TopTop
Begin typing your search above and press return to search.

തലയില്‍ നക്ഷത്രം തിളയ്ക്കുന്ന കറുത്ത മീനുകള്‍

തലയില്‍ നക്ഷത്രം തിളയ്ക്കുന്ന കറുത്ത മീനുകള്‍

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആണ് ജീവിതത്തില്‍ ആദ്യമായി സിനിമയില്‍ ജോലി ചെയ്യാന്‍ ഒരു അവസരം കിട്ടുന്നത്. ഒരു സഹ സംവിധായകന്‍ ആയി. എന്റെ സുഹൃത്ത് ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്ന് പറഞ്ഞു വിളിച്ചു. 'ഞാനും വരുന്നു' എന്ന് പറഞ്ഞു. ഉണ്ടായിരുന്ന ജോലി രാജി വെച്ചു സിനിമേല്‍ കൂടി. സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂള്‍ മലമ്പുഴ ഡാമില്‍ ആയിരുന്നു. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം വെളിച്ചം പോകുന്നത് വരെ ഷൂട്ട്. മുഴുവന്‍ ടീമും അവിടെ ഉണ്ടാകും. നാല്പത്തി രണ്ടു ഡിഗ്രീ സെല്‍ഷ്യസ് വരും ചൂട് എന്നാണ് കേട്ടത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഓടിച്ചാടി നടക്കണം. ചാടി ചാടി നിക്കണം സെറ്റില്‍ എന്നാണു പറയുക. ആളുകളെ നിയന്ത്രിക്കണം, കൂടുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്ള സീനുകളില്‍ അവരെ നിയന്ത്രിക്കണം, പൊസിഷന്‍ നോക്കണം, സീന്‍ കൊടുക്കണം, ഡയലോഗ് പറഞ്ഞു കൊടുക്കണം. അങ്ങനെ ഒരു പാട് ജോലി ഉണ്ടാകും. അവിടെ സെക്കന്‍റുകള്‍ക്കാണ് വില.

ചിലപ്പോള്‍ ചൂട് സഹിക്കാനാക്കാതെ, നീന്താന്‍ അറിയില്ലെങ്കിലും ലൈഫ് ജാക്കെറ്റ് ഒക്കെ ഇട്ടു മലമ്പുഴ ഡാമിലെ ഇത്തിരി വെള്ളത്തില്‍ ഇറങ്ങി നിക്കും. ചിലരുടെ ഒക്കെ തൊലിപ്പുറത്ത് കുമിളകള്‍ പൊന്തും. അത് വല്ല ചിക്കന്‍ പൊക്‌സ് വല്ലതും ആണോ എന്ന് വിചാരിച്ചു അവര്‍ ആശുപത്രിയിലും പോകും. നടന്‍ കലാഭാവാന്‍ മണി ഒക്കെ സ്വതസിദ്ധമായ തൃശ്ശൂര്‍ ശൈലിയില്‍ ഇങ്ങനെ പറയും 'അയ്യോ... ഇത് സഹിക്കാന്‍ പറ്റൂല്ല കേട്ടാ...' എന്റെ തൊലിപ്പുറത്ത് നിന്ന് പാമ്പിന്റെ ഉപ്പിളി ഉരിയപ്പെടുന്നത് പോലെ വെളുത്ത പാട ഇങ്ങനെ പൊളിഞ്ഞു പോകും. ഷൂട്ട് കഴിഞ്ഞു ചിലപ്പോ പാലക്കാട് നിന്നുള്ള പന അല്ലെങ്കില്‍ തെങ്ങിന്‍ കള്ള് കുടിക്കും. അതൊക്കെ കഴിഞ്ഞു സ്വന്തം തൊലിപ്പുറത്ത് നോക്കിയിട്ട് ഗണെശേട്ടനെ ഓര്‍ക്കും. പെരിങ്ങീലിനെ ഓര്‍ക്കും. എന്ത് മലമ്പുഴ ആയാലും നാല്പത്തി രണ്ടു ഡിഗ്രി ആയാലും പെരിങ്ങീലെ ഗണേശേട്ടന്റെ കറുപ്പിന്റെ അടുത്തൊന്നും എത്തില്ല എന്റെ കറുപ്പ്. ഇത് വെറും ഷൂട്ട് കഴിയുന്നത് വരെയുള്ള വെയിലാണ്. പക്ഷെ ഗണേശേട്ടന്റെത് ഒരു പക്ഷെ, ജീവിത കാലം മുഴുക്കനെ ഉള്ളതും.

