ല. പകരം അവര്‍ നിങ്ങള്‍ക്കൊപ്പം റോഡില്‍ വെച്ച് തന്നെ സംഘം വ്യത്യസ്ത രൂപങ്ങളില്‍ പ്രത്യക്ഷപെടും. അല്പം മദ്യം അകത്തെത്താതെ ആരും വേശ്യാലയങ്ങളില്‍ കയറാറില്ല. വരുന്നവരുടെ മുഖം ആദ്യം ഇവര്‍ ശ്രദ്ധിക്കും. ഇര തെക്കെ ഇന്ത്യക്കാരനാണെങ്കില്‍ അവര്‍ തമ്മില്‍ തമ്മില്‍ തെക്കു നിന്നും അടുത്തിടെ ഒരു സുന്ദരിക്കുട്ടി ഇവിടെ എത്തിയിട്ടുണ്ടെന്ന് നിങ്ങളെ ശ്രദ്ധിക്കാതെ തിരക്കില്‍ പറഞ്ഞു കൊണ്ട് മുന്നേ പോകും, എന്നിട്ട് ഒരു കെട്ടിടത്തിലേക്ക് കയറി തിരിച്ചിറങ്ങും. സാധരണ ഗതിയില്‍ ഗ്രൂപ്പുകളായ് വരുന്നവര്‍ എല്ലായിടത്തു കയറി ഇറങ്ങി ഏറ്റവും നല്ലതും പോക്കറ്റിനൊതുങ്ങുതുമായ പെണ്ണുടലാവും തിരഞ്ഞെടുക്കുക. അങ്ങനെ ഒറ്റയ്‌ക്കോ രണ്ടു പേരായിട്ടോ എത്തുന്നവരെ ഇവര്‍ നോട്ടമിട്ട് വെയ്ക്കും. പലദിക്കുകളിലും കയറിയിറങ്ങുമ്പോള്‍ ഇവരും പിന്നാലെ കയറി ഓരോ കമന്റും പാസാക്കി നോട്ടമിട്ടവര്‍ക്കൊപ്പം പോകും. എന്നിട്ട് പരസ്പരം പറയും ഒറ്റയ്ക്ക് പോകരുത് അവിടെ പിടിച്ച് പറിയുണ്ട് ശ്രദ്ധിക്കണം എന്നൊക്കെ. ഒടുവില്‍ കണ്ടു വെച്ച ഇരയോട് നിങ്ങള്‍ ഏതു ദേശക്കാരനാണെന്ന് ചോദിക്കും. എന്നിട്ട് അവിടെ നിന്നും ഒരു പുതിയ സുന്ദരി ഇന്ന കെട്ടിടത്തില്‍ എത്തിയ കഥ അവര്‍ തമ്മില്‍ പറയും.

ഒറ്റയ്ക്ക് പോവരുത് ചുരുങ്ങിയത് നാലഞ്ച് പേരെങ്കിലും വേണം എന്നൊക്കെ പറഞ്ഞ് ഇരുള്‍ നിറഞ്ഞ വഴിയിലൂടെ പ്രവേശന കവാടത്തിലും മുകളിലെ ഒന്നു രണ്ട് മുറികളിലും മാത്രം വെളിച്ചമുള്ള കെട്ടിടത്തിലേക്ക് വിശ്വാസ്യതയ്ക്ക് അവര്‍ തന്നെ ആദ്യം കയറിപ്പോകും. പിന്നാലെ ഒരാളോ രണ്ടാളോ മൂന്നാളോ ആയിട്ട് കയറിവരുന്ന സംഘം രണ്ടാം നില പിന്നിട്ട് ഇരുട്ടാണെന്ന് മനസ്സിലായി പന്തികേട് മണത്ത് തിരിച്ചിറങ്ങുമ്പോഴായിരിക്കും വിസിലടി മുഴങ്ങുന്നത്. നാലോ അഞ്ചോ പേര്‍ അവരെ വളഞ്ഞിരിക്കും. എത്ര കായിക ബലമുള്ളവരെയും അവര്‍ പെട്ടെന്ന് മൂന്നാം നിലയില്‍ എത്തിച്ചിട്ടുണ്ടാവും. ഒരു കുടുസ്സു മുറിയില്‍ അടച്ചിട്ട് എല്ലാവരെയും ഭീഷണിപ്പെടുത്തും. പലരും കുടിച്ച ലഹരിയിലെങ്കിലും എന്റെ മറ്റേയാള്‍ പോലിസാണ്, പട്ടാളമാണ്, മന്ത്രിയാണൊന്നൊക്കെ പറഞ്ഞ് നോക്കും. അതിനൊക്കെ ഒറ്റ മറുപടി - ഇതിനകത്ത് കയറി ഒരു പോലീസും പിടിക്കില്ലെടാ - എന്നായിരിക്കും.

