TopTop
Begin typing your search above and press return to search.

ഈഡന്‍ എന്ന ഭ്രാന്ത്

ഈഡന്‍ എന്ന ഭ്രാന്ത്

സംഗീത് ജേക്കബ്

തന്റെ 199-ാമത് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ 10 റണ്‍സുമായി മടങ്ങുന്ന ലിറ്റില്‍ മാസ്റ്ററെ ഒരിക്കല്‍ കൂടി ഓര്‍ത്തു നോക്കുക. ഒരുവേള അവിശ്വസനീയമായ നിശബ്ദത. പിന്നെ, കൈയടികളുടെ നിര്‍ത്താത്ത താളം. അതിനും ഏതാനും മിനിറ്റുകള്‍ക്കു മുമ്പും ഈഡന്‍ പൊട്ടിത്തെറിച്ചിരുന്നു. മുരളി വിജയ് എന്ന ഓപണിംഗ് ബാറ്റ്‌സ്മാന്‍ ഡ്രസിംഗ് റൂമിലേക്ക് തിരിച്ചു നടക്കുമ്പോഴായിരുന്നു അത്. കാരണം അടുത്ത ബാറ്റ്‌സ്മാനു വേണ്ടിയാണ് അവര്‍ കാത്തിരിക്കുന്നത്. ഒടുവില്‍ ആ സമയമെത്തി. ആകാശത്തേക്ക് മിഴികള്‍ നട്ട് പിച്ചിലേക്ക് നടന്നടുക്കുന്ന ക്രിക്കറ്റ് ദൈവത്തെ ഈഡനിലെ പതിനായിരങ്ങള്‍ എഴുന്നേറ്റു നിന്ന് ആരവം മുഴക്കി സ്വാഗതം ചെയ്തു. പിന്നീടുള്ള 41 മിനിറ്റുകള്‍ ഈഡന്‍ എന്നാല്‍ ഉദ്വേഗം എന്നു മാത്രമായിരുന്നു അര്‍ഥം. ഒടുവില്‍ അതിനൊരവസാനമായി. അംപയറുടെ ശരിയോ തെറ്റോ എന്നതവിടെ നില്‍ക്കട്ടെ, സച്ചിന്‍ പുറത്ത്. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത. ഈഡന്‍ മുഴുവന്‍ നിറഞ്ഞ അമ്പരപ്പ്. അത് അധിക നേരം നീണ്ടു നിന്നില്ല. ലക്ഷക്കണക്കിന് കൈകള്‍ തീര്‍ത്ത താളത്തിന്റെ ആരവത്തില്‍ സച്ചിന്‍ തിരികെ ഡ്രസിംഗ് റൂമിലേക്ക്.

അതാണ് ബംഗാള്‍. അതാണ് അവിടുത്തെ ജനത. വികാരമാണ് ഓരോ ബംഗാളിയുടേയും ഞരമ്പിലോടുന്നത്. ചരിത്രം പരിശോധിച്ചാലും ഇന്നത്തെ ബംഗാളിനെ നോക്കിയാലും ഇത് മനസിലാകും. 1920-കള്‍ക്കു ശേഷമുള്ള സ്വാതന്ത്ര്യ സമര പോരാളികള്‍, സ്വാതന്ത്ര്യത്തിനു ശേഷം നക്‌സലൈറ്റുകള്‍, ഒരിക്കലും തീരാത്ത രാഷ്ട്രീയ അക്രമങ്ങള്‍ക്കു പേരു കേട്ട നാട്ടില്‍ മാര്‍ക്‌സിസ്റ്റുകളും തൃണമൂലും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന പോര്. ബംഗാള്‍ അങ്ങനെയാണ്.

സ്‌പോര്‍ട്‌സിന്റെ കാര്യത്തിലും ഇത് പ്രസക്തമാണ്. ഈഡനിലെ 90,000 കണ്ഠങ്ങളില്‍ നിന്ന് ഒരേ സമയം ഉയരുന്ന മുരള്‍ച്ചയെ കുറിച്ച് ആലോചിച്ചു നോക്കുക. ഹൗറ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ട്രെയിന്‍ വരെ ആ പ്രകമ്പനത്തില്‍ ചലിച്ചു പോകുന്നെ് പറഞ്ഞാല്‍ അതിശയോക്തിയല്ല. തന്റെ ഇതിഹാസ തുല്യമായ കരിയറിന്റെ ഒടുക്കം സച്ചിന്‍ പിന്നെയെവിടെയാണ് കളിക്കേണ്ടത് - ഈഡനിലല്ലാതെ?

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനു വേണ്ടി ഈ പുല്‍ മൈതാനത്തെ 1864-ല്‍ ക്രിക്കറ്റ് സ്‌റ്റേഡിയമായി മാറ്റിയതു മുതല്‍ ഇതുണ്ട് - ഈ വികാരം. ഓരോ ബംഗാളിയുടെ കൈയിലും ഊണു കഴിഞ്ഞും വിട്ടു പോകാതെ നില്‍ക്കുന്ന മീന്‍മണം പോലെ.