ഞാന്‍ ആദ്യമായി കണ്ട സിനിമ 'കോളിളക്കം' ആണെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. കാസര്‌ഗോട്ടെ ഏതോ ഒരു ടാക്കീസില്‍. രണ്ടോ മൂന്നോ വയസ്സുള്ളപ്പോള്‍. ഞാന്‍ കരഞ്ഞു നിലവിളിച്ചുവെന്നും അച്ഛന്‍ എന്നെ എടുത്തു ടാക്കീസിനു പുറത്ത് നിന്നുവെന്നും അമ്മ സിനിമ കണ്ടുതീര്‍ത്തു എന്നും കേട്ടിട്ടുണ്ട്. എന്റെ പേടി കൊണ്ട് മാത്രം 'മൈ ഡിയര്‍ കുട്ടിച്ച്ത്തന്‍' എന്ന സിനിമക്ക് പോകണ്ട എന്ന് കുടുംബം തീരുമാനിച്ചിരുന്നു എന്നും അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അച്ഛനും അമ്മയും അല്ലാതെ എന്നെ ആദ്യം സിനിമക്ക് കൊണ്ട് പോയത് കൃഷ്ണാപ്പന്‍ എന്ന എന്റെ അച്ഛന്റെ അനിയന്‍ ആയിരുന്നു. തളിപ്പറമ്പ് ആലങ്കീല്‍ ടാക്കീസില്‍ 'എന്റെ മാമാട്ടിക്കുട്ടിയമ്മ' എന്ന സിനിമക്ക്. പെരിങ്ങീല്‍ എന്ന അച്ഛന്റെ ദേശത്ത് നിന്ന് എന്നെയും കൂട്ടി ആപ്പന്‍ പോയി. പിന്നെ എന്നെ സിനിമക്ക് കൊണ്ട് പോയത് ഗണേശേട്ടന്‍ ആണ്. അഞ്ചിലോ ആറിലോ മറ്റോ പഠിക്കുമ്പോള്‍.

എന്റെ അച്ഛന്റെ അനിയത്തിയുടെ മകന്‍ ആയിരുന്നു ഗണേശേട്ടന്‍. ഗണേശേട്ടനെ ഞാന്‍ കാണുമ്പോള്‍ എന്റെ ഓര്‍മ വെച്ച കാലം മുതല്‍ ഗണേശേട്ടന്റെ അച്ഛന്‍ പെരിങ്ങീലില്‍ ഇല്ലായിരുന്നു. ഗണേശേട്ടന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സിനിമക്കൊക്കെ പോയി തുടങ്ങിയിരുന്നു. സ്‌കൂളില്‍ പോകാതെ തന്നെ. വീട്ടില്‍ ഒരു പുകഞ്ഞ കൊള്ളി ആയിരുന്നു അന്ന്. അങ്ങനെ ഒരിക്കലാണ് എന്നേം കൂട്ടി ഗണേശേട്ടന്‍ തളിപ്പറമ്പ് ഹരിഹര്‍ ടാക്കീസിലോ ആലങ്കീല്‍ ടാക്കീസിലോ മറ്റോ 'സനില്‍ വയസ്സ് ഇരുപത്' എന്ന സിനിമ കാണാന്‍ വേണ്ടി പോയത്. അന്ന് എന്‍റേം ഗണേശേട്ടന്റെം ഒക്കെ ഹീറോ ആയിരുന്നു റഹ്മാന്‍. റഹ്മാനെ കാണാനാണ് പോയത്. ടാക്കീസില്‍ സിനിമക്ക് ടിക്കറ്റ് കിട്ടിയെങ്കിലും തിരക്ക് കാരണം ഞങ്ങള്‍ നിന്നാണ് സിനിമ കണ്ടത്. സിനിമ കണ്ടു തിരിച്ചെത്തിയതും എന്റെ അച്ഛന്‍ അവിടെ പെരിങ്ങീലില്‍ കാത്തുനിക്കുന്നുണ്ടായിരുന്നു. അന്ന് പൂര ചീത്ത കിട്ടി. സിനിമക്ക് പോയതിനെക്കാലും ഗണേശേട്ടന്റെ കൂടെ പോയതിനായിരുന്നു ചീത്ത. രണ്ടു ദിവസം ഗണേശേട്ടന്റെ മുഖത്ത് നോക്കാനും പറ്റിയില്ല.

