TopTop
Begin typing your search above and press return to search.

സ്വര്‍ണവേട്ട: അന്ധവിശ്വാസത്തിന് കുടപിടിക്കുമ്പോള്‍

സ്വര്‍ണവേട്ട: അന്ധവിശ്വാസത്തിന് കുടപിടിക്കുമ്പോള്‍

ജസ്റ്റിന്‍ മാത്യു

ഏതാനും ആഴ്ചകള്‍ക്കുമുന്‍പ് ഡല്‍ഹിയിലെ നാഷണല്‍ മ്യുസിയത്തില്‍ ചരിത്രവിദ്യാര്‍ഥികളോടൊപ്പം പോയപ്പോള്‍ മ്യുസിയത്തോടു ചേര്‍ന്ന് ഇടത്തുവശത്തു തലയുയര്‍ത്തി നില്‍ക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ASI) ആസ്ഥാനമന്ദിരം അഭിമാനത്തോടെയാണ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചുകൊടുത്തത്. കാരണം, ഇന്ത്യയിലെ ചരിത്രരചനയില്‍, പ്രത്യേകിച്ചും പുരാതന ചരിത്രഗവേഷണത്തില്‍ ഈ സ്ഥാപനം നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ പ്രധാനമാണ്. എന്നാല്‍ ഇപ്പോള്‍ എഎസ്ഐ എന്ന പേരു തന്നെ തമാശയായി തീര്‍ന്നിരിക്കുകയാണ്. ഒരു സന്യാസിയുടെയും അദ്ദേഹത്തിന്‍റെ ഭക്തനായ ഒരു കേന്ദ്രമന്ത്രിയുടെയും യുക്തിരാഹിത്യത്തിനു ചെവികൊടുത്ത്‌ എഎസ്ഐ അടുത്തിടെ ഉത്തര്‍പ്രദേശിലെ ഉന്നോവയില്‍ നടത്തിയ നിധിവേട്ട പുരാവസ്തുഗവേഷണത്തെ അത്രയേറെ തമാശവല്‍ക്കരിച്ചിരിക്കുകയാണ്.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ രാജാറാം ബുക്സ്‌, ഉന്നോവയില്‍ തന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്ന കോട്ടയില്‍ കുഴിച്ചുമൂടി സംരക്ഷിച്ചിട്ടുള്ള ആയിരം ടണ്‍ സ്വര്‍ണത്തെപ്പറ്റി സ്വപ്നത്തില്‍ വന്നു വെളിപ്പെടുത്തിയതായി ശോഭന്‍ സര്‍ക്കാര്‍ എന്ന സന്യാസി അവകാശപ്പെട്ടു. കേന്ദ്രസഹമന്ത്രി ചരണ്‍ദാസ് മഹന്ത് ഈ അവകാശവാദത്തെ വളരെ കാര്യമായെടുത്തു ശോഭന്‍ സര്‍ക്കാരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്വര്‍ണവേട്ടക്കിറങ്ങാന്‍ Geological Survey of India, Archaeological Survey of India തുടങ്ങിയ സര്‍ക്കാര്‍ നിയന്ത്രിത അക്കാദമിക്-ഗവേഷണ സ്ഥാപനങ്ങളെ ഈ അന്ധവിശ്വസത്തിന്‍റെ പങ്കാളികളാക്കി മാറ്റി. പുരാവസ്തു ശാസ്ത്രമെന്നാല്‍ നിധിവേട്ടയാണെന്ന ഈ ധാരണ സ്വത്തുമോഹത്തിന്റെ ആവേശത്തില്‍ യൂറോപ്യന്‍ അധിനിവേശകാലത്ത് ഇവിടെ നടന്നിട്ടുള്ള ഉത്ഖനനങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്‌.

