TopTop
Begin typing your search above and press return to search.

ഒരു സര്‍ക്കാര്‍ സ്കൂളിന്റെ (സായിയെ തോല്‍പ്പിച്ച) കഥ

"ഗോള്‍വല കാക്കുന്ന അരുണില്‍ നിന്നാണ് കോട്ടപ്പടി ടീം പന്തടിച്ചു തുടങ്ങുന്നത്. പ്രതിരോധ കോട്ട തീര്‍ക്കുന്ന ഉസ്മാന്‍, വിഷ്ണുദാസ്, തഷ്‌രീഫ് റോഷന്‍, മുഹമ്മദ് ഷഫീഫ് ടി എന്നിവരിലൂടെ നീങ്ങുന്ന പന്തെത്തുന്നത് മധ്യനിരക്കാരായ സൂരജിന്റെയും പ്രഗിന്റെയും സ്റ്റിക്കിലാണ്. പിന്നീട് മുഹമ്മദ് അജ്മലിനും രതീഷിനും പ്രബിനും ഇംനാദ് ഫര്‍ഷിദിനും എതിര്‍ഗോല്‍ വല ചലിപ്പിക്കേണ്ട താമസമേയുള്ളു..." - സായിയെ തോല്‍പ്പിച്ച ഒരു സര്‍ക്കാര്‍ സ്കൂളിന്റെ കഥ.

(പേര്)

ഫുട്‌ബോളിന്റെ പറുദീസയായ മലപ്പുറത്തിന്റെ മണ്ണില്‍ നിന്ന് പ്രതിസന്ധികളെ ഹോക്കിസ്റ്റിക്കിലൂടെ ഗോളാക്കി മാറ്റി കോട്ടപ്പടി ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ടീം പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ജവര്‍ഹാല്‍ നെഹ്‌റു സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ കരുത്തരായ ജി.വി. രാജ സ്‌കൂളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഈ സര്‍ക്കാര്‍ സ്‌കൂള്‍ ദേശീയ ടൂര്‍ണമെന്റിലേക്കുള്ള ടിക്കറ്റ് നേടിയത്. സ്‌കൂളിലെ കായികാദ്ധ്യാപകനായ ഉസ്മാന്‍ മാഷ് പകര്‍ന്ന് നല്‍കിയ പാഠങ്ങളില്‍ നിന്നാണ് കോട്ടപ്പടി സ്‌കൂള്‍ ടീം വിജയഗാഥ രചിച്ച് മുന്നേറുന്നത്.

ഗോള്‍വല കാക്കുന്ന അരുണില്‍ നിന്നാണ് കോട്ടപ്പടി ടീം പന്തടിച്ചു തുടങ്ങുന്നത്. പ്രതിരോധ കോട്ട തീര്‍ക്കുന്ന ഉസ്മാന്‍, വിഷ്ണുദാസ്, തഷ്‌രീഫ് റോഷന്‍, മുഹമ്മദ് ഷഫീഫ് ടി എന്നിവരിലൂടെ നീങ്ങുന്ന പന്തെത്തുന്നത് മധ്യനിരക്കാരായ സൂരജിന്റെയും പ്രഗിന്റെയും സ്റ്റിക്കിലാണ്. പിന്നീട് മുഹമ്മദ് അജ്മലിനും രതീഷിനും പ്രബിനും ഇംനാദ് ഫര്‍ഷിദിനും എതിര്‍ഗോല്‍ വല ചലിപ്പിക്കേണ്ട താമസമേയുള്ളു. കൂടെ പകരക്കാരായി വൈശാഖ്, യദുകൃഷ്ണന്‍. മുഹമ്മദ് ഷിഹാഫ, സ്രാമ്പിക്കന്‍, സനല്‍, മുഹമ്മദ് ഷഫീക്ക് കെ എന്നിവരുമുണ്ട്.