ഇനിയാണ് അക്കാവിന്റെ രംഗപ്രവേശം ഈ ബഹളത്തില്‍ ഇവരൊക്കെ കയറിപ്പറ്റുമ്പോള്‍ തന്നെ ചില പ്രായമായ സ്ത്രീകളെ അവിടെ കാണാം. ഈ ബഹളത്തെയൊന്നും അവരത്ര ശ്രദ്ധിക്കണമെന്നില്ല. അതിലൊരാളാണ് അക്കാ എന്നു വിളിക്കുന്ന ഈ സ്ത്രീ. ഇരകളെ പൂട്ടിയിട്ടിരിക്കുന്ന മുറിയിലേക്ക് കയറി തുണി മുഴുവന്‍ അഴിച്ച് പരിശോധിക്കും. ഉള്ള പണം മുഴുവന്‍ എടുക്കും. അത്ര പണം എടുക്കാന്‍ സമ്മതിക്കില്ല എന്നു പറയുന്നവര്‍ക്ക് നേരെ തലങ്ങും വിലങ്ങും മുറിഞ്ഞ ദേഹം കാണിച്ച് പോലീസും ജയിലും മാത്രമായ തങ്ങളുടെ ജീവിതത്തെ ഓര്‍മ്മിപ്പിക്കും. എന്ത് വേണമെന്ന് ഒരിക്കല്‍ കൂടി ചോദിക്കും. അക്കാ തന്റെ ദേഹത്തിന് പതിവ് വിലയെക്കാള്‍ അല്പം കൂട്ടി പറയും. എതിര്‍ വാക്കൊക്കെ ചില ഹരിയാനയില്‍ നിന്നുള്ള ചെറുപ്പക്കാര്‍ പറഞ്ഞ് നോക്കും. ഗത്യന്തരമില്ലാതെ സമ്മതിക്കും. അപ്പോഴും കൈയ്യില്‍ നിന്നും തരപ്പെടുത്തിയ മുഴുവന്‍ പണവും തിരികെ കൊടുക്കുമെന്നു കരുതണ്ട. പക്ഷേ തിരിച്ചു തരും എന്ന് വിശ്വസിപ്പിക്കും. പിന്നെ നാലടി വീതിയും ആറടി നീളവുമുള്ള കുടുസ്സു മുറിയിലേക്ക്. പാന്‍ പരാഗിന്റെയും ശുക്‌ളത്തിന്റെയും ഗന്ധം കെട്ടി നില്ക്കുന്ന മുറിയിലേക്ക് കയറുമ്പോള്‍ തന്നെ തന്നെ അക്ക തന്റെ വായിലേക്ക് ഒരു പാന്‍ പരാഗ് കൂട് കൂടി പൊട്ടിച്ചിടും.

അബദ്ധത്തില്‍ പോലും മുഖത്തൊരുമ്മ പതിരിക്കാനാണത്.

