TopTop
Begin typing your search above and press return to search.

രഘുറാം രാജന്‍ റിപ്പോര്‍ട്ട്; ഭരണഘടനാ സ്ഥാപനങ്ങളുടെ ഇടയിലേക്ക് ഒരു കള്ളക്കടത്ത്

രഘുറാം രാജന്‍ റിപ്പോര്‍ട്ട്; ഭരണഘടനാ സ്ഥാപനങ്ങളുടെ ഇടയിലേക്ക് ഒരു കള്ളക്കടത്ത്

ഡോ: പ്രിയേഷ് സി എ

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്ന സാമ്പത്തിക സഹായത്തിന് ഒരു സൂചിക നിര്‍ദ്ദേശിച്ചുകൊണ്ടും സംസ്ഥാനങ്ങളെ വികസനത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചുകൊണ്ടും രഘുറാം ഗോവിന്ദ രാജന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട് ദേശീയതലത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വിധേയമാവുകയുണ്ടായി. സംസ്ഥാനങ്ങളെ വികസനത്തിന്‍റെ അടിസ്ഥാനത്തില്‍ തീരെ വികസനം ഇല്ലാത്തവ, അല്പം വികസനം ഉള്ളവ, താരതമ്യേന വികസിച്ചവ എന്നിങ്ങനെ മൂന്നായി വേര്‍തിരിക്കുകയാണ് കമ്മിറ്റി. ഒഡീഷ, ബീഹാര്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, ജാര്‍ഖണ്ട്, അരുണാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ തീരെ വികസനം ഇല്ലാത്തവയും മണിപ്പൂര്‍, വെസ്റ്റ് ബംഗാള്‍, നാഗാലാന്‍റ്, ആന്ധ്രപ്രദേശ്, ജമ്മു കാശ്മീര്‍, മിസോറാം, ഗുജറാത്ത്, ത്രിപുര, കര്‍ണ്ണാടക, സിക്കിം, ഹിമാചല്‍ പ്രദേശ്, തുടങ്ങിയവ അല്പം വികസനം ഉള്ളവയും ഹരിയാന, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളെ താരതമ്യേന വികസിച്ചവയെന്നും വേര്‍തിരിച്ചാണ് കമ്മിറ്റി റിപ്പോര്‍ട് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളെ വികസനത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ തയ്യാറാക്കിയ സൂചികകളില്‍ പത്തിനം ഘടകങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിമാസ പ്രതിശീര്‍ഷ ഉപഭോഗ ചെലവ്, വിദ്യാഭ്യാസം, ആരോഗ്യം, ഗാര്‍ഹിക സൌകര്യങ്ങള്‍, ദാരിദ്ര്യ നിരക്ക്, സ്ത്രീ സാക്ഷരത, പട്ടിക ജാതി- പട്ടിക വര്‍ഗ ജനസംഖ്യ ശതമാനം, സാമ്പത്തിക-ബാങ്കിംഗ് സൌകര്യങ്ങള്‍, ഗതാഗത വാര്‍ത്താവിനിമയ ലഭ്യത എന്നീ ഘടകങ്ങള്‍ക്ക് തുല്യപ്രാധാന്യം കൊടുത്ത് തയ്യാറാക്കിയതാണ് പ്രസ്തുത സൂചിക.

കമ്മിറ്റി തയ്യാറാക്കിയ സംസ്ഥാനങ്ങളുടെ വികസന സൂചിക സാങ്കേതികമായും ഭരണപരമായും സാമ്പത്തിക ശാസ്ത്രത്തിന്‍റെ കണ്ണിലും കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളുടെ അടിസ്ഥാനത്തിലും ചോദ്യചെയ്യപ്പെടാവുന്നതാണ്. ഒന്നാമതായി സാങ്കേതികമായിതന്നെ പരിശോധിക്കാം. രഘുറാം രാജന്‍ ഉള്‍പ്പെടെ 6 അംഗങ്ങളുള്ള കമ്മിറ്റിയില്‍ (നജീബ് ജങ് ഒഴിവായി) ഷൈബാള്‍ ഗുപ്ത എന്ന കമ്മിറ്റിയംഗം സൂചികയുടെ ശാസ്ത്രീയതയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും വിയോജിപ്പ് റിപ്പോര്‍ടിന്‍റെ അവസാന ഭഗത്ത് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മേല്‍ സൂചിപ്പിച്ച പത്ത് ഘടകങ്ങളില്‍ പട്ടിക ജാതി പട്ടിക വര്‍ഗ ജനതയുടെ അംഗസംഖ്യ കൂടുന്നതോ കുറയുന്നതോ ഒരു വികസന പ്രക്രിയയുടെ ഫലമല്ല. കൂടാതെ നഗരവത്ക്കരണം ഒരു ഘടകമായി ഉള്‍പ്പെടുത്തിയത് സാങ്കേതികമായും തെറ്റാണ്. 2011-ലെ ജനസംഖ്യ പ്രകാരം നഗര ജനസംഖ്യ പല സംസ്ഥാനങ്ങളിലും വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു ഉദാഹരണം കേരളമാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളിലെ കൃഷി, കന്നുകാലി വളര്‍ത്തല്‍ തുടങ്ങിയ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ തകര്‍ന്നതുകൊണ്ടും, ഇന്ത്യയുടെ കാര്‍ഷിക രംഗം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതിസന്ധിയിലായതുകൊണ്ടും ഗ്രാമ ജനസംഖ്യ വലിയ തോതില്‍ നഗരങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്. ദി ഹിന്ദു ദിനപത്രത്തിലെ റൂറല്‍ റിപ്പോര്‍ടര്‍ പി. സായിനാഥ് ഈ പ്രതിഭാസത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.2011-ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം നഗരങ്ങളില്‍ ഗ്രാമങ്ങളിലേക്കാള്‍ ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടു ഇന്ത്യയിലെ നഗരവത്ക്കരണം ഒരു വികസനത്തിന്‍റെ പ്രതിഫലനമല്ല. മറിച്ച് കാര്‍ഷിക-ഗ്രാമ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയുടെ ഫലമായുണ്ടായ ‘distress’ കുടിയേറ്റമാണ്. കൂടാതെ പ്രസ്തുത സൂചിക തയ്യാറാക്കുന്നതിന് പത്ത് ഘടകങ്ങള്‍ക്കും തുല്യ പ്രധാന്യം നല്കിയത് സാമ്പത്തിക ശാസ്ത്രത്തിന്‍റെ സാമൂഹിക-മാനുഷിക ദൃഷ്ടിയില്‍ തീര്‍ത്തും തെറ്റാണ്. കൂടാതെ പലരും അഭിപ്രായപ്പെടുന്നതുപോലെ പ്രസ്തുത കമ്മിറ്റിയില്‍ പൊതു ധനകാര്യ വിദഗ്ധന്‍മാരോ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധത്തിലെ സാമ്പത്തിക വിദഗ്ധരോ ഇല്ല.