ഇവിടെയായിരുന്നു ആദ്യ ടെസ്റ്റ് മത്സരം അരങ്ങേറിയതും. അന്നത്തെ ബ്രിട്ടീഷ് ഭരണകൂടവും അവരുടെ കോളനിക്കാരായ ഇന്ത്യക്കാരും തമ്മില്‍ 1934ല്‍. ഒരു പക്ഷേ, ഇന്ത്യക്കാര്‍ക്കു വേണ്ടി ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ ഒരു കളി.

ഇതിഹാസ താരം ഡഗ്ലസ് ജാര്‍ഡിന്‍ നയിച്ച ഇംഗ്ലണ്ട് അന്ന് നാലു ദിവസത്തിനുള്ളില്‍ വിജയത്തിലെത്തി. അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന ലാഹോറില്‍ ജനിച്ച ദില്‍വര്‍ ഹുസൈന്‍ എന്ന വിക്കറ്റ് കീപ്പറായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിംഗ്‌സില്‍ 59, പിന്നെ 57. ആകെ മൂന്നു ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള ഹുസൈന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ആ 59.

വര്‍ഷങ്ങള്‍ കഴിയുന്തോറും ഈഡനിലെ ഉ•ാദം കൂടിവന്നതേയുള്ളൂ. ഈഡനിലേത് വെറും ആള്‍ക്കൂട്ടമല്ല. അവിടെയെത്തുന്ന ഓരോ കാണിയും ഓരോ പോരാളി കൂടിയാണ്. കലാപത്തിലേക്ക് വരെ എത്തിക്കുന്ന രീതിയില്‍ അവരുടെ ഞരമ്പുകള്‍ ത്രസിച്ച സമയങ്ങളുമുണ്ട്. സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് എന്ന വാക്ക് ഒരുപക്ഷേ ഈഡനിലെ കാണിക്ക് ചേര്‍ന്നേക്കില്ലെന്ന് നമ്മള്‍ പറയും. പക്ഷേ അങ്ങനെയല്ല അവരുടെ ജീവിതം എന്ന് ബംഗാളിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.

നിങ്ങള്‍ ഇത് എങ്ങനെ മനസിലാക്കുന്നു എന്നതാണ് പ്രശ്‌നം. അത് ചിലപ്പോള്‍ നാണക്കേടോളം എത്തുന്ന സന്ദര്‍ഭങ്ങളും ഉണ്ടാക്കാറുണ്ട്. 1966-67ലെ വിന്‍ഡീസ് പര്യടനം, 1969- 70ല്‍ ഓസ്‌ട്രേലിയയുമായുള്ള ഏറ്റുമുട്ടല്‍. അന്നൊക്കെ വിജയം സന്ദര്‍ശകര്‍ക്കൊപ്പമായപ്പോള്‍ ഈഡന്‍ ഇടഞ്ഞു. 1996-ലെ കുപ്രസിദ്ധമായ ലോകകപ്പ് സെമി ഫൈനല്‍ ഓര്‍മയുണ്ടോ? സച്ചിനൊപ്പം പ്രതിഭാശാലിയായ വിനോദ് കാംബ്ലിയെന്ന ധൂര്‍ത്തുപുത്രന്‍ കണ്ണീരൊലിപ്പിച്ച് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ കാഴ്ച? സച്ചിനും കാംബ്ലിയും തമ്മിലുള്ള വ്യത്യാസം പ്രതിഭയും കഴിവും മാത്രമല്ല, ശീലങ്ങളും പ്രധാനമാണെന്ന് ഇരുവരുടേയും കരിയര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു എന്നതാണ്. സച്ചിന്റെ സ്‌കോര്‍ 50-കള്‍ പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ. ഔട്ട്. പിന്നാലെ ഇന്ത്യ ഒന്നടങ്കം നിലംപതിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് അങ്ങനെയും ഒരു ഭൂതകാലമുണ്ടായിരുന്നു.

പിന്നെ കാര്യങ്ങള്‍ മാറി. 2001-ല്‍ ഇവിടെയെത്തിയ ഓസ്‌ട്രേലിയയ്ക്ക് വി.വി.എസ് ലക്ഷ്മന്‍ പുറത്താകാതെ നേടിയ 281 റണ്‍സ് കൊണ്ട് ഉചിതമായ മറുപടിയും ഇന്ത്യ നല്‍കി. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഭ്രാന്ത•ാരെ സാക്ഷി നിര്‍ത്തിക്കൊണ്ട് അനായാസമായ കൈക്കുഴയുള്ള ആ ഹൈദരാബാദി ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് എഴുതിച്ചേര്‍ത്തതും ഇവിടെയാണ് - ഈ ഈഡനില്‍. ഒരു പക്ഷേ മുംബൈ ക്രിക്കറ്റ് ഗ്രൗണ്ടു മാത്രമായിരിക്കാം ഇക്കാര്യത്തില്‍ ഈഡനു വെല്ലുവിളിയുയര്‍ത്തുക. രാഹുല്‍ ദ്രാവിഡ് എന്ന വന്‍മതിലിനൊപ്പം ചേര്‍ന്ന് ലക്ഷ്മണ്‍ ഒരുക്കിയ ആ ബാറ്റിംഗ് വിരുന്നിലൂടെ തുടര്‍ച്ചയായ 17-ാം ടെസ്റ്റ് വിജയവും ഇന്ത്യ ഈഡനില്‍ നേടി.