സര്‍ക്കാര്‍ നല്കുന്ന ഏറ്റവും വിലകുറഞ്ഞ നിരോധ് എടുത്ത് കയ്യില്‍ തരും. കറകറ ശബ്ദമുണ്ടാക്കുന്ന കട്ടിലിലേക്ക് അക്കാ ആദ്യം കയറിക്കിടക്കും. പിന്നെയും മടിച്ച് നില്ക്കുന്ന ഇരയെ പച്ചത്തെറികൊണ്ടാവും തന്റെ തിരക്ക് ചൂണ്ടിക്കാണിച്ച് കട്ടിലിലേക്ക് ക്ഷണിക്കുന്നത്. എഴുന്നൂറോ എണ്ണൂറോ രൂപയ്ക്ക് കിട്ടുന്ന സുന്ദരി പെണ്ണിനു പകരം തന്റെ അമ്മയെക്കാള്‍ പ്രായമുള്ള ഒരു സ്ത്രീയുടെ വിലകുറഞ്ഞ മേക്കപ്പിനു മുന്നില്‍ കീഴടങ്ങേണ്ട ജാള്യത പലര്‍ക്കുമുണ്ടെങ്കിലും നഷടപെട്ട കാശിന്റെ സങ്കടത്തില്‍ അവര്‍ എന്തായാലും കിട്ടിയതാട്ടെ എന്ന മട്ടില്‍ അക്കയിലേക്ക് പ്രവേശിക്കും. ജീവിതത്തിലെ ഒട്ടും സുഖകരമല്ലാത്ത ഒരു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഉയര്‍ത്തെഴുന്നേല്ക്കുന്ന ഇരയ്ക്ക്, ഇനി അത് വരെ കൂടെയുണ്ടായിരുന്ന സ്ത്രീയുടേതല്ലാത്ത ഒരു മുഖം അക്കയില്‍ തെളിയുന്നത് കാണാം.

കിട്ടിയ പണത്തില്‍ നിന്നും ഒരിക്കലും ബാക്കി ഒന്നും കൊടുക്കാതെ അടിച്ചോടിക്കുകയാണ് പതിവെങ്കിലും അക്ക തന്റെ ബ്രയിസറിനുള്ളിലേക്ക് കൈകടത്തി ഒരു നൂറു രൂപയെടുക്കുന്നു. ആരോയോ പ്രാകി മടങ്ങാനൊരുങ്ങുന്ന പയ്യന്റെ കൈയ്യിലേക്ക് വെയ്ക്കുന്നു. ബാക്കി പണം എന്ന് പറഞ്ഞ് പലരും ബഹളമുണ്ടാക്കാന്‍ നില്കാറില്ല. എങ്ങനെയെങ്കിലും രക്ഷപെട്ടാല്‍ മതി എന്നതായിരിക്കും എല്ലാവരുടെയും മനസ്സിലിരുപ്പ്. ആ സമയത്താണ് കരുണാമയിയായ ഒരമ്മയുടെ നോട്ടത്തോടെ അല്ലെങ്കില്‍ ബഹളക്കാരനായ ഒരു മകന് അനുവദിക്കുന്ന സൗജന്യത്തിലെ കള്ള വാത്സല്യം നിറച്ച് ഒന്നോ രണ്ടോ നൂറിന്റെ നോട്ടുകള്‍ കൂടീ തിരികെയേല്പിക്കും. അത്യാവശ്യം മടിക്കനം ഉണ്ടായിരുന്നവരോട് മാത്രമല്ല ഈ സൗജന്യം, എല്ലാവര്‍ക്കും എന്തെങ്കിലും തിരികെ കൊടുത്തേ അക്ക മടക്കാറുള്ളു. ബാക്കി രണ്ട് സ്ത്രീകളൂള്ളതില്‍ ഒരാള്‍ക്ക് എയിഡ്‌സ് ഉണ്ട്. പിന്നൊരാള്‍ക്ക് ഒരു പുരുഷന്റെ ഭാരം താങ്ങാനുള്ള കരുത്ത് അടിവയറിനില്ല.