എഎസ്ഐ നടത്തിയ ഈ നിധിവേട്ടവഴി ആര്‍ക്കിയോളജി ഒരു മാനുഷിക-ശാസ്ത്രമെന്ന (human science) രീതിയില്‍ പരാജയപ്പെട്ടിരിക്കുകയാണ്. എഎസ്ഐയുടെ ഈ നിധിവേട്ട ഓര്‍മിപ്പിക്കുന്നത്‌ പുരാവസ്തുഗവേഷണമെന്ന പേരില്‍ ഹോമറിന്റെ ഗ്രീക്ക് ഇതിഹാസകാവ്യത്തിലെ ട്രോയ് നഗരത്തില്‍ സ്വര്‍ണവേട്ടക്കിറങ്ങിയ പത്തൊന്‍പതാം നൂറ്റാണ്ടിലെ കുറെ ‘ഗവേഷണകുതുകി'കളെയാണ്. ഹോമറിന്റെ ഇതിഹാസത്തിലെ പ്രിയം (Priam) രാജാവിന്റെ നിധിക്കുപിന്നാലെ പോയ Heinrich Schliemann ഉള്‍പ്പെടെയുള്ള പുരാവസ്തുഗവേഷകര്‍ക്ക്‌ ആകെ താല്‍പ്പര്യം ട്രോയ് നിലനിന്നിരുന്നുവെന്ന് പറയുന്ന തുര്‍ക്കിയില്‍ നിന്ന് കടത്തിക്കൊണ്ടുപോകാമെന്ന് പ്രതീക്ഷിച്ച അമൂല്യവസ്തുക്കളില്‍ മാത്രമായിരുന്നു. അല്ലാതെ 1200-800 BCE (Before Common Era) കാലത്തെ സമൂഹത്തെയോ, സംസ്ക്കാരത്തെയോ മനസ്സിലാക്കാനുള്ള താല്പര്യം തീരെ ഉണ്ടായിരുന്നില്ല.

ഇന്നത്തെ പുരാവസ്തുഗവേഷണം ഇത്തരത്തിലുള്ള നിധിവേട്ടയല്ല. അടിമത്തം, ജാതിവ്യവസ്ഥ, പുരുഷാധിപത്യം തുടങ്ങിയ ചൂഷണ വ്യവസ്ഥകളെയും കൃഷി, മൃഗപരിപാലനം, കച്ചവടം, ജലസേചനം, കുടിയേറ്റം, ഭരണസംവിധാനങ്ങള്‍, നഗരവല്‍ക്കരണം തുടങ്ങിയവയുടെ തുടക്കവും വളര്‍ച്ചയും പരിണാമവും കഴിഞ്ഞുപോയ കാലങ്ങളിലെ മനുഷ്യരുടെ നിത്യജീവിതവുമൊക്കെയാണ് ഇന്നത്തെ പുരാവസ്തുഗവേഷകര്‍ പഠിക്കുന്നത് അഥവാ പഠിക്കേണ്ടത്. ഒരു നഖത്തില്‍നിന്ന് സിംഹത്തെ മനസ്സിലാക്കിയെടുക്കുന്ന അതിസൂക്ഷ്മമായ, സമയവും ക്ഷമയും ആവശ്യമുള്ള ഒരു മേഖലയാണ് പുരാവസ്തുഗവേഷണം. മറിച്ച്, മണ്ണുമാന്തിയന്ത്രങ്ങളുമായി പോയി തോണ്ടിയെടുക്കുന്ന അമൂല്യവസ്തുക്കളുടെ അനുക്രമണികയല്ല പുരാവസ്തുശാസ്ത്രം.

പ്രശസ്ത പുരാവസ്തുഗവേഷകന്‍ ലൂയി ബിന്‍ഫോര്‍ഡ് നരവംശശാസ്ത്രമായാണ് പുരാവസ്തുശാസ്ത്രത്തെ നിര്‍വചിക്കുന്നത്. കഴിഞ്ഞകാലത്തെ മനുഷ്യസംസ്ക്കാരങ്ങളുടെ താരതമ്യപഠനവും വിശകലനവും നടത്തുകയെന്നതാണ് പുരാവസ്തുശാത്രഗവേഷകരും സ്ഥാപനങ്ങളും ചെയ്യേണ്ടത്. സമൂഹപരിണാമത്തെ പഠിക്കാന്‍ ചരിത്രഗവേഷകര്‍ ഏറ്റവും കൂടതല്‍ ആശ്രയിക്കുന്ന ഒരു പഠനശാഖയാണ് പുരാവസ്തുഗവേഷണം. അതിനുവേണ്ട സഹായങ്ങള്‍ ചെയ്യുകയും സംസ്കാരങ്ങളുടെ തെളിവുകളെ കണ്ടെത്തുകയും സംരക്ഷിച്ചുനിറുത്തുകയുമൊക്കെയാണ് എഎസ്ഐ ചെയ്യേണ്ടത്. അതിനാണ് പൊതുഖജനാവില്‍നിന്ന് പണം മുടക്കി ഇത്തരമൊരു സ്ഥാപനത്തെ രൂപകല്‍പ്പന ചെയ്തിരിക്കുന്നതും പുരാവസ്തുഗവേഷണത്തിന്‍റെ മേലധികാരസ്ഥാനം നല്‍കിയിരിക്കുന്നതും. എന്നാല്‍ സംസ്കാരപഠനത്തിനുപകരം രാമന്‍ ജനിച്ചത്‌ അയോധ്യയിലാണോ, സേതുബന്ധനത്തിന്റെ ചരിത്രവസ്തുത എന്താണ് തുടങ്ങി പലതിനും മറുപടി പറയേണ്ട അവസ്ഥയിലാണ് എഎസ്ഐ. അതിനുമപ്പുറം ഏതോ ഒരു സ്വാമിയുടെ സ്വപ്നത്തിനും അയുക്തിക്കും എഎസ്ഐ വശംവദരാകേണ്ടിവന്നിരിക്കുന്നു.

