TopTop
Begin typing your search above and press return to search.

ഷാഹിദ് ആസ്മി: അഭ്രപാളിയില്‍ ഒരു നീതികാവ്യം

ഷാഹിദ് ആസ്മി: അഭ്രപാളിയില്‍ ഒരു നീതികാവ്യം

അജ്മല്‍ അഞ്ചച്ചവടി

സമീര്‍ ഗൗതം തിരക്കഥ എഴുതി അനുരാഗ് കശ്യപ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ചിരിക്കുന്ന, ഹന്‍സല്‍ മേത്ത സംവിധാനം ചെയ്ത, വക്കീലും മനുഷ്യാവകാശപ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായിരുന്ന ഷാഹിദ് ആസ്മിയുടെ ജീവിത കഥ പറയുന്ന സിനിമ 'ഷാഹിദ്'പുറത്തുവന്ന വന്ന സാഹചര്യത്തില്‍ സിനിമയെ വിലയിരുത്താനും ഷാഹിദ് ആസ്മിയുടെ പ്രസക്തി പുനരവലോകനം ചെയ്യാനുമുള്ള ശ്രമമാണിത്. ഞാന്‍ ഷാഹിദ് ആസ്മിയെ നേരിട്ട് കണ്ടിട്ടില്ല, നേരിട്ടു പരിചയവുമില്ല, അദേഹം കുര്‍ളയിലെ ടാക്‌സി മെന്‍ കോളനിയിലുള്ള തന്റെ ഓഫീസില്‍ വെടിയേറ്റ് മരിച്ച് ഏകദേശം ഒരുമാസംകൂടി കഴിഞ്ഞാണ് ഞാന്‍ മുംബൈ നഗരത്തിലെത്തുന്നതു തന്നെ. അദേഹം കൂടുതല്‍ കാലം ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും നേരില്‍ കാണുമായിരിക്കണം.

ഷാഹിദ് ആസ്മിയെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍, വായിച്ചും ആസ്മിയെ അടുത്ത് പരിചയമുള്ള സുഹൃത്തുക്കള്‍, അധ്യാപകര്‍ എന്നിവരൊക്കെ പറഞ്ഞുകേട്ടുള്ളവയാണ്. വ്യക്തികളുടെ ജീവിതങ്ങള്‍ അഭ്രപാളികളില്‍ എത്തിക്കുമ്പോള്‍ പല പ്രശ്നങ്ങള്‍ക്കും വിവാദങ്ങല്ക്കും കാരണമാകാറുണ്ട്, അവ വ്യക്തിയോടും അയാളുടെ ജീവിതത്തോടും എത്രമാത്രം നീതി പുലര്‍ത്തി എന്നത് അന്വേഷിക്കേണ്ടതു തന്നെയാണ്. എന്നാല്‍ വിവാദ ചേരുവകള്‍ക്കധികം പ്രാധാന്യം നല്കാതെ തന്നെയാണ് ഷാഹിദ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. മുംബൈയിലെ ഗോവണ്ടിയിലെ കുടുസ്സായ ഗല്ലികളിലെ പാവപെട്ട മുസ്ലിം ജീവിതവും അതിന്റെ നിഷ്കളങ്കതയും മുംബൈ കലാപകാലത്തിന്റെ നീറുന്ന അനുഭവങ്ങളും കാണിച്ചുകൊണ്ടാണ് ഹന്‍സല്‍ മേത്തയുടെ സിനിമ ആരംഭിക്കുന്നത്. കലാപകാലത്ത് കൗമാരത്തിലെത്തിയിട്ടില്ലാത്ത ഷാഹിദിന്റെ അനുഭവങ്ങളിലൂടെയാണ് സിനിമ തുടങ്ങുന്നത്. കാശ്മീരിലേക്കും പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാമ്പുകളും അവിടം വിട്ടൊടുന്ന ഷാഹിദിനെയും കാണിച്ചു കൊണ്ടാണ് സിനിമ പുരോഗമിക്കുന്നത്. വീട്ടില്‍ മടങ്ങിയെത്തി, തന്റെ എഴുതാന്‍ ബാക്കിയുണ്ടായിരുന്ന കോളേജ് പരീക്ഷക്ക് തയ്യാറെടുക്കുന്നതും അതിനിടയില്‍ തീവ്രവാദ ബന്ധം ആരോപിക്കപെട്ടു അറസ്റ്റ് ചെയ്യപ്പെടുന്നതും തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട തിഹാര്‍ ജയില്‍ വാസവും ജയിലില്‍ വെച്ചുണ്ടായ അനുഭവങ്ങളും അതിനിടയില്‍ നിയമ ബിരുദം നേടാനുള്ള കഠിന പരിശ്രമങ്ങളും ജയില്‍ മോചനവും പിന്നീടു നീതിക്കു വേണ്ടിയുള്ള തന്റെ തുല്യതയില്ലാത്ത ഒറ്റയാന്‍ പോരാട്ടവും, അതിനിടയിലെ ഭീഷണികളും വെല്ലുവിളികളും അതിജീവിച്ചു അവസാനം തന്റെ ഓഫീസ് മുറിയില്‍ വെടിയേല്‍ക്കുന്നതുവരെയുള്ള കഥ അവതരിപ്പിക്കുന്നതില്‍ ഹന്‍സല്‍ മേത്ത വിജയിച്ചിരിക്കുന്നു.


