TopTop
Begin typing your search above and press return to search.

എന്തൊരു ബാറ്റിംഗ്!!!

എന്തൊരു ബാറ്റിംഗ്!!!

വി.എന്‍ സദാനന്ദന്‍

സച്ചിന് ശേഷമെന്തെന്നാണായിരുന്നു ചോദ്യം. സച്ചിന് ശേഷം കോരിത്തരിക്കാന്‍ കഴിയുമെന്നത് മനോഹരമായ അനുഭവമാണ്. മെല്ലെ മെല്ലെ പടര്‍ന്നു കയറുന്ന കോരിത്തരിപ്പ്. പരിളാനകളിലൂടെ മുന്നേറുന്ന രതിവേഗം പോലെ. പത്തോവര്‍ കഴിയുമ്പോള്‍ 36 പന്തില്‍ നിന്ന് 25 റണ്‍സായിരുന്നു രോഹിത് ശര്‍മ്മയുടെ സ്‌കോര്‍. ശിഖിര്‍ ധവാനെ കരിമ്പ് പാടത്ത് മദിക്കാന്‍ വിട്ട് പുല്‍മേടിന്റെ ഓരത്ത് മേയുന്ന ക്ലാസിക് ബാറ്റിങ്. ഒഴിവാക്കേണ്ടവയെ ഒഴിവാക്കി, എന്നാലൊരു ഒരു ലൂസ് ബോളും ഒഴിവാക്കാതെ, ഒരു തരിമ്പും താളം തെറ്റാതെയുള്ള നില്‍പ്പ്. ആവേശക്കാര്‍ ശിഖിറിന്റെ മീശപിരിച്ച ബാറ്റിങ് കണ്ടോളൂ, ഞാനിവിടെയുണ്ടെന്ന മട്ട്.

ഇരുപതാം ഓവറെത്തുമ്പോള്‍ ശിഖിറും കോലിയും മടങ്ങിയിരുന്നു.കോലിയുടെ പോക്കാകട്ടെ നോട്ട പിശകും. കോലിയുടെ ആരാധകര്‍ക്ക് വേണമെങ്കില്‍ രോഹിതിനെ കുറ്റപ്പെടുത്തുക വരെയാകാം. അപ്പോള്‍ 59 പന്തില്‍ 41 റണ്‍സോടെ രോഹിത്. ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ ആകാശമപ്പോഴേക്കും മഴമാറി തെളിഞ്ഞിരുന്നു. പക്ഷേ എന്നും ദീപാവലി കൊതിക്കുന്ന കാണികള്‍ മഴക്കാറു കണ്ടുകൊണ്ടേയിരുന്നു. പിന്നെ റെയ്‌ന, രോഹിത്. പന്തുകളെല്ലാം ലാളിക്കപ്പെടാന്‍ കൊതിക്കുന്ന മനസുകളായി. സേവ്യര്‍ ഡോര്‍ത്തിയുടെ 28-ആം ഓവര്‍ ഒരു കൊടുങ്കാറ്റിന്റെ വരവ് കണ്ടു.

30 ഓവറുകള്‍ അവസാനിക്കുന്നതിന് മുമ്പ് റെയ്‌ന മടങ്ങി യുവരാജ് വന്നു. രോഹിത് നേരിട്ട പന്തും റണ്‍സും തമ്മില്‍ ചേര്‍ച്ചയായി. 87 പന്തില്‍ നിന്ന് 85 റണ്‍സ്. പിന്നെയൊരു നാലോവര്‍ യുവരാജിന്റെ കളി കണ്ടു നിന്നു രോഹിതും കാണികളും. യുവരാജ് പവലിയനിലേയ്ക്ക് തിരിച്ച് പോയപ്പോഴും രോഹിത് നൂറെത്തിയിരുന്നില്ല. 38 ഓവര്‍ പൂര്‍ത്തികുമ്പോഴാണ് 114 പന്തില്‍ നിന്ന് സെഞ്ചുറി പിറന്നത്. ആദ്യ അമ്പതിന് 71 പന്ത്, രണ്ടാമത്തേതിന് 43. ആറു സിക്‌സ്, നാലു ഫോര്‍. തുടര്‍ന്നാണ് ബാറ്റില്‍ കാറ്റു പിടിച്ചത്. ആയാസരഹിതവും ആനന്ദകരവുമായ അഴിഞ്ഞാട്ടം. പന്തുകള്‍ അതിര്‍ത്തികളിലേയ്ക്ക് പാഞ്ഞുകൊണ്ടേയിരുന്നു. സ്‌ക്വര്‍ലഗിന്, മിഡ് ഓണിന് മുകളിലൂടെ.. ഫീല്‍ഡില്‍ ബൗളിങ് ടീം കാഴ്ച കണ്ടു നിന്നു.