എഎസ്ഐയെപ്പറ്റിയും പുരവസ്തുഗവേഷണത്തെപ്പറ്റിയുമുള്ള ഇത്തരം തെറ്റിദ്ധാരണകളെ പിന്താങ്ങുകയാണ് ഉന്നോവയില് നടന്ന നിധിവേട്ട. സര്‍ക്കാര്‍ സവിധാനങ്ങളെ ഉപയോഗപ്പെടുത്തി നടത്താന്‍ ശ്രമിച്ച സ്വര്‍ണവേട്ടയാണ് അല്ലെങ്കില്‍ സ്വര്‍ണക്കൊള്ളയാണ് ഉന്നോവയില്‍ നടന്നത്. അതിനു പുരാവസ്തുഗവേഷണവുമായോ, പുരാവസ്തുവകുപ്പുമായോ യാതൊരു ബന്ധവുമില്ല.

സ്വാമി സ്വപ്നം കണ്ട സ്ഥലത്ത് ലോഹത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് ഈ എടുത്തുചാട്ടത്തിനു ന്യായീകാരണമായി എഎസ്ഐയുടെ ജിയോളജിക്കല്‍ സര്‍വ്വേ വകുപ്പിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഗവേഷണത്തിനു സാധ്യതയുള്ള ഒരു ‘സൈറ്റ്’ കണ്ടെത്തുന്നതിന് വിപുലമായ പദ്ധതിശാസ്ത്രം പുരാവസ്തുഗവേഷകര്‍ക്കുണ്ട്. അതിലൊന്നുമാത്രമായി ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടിനെ കാണാം. എഎസ്ഐയുടെ ആര്‍ക്കിയോളജി ഗവേഷകര്‍ക്ക് ജിയോളജിക്കല്‍ സര്‍വേയുടെ സഹായമില്ലാതെ തന്നെ ഒരു ‘സൈറ്റ്’ കണ്ടാല്‍ തിരിച്ചറിയാം. അതിനാവശ്യം ഗവേഷണപരിചയമാണ്. ചരിത്രം ഭൂമിശാത്രത്തോട് എങ്ങനെയാണ് ഓരോ കാലഘട്ടത്തിലും ഓരോ ദേശത്തോടും ബന്ധപ്പെട്ടിരിക്കുന്നത് എന്നുമനസ്സിലാക്കാനുള്ള കഴിവാണ് ഒരു പുരവസ്തുഗവേഷകന്‍ ആദ്യമുപയോഗിക്കുന്നത്. അല്ലാതെ ആരെങ്കിലും കാണുന്ന സ്വപ്നമല്ല.

കൊച്ചിക്കായലിനടിയിലാണ് സ്വര്‍ണമുള്ളതെന്നു ശോഭന്‍ സര്‍ക്കാര്‍ സ്വപ്നം കണ്ടിരുന്നെതെങ്കിലും ജിയോളജിക്കല്‍ സര്‍വ്വേ ലോഹസാന്നിധ്യം കണ്ടെത്തിയേനെ. അതുകേട്ടു ഗവേഷണപരിചയമുള്ള ഒരു പുരാവസ്തുഗവേഷകനും കായലില്‍ ചാടില്ല. കാരണം, നൂറ്റാണ്ടുകളായി നടക്കുന്ന അധിനിവേശ യുദ്ധങ്ങളും കപ്പലുകളും, കച്ചവടവുമെല്ലാം കായലില്‍ ലോഹസാന്നിധ്യമുണ്ടാക്കുമെന്ന ചരിത്രബോധം ഏതു പുരാവസ്തുഗവേഷകനുമുണ്ടാകും.

