TopTop

സദാചാര മലയാളിയും ഇരട്ടത്താപ്പുകാരുടെ കേരളവും

സദാചാര മലയാളിയും ഇരട്ടത്താപ്പുകാരുടെ കേരളവും

കൊല്ലം എം.പി പീതാംബര കുറുപ്പ് അപമാനിച്ചതിനെ കുറിച്ച് ശ്വേതാ മേനോന്‍ പരാതിപ്പെട്ടതും അതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്താണ് മലയാളിയുടെ ധാര്‍മികത? ആരാണ് ഇവിടുത്തെ സദാചാരപാലകര്‍? അഴിമുഖം ഈ വിഷയത്തില്‍ ചര്‍ച്ച തുടങ്ങി വയ്ക്കുകയാണ്. വായനക്കാര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പങ്ക് വയ്ക്കുകയോ ലേഖന രൂപത്തില്‍ അയക്കുകയോ ചെയ്യാം. ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫും മലയാളിയുമായ
വര്‍ഗീസ് കെ. ജോര്‍ജ് അഴിമുഖവുമായി സംസാരിക്കുന്നു.
പീതാംബരക്കുറുപ്പിനെതിരെയുള്ള ശ്വേത മേനോന്റെ പരാതിയെക്കുറിച്ച് ഒട്ടേറെ എഴുതിയും ചര്‍ച്ച നടത്തിയും ഒക്കെക്കഴിഞ്ഞു. ഞാന്‍ ആ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടു. എം.പി ആ സ്ത്രീയെ സ്പര്‍ശിക്കുന്നതും, അത് തനിക്ക് അംഗീകരിക്കാന്‍ പറ്റാത്തതാണെന്ന് അവര്‍ തുറന്നും പറഞ്ഞു. നമ്മള്‍ അവരുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കണം. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളും ആവശ്യമില്ല. പ്രത്യേകിച്ചും അവരുടെ സ്വഭാവമോ തൊഴിലോ ഒക്കെയായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍.
എന്നാല്‍, മലയാളികളുടെ ധാര്‍മ്മികബോധത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങളും വിശദമായ സംവാദവും അനിവാര്യമാക്കുന്ന അവസരമായി ഇതിനെ കാണേണ്ടതുണ്ട്. കുടിച്ചു കൂത്താടി നില്‍ക്കുന്ന ഒരു സംഘം മറ്റൊരു കുടിയന്റെ മദ്യപാനശീലത്തെപ്പറ്റി പറയുമ്പോലെയാണിത്. ഇക്കാര്യത്തില്‍ അതിശയോക്തിയൊന്നുമില്ലെന്ന് നമ്മുടെ പരദൂഷണക്കൂട്ടങ്ങളെ നല്ല പോലെ അറിയാവുന്നവര്‍ക്ക് മനസ്സിലാവും. കാരണം നമ്മളെല്ലാം സ്ഥിരമായി കേള്‍ക്കുന്നതാണ് ഇത്തരം പരദൂഷണങ്ങള്‍.
സങ്കീര്‍ണമായ ലൈംഗിക ധാരണകള്‍ വച്ചുപുലര്‍ത്തുന്ന സമൂഹമാണ് നമ്മുടേതെന്ന് പറയേണ്ടതുണ്ട്. വിവാഹേതരബന്ധങ്ങളും വിവാഹപൂര്‍വ്വ ലൈംഗികതയുമൊക്കെ വ്യാപമാകമായി തന്നെയുണ്ട്. എല്ലാവര്‍ക്കും ഇതൊക്കെയറിയാം. എന്നാല്‍, മറ്റൊരാളുടെ വിഷയം സംസാരിക്കുമ്പോള്‍ നാട്ടുകാരും സമുദായങ്ങളുമൊക്കെ ഇത്തരം ധാര്‍മ്മികരോഷം