TopTop
Begin typing your search above and press return to search.

ചതുരംഗ പലകയിലെ ആനന്ദ് എന്ന പോരാളി

ചതുരംഗ പലകയിലെ ആനന്ദ് എന്ന പോരാളി

ടീം അഴിമുഖം

'ഒരു കളിക്കാരന്‍ എങ്ങനെയാണ് ബോര്‍ഡിലൂടെ കടന്നു പോകുന്നതെന്ന് ഒട്ടുമിക്ക കാണികള്‍ക്കും സൂചനയുണ്ടാവില്ല. കാരണം അവരെല്ലാം കളി കണ്ടിരിക്കുന്നവരാണ്. ബോര്‍ഡിനു മുന്നില്‍ നിങ്ങളും ഒന്നിരുന്നു നോക്കണം. അപ്പോഴേ പരാജയത്തിന്റെ ഭീതിയും കൈയ്യെത്തും ദൂരത്തുള്ള വിജയവുമൊക്കെ ഒരു കളിക്കാരന്റെ തലയിലൂടെ എങ്ങനെ കടന്നു പോവുന്നതെന്ന് മനസ്സിലാക്കാനാവൂ. ഇതൊക്കെ എളുപ്പമാണെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍, ഉടന്‍ കമ്പ്യൂട്ടര്‍ ഓഫ് ചെയ്ത്, സ്വന്തം നിലയില്‍ ചില കരുനീക്കങ്ങള്‍ നടത്തി നോക്കുക.'- വിശ്വനാഥന്‍ ആനന്ദ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കുവെച്ചതാണ് ഇക്കാര്യങ്ങള്‍.

ആനന്ദ് എന്ന 43-കാരന്‍ നാളെ (വ്യാഴാഴ്ച) 22 വയസ്സുള്ള മാഗ്നസ് കാള്‍സന്‍ എന്ന നോര്‍വീജിയന്‍ താരവുമായി ചെന്നൈയില്‍ ഏറ്റുമുട്ടുന്നു. ഈ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പാണ് വേദി. സമീപകാലത്ത് ചെസ്സില്‍ കണ്ട ഏറ്റവും പ്രമുഖ താരങ്ങളിലൊരാളുമായി ഏറ്റുമുട്ടിയാണ് വിഷി തന്റെ പദവി നിലനിര്‍ത്താനൊരുങ്ങുന്നത്. ദശകങ്ങളിലൂടെ രൂപപ്പെടുത്തിയിയെടുത്ത വിഷിയുടെ പാകത 12 കളികളിലായി കാള്‍സന്റെ യുവവീര്യത്തോടു പൊരുതും.

ലോകത്തിലെ ഏറ്റവും മികച്ച തലച്ചോറിന്റെ ഉടമകളിലൊരാളായി മാറിയതെങ്ങനെയെന്ന് ചെന്നൈയിലെ ഹയാത്ത് ഹോട്ടലില്‍ വിശ്വനാഥ് ആനന്ദ് കാണിച്ചു കൊടുക്കും. അതിനൊപ്പം ഇന്ത്യ എക്കാലവും സൃഷ്ടിച്ച മികച്ച കായികതാരങ്ങളിലൊരാളായി മാറിയതെങ്ങനെയെന്നും. ധ്യാന്‍ ചന്ദ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പി.ടി.ഉഷ, മില്‍ഖാ സിങ് തുടങ്ങിയവരോടൊപ്പം ചേര്‍ത്തു വെയ്ക്കാവുന്ന ഒരു പേരാണ് വിശ്വനാഥ് ആനന്ദ്. ഒരുപക്ഷേ ഇവരിലേക്കാളൊക്കെ കേമന്‍. അക്ഷരാര്‍ഥത്തില്‍ ഒരു ലോകചാമ്പ്യനാണ് അദ്ദേഹം. ചെസ്സിന്റെ ഖ്യാതി കണക്കിലെടുത്താല്‍ ആനന്ദിനെ മറ്റാരേക്കാളും മുന്നില്‍ നിര്‍ത്താനുമാവും.