ആകെയുള്ള ഫുള്‍ ബോഡി ചുമട്ട് തൊഴിലാളി അക്കാവാണ്. ഈ പിടിച്ചു പറിച്ച പണം പിമ്പുകളുടെ വേഷം കെട്ടിയവരും അക്കാവും, രണ്ട് കൂട്ടരും വീതിച്ചെടുത്തതില്‍ നിന്നും ഉള്ള ദയവാണ് അക്ക എല്ലാവരോടും കാണിക്കുന്നത്. വേശ്യാലയത്തില്‍ എത്തിയിരുന്നില്ലെങ്കില്‍ ഒരു നഴ്‌സായി ജീവിക്കണം എന്നാഗ്രഹിച്ച അക്കയുടെ മനുഷ്യപ്പറ്റ് സാധാരണ ലോകത്തിന് അപരിചിതമാവും. പക്ഷേ അതിനും അതിന്റെതായ ചില തിരിച്ചറിവുകളെ സൃഷ്ടിക്കാന്‍ സാധിച്ചേക്കും.

കാലം മാറി, ലോകവും മാറും എന്നാണ് നമ്മള്‍ കരുതുന്നത് പക്ഷേ അതല്ല യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കാനാവട്ടെ അടുത്ത കഥ. ഹരിദ്വാറെന്ന ആദ്ധ്യാത്മിക നഗരത്തില്‍ സന്യാസിമാരല്ലാത്ത ആള്‍ക്കാര്‍ കടന്ന് വന്നു താമസമാക്കുന്നത് തന്നെ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിന്റെ ബാക്കിപത്രമായിട്ടായിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ കുടിയേറ്റക്കാരുടെ നഗരമായി ഹരിദ്വാറെന്ന ചെറുപട്ടണം മാറി. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായ് ബംഗാളി ബസ്തികള്‍ എന്ന പേരില്‍ ബംഗ്‌ളാദേശ് അഭയാര്‍ത്ഥികളും ബീഹാറികളും ഒക്കെ കോളനികളുണ്ടാക്കി റിക്ഷക്കാരായും കൂലിവേലക്കാരായും ഭിക്ഷക്കാരായും ഒക്കെ ജീവിതം തുടങ്ങിവെച്ചു. എന്തായാലും അവരുറ്റെ ജീവിത നിലവാരം കാലകാലങ്ങളായ് അല്പാല്പമായ് മെച്ചപ്പെടുന്നുണ്ട്. സ്വന്തം റിക്ഷയില്‍ തന്നെ കിടന്നുറങ്ങിയവര്‍ പ്‌ളാസ്റ്റിക് മറച്ച വീട്ടിലായി കിടത്തം. പ്‌ളാസ്റ്റിക് മറച്ച വീട്ടിലുള്ളവര്‍ പുല്ലുമേഞ്ഞ വീട്ടിലായി. പുല്ലുമേഞ്ഞ വീട്ടിലുണ്ടായിരുന്നവര്‍ വാടക കെട്ടിടങ്ങളിലായി. അങ്ങനെ സാവധാനത്തില്‍ പുതിയൊരു മാറ്റം വന്നുകൊണ്ടിരിക്കുന്നു.

