TopTop
Begin typing your search above and press return to search.

ഇനി?

ഇനി?

ടീം അഴിമുഖം

ലാവ്‌ലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നു മാറ്റിയ സി.ബി.ഐ കോടതി വിധി കേരള രാഷ്ട്രീയത്തിന്റെയും സി.പി.എമ്മിന്റെയും വി.എസ് അച്യുതാനന്ദന്റെയും ഭാവിയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നിലനില്‍ക്കുന്ന ലാവ്‌ലിന്‍ കേസ് പിണറായി വിജയന്‍ എന്ന രാഷ്ട്രീയക്കാരന്റേയും ഭരണാധികാരിയുടേയും ഏറ്റവും വലിയ പരാധീനതയായിരുന്നു. അച്യുതാനന്ദന്റെ രാഷ്ട്രീയം ഒരു പരിധി വരെ പിണറായിയുടെ അഴിമതി പ്രതിച്ഛായയെ അടിസ്ഥാനപ്പെടുത്തി കെട്ടിപ്പൊക്കിയതുമായിരുന്നു. കോടതി വിധിയോടെ തന്റെ പഴയ നിലപാടുകള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന വി.എസിന്റെ പ്രസ്താവന ഇതോട് കൂടി ചേര്‍ത്തു വായിക്കേണ്ടതാണ്.

അതു പോലെ തന്നെ ഇപ്പോള്‍ സി.പി.എമ്മിന്റെ സംസ്ഥാന ഘടകങ്ങളിലെ ഏറ്റവും ശക്തനായ നേതാവായി പിണറായി വിജയന്‍ വളര്‍ന്നു വരുന്നു എന്നതു കൂടിയാണ് ഈ വിധി സൂചിപ്പിക്കുന്നത്. വി.എസിന്റെ പ്രതിച്ഛായ രാഷ്ട്രീയം മുന്നില്‍ നില്‍ക്കുന്നതു കൊണ്ടു തന്നെ പിണറായി ആഗ്രഹിക്കുന്ന രീതിയില്‍ ഇതുവരെ പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടു പോകാനോ സി.പി.എമ്മിന്റെ വികസനന അജണ്ടയെ തീരുമാനിക്കാനോ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പാര്‍ട്ടിയെ താറടിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ അതേ മാതൃകയില്‍ ഒരു ശക്തമായ ബദല്‍ മാധ്യമ ശൃംഖലയ്ക്ക് രൂപം നല്‍കുകയും സഹകരണ പ്രസ്ഥാനങ്ങള്‍ രൂപീകരിച്ച് അവയ്ക്ക് ഒരു കോര്‍പറേറ്റ് മുഖം നല്‍കുകയും അതുവഴി അനേകം സഖാക്കള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്ത നേതാവു കൂടിയാണ് പിണറായി എന്നോര്‍ക്കണം. ഇതൊക്കെയാണെങ്കിലും പിണറായി കൂടുതല്‍ ശക്തനാകുന്നതോടെ വി.എസ് തളരുകയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഇല്ലാതാവുകയും ചെയ്യും. കാരണം വി.എസ് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തിന് എന്തൊക്കെ പിന്തിരിപ്പന്‍ സ്വഭാവമുണ്ടെങ്കിലും ഏതു സമുഹത്തിലും അത്തരമൊരു 'വാച്ച്‌ഡോഗ് രാഷ്ട്രീയ'ത്തിന് എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്.

സോളാറില്‍ മുഖം നഷ്ടപ്പെട്ടെങ്കിലും നേരിയ ഭൂരിപക്ഷത്തിന്റെ പേരില്‍ പിടിച്ച് നില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യു.ഡി.എഫ് സര്‍ക്കാരിനും കോടതി വിധി ആശങ്കയേറ്റും എന്നതില്‍ സംശയമില്ല. ഡാറ്റാ സെന്‍റര്‍ കേസില്‍ കൂടുങ്ങാന്‍ സാധ്യതയുള്ള വി.എസ് ഇനിയും മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകാമോയെന്ന് സംശയമാണ്. ഈ ഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേരിയ ഭൂരിപക്ഷം പിണറായി വിജയന്‍ എന്ന സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് മുന്നിലെ ചെറിയ വെല്ലുവിളി മാത്രമല്ലേ?

