TopTop
Begin typing your search above and press return to search.

ഞങ്ങള്‍ തെരഞ്ഞെടുക്കാത്ത ഒരു യുദ്ധം

ഞങ്ങള്‍ തെരഞ്ഞെടുക്കാത്ത ഒരു യുദ്ധം

കെയ്റ്റി വാള്‍ഡമാന്‍ (സ്ലേറ്റ്)

രണ്ടായിരത്തിയഞ്ചിലാണ് ആഞ്ജലോ മെരെന്‍ഡിനോ ജെന്നിഫറിനെ ആദ്യമായി കാണുന്നത്. ബാര്‍ടെന്‍ഡറുടെ ജോലിക്ക് അപേക്ഷിക്കാനെത്തിയ ആഞ്ജലോയ്ക്ക് ഇരുണ്ട തലമുടിക്കാരി റസ്റ്റോറന്‍റ് മാനേജറില്‍ നിന്ന് കണ്ണെടുക്കാനായില്ല. രണ്ടുവര്ഷം കഴിഞ്ഞ് അവര്‍ വിവാഹിതരായി. വിവാഹത്തിനു അഞ്ചുമാസം കഴിഞ്ഞാണ് ജെന്നിഫറിന് സ്തനാര്‍ബുദമാണെന്ന് അറിയുന്നത്. ഇപ്പോള്‍ ഒരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ ആഞ്ജലോ അടുത്ത നാലുവര്‍ഷത്തെ തന്റെ ഭാര്യയുടെ കാന്‍സര്‍ പോരാട്ടം കരളലിയിപ്പിക്കുന്ന ചിത്രങ്ങളില്‍ പകര്‍ത്തിയെടുത്തു. തന്റെ മുപ്പത്തിയൊന്പതുകാരി ഭാര്യ ബിയര്‍ കുടിക്കുന്നത്, തലമുടി വടിച്ചുകളയുന്നത്, കൈത്തണ്ടയില്‍ ഐവി കുത്തിക്കിടക്കുന്നത്, കടലില്‍ പൊങ്ങിക്കിടക്കുന്നത്, ആശുപത്രിയിലെ പട്ടിയെ കെട്ടിപ്പിടിക്കുന്നത്‌, വീട്ടില്‍ വിശ്രമിക്കുന്നത്...അങ്ങനെ നിരവധി ചിത്രങ്ങളില്‍ ജെന്നിഫറിന്റെ ജീവിതം. ഈ ഫോട്ടോകള്‍ വളരെവേഗം ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. ആഞ്ജലോയോട് ഞാന്‍ അയാളുടെ പ്രോജക്റ്റിനെപ്പറ്റിയും അത് ലോകത്തിനുമുന്നില്‍ പങ്കിട്ടതിനെപ്പറ്റിയും സംസാരിച്ചു. “ഞങ്ങള്‍ തെരഞ്ഞെടുക്കാത്ത ഒരു യുദ്ധം” എന്ന പേരില്‍ ഈ ചിത്രങ്ങള്‍ ഇപ്പോള്‍ പുസ്തകവുമായി. ഞങ്ങളുടെ സംഭാഷണത്തിന്റെ സംക്ഷിപ്ത രൂപമാണ് ചുവടെ:

കെയ്റ്റി വാള്‍ഡമാന്‍: ഇത് ഫോട്ടോയില്‍ രേഖപ്പെടുത്തണം എന്ന് തോന്നിയത് എന്തുകൊണ്ടാണ്?

ആഞ്ജലോ മെരെന്‍ഡിനോ: അതൊരു തീരുമാനമൊന്നും ആയിരുന്നില്ല. അതൊരു ആവശ്യമായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞ് ഫെബ്രുവരി രണ്ടായിരത്തിയെട്ടിലാണ് ജെന്നിഫറിന്‍റെ കാന്‍സര്‍ തിരിച്ചറിഞ്ഞത്. കാന്‍സറിന്‍റെ ലോകത്തിലേയ്ക്ക് ഞങ്ങള്‍ കൂപ്പുകുത്തിവീഴുകയായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് വളരെ നല്ല ഒരു സംഘം ആളുകളുടെ സഹായമുണ്ടായിരുന്നു. കുടുംബമുണ്ടായിരുന്നു, സുഹൃത്തുക്കളുണ്ടായിരുന്നു, അവര്‍ കാര്‍ഡുകളയച്ചു, ഭക്ഷണം കൊണ്ടുവന്നുതന്നു, പണം സമാഹരിച്ചുതന്നു. അവരില്ലായിരുന്നെങ്കില്‍ ജീവിതം എന്താകുമായിരുന്നു എന്ന് സങ്കല്‍പ്പിക്കുക വയ്യ. എന്നാല്‍ ചികിത്സ അവസാനിച്ച് ജിവിതം വീണ്ടും കൂട്ടിച്ചേര്‍ത്തുതുടങ്ങിയപ്പോള്‍ ആളുകള്‍ ചോദിച്ചുതുടങ്ങി: “എന്താ ഒരു സന്തോഷമില്ലാത്തത്? എനിതിനാണ് വിഷമിച്ചിരിക്കുന്നത്?” എന്നാല്‍ ഒന്നും പഴയതുപോലെയായില്ല എന്നതാണ് സത്യം. വളരെപ്പെട്ടെന്നു മരണം ഒരു യാഥാര്‍ഥ്യമായി മാറിയിരുന്നു.

