TopTop
Begin typing your search above and press return to search.

കാലം ഓഫ്സ്റ്റമ്പിന് വെളിയിലാണ്...

കാലം ഓഫ്സ്റ്റമ്പിന് വെളിയിലാണ്...


പ്രവീണ്‍ വിക്കത്ത്നൂറുകിലോമീറ്ററിലധികം വേഗതയില്‍ സ്വിംഗ് ചെയ്യുന്ന പന്തുകള്‍. കോടി ജനങ്ങളുടെ കാതടപ്പിക്കുന്ന ആരവം. ഫീല്‍ഡില്‍ കഴുകന്മാരെപ്പോലെ പത്തുപേര്‍. മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷത്തില്‍, സെക്കന്‍റിന്‍റെ നൂറിലൊരംശത്തില്‍ അസാധാരണ വൈഭവത്തോടെ അത്യുജ്ജ്വലമായി ജീവിക്കുന്നു ഒരാള്‍. പ്രതിരോധം അയാളുടെ രീതിയായിരുന്നില്ല. മറിച്ച് വൈവിദ്യമാര്‍ന്ന ഷോട്ടുകള്‍ അനായാസതയോടെ പരിപൂര്‍ണ്ണതയിലെത്തിച്ചു. ബൗളര്‍മാര്‍ക്കുമേല്‍ മേധാവിത്തം നേടി. സച്ചിനെന്ന ഇതിഹാസം കളിക്കളത്തില്‍ നിന്നും വിടവാങ്ങുമ്പോള്‍ ആ ഇന്നിംഗ്സുകളിലേയ്ക്ക് മനസുകൊണ്ട് യാത്രയാവുകയാണ് ആരാധകര്‍. ഒപ്പം തങ്ങളുടെ തന്നെ ജീവിതത്തിലേയ്ക്കും.കളിക്കളത്തിലെ ധിക്കാരം