പത്ത് പതിനഞ്ചു വയസ്സ് കഴിഞ്ഞപ്പോള്‍ തന്നെ ഗണേശേട്ടന്‍ ജോലിക്ക് പോയി തുടങ്ങി. കൃഷി തുടങ്ങുന്നതിനു മുമ്പ് മേയ് മാസങ്ങളില്‍ കൈപ്പാട്ടില്‍ കെളച്ചു ഞാറു നടാനുള്ള പൊറ്റ (കൂന) കൂട്ടലാണ് പ്രധാന ജോലി. വയലില്‍ അല്ലെങ്കില്‍ മറ്റെവിടെയും കെളയ്ക്കുന്നതിലും ശ്രമകരമാണ് കൈപ്പാട്ടില്‍ കിളയ്ക്കുക. നല്ല ആരോഗ്യം വേണം. കെളക്കുമ്പോള്‍ ചതുപ്പിലെ ചളി ഒരു കട്ട പോലെ കൈക്കൊട്ടില്‍ പറ്റിപ്പിടിച്ചിരിക്കും. കെളക്കുന്നതിനേക്കാള്‍ ശ്രമകരം ആണ് അത് കുടഞ്ഞിടുക എന്നത്. കഠിനമായ ആരോഗ്യവും അധ്വാനവും ആവശ്യമുള്ളത് കൊണ്ട്, ആയാസമുള്ളത് കൊണ്ടും രാവിലെ ആറു മണിക്ക് മുമ്പ് തന്നെ ആരംഭിച്ച് ഒരു പതിനൊന്നു മണി ആകുമ്പോഴേക്കും പണി കഴിഞ്ഞു കയറും. പിന്നീടു വൈകുന്നേരം പണി എടുക്കുന്നവരുമുണ്ട്. ഈ സമയത്തെ ഉപ്പുകാറ്റും വെയിലും ഒക്കെ ആണ് ഗണേശേട്ടനെ കറുപ്പിച്ച് ശക്തനാക്കുക. 'കരിമ്പന്‍' എന്നത് പെരിങ്ങീലില്‍ ഒരു ഇരട്ടപ്പേരെ ആയിരുന്നില്ല.