കോടതി വിധി

ലാവ്‌ലിന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സി.ബി.ഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. കേസിലെ ഏഴാം പ്രതിയായിരുന്ന പിണറായിക്കു പുറമെ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹന ചന്ദ്രന്‍, വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ്, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ പി. എ സിദ്ധാര്‍ത്ഥ മേനോന്‍, കെ.ജി രാജശേഖരന്‍, ആര്‍. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക സി.ബി.ഐ ജഡ്ജി ആര്‍. രഘുവാണ് വിധി പ്രഖ്യാപിച്ചത്. കുറ്റപത്രത്തില്‍ പാളിച്ചയുണ്ടെന്നും കേസ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് തെളിയിക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി പിണറായി അടക്കമുള്ളവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. മുന്‍ വൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയനെ പ്രതിയാക്കണമെന്ന ആവശ്യവും കോടതി തള്ളി.

കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനുമായി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണ കരാര്‍ ഒപ്പുവച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു സി.ബി.ഐയുടെ വാദം. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് അന്തിമ കരാറില്‍ ഒപ്പുവച്ചത്. ഇതുവഴി സംസ്ഥാന ഖജനാവിന് നഷ്ടം സംഭവിച്ചെന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ട്. തുടര്‍ന്ന് 2007-ല്‍ കേസ് സി.ബി.ഐക്ക് വിടുകയും 2009 ജനുവരിയില്‍ സി.ബി.ഐ പിണറായിയെ കേസില്‍ പ്രതി ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന വേളയില്‍ പിണറായി ലാവ്‌ലിന്‍ ഇടപാടില്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് പിണറായി വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പൊതുജന താത്പര്യപ്രകാരമുള്ളതായതിനാല്‍ അതിന് ധനസമാഹരണം നടത്തി നല്‍കാമെന്ന വാഗ്ദാനം എങ്ങനെ കുറ്റമാകുമെന്ന് വിചാരണ വേളയില്‍ കോടതി ചോദിച്ചിരുന്നു. പൊതുജന താത്പര്യപ്രകാരമുള്ള ഒരു കാര്യത്തില്‍ അഴിമതി നിരോധന നിയമം എങ്ങനെ ചുമത്തുമെന്നും കോടതി ആരാഞ്ഞിരുന്നു.

മഞ്ഞപ്പത്രക്കാര്‍ മുതല്‍ മഹാ നേതാക്കള്‍ വരെ

തന്നെ തകര്‍ക്കുന്ന തരത്തില്‍ വളഞ്ഞു വച്ചുള്ള ആക്രമണമായിരുന്നു തനിക്കു നേരെ ഉണ്ടായത്. മഞ്ഞപ്പത്രക്കാര്‍ മുതല്‍ മഹാ നേതാക്കള്‍ വരെ അണി നിരക്കുകയും ചെയ്തെന്ന് പിണറായി വിജയന്‍. കേസില്‍ സത്യം വിജയിക്കുമെന്ന വിശ്വാസമാണ് തന്നെ മുന്നോട്ടു നയിച്ചത്. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളു എന്നാണ് താന്‍ തുടക്കം മുതല്‍ തന്നെ പറഞ്ഞിരുന്നത്. മുന്‍ കമ്യൂണിസ്റ്റുകള്‍ മുതല്‍ കമ്യൂണിസ്റ്റ് വിരുദ്ധരും ഇതിലുണ്ട്. അച്ചടി, ദൃശ്യമാധ്യമങ്ങളും ഇതില്‍ ഉള്‍പ്പെട്ടു. കോടതി വിധി അറിഞ്ഞ ശേഷം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പിണറായിയുടെ രൂക്ഷ പരാമര്‍ശങ്ങള്‍ ഉണ്ടായത്.