അനന്തതയിലേയ്ക്ക് ശിരസുയര്‍ത്തി പിച്ചിലേയ്ക്ക് നടന്നടുക്കുമ്പോള്‍ മറ്റാരേക്കാളും നന്നായി ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമായിരുന്നു ആ പതിനാറുകാരനെ നയിച്ചിരുന്നത്. 24 വര്‍ഷത്തെ കരിയറിനിടയില്‍ ഒരിക്കല്‍പോലും ഈ അഹംഭാവത്തിന് ഇളക്കം തട്ടിയില്ല എന്നതു തന്നെയാണ് സച്ചിനെ ദൈവമാക്കുന്നത്. ഈ പ്രതിഭയെ ആരാധിക്കുന്നവരുടെ മതമായി മാറി ക്രിക്കറ്റ്.ലോകത്തെ വെല്ലുവിളിക്കണമെന്ന ഒരു ദരിദ്ര രാഷ്ട്രത്തിന്‍റെ സ്വപ്നം സച്ചിനിലൂടെ സാക്ഷാത്ക്കരിക്കപ്പെടുകയായിരുന്നു. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരും പ്രൊഫഷണലുകളും കടല്‍ കടക്കുതിന് മുന്‍പ്, ഇന്ത്യന്‍ മധ്യവര്‍ഗ അഭിലാഷം സച്ചിനിലൂടെ സഫലമായി.കരിയറിന്‍റെ തുടക്കത്തില്‍ തന്നെ ഹാഡ്‌ലി, മാര്‍ഷല്‍, ആബ്രോംസ്, പാറ്റിന്‍സ തുടങ്ങിയ വമ്പന്‍മാരെ ട്രേഡ് മാര്‍ക്ക് സ്‌ട്രൈറ്റ് ഡ്രൈവിലൂടെയും പുള്‍ ഷോട്ടിലൂടെയും ബൗണ്ടറി കടത്തിയ സച്ചിന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.കരിയര്‍ യൗവ്വനത്തിലേയ്‌ക്കെത്തുമ്പോള്‍ കൂടുതല്‍ പക്വതയുള്ള വ്യക്തിയെയാണ് കാണാന്‍ കഴിയുക. ആസ്‌ത്രേലിയന്‍ സൗത്ത് ആഫ്രിക്കന്‍ പിച്ചുകളില്‍ ഓഫ് സ്റ്റംമ്പിനുമുകളിലുയര്‍ന്ന പന്തുകള്‍ സ്വന്തമായി വികസിപ്പിച്ച അപ്പര്‍ കട്ടുകളിലൂടെ ബൗണ്ടറി കടത്തി അദ്ദേഹം. കളിക്കാന്‍ പ്രയാസമേറിയവയെ നൂതനവും അസാധാരണവുമായ ഷോട്ടുകള്‍ കൊണ്ട് നേരിട്ടു. പാഡില്‍ സ്വീപ്പ് ഷോട്ടുകള്‍ ഉദാഹരണം.വെല്ലുവിളികള്‍ എന്നും സച്ചിന് ഹരമായിരുന്നു. ധൈര്യമുണ്ടെങ്കില്‍ ബൌണ്‍സര്‍ ഹുക്ക് ചെയ്യ് സിക്‌സറടിക്ക് എന്ന് സ്ലെഡ്ജ് ചെയ്ത പാക് ബൗളര്‍ ഷൊയ്ബ് അക്തറോട് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്റെ അച്ഛനുണ്ടെന്നും അയാളോട് പറ എന്നുമാണ് വീരേന്ദര്‍ സെവാഗ് പറഞ്ഞത്. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ബാറ്റ് ചെയ്തിരുന്നത് സച്ചിനായിരുന്നു. ഷൊയ്ബിന്റെ അടുത്ത ബൌണ്‍സറില്‍ സച്ചിന്‍ സിക്‌സര്‍ നേടുക തന്നെ ചെയ്തു. അച്ഛന്‍ എന്നും അച്ഛനാണെന്നും മകന്‍ എന്നും മകനാണെന്നും സെവാഗ് ഷോയ്ബിനെ ഓര്‍മ്മിപ്പിച്ചു എന്നാണ് കഥ.മാധ്യമങ്ങള്‍ വാഴ്ത്തിയ ഷെയ്ന്‍ വോണ്‍-സച്ചിന്‍, മക്ഗ്രാത്ത്-സച്ചിന്‍ യുദ്ധങ്ങളില്‍ വിജയം നിരുപാധികമായിരുന്നു. മക്ഗ്രാത്തും ബ്രെറ്റ് ലീയും ഗില്ലസ്പിയും ഉള്‍പ്പെട്ട വിഖ്യാത ആസ്‌ത്രേലിയന്‍ നിരയെ അവരുടെ നാട്ടില്‍ വച്ച് നേരിടാനുള്ള ചങ്കൂറ്റവുമുണ്ടായിരുന്നു അദ്ദേഹത്തിന്. കണക്കിന് തല്ല് വാങ്ങിയ സിംബാവേ ബൗളര്‍ ഹെന്റി ഓലംഗ പാതിവഴിയില്‍ കരിയര്‍ അവസാനിപ്പിച്ചു.പ്രാദേശിക ക്രിക്കറ്റില്‍ സച്ചിനെ വീഴ്ത്തുന്നവര്‍ ദേശീയ ടീമില്‍ സ്ഥാനമുറപ്പിച്ചു. ശ്രീശാന്ത് ഇങ്ങനെയാണ് ടീമിലെത്തിയത്.കരുതലോടെ ടെസ്റ്റ് ജീവിതം കെട്ടിപടുത്ത സച്ചിന്റെ യഥാര്‍ത്ഥ തട്ടകം ഏകദിന മത്സരങ്ങളായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഉന്മാദഭരിതമായ ഗ്യാലറിയ്ക്കുവേണ്ടിയായിരുന്നു അദ്ദേഹം ബാറ്റുവീശിയത്. ആ അഡ്രിനാലിന്‍ റഷില്‍ ഓഫ്സ്റ്റമ്പിനുമുകളില്‍ കുത്തിയുയര്ന്ന പന്തുകളില്‍ പലപ്പോഴും ഇന്നിംഗ്‌സ് ആത്മഹത്യ ചെയ്തു. ഇരുകൈകളും ചേര്‍ത്തുപിടിച്ച് പ്രാര്‍ത്ഥിച്ചിരുന്ന രാജ്യം നിരാശയിലേയ്ക്ക് കൂപ്പുകുത്തി. കളി മതിയാക്കി റിമോട്ടില്‍ കൈകളമര്‍ന്നു.വിക്കറ്റിനുമുന്‍പില്‍ കുടുങ്ങുമ്പോള്‍ അമ്പയര്‍മാര്‍ കുറ്റവാളികളായി. ഒരു നേരിയ സംശയം പോലും സച്ചിന്റെ കാര്യത്തില്‍ അസ്വഭാവികമായിരുന്നു. സച്ചിന്‍ ഔട്ടായി എന്ന് അംഗീകരിക്കാന്‍ രാജ്യം തയ്യാറായില്ല.ക്രീസിലെ ആ മേധാവിത്വം ഒരു ജനതയുടെ ആത്മവിശ്വാസമായിരുന്നു.കളിക്കളത്തിന് പുറത്തെ എളിമ