മെയ് മാസം അവധിക്കാലം ആയതു കൊണ്ട് ഞാന്‍ വീട്ടില്‍ തല്ലു കൂടി, ഏകദേശം രണ്ടു മാസം, (ഏപ്രില്‍, മേയ് മാസം) പെരിങ്ങീലില്‍ തന്നെ ആയിരിക്കും. ഒരു മാസം ഒക്കെ കഴിയുമ്പോള്‍ അമ്മ എന്നെ അന്വേഷിച്ചു വരും. എന്നിട്ട് ഒരു ചോദ്യം ആണ്. 'എന്താടാ, നീ ഇങ്ങനെ കറത്തു പോയത്?' ഇത് കറുപ്പ് മാത്രം അല്ല കരുത്തു കൂടി ആണെന്ന് പറയാനുള്ള ബുദ്ധി ഒന്നും അന്നില്ലായിരുന്നു. 'നീ വരുന്നില്ലേ വീട്ടിലേക്ക്?' ഞാന്‍ 'ഇല്ല... അമ്മ പൊയ്‌ക്കോ' എന്ന് പറയും. അമ്മ തിരിച്ചു പോകും. ദൂരെ ജോലി ചെയ്യുന്ന അച്ഛന് കത്തെഴുതും. 'ഓന്‍ സ്‌കൂള് തൊറന്നാലെ വരൂ...' അമ്മയുടെ വീട്ടില്‍ അമ്മയുടെ ബന്ധുക്കള്‍ ഇങ്ങനെ ഒക്കെ ആണ് എന്നെ കളിയാക്കുക. 'കൈപ്പാട്ടില്‍ പോന്നില്ലേടാ...?' എന്റെ പേരിന്റെ ഇനീഷ്യല്‍ ടി. കെ എന്നായിരുന്നു. അച്ഛന്റെ തച്ചന്‍ കരുണാകരന്‍ എന്ന പേര് ചുരുക്കിയത്. അമ്മയുടെ തറവാട്ടു പേരാണല്ലോ സാധാരണ ഇനീഷ്യല്‍ ആക്കുക. ഇവിടെ അച്ഛന്‍ അത് മാറ്റി. അപ്പൊ അമ്മയുടെ വീട്ടുകാര്‍ അത് ചിലപ്പോ 'തൂറി കൈപ്പാട്ടില്‍' എന്ന് വിപുലീകരിക്കും. എന്റെ അച്ഛാച്ചന്റെ (അച്ഛന്റെ അച്ഛന്‍) ആദ്യത്തെ പേര് 'വട്ട്യന്‍' എന്നായിരുന്നു. പിന്നീട് അത് 'വാസു' എന്നാക്കി. ചിലപ്പോള്‍ എന്നെ അവരൊക്കെ 'വാസു വട്ട്യന്‍' എന്നും കളിയാക്കി വിളിക്കും. പെരിങ്ങീലില്‍ ഉള്ള പഴയ തലമുറക്കാര്‍ 'അവന്' എന്ന് പറയുന്നത് ചെലപ്പോ 'ഓനിക്ക്' എന്നായിരിക്കും. അത് ഒരു പ്രാദേശിക ഭാഷ്യം ആണ്. അതും കളിയാക്കി എന്നെ 'ഓനിക്ക്, ഇവനിക്ക്, മറ്റൊനിക്ക്' എന്നും വിളിക്കും. ഇതൊക്കെ വിളിക്കപ്പെടുന്നത് പുരോഗമിച്ചു എന്ന് സ്വയം കരുതുന്ന ഞങ്ങടെ തന്നെ കുടുംബങ്ങളില്‍ നിന്നായിരുന്നു എന്നതാണ്. പെരിങ്ങീല്‍ അവര്‍ക്ക് എന്നും പ്രാകൃതം ആയിരുന്നു.

ഗണേശേട്ടന്‍ കൈപ്പാട്ടില്‍ കിളക്കുമ്പോള്‍ മേയ് മാസങ്ങളില്‍ ചിലപ്പോ ഞാനാണ് കഞ്ഞി കൊണ്ട് പോവുക. ഒരു തൂക്കുപാത്രത്തില്‍ കഞ്ഞിയും ഒണക്ക മുള്ളന്‍ ചുട്ടതും. ഗണേശേട്ടന്‍ എനിക്കും തരും. ഗണേശേട്ടന്‍ കഞ്ഞി കുടിക്കുമ്പോ ഞാന്‍ കൈക്കോട്ട് എടുത്തു കിളക്കും . ഒരു നാല് കിള കിളക്കുമ്പോഴേക്കും കുഴയും. കൈക്കൊട്ടിന്റെ പിടിയില്‍ പിടിച്ചു കിളക്കുമ്പോള്‍ കൈപ്പത്തിയില്‍ പൊള്ളിക്കുന്ന, വേദനിപ്പിക്കുന്ന ചൂട് ഇരച്ചു കയറും. 'എടാ... വേണ്ടെടാ... നിന്നെക്കൊണ്ടു പറ്റൂല്ല' എന്നു ഗണേശേട്ടന്‍ പറയും. എന്റെ ഒരു കുഞ്ഞു അഹങ്കാരം ഒരു നാല് കിളയോടെ തീരും. ഗണേശേട്ടന്‍ ചിലപ്പോ പറയും. 'നിനക്കൊക്കെ പുസ്തകം പഠിക്കലെ പറ്റൂ. ഇത് നിന്നെക്കൊണ്ടു പറ്റില്ല...' ഞാന്‍ ഒരു ഇളിഭ്യ ചിരിയോടെ നിര്‍ത്തും. എന്നിട്ട് ഗണേശേട്ടന്റെ മസ്സിലില്‍ ഒക്കെ നോക്കും. ഗണേശേട്ടന്റെ ഉള്ളം കയ്യില്‍ തഴമ്പ് വന്നു തൊലി പൊട്ടി പാറ പോലെ ആയിട്ടുണ്ടാകും. പണി കഴിഞ്ഞു ഉച്ചക്ക് വന്നു ഒരു വലിയ കൂന ചോറ് ചെമ്മീന്‍ കറിയും കൂട്ടി ഗണേശേട്ടന്‍ കഴിക്കും. എന്നിട്ട് ഉച്ചക്ക് ഉച്ചത്തില്‍ ചലച്ചിത്ര ഗാനവും കേട്ടങ്ങ് കിടക്കും. ഉറക്കമൊന്നും ഇല്ല.