ഷാഹിദ് ആസ്മി

എങ്കിലും ഷാഹിദ് ആസ്മിയുടെ യാഥാര്‍ഥ ജീവിതത്തിലെ പല യഥാര്‍ഥ്യങ്ങളോടും പൂര്‍ണമായി നീതി പുലര്‍ത്താന്‍ സിനിമക്ക് സാധിച്ചിട്ടില്ല എന്ന് തന്നെ പറയണം. കഥ പറച്ചിലിന്റെ ഒഴുക്കും മറ്റു സാങ്കേതങ്ങളും ചേരുവകളും വിദഗ്ദ്ധമായിതന്നെ സിനിമ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഷാഹിദ് ആസ്മിയുടെ ജീവിതം മൂന്ന് മണിക്കൂറിലൊതുക്കാന്‍ സംവിധായകന്‍ അനുഭവിച്ചിട്ടുണ്ടാകാവുന്ന പ്രയാസങ്ങള്‍ ആസ്മിയുടെ ജീവിത കഥയറിയുന്നവര്‍ക്ക് മനസിലായിട്ടുണ്ടായിരിക്കും. പ്രക്ഷുബ്ധമായ ആ ജീവിതം മുഴുവന്‍ സത്യസന്ധമായി പകര്‍ത്താന്‍ കഴിഞ്ഞില്ല എന്നത് തന്നെയായിരിക്കണം ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മയും. സിനിമയില്‍ ഉടനീളം അങ്ങിങ്ങായി കാണിക്കുന്ന പ്രസിദ്ധ ക്രിമിനല്‍ നിയമ വിദഗ്ധനും അമേരിക്കന്‍ വക്കീലുമായിരുന്ന റോയ് ബ്ലാകിന്റെ വചനങ്ങള്‍ എന്നും ഷാഹിദ് ആസ്മിയെ പ്രചോദിപ്പിച്ചിരുന്നു, അത് തന്നെയാവണം നീതി ലഭിക്കാന്‍ വര്‍ഷങ്ങള്‍ എത്രയെടുത്താലും, കുറ്റാരോപിതനായി അപമാനിക്കപെട്ടു കോടതി മുറികളില്‍ തലതാഴ്ത്തി നിന്നാലും ഇന്ത്യന്‍ നീതിന്യായ, നിയമ വ്യവസ്ഥയില്‍ ആസ്മിക്കുണ്ടായിരുന്ന വിശ്വാസവും പ്രതീക്ഷയും നിലനിര്‍ത്തിയത്. ഷാഹിദിന്റെ കഥാപാത്രം അഭിനയിച്ച രാജ്കുമാര്‍ യാദവ്, പ്രഭലീന്‍ സന്ധു, മുഹമ്മദ് സീഷാന്‍ അയ്യൂബ്, വിപിന്‍ ശര്‍മ അടക്കമുള്ള അഭിനേതാക്കള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത് എന്നത് എടുത്തു പറയേണ്ടതാണ്.