കളിക്കളത്തിന് പുറത്തെ സച്ചിന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ക്രിക്കറ്റിന് തന്നേക്കാള്‍ മഹത്ത്വമുണ്ടെന്നും റെക്കോര്‍ഡുകളേക്കാളേറെ രാജ്യത്തിനുവേണ്ടി കളിക്കുന്നതാണ് ആസ്വദിക്കുന്നതെന്നും സച്ചിന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. ക്രിക്കറ്റിനെ ആത്മാവിഷ്‌ക്കാരമാക്കിയ ഒരാളുടെ വാക്കുകള്‍ വിനയമായി ആഘോഷിക്കപ്പെട്ടു.ഇന്ത്യന്‍ സംഘം കോഴവിവാദത്തിലുള്‍പ്പെട്ട കാലം. മത്സരം കൈവിട്ടുപോകുന്നതില്‍ അസ്വഭാവികത തോന്നിയ കോച്ച് ഗെയ്ക്ക് വാദ് സമീപിച്ചത് ക്യാപ്റ്റന്‍ അസറുദ്ദീനെ ആയിരുന്നില്ല. കോച്ചിന്റെ പ്രതീക്ഷ കാത്ത സച്ചിന്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ട് സെഞ്ച്വറികളുമായി ടീമിനെ വിജയത്തിലേയ്ക്ക് നയിച്ചു. സച്ചിന് ഒരു ചളിക്കുണ്ടിലേയ്ക്കും വീഴേണ്ട കാര്യമുണ്ടായിരുന്നില്ല. ആ പ്രതിഭയ്ക്ക് ക്രിക്കറ്റ് തന്നെ ധാരാളമായിരുന്നു.വ്യക്തി ജീവിതത്തില്‍ ഒരിക്കല്‍ പോലും വിവാദത്തില്‍ പെട്ടില്ല ഈ മുംബൈക്കാരന്‍. ശശി തരൂര്‍ പുനര്‍ വിവാഹം ചെയ്തപ്പോള്‍ പലരും നെറ്റി ചുളിച്ചു. എന്നാല്‍ തന്നേക്കാള്‍ നാല് വയസ് പ്രായകൂടുതലുള്ള അഞ്ജലിയെ സച്ചിന്‍ വിവാഹം ചെയ്യുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് അത് പ്രശ്‌നമായില്ല.1996 ലോകകപ്പ് സെമിഫൈനലില്‍ ശ്രീലങ്കയോട് തോറ്റ് പുറത്തായതില്‍ മനം നൊന്ത ആരാധകരെ അടക്കി നിറുത്താന്‍ ഒരു ലക്ഷം പട്ടാളക്കാര്‍ക്ക് കഴിയുമായിരുന്നില്ല. പക്ഷേ സച്ചിന് സാധിക്കുമായിരുന്നു. സച്ചിന്റെ മൊഴി പല വിവാദങ്ങളിലും ഒത്തുതീര്‍പ്പുണ്ടാക്കി. മങ്കി ഗേറ്റ് വിവാദത്തില്‍ ഹര്‍ഭജന്‍ സിംഗിനെ രക്ഷിച്ചതും സച്ചിന്റെ നിലപാടുകളായിരുന്നു. സിംഗിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മാച്ച് റഫറിയ്ക്ക് ഒരു വാക്ക് മതിയായിരുന്നു.സച്ചിന്റെ ജനകീയത പരസ്യവിപണിയില്‍ അദ്ദേഹത്തിന്റെ സ്ഥാനമുറപ്പിച്ചു. ഒരു പക്ഷേ ക്രിക്കറ്റിനെ മതമാക്കുന്നതില്‍ സച്ചിനും കമ്പോളവും പരസ്പര പൂരകമായാണ് പ്രവര്‍ത്തിച്ചത്. പ്രതിഭയുടെ മൂല്യമാണ് സച്ചിന്‍ ഉയര്‍ത്തിപ്പിടിച്ചത്. അത് ഇന്ത്യന്‍ മൂല്യബോധമായി മാറുകയായിരുന്നു.അസ്തമയ സൂര്യന്‍