ഗണേശേട്ടന്‍ എസ് എസ് എല്‍ സി കഴിഞ്ഞു കണ്ണൂര്‍ എസ് എന്‍ കോളേജില്‍ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു. പ്രീ ഡിഗ്രി തോറ്റു. കുടുംബത്തില്‍ ഇംഗ്ളീഷ് മീഡിയത്തില്‍ ഒക്കെ പഠിച്ച ഞാനും പ്രീ ഡിഗ്രി ഒക്കെ തോറ്റിരുന്നു. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അതിന്റെ അഹങ്കാരം ഒന്നും ഉണ്ടായിരുന്നില്ല. ഗണേശേട്ടന്‍ ഐ ടി ഐയില്‍ ചേര്‍ന്ന് പ്ലമ്പിംഗ് ഒക്കെ പഠിച്ചു. ജോലി ഒന്നും കിട്ടിയില്ല. അപ്പോഴും ഇപ്പോഴും പെരിങ്ങീല്‍ ദേശത്തെ പണി തന്നെയാണ് ഗണേശേട്ടന്. നാലു വശവും ഉപ്പുപുഴയാല്‍ ചുറ്റപ്പെട്ട പെരിങ്ങീലില്‍ കിണറ്റില്‍ നല്ല വെള്ളം കിട്ടില്ല. ഉപ്പ് വെള്ളം ആണ്. ചോറ് വെക്കാന്‍ പൈപ്പ് വെള്ളം ആശ്രയിക്കണം. പെരിങ്ങീല്‍ ദേശത്തേക്ക് വെള്ളം വരുന്നത് പുഴയിലൂടെ വരുന്ന പൈപ്പിലൂടെ ആണ്. ചിലപ്പോഴൊക്കെ ഈ പൈപ്പ് പൊട്ടും. അപ്പോഴാണ് ഗണേശേട്ടന്‍ പെരിങ്ങീലിലെ ഹീറോ ആവുക. ഗണേശേട്ടന്‍ പുഴയിലേക്ക് ഊളിയിടും. എന്നിട്ട് പുഴയുടെ നടുക്കലേക്ക് നീന്തും. പിന്നെ ഊളിയിട്ടു പൈപ്പ് ഫിറ്റ് ചെയ്യും. പൈപ്പ് നന്നാക്കി പുഴയില്‍ നിന്ന് ഒരു നായകനെ പോലെ പൊന്തി വന്നു ഗണേശേട്ടന്‍ തിരിച്ചു കരയിലേക്ക് നീന്തി വരും. അന്ന് അങ്ങനെ പെരിങ്ങീലില്‍ നല്ല വെള്ളത്തില്‍ ചോറ് വെക്കും. ചോറ് വെക്കാന്‍ നല്ല വെള്ളം എത്തിച്ചു കൊടുക്കുന്ന ഹീറോസ് പെരിങ്ങീലില്‍ ഉണ്ടാകുന്നത് അങ്ങനെ ആണ്.