പാര്‍ട്ടി എക്കാലത്തും തനിക്കൊപ്പം നിന്നു. പിണറായി വിജയന്‍ തെറ്റു ചെയ്തിട്ടില്ലെന്നാണ് പാര്‍ട്ടി ലോകത്തോട് വിളിച്ചു പറഞ്ഞത്. പാര്‍ട്ടിക്കെതിരായ നീക്കത്തിന്റെ ഭാഗമായാണ് തനിക്കെതിരെയും ആരോപണം വരുന്നത്. വേട്ടയാടലിന്റെ ഒരു ഘട്ടം കഴിഞ്ഞിരിക്കുന്നു. കേസില്‍ ആരോപണം നേരിട്ടപ്പോഴും അഞ്ചു കാരണങ്ങളാണ് തന്നെ പിടിച്ചു നിര്‍ത്തിയത്. അരുതാത്തതൊന്നും ചെയ്തിട്ടില്ലെന്ന് മനസിന്റെ അചഞ്ചലമായ വിശ്വാസം, പാര്‍ട്ടിയേയും തന്നെയും വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ജനലക്ഷങ്ങളുടെ പിന്തുണ, കമ്യൂണിസ്റ്റ് എന്ന നിലയില്‍ മുന്നോട്ടുള്ള പാത ഒരിക്കലും പൂക്കള്‍ വിരിച്ചതല്ലെന്ന തിരിച്ചറിവ്, പാര്‍ട്ടി നല്‍കിയ പിന്തുണ, സത്യം വിജയിക്കുമെന്ന വിശ്വാസം എന്നിവയാണ് തന്നെ മുന്നോട്ടു നയിച്ചത്.

കമ്യൂണിസ്റ്റ് വിരുദ്ധരുടെ കൈയടി താന്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. പാര്‍ട്ടിയല്ല, മറ്റു ശക്തികേന്ദ്രങ്ങളാണ് ശക്തമെന്ന് താന്‍ ഒരിക്കലും കരുതിയിട്ടില്ല. അത്തരം ആളുകളുടെ സ്വീകാര്യത അഭികാമ്യമാണെന്ന് താന്‍ ഒരിക്കലും കരുതിയിട്ടില്ല. കേസ് മന:പൂര്‍വം വൈകിക്കാനും ശ്രമം നടന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ദുര്‍ബലനാകരുതെന്ന് ഉപദേശിച്ച് ഒരുപാട് പ്രമുഖരെ താന്‍ ഇപ്പോള്‍ സ്മരിക്കുന്നു. നിര്‍ണായക ഘട്ടത്തില്‍ തനിക്ക് പിന്തുണ തന്നിട്ടുള്ള ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, എം.കെ സാനു എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. ശത്രു സംഹാരത്തിനുളള കുത്സിത മാര്‍ഗമാണ് ലാവ്‌ലിന്‍ കേസ് എന്ന അഴീക്കോട് മാഷിന്റെ വാക്കുകളെയും അതിനെ പിന്തുണച്ച വി.ആര്‍ കൃഷ്ണയ്യരുടെ വാക്കുകളേയും താന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.

തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിലൂടെ താന്‍ ഉള്‍പ്പെടുന്ന പ്രസ്ഥാനത്തേയും അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു വിവാദങ്ങള്‍ ഉണ്ടാക്കിയവരുടെ ലക്ഷ്യം എന്നത് പുറത്തു വന്നിരിക്കുന്നു. എന്നാല്‍ തനിക്ക് ആരോടും വ്യക്തിവിരോധമില്ല. താന്‍ വിജയം എന്നു പറയുന്ന ഒരു വ്യക്തി മാത്രമായി ഒതുങ്ങിയിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടു തന്നെ പാര്‍ട്ടിയോടുള്ള ഇഷ്ടക്കുറവ് പാര്‍ട്ടി ദൗത്യമേല്‍പ്പിച്ച തന്റെ മേല്‍ പതിക്കുകായിരുന്നു. തെമ്മാടിക്കുട്ടത്തിന്റെ തലവന്‍ എന്നാണ് പി. കൃഷ്ണപിള്ളയെ ആരോപിച്ചിരുന്നത്. പ്രമുഖരായ പാര്‍ട്ടി നേതാക്കളെല്ലാം പലപ്പോഴും ആരോപണ വിധേയരായിട്ടുണ്ട്. ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളൊന്നും തന്നെ ഒരിക്കലും തളര്‍ത്തിയിട്ടില്ല. തെറ്റൊന്നും ചെയ്യാത്ത ജനനേതാവിനെ ഇത്രയും കാലം കുറ്റപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ആരേറ്റെടുക്കുമെന്ന് പറഞ്ഞ അഡ്വ. ജനാര്‍ദന കുറുപ്പിനെ താന്‍ സ്മരിക്കുന്നു. പിണറായി കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്ന പറഞ്ഞ കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയേയും ജനശ്രദ്ധ തിരിച്ചു വിടാനുള്ള വഴിയാണ് ലാവ്‌ലിന്‍ കേസ് എന്നു പറഞ്ഞ കെ. മുരളീധരനേയും ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നു.

കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ എങ്ങനെയാണ് ലാവ്‌ലിന്‍ കേസ് കൈകാര്യം ചെയ്തതെന്ന് ചിന്തിക്കേണ്ടതുണ്ടെന്ന് പിണറായി പറഞ്ഞു. മിക്ക പത്രമാധ്യമങ്ങളും ഇത് കെട്ടിഘോഷിക്കുകയായിരുന്നു. ലാവ്‌ലിനിലുടെ കിട്ടിയ പണം തന്റെ ഭാര്യയുടെ പേരിട്ട ഒരു സ്ഥാപനത്തില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നു വരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെയൊരു സ്ഥാപനം ഇല്ലെന്ന് പില്‍ക്കാലത്ത് തെളിയിക്കപ്പെട്ടു. വൈദ്യുതി വകുപ്പിലെ പ്രധാന ഫയലുകള്‍ താന്‍ മുക്കിയെന്ന് ചില പത്രങ്ങള്‍ എഴുതുകയുണ്ടായി. എന്നാല്‍ ഇതൊക്കെ സെക്രട്ടറിയേറ്റിലെ അലമാരയില്‍ തന്നെ ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഒരുപാട് കള്ളക്കഥകള്‍. ഇവയൊക്കെ തെറ്റാണെന്ന് അറിഞ്ഞിട്ടും അവയൊന്നും പിന്‍വലിക്കാതിരുന്നത് അവയൊക്കെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട വാര്‍ത്തകളായിരുന്നു എന്നതിനാലാണ്.

കേസ് സി.ബി.ഐക്ക് വിട്ടത് ചിലര്‍ മുറവിളി കൂട്ടിയതു കൊണ്ടായിരുന്നു. യു.ഡി.എഫിന്റെ രാഷ്ട്രീയ നീക്കമായിരുന്നു കേസ് ഇത്രയൂം വൈകിപ്പിച്ചത്. രാഷ്ട്രീയ പകപോക്കലിനായി നിയമ സംവിധാനങ്ങളെ ഉപയോഗിക്കുന്ന രീതി ഇനിയെങ്കിലും അവസാനിപ്പിക്കണം. കേസ് രാഷ്ട്രീയപരമായി സൃഷ്ടിക്കപ്പെട്ടതായതു കൊണ്ട് കേസിനെ രാഷ്ട്രീയമായി നേരിടുമെന്ന് താന്‍ പ്രതികരിച്ചത് കേട്ട് ചിലര്‍ക്ക് വിറളി പിടിച്ചിരുന്നു. താന്‍ യാതൊരു സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നാണ് ഇപ്പോള്‍ കോടതിയില്‍ തെളിഞ്ഞിരിക്കുന്നത്.


Next Story

Related Stories