പ്രകടിപ്പിക്കുന്നു. നമ്മുടെ ചായക്കടകളിലും ബസ് സ്റ്റോപ്പിലുമൊക്കെ നിങ്ങള്‍ കാതു കൂര്‍പ്പിച്ചു നോക്കൂ, ഇത്തരം സംഭാഷങ്ങള്‍ ഒട്ടേറെ കേള്‍ക്കാനാവും. ഏതെങ്കിലും പുരുഷനോ സ്ത്രീയോ തമ്മില്‍ ബന്ധമുണ്ടെന്ന് സംശയം തോന്നിയാല്‍ അവര്‍ വിലക്കപ്പെടുന്നതും മര്‍ദ്ദിക്കപ്പെടുന്നതുമൊക്കെ പതിവാണ്. സദാചാര പോലീസുകാരുടെ കേരളം.
ശ്വേത മേനോന്‍ ഉന്നയിച്ച പ്രശ്‌നത്തില്‍ അവര്‍ക്കു ലഭിച്ച പിന്തുണയെക്കുറിച്ചും അവരെ ഉപദ്രവിച്ച വ്യക്തിക്ക് സമൂഹത്തിലുള്ള സ്ഥാനത്തെക്കുറിച്ചും ഞാന്‍ നന്നായി മനസ്സിലാക്കുന്നു. സ്വന്തം നിലയില്‍ തീരുമാനമെടുത്ത് മുന്നോട്ടു പോകുന്ന ആ സ്ത്രീയെക്കുറിച്ച് ഏറെ എഴുതുകയും ചര്‍ച്ച ചെയ്യുകയുമൊക്കെയുണ്ടായിട്ടുണ്ട്. പക്ഷെ, ഒരു പാവപ്പെട്ട പെണ്‍കുട്ടിയോ രാഷ്ട്രീയക്കാരനല്ലാത്ത ഒരാളോ പങ്കാളിയായ ഒരു സംഭവമാണെങ്കില്‍ മലയാളി സമൂഹം അതിനോട് ഇങ്ങനെ പ്രതികരിക്കുമോയെന്ന് എനിക്ക് ഉറപ്പില്ല.
മലയാളികളുടെ ഇതുപോലുള്ള അമ്പരപ്പിക്കുന്ന ധാര്‍മ്മികബോധത്തെക്കുറിച്ച് കുറേയേറെ ചോദ്യങ്ങള്‍ എന്റെ മനസ്സിലുയരുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഒരുപറ്റം സി.പി.എം പ്രവര്‍ത്തകര്‍ ഒരു വീട്ടില്‍ ബന്ദിയാക്കി. അവര്‍ മാധ്യമപ്പടയെ വിളിച്ചു വരുത്തി. തത്സമയദൃശ്യങ്ങള്‍ നല്‍കാന്‍ ഒ.ബി വാനുകള്‍ പറന്നെത്തി. ഒന്നും ചിന്തിക്കാതെ മാധ്യമങ്ങള്‍ അതിനെ ആഘോഷമാക്കി. തന്റെ വനിതാ സുഹൃത്തിനൊപ്പം നേതാവ് എന്തു ചെയ്യുകയായിരുന്നുവെന്ന വിശദീകരണമായിരുന്നു അവര്‍ക്ക് ആവശ്യം. ആ സ്ത്രീക്ക് പരാതിയൊന്നുമുണ്ടായിരുന്നില്ല. നമ്മുടെ സമൂഹത്തിലെ ഏറ്റവും പുരോഗമനപക്ഷമെന്നു വിശേഷിക്കപ്പെടുന്നവരാല്‍ അവര്‍ അപമാനിക്കപ്പെടുകയും അവഹേളിക്കപ്പെടുകയുമുണ്ടായി. അവര്‍ കരഞ്ഞു, ദയ യാചിച്ചു. പക്ഷെ, അതു കണ്ടു പരിഹസിക്കുകയാണ് മലയാളി ചെയ്തത്.
ഒരു രാഷ്ട്രീയസംഘം തങ്ങളുടെ രാഷ്ട്രീയ എതിരാളിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനെയും ഒരു സ്ത്രീയെയും പുരുഷനെയും പരസ്യമായി അപമാനിച്ചതിനെയും കുറിച്ച് ഒരു ദിവസം പോലും കേരളം ചര്‍ച്ച ചെയ്തതായി അറിവില്ല. അത്ര എളുപ്പത്തില്‍ ദഹിക്കുന്ന കാര്യവുമല്ല അത്. നമ്മള്‍ ജീവിക്കുന്നതു കേരളത്തിലോ അതോ അഫ്ഗാനിസ്ഥാനിലോ എന്നു പോലും ചിലപ്പോള്‍ തോന്നിപ്പോകും.
Next Story

Related Stories