ചിലപ്പോഴൊക്കെ ഗണേശേട്ടന്‍ ഞണ്ട് പിടിക്കാന്‍ പോകും. രാവിലെ ഒരു നാല് മണിക്ക് മുമ്പേ ഗണേശേട്ടന്‍ പുഴയിലേക്ക് തോണിയുമായി ഇറങ്ങും. ലോകം ഉറങ്ങുമ്പോള്‍ ഒരു പെട്രോമാക്‌സുമായി ഗണേശേട്ടന്‍ പെരിങ്ങീലിലെ പുഴയില്‍. ഒരു പത്തോ ഇരുപതോ, ഞണ്ട് പിടിക്കുന്ന റിങ്ങുകള്‍ പുഴയില്‍ ഇട്ടു വെക്കും. വല ചേര്‍ത്ത് കെട്ടിവെച്ച വട്ട രൂപത്തിലുള്ള റിങ്ങുകള്‍ ആണ്. കോഴിക്കാലുകള്‍ ആണ് ഞണ്ട് പിടിക്കാനുള്ള ഇര. ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞു തോണി തുഴഞ്ഞു വീണ്ടും പോകും. റിങ്ങുകള്‍ എടുത്തു നോക്കും. ചിലതില്‍ ഞണ്ട് കുടുങ്ങിയിട്ടുണ്ടാകും. ചിലതില്‍ ഇല്ല. ചിലപ്പോള്‍ ഒരു ആയിരം രൂപയ്ക്ക് വരെ ഉള്ള പുഴഞണ്ടുകള്‍ ഗണേശേട്ടന് കിട്ടും. വിറ്റു കഴിഞ്ഞതിന്റെ ഒരു ഭാഗം പെരിങ്ങീലില്‍ നല്ല മുളകിട്ട് കറി വെക്കും.

അന്നത്തെ അവധിക്കാലങ്ങളില്‍ പ്രധാനമായും സിനിമക്ക് പോവുക എന്നതാണ് ഞങ്ങളുടെ ജീവിതം. ഗണേശേട്ടന്‍ ആണ് എന്നെ ചിറക്കല്‍ പ്രകാശ് എന്ന ഒരു ടാക്കീസില്‍ കൊണ്ട് പോയി ആദ്യമായി ഒരു

'എ' പടം കാണിച്ചത്. എന്റെ എസ് എസ് എല്‍ സി കഴിഞ്ഞു നിക്കുന്ന സമയം ആയിരുന്നു. 'ചുവപ്പ് താളം' എന്ന ഒരു സിനിമയാണ് കാണിച്ചു തന്നത്. പിന്നീട് പ്രി ഡിഗ്രീ കാലത്ത് പയ്യന്നൂര് കോളേജില്‍ പഠിക്കുമ്പോള്‍ എ പടം കാണലുകളുടെ പൂരമായിരുന്നു. പയ്യന്നൂര്‍ കോളേജിലെ ഇംഗ്ലീഷ് ക്ലാസ്സിനെക്കാളും ഇംഗ്ളീഷിനോട് അടുപ്പം തോന്നിയത് ശോഭ ടാക്കീസിലെ എ പടങ്ങളിലൂടെയായിരുന്നു. ശോഭാ ടാക്കീസിനു പയ്യന്നൂര് കോളേജിലെ ക്ലാസ് റൂമിനെക്കാളും ജനാധിപത്യവും ഉണ്ടായിരുന്നു. ഒരിക്കല്‍ ഞാനും എന്റെ സുഹൃത്തും ഒരു നൂണ്‍ ഷോ ഇംഗ്ളീഷ് പടം കണ്ടോണ്ടിരിക്കുകയായിരുന്നു. ഇന്‍റര്‍വല്‍ കഴിഞ്ഞപ്പോ 'സീന്‍' ഒക്കെ കഴിഞ്ഞു. അപ്പൊ ഞാന്‍ എന്റെ ചെങ്ങായീനോട് പറന്നു. 'പോകാം'. അപ്പൊ അവന്‍ പറഞ്ഞ മറുപടി കേട്ട് അന്ധാളിച്ചിട്ടുണ്ട്... 'വേണ്ട... കഴിഞ്ഞിട്ട് പോകാം... കഥ മനസ്സിലാക്കണം.'!