ഭരണഘടനാപരമായി ഈ കമ്മിറ്റിക്ക് കേന്ദ്ര-സംസ്ഥാന സാമ്പത്തിക പങ്ക് വയ്ക്കലിനെക്കുറിച്ച് നിര്‍ദ്ദേശിക്കാന്‍ യാതൊരു അവകാശവുമില്ല. വൈ വി റെഡ്ഡിയുടെ നേതൃത്വത്തില്‍ പതിനാലാം ധനകാര്യ കമ്മീഷനെ രാഷ്ട്രപതി നിയമിക്കുകയും അതിന്റെ പ്രവര്‍ത്തനം മുന്‍പോട്ടു പോകുകയും ചെയ്യുന്ന സമയത്ത് കോര്‍പ്പറേറ്റ് ഫിനാന്‍സില്‍ തല്‍പ്പരനായ ഒരു വ്യക്തിയുടെ റിപ്പോര്‍ട് ഭരണഘടന സ്ഥാപനമായ ധനകാര്യ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളെ ചെറുതാക്കി കാണിക്കാനും അപ്രസക്തമാക്കാനും ഉള്ളതാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്ക് വയ്ക്കല്‍ ഭരണഘടനപരമായും നിയമപരമായും യാതൊരു സാധുതയുമില്ലാത്ത ഒരു സര്ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലുള്ള കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം തീരുമാനിക്കുന്നതും ഖേദകരമാണ്.

മൂന്നാമതായി യു പി എ ഗവണ്‍മെന്‍റിന് ഭാവിയില്‍ സഖ്യകക്ഷികളെ കിട്ടാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ കമ്മിറ്റിയുടെ മറവില്‍ കൂടുത ധനസഹായം കൊടുക്കാനുള്ള ശ്രമമായും ഇതിനെ കാണാം. കമ്മിറ്റി തീരുമാനിക്കുന്ന തീര്‍ത്തും വികസനമില്ലാത്ത സംസ്ഥാനങ്ങള്‍ക്കെല്ലാം കൂടുതല്‍ സാമ്പത്തിക സഹായവും വ്യക്തവും ശക്തവുമായ പൊതു ജനാരോഗ്യം, പൊതു വിദ്യാഭ്യാസം, പൊതു വിതരണ സമ്പ്രദായം, എന്നിവയിലൂടെ ഉയര്ന്ന മനുഷ്യ വികസന സൂചികയും സാമൂഹ്യ സാമ്പത്തിക പുരോഗതിയും നേടിയ സംസ്ഥാനങ്ങളെ അവഗണിക്കുകയും ചെയ്തിരിക്കുകയാണ്. കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ധാരാളം പൊതു ധനം ചിലവാക്കിയുമാണ് ഉയര്ന്ന സാമൂഹിക്—സാമ്പത്തിക വികാസം നേടിയത്.


കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക കൈമാറ്റം ചെയ്യുന്നത് പ്രധാനമായും മൂന്നു മേഖലകളില്‍കളില്‍ കൂടിയാണ്. ഒന്ന് ആസൂത്രണ കമ്മീഷന്‍ രണ്ടു ധനകാര്യ കമ്മീഷന്‍, മൂന്ന് വിവിധ കേന്ദ്ര മന്ത്രാലയങ്ങളൂടെ പ്രത്യേക പദ്ധതികള്‍. രഘുറാം രാജന്‍ കമ്മിറ്റി ഇതില്‍ നാലാമത്തേതാണോ?. എന്തു നിയമ സാധുതയാണ് ഇതിന് ഉള്ളത്. ഇതില്‍ മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളുടെ ഇടയിലേക്ക് നടത്തുന്ന ഒരു കള്ളക്കടത്താണ് രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്. ഇന്‍ഡ്യന്‍ ആസൂത്രണ സംവിധാനത്തില്‍ ഏറ്റവും സുപ്രധാനമായ ദേശീയ വികസന സമിതി വെറും നോക്കുകുത്തി മാത്രമോ?

(ഡോ: പ്രിയേഷ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സാമ്പത്തിക ശാസ്ത്രം അദ്ധ്യാപകനാണ്)


Next Story

Related Stories