അതിനിടയില്‍ പുതിയ കുടിയേറ്റക്കാര്‍ വെറും മണ്ണിലേക്ക് പിച്ചക്കാരയ് കുഞ്ഞുകുട്ടി പരാധീനതയോടെ പൂര്‍വാധികം ശക്തിയായി എത്തപ്പെടുന്നു. ഇതിനിടയില്‍ അനുഭവപ്പെട്ട അപൂര്‍വ്വമായ ഒരു നൊമ്പരമാണ് ഈ കഥയില്‍. ഒത്തിരി സ്ത്രീകള്‍ ജോലി അന്വേഷിച്ച് വരാറുണ്ട്. 2006നു ശേഷമുള്ള ഹരിദ്വാര്‍ ആവശ്യമില്ലാത്ത ഒത്തിരി മാറ്റങ്ങള്‍ക്ക് വിധേയമായി. പുറമേക്ക് അത്ര അറിയില്ലെങ്കിലും അകമേ അത്ര രസകരമായ് ഒന്നും തോന്നുന്നില്ല. ജോലി അന്വേഷിച്ച് വന്ന സ്ത്രീകളില്‍ ഒരു സ്ത്രീ പറഞ്ഞ ഒരു വാചകം ആണ് അതീവ നൊമ്പരമായ് തോന്നിയത്. വല്ലാത്ത ദാരിദ്ര്യമാണ് സ്വാമിജി, ഈ തണുപ്പ് കാലത്തേക്കെങ്കിലും ജോലിക്ക് വെയ്ക്കണം. ഇനി തന്നെ ജോലിക്കെടുമ്പോള്‍ വേണമെങ്കില്‍ മോളെ നിങ്ങള്‍ വെച്ചു കൊള്ളു എന്ന് അല്പം ദൈന്യമായ് പറഞ്ഞു. വെച്ചുകൊള്ളാന്‍ പറഞ്ഞ മോള്‍ക്ക് പന്ത്രണ്ട് വയസ്സാണ് പ്രായം. ചെറുപ്പക്കാരയ സ്ത്രീകളെ ആശ്രമത്തില്‍ ജോലിയ്ക്ക് വെയ്ക്കാറില്ല എന്നു പറഞ്ഞു ഒഴിവാക്കിയെങ്കിലും ആ പന്ത്രണ്ട് വയസ്സുകാരിയെ ആര്‍ക്കും വിറ്റുകളയാതിരിക്കാന്‍ അവര്‍ക്ക് വേണ്ട ഉപദേശം നല്കാനൊരുങ്ങിയപ്പോളാണ് ഞെട്ടിപ്പിക്കുന്ന ബാക്കി കഥകള്‍ അവരുടെ ചുറ്റും നടക്കുന്നത് വിവരിച്ചത്. അങ്ങനെ സ്വന്തം മകളെക്കൊടുത്ത് നല്ല ജീവിതം നേടിയ പലരും അവര്‍ക്ക് ചുറ്റും മാതൃകകളുള്ളപ്പോള്‍ കേവലം 32 വയസ്സുള്ളപ്പോള്‍ തന്നെ അവര്‍ സ്വയം വിശേഷിപ്പിച്ചത് 'മേ ബുഡ്ഡി ഹോഗയി' എന്നാണ്. സ്വയം വൃദ്ധയായി വിശേഷിപ്പിക്കുന്ന ആ പാവം അമ്മ. ബംഗ്‌ളാദേശില്‍ നിന്നും ബംഗാളും കടന്ന് ഹരിദ്വാറിലെത്തിയ ഒരു പലയനത്തിനൊടുവില്‍ ആ ദരിദ്ര ജീവിതത്തിന് ചുവടുറപ്പിക്കാനുള്ള ഇടറുന്ന കാല്‍ വെയ്പുകള്‍ കണ്ട് തരിച്ചിരിക്കാനെ നമുക്ക് കഴിയു.

വില്ക്കപ്പെടുന്ന സ്ത്രീകളും

കാശി അയ്യപ്പക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തെ അണിയിച്ചു കൊണ്ടിരിക്കുമ്പോഴാണ് വായിച്ചും കേട്ടും പരിചയമുള്ള ഒരു എഴുത്തുകാരി എത്തുന്നത്. ആ വൈകുന്നേരം മുതല്‍ മൂന്ന് ദിവസം അവരുമായ് ചുറ്റിക്കറങ്ങി കാശിയെ പരിചയപ്പെടുത്തി കൊടുക്കുന്നതിനിടയില്‍ അവര്‍ സ്വന്തം ജീവിതം തിരിച്ചും പരിചയപ്പെടുത്തി. അവര്‍ക്ക് എഴുതേണ്ട പ്രധാനപ്പെട്ട സ്‌റ്റോറി കാശിയില്‍ ഉപേക്ഷിക്കപെട്ട് വ്യഭിചാരവും വെളുത്ത വസ്ത്രവുമായ് കഴിയുന്ന വിധവകളെ സംബന്ധിച്ചുള്ള കഥകളാണ്. തിരിച്ചു പോകും മുന്നേ സ്വാഭാവിക നീതിയായിരുന്നു എനിക്കവരോട് ചോദിക്കേണ്ടത്, ചോദിച്ചു. എന്തോ യാത്രപറയുമ്പോള്‍ പത്രക്കാരിയുടെ നാട്യം വിട്ട് കണ്ണുകള്‍ ഈറനണിയിച്ച ആ ബില്ല്യന്‍ ഡോളര്‍ ചോദ്യമിത്രമാത്രം. ആരുമില്ലാത്തതുകൊണ്ട് മാത്രം ശരീരം അബദ്ധത്തില്‍ വില്ക്കുന്ന ഈ അമ്മമാരാണോ അതോ അവസരങ്ങള്‍ക്ക് വേണ്ടി പലര്‍ക്കായി വല്ലപ്പോഴും വഴങ്ങേണ്ടി വരുന്ന നിങ്ങളോ, ആരുടെ കഥയാണ് ബെറ്റര്‍ എന്ന് ചോദ്യം. ഗതികേടുകൊണ്ട് മാത്രം വിധവകള്‍ മറ്റുള്ളവരുടെ ശരീരം ഏറ്റുവാങ്ങുകയാണ്. അവസരങ്ങള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കും വേണ്ടി വലിയവര്‍ക്കായ് സ്വന്തം ശരീരം വിലപറയാതെ വില്ക്കുകയും എന്നിട്ട് അതിനെ നാട്യത്തിന്റെ പല മറകള്‍ കൊണ്ട് പൂരിപ്പിക്കുകയും ചെയ്യുന്നവര്‍.