കേരളത്തിലെ സ്‌പോര്‍ട്‌സ് സ്‌കൂളുകളും സായ് കേന്ദ്രങ്ങളും വാര്‍ത്തെടുക്കുന്ന കായികതാരങ്ങളോട് തേഞ്ഞ ബൂട്ടും മരത്തില്‍ നിര്‍മിച്ച ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് പോരാടുന്ന ഉസ്മാന്‍ മാഷിന്റെ കുട്ടികള്‍ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. ഒരു ഹോക്കി ഗ്രൗണ്ടിന് ആവശ്യമായ വിസ്തീര്‍ണമോ സൗകര്യമോ ഇല്ലാത്ത കോട്ടപ്പടിയിലെ കല്ലും മണ്ണും നിറഞ്ഞ മൈതാനത്ത് ഹോക്കിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചാണ് ടീം ദേശീയ ടൂര്‍ണമെന്‍റിനായി ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്.

2008 ല്‍ ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് പുതിയ സ്‌കൂള്‍ കെട്ടിടം വന്നതോടെ ഹോക്കി കളിക്കാന്‍ സ്ഥലമില്ലാതായി. സ്‌കൂളിനടുത്തുള്ള മറ്റ് ഗ്രൗണ്ടുകളെ ആശ്രയിച്ച് നേടുന്ന പരിശീലനവും സ്വന്തം ചെലവില്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത് ബാഗ്ലൂരിലെ സിന്തറ്റിക്ക് ടര്‍ഫില്‍ നേടിയ പരിശീലനവുമാണ് ടീമിന് മുതല്‍ക്കൂട്ടായുളളത്. ഒളിംപ്യന്‍ മാനുവല്‍ ഫ്രഡറിക്കിനു കീഴില്‍ ഹോക്കി പാഠങ്ങള്‍ അഭ്യസിച്ച ടീമിന് പിന്നീട് സാമ്പത്തിക പ്രതിസന്ധി മൂലം മികച്ച ഗ്രൗണ്ടുകളില്‍ പോയി പരിശീലനം നേടാനായില്ല. സാധാരണ ഗ്രൗണ്ടില്‍ കളി പഠിച്ച ടീം ദേശീയ ടൂര്‍ണമെന്റിലെത്തുമ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ഗ്രൗണ്ടുകള്‍ തമ്മിലുള്ള അന്തരമാണെന്ന് ഉസ്മാന്‍ മാഷ് പറയുന്നു. സിന്തറ്റിക്ക് ടര്‍ഫില്‍ പന്ത് നിയന്ത്രിക്കാനാവാത്തതും മരത്തിന്റെ സ്റ്റിക്ക് ഉപയോഗിച്ച് നനഞ്ഞ ടര്‍ഫില്‍ കളിക്കുന്നതും കളിക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കും.

ഉസ്മാന്‍ മാഷിന്റെ നേതൃത്വത്തില്‍ 2001ലാണ് സ്‌കൂളില്‍ ഹോക്കി പരിശീലനം തുടങ്ങിയത്. അടുത്ത വര്‍ഷം തന്ന സോണല്‍ ഗെയിംസില്‍ രണ്ടാം സ്ഥാനം നേടി ടീം സാന്നിധ്യമറിയിച്ചു. പിന്നീടിങ്ങോട്ട് ഇതുവരെ സോണല്‍ ഗെയിംസിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് കോട്ടപ്പടി സ്‌കൂളിന്റെ ഷെല്‍ഫിലെത്തിക്കാന്‍ ടീമിനായി. സംസ്ഥാന ഹോക്കി ചാംപ്യന്‍ഷിപ്പില്‍ 2004 ല്‍ സെമിഫൈനലിലെത്തിയ ടീം 2008ല്‍ കലാശക്കളിയില്‍ കൊല്ലം സായിയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയം രുചിച്ചു. എങ്കിലും ആ മത്സരങ്ങള്‍ നല്‍കിയ ഉത്സാഹം വലുതായിരുന്നുവെന്ന് കോച്ച് ഉസ്മാന്‍ പറയുന്നു. 2004 ലെ സെമിഫൈനലില്‍, സുരക്ഷയ്ക്കാവശ്യമായ അബ്‌ഡൊമിനല്‍, ചെസ്റ്റ് പാഡുകളില്ലാതെ ജി.വി. രാജ സ്‌കൂളിനെതിരെ കളിക്കാനിറങ്ങിയതിന്റെ അവസ്ഥയും ഉസ്മാന്‍ പങ്കുവയ്ക്കുന്നു. ക്രിക്കറ്റ് പാഡ് ഉപയോഗിച്ച് കളിച്ച കോട്ടപ്പടി ടീമിനെ അയോഗ്യരാക്കണമെന്ന് എതിരാളികള്‍ പരാതി നല്‍കിയതു മൂലം പരിക്കേറ്റാല്‍ പൂര്‍ണ ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുത്തോളാമെന്ന് കരാര്‍ ഒപ്പിട്ടു നല്‍കി കോട്ടപ്പടി ടീമിന് കളത്തിലിറങ്ങേണ്ടി വന്നു.