ഷാഹിദ് ആസ്മിയുടെ, അല്ലെങ്കില്‍ ആസ്മിയെ പോലുള്ളവരുടെ പ്രസക്തിയറിയാന്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകുന്നത് നന്നായിരിക്കും. മൊത്തം ജനസംഖ്യയുടെ 10.6 ശതമാനം വരുന്ന മുസ്ലിംങ്ങള്‍ താമസിക്കുന്ന മഹാരാഷ്ട്രയില്‍ വിവിധ ജയിലുകളിലായി മൊത്തം ജയില്‍ ജനസംഖ്യയുടെ 32.4 ശതമാനം മുസ്ലിം തടവുകാരുണ്ട്. മുംബൈ, താനെ സെന്‍ട്രല്‍ ജയിലുകളില്‍ മാത്രം 52 ശതമാനത്തോളമാണ് മുസ്ലിം തടവുകാര്‍. ഏറ്റവും കൂടുതല്‍ മുസ്ലിം തടവുകാര്‍ ഉള്ളത് നാസിക് സെന്‍ട്രല്‍ ജയിലിലുമാണ് എന്ന റിപ്പോര്‍ട്ടുകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലും ഞെട്ടിക്കുന്നതായിരുന്നു. ഇങ്ങനെയുള്ള നീതി നിര്‍വഹണ ഘടനയില്‍ നിന്ന് തന്റെ വളരെ കുറഞ്ഞ കാലങ്ങള്‍കൊണ്ട് ആസ്മി നേടിയത് പതിനേഴോളം വരുന്ന കുറ്റവിമോചന വിധികളായിരുന്നു.

ഷാഹിദ് ആസ്മിയുടെ ജീവിതം ഉയര്‍ത്തിയ ചോദ്യങ്ങള്‍ നിരവധിയായിരുന്നു. അസ്മി പലപ്പോഴായി ഉയര്‍ത്തിയ ചോദ്യങ്ങള്‍ തന്നെയാണ് സിനിമയും ഉടനീളം ചോദിച്ചുകൊണ്ടിരിക്കുന്നത്. മാത്യു, സുരേഷ്, മോറെ തുടങ്ങിയ പേരുകളായിരുന്നു തന്റെ കക്ഷികള്‍ക്കുണ്ടായിരുന്നതെങ്കില്‍ ഒരു പക്ഷെ അവര്‍ പ്രതി ചേര്‍ക്കപ്പെടുകപോലുമില്ല എന്നു പറയുന്ന ആസ്മി. തന്റെ കക്ഷികള്‍, ഒരു പക്ഷെ അവരുടെ പേരുകള്‍ ഒരു പ്രത്യേക വിഭാഗത്തില്‍ പെടുന്നത് കൊണ്ട് മാത്രം കുറ്റം ആരോപിക്കപ്പെട്ടവരും വിചാരണ പോലും നേരിടാതെ വര്‍ഷങ്ങള്‍ അഴികളെണ്ണി സമൂഹത്തിനും മാധ്യമങ്ങള്‍ക്കും മുന്‍പില്‍ കുറ്റവാളികളുടെ മുഖംമൂടി അണിയിക്കപ്പെട്ട് ജീവിക്കുന്നവവരുമാണെന്ന് അദ്ദേഹം പറയുന്നുണ്ട്ത. തന്റെ മുഖത്തു കരിവാരിതേച്ചവര്‍ക്കും ഭിഷണിപ്പെടുത്തിയവര്‍ക്കും നിയമ പോരാട്ടങ്ങളിലൂടെ മറുപടി നല്കിയ, നിരപരാധികളായ അധ:കൃതര്‍ക്ക് വേണ്ടി ജീവിച്ച ആസ്മി ഏത് നിമിഷവും തനിക്കു തിരിച്ചടികള്‍ നേരിടാം എന്ന് വ്യക്തമായ ബോധ്യമുണ്ടായിരുന്നിട്ടും അതിനു വേണ്ടി തന്റെ ജീവിതം തന്നെ വിലനല്കി.