മലയാളത്തിലെ പത്ത് മികച്ച പുസ്തകങ്ങളിലൊന്നായ് തിരഞ്ഞെടുത്ത സുഹൃത്തിന്റെ അടുത്ത കവിതാ പുസ്തകം മലയാളത്തിലെ ഏറ്റവും വലിയ പ്രസാധകര്‍ പ്രസിദ്ധീകരിക്കാന്‍ വാങ്ങി. വിവരമൊന്നും കിട്ടാതായതോടെ കൃത്യം ഒരു വര്‍ഷത്തിനുശേഷം അവരോട് വിവരം അന്വേഷിച്ച് ചെന്നു. അപ്പോള്‍ കേട്ട മറുപടി ആ മാസ്റ്റര്‍ കോപ്പി നഷ്ടപെട്ടു എന്നായിരുന്നു. മലയാളത്തിലെ ആദ്യ കാവ്യ പരമ്പരയിലെ പുതിയൊരു തുടക്കമാവുമായിരുന്ന കവിതാ പുസ്തകം ആണവര്‍ നഷ്ടപെടുത്തിയത്. കോപ്പി എടുത്ത് വെയ്ക്കാതെ പ്രിന്റിങ്ങിനായ് കൊടുത്തത് കൊണ്ടും മറ്റിടങ്ങളില്‍ പ്രസിദ്ധീകരിക്കാതിരുന്നത് കൊണ്ട് അത് പൂര്‍ണ്ണമായും നഷ്ടമായി. അത് കവിതയുടെ ഒരു പുതിയ വരവായിരുന്നു. അങ്ങനെ തന്നെ നഷ്ടപ്പെടുകയും ചെയ്തു. ഇതേ സമയത്ത് തന്നെ പ്രശസ്ത എഴുത്തുകാരന്റെ ഇളം കാമുകി തന്റെ കവിതാ പുസ്തകം പ്രസിദ്ധീകരിച്ച് അതിന്റെ കാര്യങ്ങള്‍ക്കായി അവിടെ എത്തിയിരുന്നു. ചെറുപ്പക്കാരിയായത് കൊണ്ട് കൂടി വീണ്ടും അവര്‍ക്ക് പലരെയും ഇഷ്ടപെടാനും പുസ്തകങ്ങള്‍ വീണ്ടും പലത് പ്രസിദ്ധീകരിക്കാനും കഴിഞ്ഞു. നല്ല കവിതകള്‍ അച്ചടിക്കാന്‍ മറക്കുന്നവര്‍ മറ്റു ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങി എന്തു വഴങ്ങലുകള്‍ക്കും വിധേയമാകുന്നവര്‍ക്ക് വിധേയമാകുന്നത് ഭാഷയുടെ ഗതികേടാണ്.