2010ല്‍ ജെന്നിഫറിന്‍റെ കാന്‍സര്‍ തിരിച്ചുവന്നു. ഞങ്ങള്‍ വീണ്ടും ചികിത്സ തുടങ്ങി. കാന്‍സറുമായി ദൈനംദിനബന്ധമുണ്ടാവുക എന്നാല്‍ എങ്ങനെയാണ് എന്ന് ആളുകള്‍ക്ക് അറിയില്ല എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ആളുകള്‍ക്ക് അതറിയില്ല എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ ഞങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും അത് മനസിലാക്കണമെന്ന് ഞങ്ങള്‍ക്ക് തോന്നി. ഞങ്ങള്‍ക്ക് അവരുടെ പിന്തുണ വേണ്ടിയിരുന്നു. പിന്തുണ പതിയെ മാഞ്ഞുതുടങ്ങിയിരുന്നു. ജെന്‍ വലിയ വിഷമത്തിലായിരുന്നു. ഞങ്ങള്‍ എന്തിലൂടെയാണ് കടന്നുപോകുന്നത് എന്നുകണ്ടാല്‍ ആളുകള്‍ അല്‍പ്പം കൂടി സഹാനുഭൂതിയോടെ പെരുമാറും എന്ന തോന്നലില്‍ നിന്നാണ് ഞാന്‍ ആ ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങിയത്.
കെയ്റ്റി: ഏതൊക്കെ നിമിഷങ്ങളാണ് പകര്‍ത്തേണ്ടതെന്നു എങ്ങനെയാണ് തീരുമാനിച്ചത്?

ആഞ്ജലോ: ഞാന്‍ എല്ലാം ഫോട്ടോഗ്രാഫുകളാക്കിമാറ്റിയിരുന്നു. ഞാന്‍ അവളെ സംരക്ഷിക്കുന്നുവെന്ന് അവള്‍ അറിഞ്ഞിരുന്നു. ഏറ്റവും പ്രധാനമായി എപ്പോള്‍ കാമറ മാറ്റിവയ്ക്കണമെന്ന് ഞാനും അറിഞ്ഞിരുന്നു. ഞങ്ങള്‍ക്കുവേണ്ടിയുള്ള സമയവും ഉണ്ടായിരുന്നു. ജെന്നിഫറിനെ ചേര്‍ത്തുപിടിച്ച നിമിഷങ്ങള്‍, ഞങ്ങള്‍ മാത്രം നിലനിന്നിരുന്ന നിമിഷങ്ങള്‍. എനിക്ക് ഉള്ളില്‍ തോന്നിയപ്പോഴെല്ലാം ഞാന്‍ ഫോട്ടോയെടുത്തു. തിരിഞ്ഞുനോക്കുമ്പോള്‍ അതൊരുതരം ഒളിച്ചോട്ടമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നതിലേയ്ക്കാണ് ഒളിച്ചോടിയെത്തിയത് എന്നതാണ് ഏറെ വിചിത്രം.
കെയ്റ്റി: ചിത്രങ്ങളെടുത്തപ്പോള്‍ ജെന്നിഫറിന് എന്തുതോന്നിയെന്നാണ് കരുതുന്നത്?ആഞ്ജലോ: അവള്‍ അതിനെപ്പറ്റി ഒരുപാടൊന്നും ചിന്തിച്ചുവെന്ന് എനിക്ക് തോന്നുന്നില്ല. സ്വന്തം ആരോഗ്യം പരിപാലിക്കുന്നതിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവന്‍. കാന്‍സര്‍ ചികിത്സ ഒരു മുഴുവന്‍ സമയജോലിയേക്കാള്‍ കൂടുതല്‍ നിങ്ങളില്‍ നിന്ന് ആവശ്യപ്പെടും. മറ്റെല്ലാം ഞാന്‍ നോക്കുന്നുണ്ട് എന്നും കാമറ അതിന്റെ ഭാഗം മാത്രമാണെന്നും അവള്‍ അറിഞ്ഞിരുന്നു. അവളുടെ അനുഭവങ്ങള്‍ അവള്‍ പങ്കുവെച്ച ഒരു ബ്ലോഗും ഉണ്ടായിരുന്നു. വിവരങ്ങള്‍ ലഭ്യമാകുന്നത് പ്രധാനമായി അവള്‍ കരുതിയിരുന്നു. ഓണ്‍ലൈനില്‍ ലഭ്യമായ വിവരങ്ങള്‍ വല്ലാതെ ക്ലിനിക്കലാണ്. ഒരു മരുന്നിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ഒരു ഡോക്റ്റര്‍ നിങ്ങളോട് പറയുന്ന തരം ചിലത്. “എനിക്ക് സ്തനാര്‍ബുദമാണ്. ഞാന്‍ ഒരു തുരങ്കത്തില്‍ കിടക്കുകയാണ്, എന്റെ ജീവിതം ഇതാ ഇങ്ങനെയാണ്” എന്ന് പറയാനാണ് ജെന്‍ ആഗ്രഹിച്ചത്‌.
കെയ്റ്റി: ലോകം മുഴുവന്‍ ഈ ചിത്രങ്ങള്‍ കാണുന്നതിനെപ്പറ്റി എന്തുതോന്നുന്നു?