44 ഓവര്‍ അവസാനിക്കുമ്പോള്‍ രോഹിത് 136 പന്തില്‍ 137 റണ്‍സ്. അപ്പുറം നങ്കൂരമിട്ട പായക്കപ്പലുപോലെ ധോണി. 46- ആം ഓവറില്‍ മക്കായിയുടെ രണ്ട് പന്തുകള്‍ ബൗണ്ടറിയിലേയ്ക്ക് കടത്തി രോഹിത് 150 കടന്നു. പിന്നെ ഡീപ് ബാക്ക് വേഡ് സക്വയര്‍ലെഗിലൂടെ മനോഹരമായ ഒരു സിക്‌സര്‍. ഒരു സിംഗിള്‍. 47-ആം ഓവര്‍ ഡോര്‍തി മറക്കാനാഗ്രഹിക്കും. മൂന്ന് സിക്‌സറുകള്‍, രണ്ട് ഫോര്‍. 26 റണ്‍സ്. പവലിനില്‍ നിന്ന് ചിരിയോടെ വിരാട് കോലി പുറത്തിറങ്ങി നിന്ന് കയ്യടിക്കാന്‍ തുടങ്ങി. കോലിക്ക് വേണ്ടി കൂടിയാണ് രോഹിത് കളിക്കുന്നതെന്ന് കമന്റേറ്റര്‍ പ്രഖ്യാപിച്ചു. (ക്രിക്ക് ഇന്‍ഫോക്കാരന്‍ തമാശ പറഞ്ഞു. ഇപ്പോള്‍ ഇഷാന്ത് പോസ്റ്റ് ചെയ്യും 'ഡോര്‍തി, ബ്രോ, എനിക്ക് മനസിലാവും ഈ വിഷമം'എന്ന്)

സച്ചിനും ഗെയ്‌ലും ഒരുമിച്ച് ക്രീസിലെത്തിയ പോലെയായിരുന്നു അത്. 149 പന്തില്‍ നിന്ന് 183. എന്നിട്ടും ഇനിയെത്ര കളിക്കാനുണ്ടെന്ന ലാളിത്യം. അടുത്ത ഓവറില്‍ ഹരം പകരാന്‍ ധോണിയുമെത്തി. ക്രീസില്‍ ഹെലികോപ്റ്റര്‍ പറന്നു. 49-ആം ഓവറില്‍ രോഹിത് വീണ്ടും. ഒരു സിക്‌സ്, ഒരു ഫോര്‍. ഓവര്‍ അവസാനിക്കുമ്പോള്‍ 155 പന്തില്‍ 197. 2010 ഫിബ്രവരി 24 ഓര്‍ത്തു. ചരിത്രത്തിലെ ആദ്യ ഏകദിന 200. 147 പന്തുകളേ സച്ചിനെടുത്തുള്ളൂ. അപ്പോഴും ഒരുവശത്ത് ധോണിയുണ്ടായിരുന്നു. ഒരു കൊടുങ്കാറ്റും ഏശാത്ത പായക്കപ്പല്‍. അതേ മിതവാദ ചിരിയോടെ.

അവസാന ഓവറില്‍ ഇരുന്നൂറ് തികയ്ക്കാന്‍ മൂന്ന് റണ്‍സ് മാത്രം ബാക്കി നില്‍ക്കുമ്പോഴും രോഹിതിന് ചാഞ്ചല്യമില്ലായിരുന്നു. മക്കായിയുടെ ആദ്യ പന്ത് കവറിന് മുകളിലൂടെ കുതിച്ചു പാഞ്ഞു. 203*. രണ്ടാം നൂറിന് ആകെ വേണ്ടി വന്നത് 42 പന്തുകള്‍. സച്ചിന്‍, സെവാഗ്, രോഹിത്. രോമാഞ്ചങ്ങള്‍ അവസാനിക്കുന്നില്ല. ഡീപ് മിഡ്‌വിക്കറ്റിന് മീതെ മറ്റൊരു സിക്‌സു കൂടി പറന്നു. അവസാനത്തിന് കാത്തുനില്‍ക്കാതെ രണ്ട് പന്തുകള്‍ ബാക്കിവച്ച് തലയുയര്‍ത്തി രോഹിത് മടങ്ങുമ്പോള്‍ വണ്‍ഡേ ക്രിക്കറ്റിലെ മാക്‌സിമം സിക്‌സസ് റിക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. വീണ്ടും വീണ്ടും രോമാഞ്ചം.

Next Story

Related Stories