അക്ഷരത്തിന്റെ കനം നോക്കിയിട്ട് പെരുമാറിയിരുന്ന ഒരു തലമുറയില്‍ അധികം പേരവശേഷിക്കുന്നില്ല എന്ന്‍, ഒരു ചെറിയ ഫോണ്‍കോളില്‍ ആ പാവം പത്രക്കാരന്‍ കവി വാചകം അവസാനിപ്പിച്ചു.

പത്ര പ്രവര്‍ത്തനവും സിനിമാ പ്രവര്‍ത്തനവും ഒരുപോലെ കൊണ്ട് നടക്കുകയും സിനിമാ പ്രവര്‍ത്തന മേഖലയില്‍ പുരസ്‌കാരങ്ങള്‍ നേടിയതുമാണ് അടുത്ത കഥാപാത്രം. കഴിഞ്ഞിടെ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഫോണ്‍ ചെയ്തു. ഡല്‍ഹിയില്‍ ഒരു സിനിമയുടെ നിര്‍മ്മാതാവിനെ കാണാന്‍ വന്നതാണെന്ന് പറഞ്ഞു. ഡല്‍ഹിയില്‍ സുഹൃത്ത് ഒരു സിനിമ ചെയ്യുന്നുണ്ട്. അദ്ദേഹമാണോ എന്നറിയാനുള്ള കൗതുകം. കേട്ട പേര് ഒരു വിവാദ പുരുഷന്റെ. അടുത്തയാളെ കണ്ട കഥയും പറഞ്ഞു. അത് അതിലും വലിയ വിവാദ താന്ത്രികന്‍, ജയിലിലായിരുന്നു. അദ്ദേഹം പഞ്ച പാവമാണെന്നും ചിലര്‍ ഇരയാക്കുകയാണെന്നും താനിനി അദ്ദേഹത്തിനൊപ്പമായിരിക്കുമെന്ന് തുടര്‍ന്ന് പറഞ്ഞു. ഭര്‍ത്താവ് കോടീശ്വരന്‍, അദ്ദേഹത്തെ കൊണ്ട് സിനിമ നിര്‍മ്മിച്ചുകൂടെ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം ചിലവുകള്‍ക്കായ് അക്കൗണ്ടില്‍ ഇട്ടുകൊടുത്ത അര കോടി രൂപ കാലിയായിരിക്കുന്നു. ഒരു കുഞ്ഞു സിനിമാ പ്രവര്‍ത്തകനുമായുള്ള പ്രണയം. കഴിഞ്ഞിടെ വിളിച്ചപ്പോള്‍ പറയുന്നു, ഒത്തിരി കോടീശ്വരന്മാരുണ്ട്, അവര്‍ക്കൊപ്പം വല്ലപ്പോഴും ഒന്ന് യാത്ര ചെയ്താല്‍ മതി എന്ന്. അങ്ങനെ സിനിമ എന്ന മേഖലയിലേക്ക് എത്തിപ്പെട്ട പത്രക്കാരി. കേവലം തന്റെ കാര്യവിജയത്തിനായ് മാത്രം പലരൊത്ത് സഹവാസത്തിലൂടെ മുന്നേറുന്നു. ഇടയ്ക്ക് ഫെയ്‌സ് ബുക്കില്‍ തീപ്പൊരി പോസ്റ്റുകളും കാണാം.

ആരേയും മോശമാക്കാനല്ല. നമ്മുടെ പുരുഷാധിപത്യ സമൂഹത്തില്‍ ഇരകളായ് മാറപ്പെടുന്ന സ്ത്രീകളെക്കുറിച്ചുള്ള പഠനവുമല്ല. പകരം സ്വയം നിയന്ത്രിക്കാവുന്ന ചുറ്റുപാടുകളില്‍ ഉള്ളവര്‍ സ്വയം ഉല്പന്നമായ് അവസരങ്ങള്‍ നേടുമ്പോള്‍ സമൂഹം ചീത്തവര്‍ എന്ന് മുദ്രകുത്തി അകറ്റി നിര്‍ത്തിയവര്‍, അത്രകണ്ട് അതല്ല എന്നുള്ള ഒരോര്‍മ്മപ്പെടുത്തല്‍ മാത്രം ആകുന്നു ഈ കുറിപ്പ്

Next Story

Related Stories