ആഞ്ജലോ: എങ്ങനെ നോക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. ഫോട്ടോകള്‍ ഫെസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തയുടന്‍ ഞങ്ങള്‍ക്ക് ഈമെയിലുകള്‍ വരാന്‍ തുടങ്ങി- ചിലവ സ്തനാര്‍ബുദമുള്ള സ്ത്രീകളില്‍ നിന്നായിരുന്നു. തങ്ങളുടെ ചികിത്സ തുടരാന്‍ ഈ ചിത്രങ്ങള്‍ അവരെ പ്രേരിപ്പിച്ചു എന്ന് പറയുന്നവ. ഈ പ്രോജക്റ്റ് ഒരു സ്ത്രീയെ മാമോഗ്രാമെടുത്തുനോക്കാന്‍ പ്രേരിപ്പിച്ചു, അല്ലെങ്കില്‍ രണ്ടുപേരെ അല്‍പ്പം സ്നേഹത്തോടെ ചെര്‍ന്നിരിക്കാന്‍ പ്രേരിപ്പിച്ചു, അല്ലെങ്കില്‍ ആര്‍ക്കെങ്കിലുമൊക്കെ ധൈര്യം കൊടുത്തു എന്നൊക്കെ അറിയുന്നത് എന്നെ വല്ലാതെ എളിമപ്പെടുത്തുന്നു. അതിലെനിക്ക് അഭിമാനമുണ്ട്. എന്നാല്‍ ഞാന്‍ ചെയ്തത് ഇഷ്ടപ്പെടാത്ത ആളുകളുടെ കത്തുകളും എനിക്ക് ലഭിക്കാറുണ്ട്. അതൊന്നും വ്യക്തിപരമായി എടുക്കേണ്ടകാര്യമില്ലെന്ന് എനിക്കറിയാം. പക്ഷെ അത് ബുദ്ധിമുട്ടിക്കാറുണ്ട്.
കെയ്റ്റി: നിങ്ങളുടെ ഫോട്ടോകള്‍ക്ക് ഇത്രയധികം പ്രതികരണങ്ങള്‍ ലഭിച്ചത് എന്തുകൊണ്ടാണെന്നാണ് കരുതുന്നത്?

ആഞ്ജലോ: ഈ പ്രോജക്റ്റ് വളരെ മാനുഷികമാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഇത് ക്ലിനിക്കലല്ല. ജെന്നിഫരും ഞാനും ചെറുപ്പമായിരുന്നു. എഴുപത്തഞ്ച്-എണ്പതുവയസുള്ള ഒരാള്‍ ഇതിലൂടെ കടന്നുപോകുന്നത് പോലെയല്ല അത്. നിങ്ങള്‍ തീരെ പ്രതീക്ഷിക്കാത്ത ഒരാള്‍ക്ക് അത് സംഭവിക്കുമ്പോള്‍ അത് കൂടുതല്‍ യഥാര്‍ത്ഥമാകുന്നു- കൂടുതല്‍ ഹൃദയഭേദകമാകുന്നു.