കാലാവസ്ഥയും ആള്‍ക്കൂട്ടവും ഭക്ഷണവുമൊക്കെ ആനന്ദിന് അനുകൂലമാണ്. എന്നാല്‍ ലോക ചാമ്പ്യന്‍ഷിപ്പു നേടാനുള്ള കാള്‍സന്റെ ആദ്യത്തെ പരിശ്രമമാണ് ചെന്നൈയിലേത്. ആനന്ദിനേക്കാള്‍ റാങ്കില്‍ മുന്നിലാണ് കാള്‍സന്‍. ഭക്ഷണം തന്റെ മത്സരവീര്യം കുറയ്ക്കില്ലെന്ന് ഉറപ്പു വരുത്താന്‍ രണ്ടു നോര്‍വീജിയന്‍ പാചകക്കാരും കാള്‍സനെ അനുഗമിക്കുന്നുണ്ടത്രേ. നാല്‍പ്പത്തിമൂന്നാമത്തെ വയസ്സില്‍ ആനന്ദിന് ഒന്നും നഷ്ടപ്പെടാനില്ലെന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ സാമ്പത്തികവിദഗ്ധനും ചെസ് ഗ്രാന്‍ഡ് മാസ്റ്ററുമായ കെന്നത്ത് രോഗോഫടക്കമുള്ള ഒട്ടേറെ പേര്‍ നിരീക്ഷിക്കുന്നു.If he beats Magnus, people are going to say, ‘my God, he really is one of the all-time greats!’ and, if he loses, they will say, ‘well, if only the ages had been reversed.’”

രഹസ്യ പരിശീലനം

ജര്‍മ്മനിയില്‍ രഹസ്യമായി കഠിന പരിശീലനവും തയ്യാറെടുപ്പും നടത്തിയ ശേഷമാണ് ആനന്ദ് ചെന്നൈയില്‍ തിരിച്ചെത്തിയിട്ടുള്ളത്. ബാഡ് സൊഡന്‍ നഗരത്തിലെ ബാഡ് സൊഡെനര്‍ സ്യൂട്ടങ് എന്ന പ്രതിവാര പത്രത്തില്‍ ആനന്ദിന്റെ രണ്ടു മാസത്തെ കഠിനപരിശീലനം വാര്‍ത്തയായിരുന്നു.

പത്തു വര്‍ഷം മുമ്പ് ആനന്ദ് ബാഡ് സോഡനില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങി. ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഏതാനും മൈലുകള്‍ മാത്രം ദൂരത്താണ് ബാഡ് സോഡന്‍.

അവിടെ ആനന്ദ് ദിവസവും ആയിരം മീറ്റര്‍ ദൂരം നീന്തുകയും ദിവസവും പത്തു കിലോമീറ്റര്‍ ഓടുകയും ചെയ്തിരുന്നുവെന്നാണ് പത്രം പറയുന്നത്. ബാഡ് സോഡനിലെ മനോഹരമായ കുന്നിന്‍ ചെരുവുകളില്‍ അദ്ദേഹം സൈക്കിളില്‍ കറങ്ങുന്നതും പതിവായിരുന്നു. ഇങ്ങനെ ആറു കിലോ ഭാരവും കുറച്ചുവെന്ന് പത്രം റിപ്പോര്‍ട്ടു ചെയ്തു.

പ്രാദേശിക ചെസ് ടൈഗേഴ്‌സ് ട്രെയിനിങ് സെന്ററില്‍ ഭൂരിപക്ഷ സമയവും ചെലവഴിച്ച് ആനന്ദ് തന്റെ കരുനീക്കങ്ങള്‍ ആവര്‍ത്തിച്ച് പരിശീലിച്ചു. ആദ്യം ശത്രുവിനെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ ചിത്രം നിര്‍മ്മിക്കും. എന്താണ് നമുക്കു നേടാനുള്ളത്, എന്താണ് യുദ്ധത്തില്‍ നമ്മള്‍ നോക്കുക, എന്തൊക്കെയാണ് പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ നോക്കും. ശരീരം ബലപ്പെടുത്താനുള്ള വ്യായാമം, നീന്തല്‍, ഓട്ടം ഇതൊക്കെ എല്ലാ ദിവസവുമുണ്ടെന്നും ആനന്ദ് പറഞ്ഞതായി പത്രം റിപ്പോര്‍ട്ടു ചെയ്തു. ചെസ് എന്ന കളിയില്‍ കായികക്ഷമത പ്രധാനപ്പെട്ട ഘടകമാണെന്ന്‍ ഇന്ത്യന്‍ ചെസ് രംഗം ഇനിയും തിരിച്ചറിയാനുണ്ടെങ്കിലും ആനന്ദ് ഏറെക്കാലമായി ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നു.