ചില പ്രത്യേക തരം കേസുകളില്‍ കൂടുതല്‍ താല്പര്യം കാണിച്ചതിന് 'ജിഹാദി വക്കീല്‍' എന്ന പേരിലായിരുന്നു ആസ്മി മുഖ്യധാരാ നിയമ വൃത്തങ്ങളില്‍ അറിയപ്പെട്ടിരുന്നത്. അതൊന്നും കാര്യമാക്കാതെ രാത്രികളില്‍ വളരെ വൈകിയും തന്റെ ജോലിയില്‍ ശ്രദ്ധിച്ച്, തന്റെ വാദങ്ങളും മറ്റും കൂടുതല്‍ വ്യക്തമാക്കി പരമാവധി നീതി നിരപരധികള്‍ക്ക് വാങ്ങിക്കൊടുക്കാന്‍ പരിശ്രമിച്ചിരുന്ന ആസ്മിയെ മുംബൈയിലെ അറിയപ്പെടുന്ന നിയമ വിദഗ്ദ മോണിക സക്രാനി ഓര്‍ക്കുന്നു. തന്റെ വീടിനടുത്തുള്ള ഗോവണ്ടിയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ ഗേറ്റിന് മുന്‍പിലൂടെ കടന്നുപോമ്പോള്‍ കൊച്ചു ഷാഹിദ് ആസ്മി സ്വപ്നം കണ്ടിരുന്നത് എന്നെങ്കിലും താന്‍ അവിടെ പഠിക്കാനെത്തും എന്നായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഷാഹിദ് ആസ്മി അവിടെയെത്തിയത് വിദ്യാര്‍ഥികള്‍ക്ക് നീതിയും നിയമവും പറഞ്ഞു കൊടുക്കുന്ന അധ്യാപകനായിട്ടായിരുന്നു. ശാന്തനും ആവശ്യത്തിനു മാത്രം സംസരിക്കുകയും ചെയുന്ന ആസ്മിയുടെ നിയമ അനുഭവ പാഠങ്ങള്‍ ഇന്നും ഓര്‍മയില്‍ നില്കുന്നതായി അന്നത്തെ എം.എ വിദ്യാര്‍ഥിനിയായിരുന്ന ശാസ്വതി ഓര്‍ക്കുന്നു.

അടിമകളായ ഏഷ്യന്‍, ആഫ്രിക്കന്‍ വിഭാഗങ്ങളെ നിയന്ത്രിക്കാനും 'സംസ്‌കാരസമ്പന്ന'രാക്കാനും ഉണ്ടാക്കിയ കൊളോണിയല്‍ നിയമങ്ങളും കോടതി, പോലീസ് വ്യവഹാരങ്ങളും കരി നിയമങ്ങളും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് മിക്കപ്പോഴും നീതി വാങ്ങിയെടുക്കുക എന്നത് ആദരിക്കപെടേണ്ട കര്‍മമാണ്. അത് ഈ രാജ്യത്തെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളായ മുസ്ലിങ്ങള്‍ക്കും ആദിവാസികള്‍ക്കും, ദളിതര്‍ക്കും സ്ത്രീകള്‍ക്കും ഒക്കെയാകുമ്പോള്‍ പ്രത്യേകിച്ചും. ഇവിടെയാണ് ഷാഹിദ് ആസ്മിയുടെ ജീവിതം പ്രസക്തമാകുന്നത്. അതു നിറവേറ്റാന്‍ ഷാഹിദ് ആസ്മിക്ക് തന്റെ സ്വന്തം ജീവന്‍തന്നെ കൊടുക്കേണ്ടി വന്നതില്‍ അത്ഭുതപെടാനൊന്നുമില്ല.

"By showing me injustice he taught me to love justice. By teaching me what pain and humiliation were all about, he awakened my hart to mercy. Though there hardships I learned hard lessons. Fight against prejudice, battle the oppressors, support the underdog. Question the authority, shake up the system, never be discouraged by hard times and hard people. Embrace who are placed last, to whom even bottom looks like up. It took me some time to find my mission life- that of a criminal defense lawyer but that school and that teach, put me on my true path. I will never be discouraged. Even thorns and thirties can teach you somethings that lead to success."


Roy Black

(Writer is a researcher, based in Mumbai)


Next Story

Related Stories