ആളുകള്‍ക്ക് അല്‍പ്പം അറിവ് നല്‍കാനായാണ് ആദ്യം ഫോട്ടോകള്‍ എടുത്തത്. എന്നാല്‍ ജെന്‍ മരിച്ച ശേഷം ഞാന്‍ അവ എഡിറ്റ്‌ ചെയ്തപ്പോള്‍ ആളുകള്‍ ഞങ്ങളുടെ സ്നേഹത്തെ ഇതില്‍ കാണാന്‍ തുടങ്ങി. അതൊരിക്കലും ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. കാന്‍സറിനും മീതെ ഞങ്ങളുടെ സ്നേഹം ഉണ്ട് എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇത് ഒരു പ്രേമകഥയായതിലും. മരണത്തെക്കാളും നഷ്ടത്തെക്കാളും അധികമായി ഇത് പ്രേമത്തെപ്പറ്റിയായി മാറി.
കെയ്റ്റി: ചിത്രങ്ങളെ ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു?

ആഞ്ജലോ: ഇവ സൂക്ഷിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ശരിക്കും. ഭാര്യ നഷ്ടപ്പെട്ട ഒരാള്‍ എന്ന രീതിയില്‍ ഞങ്ങള്‍ കടന്നുപോയതിനെ മനസിലാക്കാന്‍ ഈ ചിത്രങ്ങള്‍ എന്നെ സഹായിക്കുന്നുണ്ട്. ഞങ്ങളുടെ പ്രേമം ഞാന്‍ ഇതില്‍ കാണുന്നുണ്ട്. ആ കാലത്തിലേയ്ക്കുള്ള ഒരു പാലമാണ് അവ. എനിക്ക് ഇവയില്‍ നിന്ന് ഓടിയൊളിക്കണ്ട. അവള്‍ക്ക് സുഖമില്ലാതായപ്പോള്‍ ഞാന്‍ അസന്തുഷ്ടനും ഏകാകിയുമായിരിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല എന്ന് ജെന്‍ പറഞ്ഞു. ഈ ചിത്രങ്ങള്‍ അവള്‍ക്കു വേണ്ടി വിലപിക്കാന്‍ എന്നെ സഹായിക്കുന്നു. അവ എനിക്ക് പ്രതീക്ഷ തരുന്നു.
കെയ്റ്റി: ഇവയില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ചിത്രം ഉണ്ടോ?

ആഞ്ജലോ: ഞാന്‍ കാമറ കയ്യില്‍ പിടിച്ചുകൊണ്ട് അവള്‍ക്കരികില്‍ നില്‍ക്കുന്ന ചിത്രം. അല്‍പ്പം കൂടി ചേര്‍ന്നുനില്‍ക്കണം എന്ന് ഞാന്‍ അവളോട്‌ പറഞ്ഞു. ഇന്നത്‌ നോക്കുമ്പോള്‍ എനിക്ക് അവളെ തൊട്ടറിയാം, ഇപ്പോഴും അവളുടെ മണമറിയാം. എല്ലാ ചിത്രങ്ങളും എടുത്തുനോക്കുന്നതിനിടെയാണ് ബുക്കിന്റെ കവര്‍ഫോട്ടോയായ ചിത്രം ഞാന്‍ ശ്രദ്ധിച്ചത്. ഞങ്ങള്‍ രണ്ടിടത്തായിരുന്ന ഞങ്ങളുടെ പ്രേമകാലത്ത് ഞാനെടുത്തതാണ് അത്. ഞാന്‍ ന്യൂയോര്‍ക്കില്‍ ജെന്നിഫറിനെ കാണാന്‍ എത്തിയതായിരുന്നു. അബദ്ധത്തില്‍ കിട്ടിയ ഒരു ചിത്രമാണത്. അവള്‍ ബെഡില്‍ കിടക്കുകയാണ്. അവളെ മൂടി ഒരു പുതപ്പുണ്ട്. അവളുടെ മുഖം വ്യക്തമല്ല. ആ ചിത്രം കണ്ടപ്പോഴേ ഞാന്‍ ഓര്‍ത്തു: “അതാണ്‌ ജെന്നിഫര്‍.” ആ ഫോട്ടോ ഇന്ന് കാണുമ്പോള്‍ മറ്റെല്ലാം മാഞ്ഞുപോകുന്നു.Next Story

Related Stories