അങ്ങനെ കുറേക്കാലം കഴിഞ്ഞു ആദ്യമായി ഒരു ഡോക്യുമെന്റ്ററി ചെയ്യണം എന്ന് തീരുമാനിക്കുന്നത് 2008-ല്‍ ആയിരുന്നു. ഞാനും ഞാന്‍ പഠിപ്പിച്ച എന്റെ കൂട്ടുകാരും കോട്ടക്കീല്‍ എന്ന കടവില്‍ നിന്നും പെരിങ്ങീലിലെക്ക് ഒരു തോണിയില്‍ ക്യാമറയുമായി പോയി. 'അണ്ടര്‍ വേള്‍ഡ് മെമ്മറീസ് ഓഫ് അണ്‍ടച്ചബിള്‍സ്' എന്ന ഞങ്ങളുടെ ആദ്യത്തെ ഡോക്യുമെന്ററി ഷൂട്ട് ചെയ്യാനായിരുന്നു അത്. ഗണേശേട്ടന്‍ ആണ് അന്ന് തോണി തുഴഞ്ഞത്. എന്നെ ജീവിതത്തില്‍, സിനിമയിലേക്ക് നടത്തിക്കൊണ്ട് പോയ ഗണേശേട്ടന്‍ തോണി തുഴയുന്ന ഒരു ഷോട്ട് വെച്ചാണ് ഞങ്ങളുടെ ആദ്യത്തെ ഡോക്യുമെന്ററി സിനിമ ഷൂട്ട് തുടങ്ങിയത്. അതില്‍ ഞങ്ങള്‍ പറഞ്ഞതിങ്ങനെ ആയിരുന്നു. 'കൊട്ടക്കീലെ കടവില്‍ നിന്ന് ഗണേശന്‍ ആണ് ഞങ്ങളെ തോണിയില്‍ പെരിങ്ങീലിലേക്ക് കൊണ്ട് പോയത്'.

2013-ല്‍ ഒരു ആറു വര്‍ഷത്തിനു ശേഷം ഞങ്ങള്‍ വീണ്ടും പേരിങ്ങീലേക്ക് 'ഡോണ്ട് ബി ഔര്‍ ഫാദേഴ്‌സ്', എന്ന മറ്റൊരു ഡോക്യുമെന്ററി ഷൂട്ടിനു പോയി. അതില്‍ ഗണേശേട്ടനെ ഷൂട്ട് ചെയ്യുമ്പോള്‍ അന്ന് വരെ ഗണേശേട്ടനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒക്കെ സ്വരുക്കൂട്ടി വെച്ചാണ് ഞാന്‍ ക്യാമറക്ക് ഷോട്ട് വച്ചത്. ഗണേശേട്ടനെ സ്‌റ്റൈല്‍ ആയി, ആ കറുത്ത ശരീരത്തെ ഹീറോ ആക്കി ഞങ്ങള്‍ പൊളിച്ചു. ഗണേശേട്ടനോട് ഞങ്ങള്‍ ഒരു ചോദ്യം ചോദിച്ചു : 'നിങ്ങള്‍ മുമ്പേ പാര്‍ട്ടി മെമ്പര്‍ ആയിരുന്നില്ലേ?', ഗണേശേട്ടന്‍ : 'അതെ'. പിന്നത്തെ ചോദ്യം ഇതായിരുന്നു: 'ഇപ്പൊ എന്തെ ആകാത്തെ?' ഗണേശേട്ടന്‍: 'ഇപ്പൊ എനിക്ക് ബുദ്ധി വന്നു'. ഡോക്യുമെന്ററി പുറത്തു വന്നു, പിന്നാലെ ഒരു ഇന്ത്യാ വിഷന്‍ വാര്‍ത്തയില്‍ ഗണേശേട്ടനെ കാണിച്ചു. ഗണേശേട്ടന്‍ എന്നെ വിളിച്ചു 'എടാ... രൂപേഷേ... എന്നെ ടി വിയില്‍ കണ്ടിട്ട് എന്റെ പഴേ ഒരു ചെങ്ങായി എന്‍റെ നമ്പര്‍ തപ്പി വിളിച്ചു'. ഞാന്‍ ചോദിച്ചു 'ഡോക്യുമെന്ററി കണ്ടോ? എങ്ങനെ ഉണ്ട്?'. 'കുഴപ്പമില്ല'... അതാണ് ഗണേശേട്ടന്‍. അത്ര പെട്ടെന്നൊന്നും വിട്ടു തരില്ല.