ഈഡന്‍ ചിലപ്പോള്‍ മഹാ അലമ്പുമാണ്. ഗ്രെഗ് ചാപ്പലിനെ മോശം ആംഗ്യങ്ങളിലൂടെ അപമാനിച്ച കാണിക്കൂട്ടവും ഇവര്‍ തന്നെയാണ്. പക്ഷേ ബംഗാളിയെ കുറ്റം പറയാന്‍ പറ്റില്ല. സുഭാഷ് ചന്ദ്ര ബോസ് ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അവര്‍. ഹൗറ പാലത്തിനടിയിലൂടെ ഒരു ദിവസം അദ്ദേഹം നടന്നു വരുന്നത് കാണുമെന്ന് ഇന്നും വിശ്വസിക്കുന്നവരാണ് അവരില്‍ ഭുരിഭാഗവും. എന്തിനേയും വിഗ്രഹവത്ക്കരിക്കുന്നതില്‍ മുമ്പ•ാര്‍.

ചാപ്പല്‍ എക്കാലത്തേയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാള്‍ തന്നെയാണ്. പക്ഷേ അവര്‍ക്ക് ദാദ, സൗരവ് ഗാംഗുലിയായിരുന്നു എല്ലാം. ക്രിക്കറ്റ് കളിക്കുന്നത് മനുഷ്യരാണെന്നും പ്രായം നിങ്ങളുടെ പാദചലനങ്ങളെയും കൈക്കുഴയുടെ വേഗത്തേയും ഒക്കെ മാറ്റി മറിക്കുമെന്നും ഒന്നും അവര്‍ മനസിലാക്കിയില്ല. ദാദ തീര്‍ച്ചയായും ഒരുഗ്രന്‍ താരം തന്നെയായിരുന്നു. ബോളും ബാറ്റും തമ്മിലുള്ള ടൈമിംഗില്‍ അഗ്രഗണ്യന്‍. എന്നാല്‍ ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അനുസരിച്ച് ഒരിക്കലും കാലുകള്‍ക്കുള്ള പൊസിഷന്‍ പാലിക്കാത്ത, അറിയാത്ത, ആള്‍ കൂടിയായിരുന്നു അദ്ദേഹം. പക്ഷേ ഈഡന്‍കാര്‍ ചിന്തിച്ചത് മറ്റൊരു വിധത്തിലാണ്. അവര്‍ ഏതുവിധത്തിലും ഓസീസിനോട് പ്രതികാരം ചെയ്യാനുറച്ചിരിക്കുകയായിരുന്നു. അത് അവര്‍ ചെയ്യുകയും ചെയ്തു.

കാലം പിന്നെയും കഴിഞ്ഞു. സച്ചിനെ വരവേറ്റ കാഴ്ചള്‍ നോക്കുക. സച്ചിന്റെ 70,000-ത്തോളം വരുന്ന മാസ്‌കുകള്‍ ധരിച്ച ആള്‍ക്കൂട്ടം, പൂമാലകള്‍, മെഴുകു പ്രതിമകള്‍ - ഈഡന്‍ ശരിക്കും ആഘോഷിക്കുക തന്നെയായിരുന്നു. ഇന്ത്യ പരിശീലനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഗ്യാലറിയിലുയര്‍ന്ന ഒരു പോസ്റ്റില്‍ സച്ചിന്‍ എന്ന് എഴുതിയിരിക്കുന്നതിലെ അക്ഷരത്തെറ്റ് ക്യാപ്റ്റന്‍ ധോനി ചൂണ്ടിക്കാട്ടുകയുണ്ടായി. ആരു ശ്രദ്ധിക്കാന്‍. കളിക്കുന്നതും തങ്ങളാണ്, കളിക്കാരും തങ്ങളാണ്, കളി നടക്കുന്നത് ഗ്യാലറിയിലാണ്, മൈതാനത്തല്ല എന്നു വിശ്വസിക്കുന്ന ജനക്കൂട്ടത്തെ ഇതൊക്കെ ആരു പറഞ്ഞു വിശ്വസിപ്പിക്കും? അവര്‍ക്ക് കളിയിലെ മൂര്‍ച്ഛയാണ് പ്രധാനം. അതിന്റെ ത്രസിപ്പാണ് പ്രധാനം. ബംഗാള്‍ ഇടയ്ക്ക് ഈഡനില്‍ കയറി ഇറങ്ങി പോകുന്ന കാഴ്ച. ആ വികാരം.

Next Story

Related Stories