കുഴിച്ചുമൂടിയ ആയിരം ടണ്‍ സ്വര്‍ണം നാട്ടുകാരോ, ബ്രട്ടിഷുകാരോ അറിഞ്ഞില്ലെന്നോ കുറഞ്ഞപക്ഷം ഈ ഉദ്യമത്തില്‍ പങ്കെടുത്ത രാജറാം ബക്സിന്‍റെ സഹായികള്‍ അങ്ങനെയങ്ങ് മറന്നുകളഞ്ഞുവെന്നോ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ, ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം വായിച്ചവര്‍ വാദത്തിനു വേണ്ടിപ്പോലും വിചാരിക്കാന്‍ സാധ്യതയില്ല. അതൊന്നുമാലോചിക്കാതെ, എഎസ്ഐ സ്വര്‍ണവേട്ടക്കുകാണിച്ച ശുഷ്ക്കാന്തി പശ്ചിമഘട്ടമലനിരകളിലെ പുരാതനകാലത്തെ മനുഷ്യസാന്നിധ്യത്തിന്റെ തെളിവുകള്‍ സംരക്ഷിക്കാനും വിശകലനം ചെയ്യാനും കാണിച്ചിരുന്നെങ്കില്‍ വളരെ നന്നായിരുന്നു.

നമ്മുടെ കാലഘട്ടത്തിലെ കുറെ ആളുകളുടെ സ്വര്‍ണക്കൊതിക്കൊത്തു താളം തുള്ളാനുള്ള ഒരു സ്ഥാപനമാക്കി എഎസ്ഐയെ മാറ്റരുത്. ആയിരം ടണ്‍ സ്വര്‍ണത്തിന്റെ സ്ഥാനത്ത് നിയോലിത്തിക് കാലത്തെ ഒരു ആയുധമോ, ഒരു ധാന്യമണിയോ കണ്ടെത്തുക. നിലവിലുള്ള ചരിത്രധാരണകളെത്തന്നെ അത് മാറ്റിമറിച്ചേക്കാം. സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം ശോഭന്‍ സര്‍ക്കാരിനെപ്പോലുള്ള സ്വാമികള്‍ക്കും അവര്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലം മാന്തി സ്വര്‍ണം സ്വന്തമാക്കാനുള്ള സ്വാതന്ത്ര്യം സ്വാമിഭക്തര്‍ക്കും വിട്ടുകൊടുക്കുക. എഎസ്ഐക്ക് ഒരുപാട് കാര്യങ്ങള്‍ അല്ലാതെ ചെയ്യാനുണ്ട്. മലകളും, കാടുകളും, തീരദേശങ്ങളുമെല്ലാം വെട്ടിവില്‍ക്കുമ്പോള്‍ പോയകാലത്തെ അറിയാനുള്ള പല തെളിവുകളും മുച്ചൂടും നശിപ്പിക്കുകയാണ്. കുടക്കല്ലുകളും, തൊപ്പിക്കല്ലുകളും, നന്നങ്ങാടികളും, ഗുഹകളും, തുടങ്ങി മധ്യകാലഘട്ടത്തിലെ ചിത്രങ്ങളും, പുതിക്കിപ്പണിയാന്‍വേണ്ടി പൊളിച്ചുകളയുന്ന പള്ളികളും, അങ്ങാടികളും, ജലാശയങ്ങളുമൊക്കെ സംരക്ഷിക്കുന്നതിനെപ്പറ്റി എഎസ്ഐ ആലോചിക്കുക.

ഹാരപ്പന്‍ സംസ്കാരത്തിന്റെ നല്ലൊരുപങ്കു തെളിവുകളും നശിപ്പിക്കപ്പെട്ടത് വലിയ വേദനയോടെയാണ് പുരാവസ്തുഗവേഷകരും ചരിത്രഗവേഷകരും ഓര്‍ക്കുന്നത്. പാലിയോലിതിക് കാലത്തെ ഹോമോ ഇറക്റ്റസ് പണിതെടുത്ത ഒരു കല്ലായുധത്തിന് ഉന്നോവയിലെ ആയിരം ടണ്‍ സ്വര്‍ണത്തേക്കാള്‍ വില എഎസ്ഐ നല്‍കേണ്ടിയിരിക്കുന്നു. മൂലധനയുക്തിയല്ല പുരാവസ്തുഗവേഷണം.

(ഡല്‍ഹി സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അദ്ധ്യാപകനാണ് ജസ്റ്റിന്‍ മാത്യു)


Next Story

Related Stories