ശാരീരികക്ഷമതയോ മറ്റു മാനദണ്ഡങ്ങളോ നോക്കാതെ ഹോക്കിയില്‍ താല്‍പര്യമുള്ള കുട്ടികളെ കണ്ടെത്തി നല്‍കുന്ന പരിശീലനത്തില്‍ ഇപ്പോള്‍ സ്‌കൂളിലെ തൊണ്ണുറോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ കുട്ടികളാണ് ടീമിലുള്ള മിക്കപേരും. സമീപമുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും എം.എസ്.പി സ്‌കൂളുകളിലും അഡ്മിഷന്‍ കിട്ടാതെ കോട്ടപ്പടി സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്കിടയില്‍ നിന്ന് ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഹോക്കി ടീമിനെ വാര്‍ത്തെടുക്കാനായി എന്നതു തന്നെയാണ് ഗവണ്‍മെന്റ് സ്‌കൂളിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്. ഇവര്‍ക്ക് എല്ലാവിധ പിന്തുണയുമേകി അധ്യാപകരും ഹോക്കി ഓള്‍ഡ് പ്ലെയേഴ്‌സ് അസോസിയേഷ(ഹോപ)നുമുണ്ട്.

സ്‌പോണ്‍സര്‍മാരില്ലാത്തതാണ് ടീം നേരിടുന്ന പ്രധാന വെല്ലുവിളി. ഒക്‌ടോബര്‍ 30 മുതല്‍ ഡല്‍ഹിയില്‍ തുടങ്ങിയ ദേശീയ ടൂര്‍ണമെന്റില്‍ എങ്ങനെ പങ്കെടുക്കുമെന്ന ആശങ്കയിലായിരുന്നു ഉസ്മാന്‍ മാഷും കുട്ടികളും. ഒരു ലക്ഷത്തോളം വരുന്ന യാത്രച്ചെലവ് താങ്ങാനാവുന്നതിലപ്പുറമായിരുന്നതിനാല്‍ ഒരു ഘട്ടത്തില്‍ ടൂര്‍ണമെന്റ് ഉപേക്ഷിച്ചാലോ എന്നുവരെ ടീം ചിന്തിച്ചിരുന്നു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ നല്‍കിയ അരലക്ഷത്തോളം രൂപയും കുട്ടികളില്‍ നിന്ന് പിരിച്ചെടുത്ത രൂപയും ഉപയോഗിച്ച് ഡല്‍ഹിയാത്ര സാധ്യമാകുമെന്ന് ഉറപ്പുവരുത്തിയത് ടീം പുറപ്പെടുന്നതിന് മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ്. ഇത്രയും പ്രതിസന്ധികള്‍ തരണം ചെയ്ത്, മലപ്പുറത്തിന് ഫുട്‌ബോള്‍ മാത്രമല്ല ഹോക്കിയും വഴങ്ങുമെന്ന് തെളിയിച്ച്, ഇന്ത്യയുടെ കായികഭൂപടത്തില്‍ ഇടം നേടിയ ഈ സര്‍ക്കാര്‍ സ്‌കൂളിനേയും കൊച്ചുകൂട്ടുകാരെയും കളത്തിലിറങ്ങറി അഭിനന്ദിക്കുക തന്നെ വേണം.


Next Story

Related Stories