1927ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ജോസ് റൗള്‍ കാപാബ്ലാങ്കയെ ഞെട്ടിച്ച അലക്‌സാണ്ടര്‍ അലെന്‍ഖീനാണ് ശാരീരികക്ഷമതയുടെ പ്രാധാന്യം ആദ്യമായി തെളിയിച്ചത്. പുകവലിയും മദ്യപാനവുമൊക്കെ ഉപേക്ഷിച്ച അലെന്‍ഖീന്‍ പരിശീലന പദ്ധതിയില്‍ ചേര്‍ന്നു. 34 കളികളിലും തുടര്‍ച്ചയായി മത്സരിക്കാന്‍ അദ്ദേഹത്തിനായി. മികച്ച ശാരീരികക്ഷമതയാണ് അദ്ദേഹത്തിന്റെ റെക്കോര്‍ഡിനു കാരണമെന്ന് വിലയിരുത്തുന്നത് അതിശയോക്തിയാവില്ല.

അവനവനോടു തന്നെയുള്ള കളി

കളിക്കാരന്‍റെ ചുറ്റുമുള്ള ലോകം ഒരു ഘടകമാവാത്ത ലോകമെങ്ങുമുള്ള കളിയാണ് ചെസ്. ഒരര്‍ഥത്തില്‍ കാലാവസ്ഥ, ഭക്ഷണം, പ്രിയപ്പെട്ടവരുടെ സാന്നിധ്യം ഒന്നും ബാധകമല്ലാത്ത ഒരു കളി. നിങ്ങള്‍ നിങ്ങള്‍ക്കു നേരെത്തന്നെ കളിക്കുന്ന ഒരു കളിയാണ് ചെസ്സ്. അതുകൊണ്ടായിരിക്കും ലോക ചാമ്പ്യന്‍ഷിപ്പു നേടിയ അഞ്ചു കളികളിലും ആനന്ദ് മത്സരിച്ചത് സ്വന്തം തട്ടകമായ ചെന്നൈയിലായിരുന്നില്ല. -

2000ല്‍ ടൂര്‍ണ്ണമെന്റ് രൂപത്തില്‍ ന്യഡല്‍ഹിയിലായിരുന്നു ആദ്യമത്സരം. എന്നാല്‍, ഫൈനല്‍ ടെഹ്‌റാനിലായിരുന്നു. 2007ല്‍ ആനന്ദ് വീണ്ടും ചാമ്പ്യനായി. 2008ല്‍ ബോണില്‍ വ്ളാഡിമിര്‍ ക്രംനിക്കുമായും 2010ല്‍ സോഫിയയില്‍ വെസലിന്‍ ടോപ്പലോവുമായും 2012ല്‍ മോസ്‌കോയില്‍ ബോറിസ് ഗെല്‍ഫാന്‍ഡുമായും അദ്ദേഹം ഏറ്റുമുട്ടി.

ഇത്തവണത്തെ മത്സരം ചെന്നൈയിലാണെന്നത് ആനന്ദിനെ ബാധിക്കുന്ന ഒരു വിഷയമായിരിക്കില്ല. അന്തിമമായി തനിക്കു നേരെത്തന്നെയാണ് അദ്ദേഹത്തിന്റെ മത്സരം. ബാക്കിയുള്ള ലോകത്തെ പ്രതിനിധീകരിച്ച് മാഗ്നസ് കാള്‍സനും.

Next Story

Related Stories