സച്ചിന്‍ കളിക്കുന്നത് റെക്കോര്‍ഡുകള്‍ക്ക് വേണ്ടിയാണോ എന്ന ചോദ്യം കരിയറിന്റെ അവസാനഘട്ടത്തില്‍ പലരുമുന്നയിക്കുകയുണ്ടായി. വ്യക്തിഗത മികവിനാണ് ഊന്നല്‍ കൊടുക്കുന്നതെും ടീമിനെ വിജയിപ്പിക്കാന്‍ കഴിയുന്നില്ലെന്നും വാദങ്ങളുയര്‍ന്നു. സച്ചിന്‍ കളിച്ചത് ഗ്യാലറിയ്ക്കുവേണ്ടിയായിരുന്നു എന്നതാണ് സത്യം. മാറ്റുരക്കാനാകാത്ത പ്രതിഭയുടെ മാന്ത്രിക സ്പര്‍ശം അദ്ദേഹം ഇന്ത്യക്കാര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു. അതിനായി ഒരു ആയുഷ്‌ക്കാലം മുഴുവന്‍ വിയര്‍പ്പാറി. കഠിനപരിശീലനത്തിലൂടെ മികവുകള്‍ തേച്ചു മിനുക്കി. സച്ചിന്‍ ബൗണ്ടറികള്‍ പായിച്ചത് ഇന്ത്യക്കാരുടെ ഹൃദയത്തിലേയ്ക്കായിരുന്നു. മനസുകള്‍ സ്പര്‍ശിക്കുതിനായിരുന്നു ആ യുദ്ധം.നാല്‍പതാം വയസിലും സച്ചിന്‍ കളിമറന്നിട്ടില്ല. പ്രതിഭവറ്റിയിട്ടുമില്ല. പക്ഷേ വിക്കറ്റുകള്‍ക്കിടയില്‍ ഓട്ടത്തിനിടയിലും ഫീല്‍ഡിലും ക്ഷീണിതനായി കാണപ്പെടുന്നു. പവലിയനിലേയ്ക്കുള്ള തിരിച്ചു നടത്തം അനിവാര്യമാകുന്നു. സജീവ ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ വിരമിക്കുമ്പോള്‍ ജീവിതത്തിലെ ഒരു ഘട്ടം അവസാനിക്കുകയാണെന്ന തിരിച്ചറിവിലേയ്‌ക്കെത്തുന്നു ആ ഇന്നിംഗ്‌സുകള്‍ കണ്ടുവളര്‍ന്ന ഇന്ത്യന്‍ യുവത്വം.Next Story

Related Stories