ഗണേശേട്ടന്‍ കൈപ്പാട്ടിലെ ജോലി ചെയ്യുന്ന സമയങ്ങളില്‍ ഞങ്ങള്‍ ശനിയാഴ്ച വരെ കാത്തിരിക്കും. അപ്പോഴാണ് ഗണേശേട്ടന് കൂലി കിട്ടുക. കൂലി കിട്ടിയാല്‍ എന്റെ നിര്‍ബന്ധപ്രകാരം ഞങ്ങള്‍ കൊട്ടിലയിലെക്ക് ഓടും. അവിടെ നിന്ന് നേരുവംപ്രത്തെക്ക് ബസ് പിടിക്കും. നെരുവമ്പ്രം നാഷണല്‍ ടാക്കീസില്‍ സിനിമ കാണാന്‍ പോകാനുള്ള ഓട്ടം ആണത്. അന്ന് ഞങ്ങള്‍ പോയത് കമല്‍ ഹാസ്സനും സില്ക്ക് സ്മിതയും അഭിനയിച്ച 'ശൂര സംഹാരം' എന്ന സിനിമ കാണാന്നായിരുന്നു. സില്ക്ക് സ്മിതയുടെ മുന്നില് ഞങ്ങള്‍ക്ക് കമല്‍ ഹാസന്‍ ഒന്നും അല്ല. സിനിമ തുടങ്ങുന്നതിനു മുമ്പേ എനിക്ക്, കൂലി കിട്ടിയ സന്തോഷത്തിന്, ഗണേശേട്ടന്‍ പൊറോട്ടേം ബീഫും വാങ്ങിച്ചു തരും.

സാധാരണ ഞങ്ങള്‍ സിനിമ കാണുന്നതിനു മുമ്പുള്ള ബീഫ് തീറ്റക്കിടയില്‍ അവിടെ കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ ഏതെങ്കിലും മീറ്റിങ്ങിന്റെ പ്രസംഗം ഉണ്ടാകും. അതില്‍ പൈങ്കിളി വാരികകളെ ബഹിഷ്‌കരിക്കണം എന്നൊക്കെ ആഹ്വാനങ്ങളൊക്കെ ഉണ്ടാകും. അന്ന് ടി വി ഒന്നും ഇല്ലാത്ത കാലത്ത് ഈ പൈങ്കിളി വാരികകള്‍ ആയിരുന്നു പെരിങ്ങീലില്‍ ഉള്ളവരുടെ വായനാശീലം വളര്‍ത്തിയത്. എന്റെയും ഗണേശേട്ടന്റെയും ഒക്കെ കാഴ്ചാശീലം വളര്‍ത്തിയത് നെരുവംബ്രം നാഷണല്‍, പരിയാരം സ്മിത ടാക്കീസും ഒക്കെ ആയിരുന്നു. പ്രശ്‌നത്തില്‍ അകപ്പെട്ടു തളര്‍ന്ന് പോകുന്ന കമല ഹാസനെ, വില്ലന്മാര്‍ അടിച്ചു ഒതുക്കിയ കമല്‍ ഹാസനെ സില്ക്ക് സ്മിത തന്റെ ശരീരവും മനസ്സും കൊണ്ട്, ഒരു പാട്ടും പാടി ഉണര്‍ത്തി നായകനാക്കി, വില്ലന്മാരെ അടിക്കാനായി വിടും. കമല്‍ ഹാസന്‍ വിജയിക്കും. ഫാസ്റ്റ് ഷോ കഴിഞ്ഞാല്‍ പിന്നെ നെരുവമ്പ്രത്ത് നിന്ന് ബസ്സില്ല. ഞങ്ങള്‍ തിരിച്ചു നടക്കും. കൊട്ടില കഴിഞ്ഞു പെരിങ്ങീലേക്ക് ചെമ്മീന്‍ കണ്ടി ഒക്കെ കടന്നു വേണം നടക്കാന്‍. ചില സമയം ഞാനും ഗണേശേട്ടനും രാത്രി വെറുതെ ആ ചെമ്മീന്‍ കണ്ടിയില്‍ ഇങ്ങനെ ഇരിക്കും. അപ്പൊ ഗണേശേട്ടന്‍ പണ്ട് തന്നെ വിട്ടു പോയ അച്ഛനെക്കുറിച്ച് പറയും. അമ്മ വേറെ കല്യാണം കഴിച്ചതിനെക്കുറിച്ച് പറയും. പെരിങ്ങീലിനെക്കുറിച്ച് പറയും. തന്റെ പ്രണയത്തെക്കുറിച്ച് പറയും. അപ്പോള്‍ പുഴയില്‍, തലയില്‍ നക്ഷത്രങ്ങള്‍ തിളയ്ക്കുന്ന മീനുകള്‍ പുളക്കുന്നുണ്ടാകും. വെളിച്ചം വിതറുന്ന കറുത്ത മീനുകള്‍.


Next Story

Related Stories