TopTop
Begin typing your search above and press return to search.

ഓര്‍മകളിലെ ക്രിസ്തുമസ്: 'തിരിച്ചു വരാത്ത ആ കാല'ത്തെകുറിച്ച്‌ ജോര്‍ജ് കള്ളിവയലില്‍

ഓര്‍മകളിലെ ക്രിസ്തുമസ്: തിരിച്ചു വരാത്ത ആ കാലത്തെകുറിച്ച്‌ ജോര്‍ജ് കള്ളിവയലില്‍

ഇന്ന് ക്രിസ്തുമസ്. ലോകമെങ്ങും ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് മുന്നോട്ട് വയ്ക്കുന്നത്. ക്രിസ്തുമതം ലോകമെങ്ങും പടര്‍ന്നതിന് ഒപ്പം തന്നെ അനേകം മാറ്റങ്ങളും ഈ കാലത്തിനിടയില്‍ സംഭവിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവുമാദ്യം ക്രിസ്തുമതം എത്തിയ നാടുകളിലൊന്ന് കൂടിയാണ് നമ്മുടേത്. കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളില്‍ ക്രിസ്തുമതത്തിനും വിശ്വാസികള്‍ക്കും നിര്‍ണായക സ്വാധീനമാണ് എക്കാലവുമുള്ളത്. ഈ ക്രിസ്തുമസ് ദിനത്തില്‍ അഴിമുഖത്തിനൊപ്പം അതിഥിയായി ചേരുകയാണ് ദീപിക ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍. അദ്ദേഹവുമായുള്ള സംസാരം.

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്ക് അടുത്തുള്ള ചേറ്റുതോട് എന്ന കുഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. നാട്ടിലേക്ക് ആകെയുള്ളത് കെ.എം.എസ് എന്ന സ്വകാര്യ ബസ് മാത്രമായിരുന്നു. വൈദ്യുതിയോ ടെലിഫോണ്‍ ബന്ധമോ ടാര്‍ ഇട്ട റോഡോ ഒന്നുമുണ്ടായിരുന്നില്ല. റബര്‍, കാപ്പി, തെങ്ങിന്‍ തോട്ടങ്ങളും നാട്ടുകാരായി കുറച്ചു കുടുംബങ്ങളും മാത്രമായിരുന്നു ആകെ ഉണ്ടായിരുന്നത്. എല്ലാവരും പരസ്പരം അറിയും. നാട്ടിലെ ഓരോ വിവാഹവും മരണവുമൊക്കെ പോലെയുള്ള എല്ലാ ചടങ്ങുകളിലും എല്ലാവരും സംബന്ധിച്ചിരുന്നു. ചേറ്റുതോട് ഫാത്തിമാ മാതാ പള്ളിയായിരുന്നു പ്രധാന സംഗമ കേന്ദ്രം. അതു കൊണ്ടുതന്നെ പ്രധാന ആഘോഷം പലപ്പോഴും ക്രിസ്തുമസ് തന്നെയായിരുന്നു.

ഡിസംബര്‍ ആകുന്നതോടെ ചേറ്റുതോട് എന്ന ഗ്രാമം ഊട്ടിയും കൊടൈക്കാനാലും പോലെ തണുപ്പിന്റേയും കോടമഞ്ഞിന്റേയും പിടിയിലാകും. കേരളത്തിലെ ഏതു ഗ്രാമവും അന്ന് ഇതുപോലെ തന്നെയായിരുന്നിരിക്കണം. കാപ്പി പൂത്തു തുടങ്ങുന്ന കാലം കൂടിയാണിത്. വീടിനോടു ചേര്‍ന്നുള്ള കാപ്പിത്തോട്ടത്തിലെ വെളുത്ത കാപ്പിപ്പൂക്കളെ കണ്ടുണരുന്നത്ര സന്തോഷം ജീവിതത്തില്‍ പിന്നീടൊരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ല. അക്കാലത്ത് എല്ലാ ദിവസവും തോട്ടിലായിരുന്നു കുളി. നല്ല തെളിഞ്ഞ, കൊടും തണുപ്പുള്ള വെള്ളം. ഏതാനും മിനിറ്റ് കണ്ണടച്ചു നിന്നിട്ട് വെള്ളത്തിലേക്ക് ഒറ്റച്ചാട്ടമായിരുന്നു. പിന്നെ മണിക്കൂറുകളോളം വെള്ളത്തില്‍ തന്നെ.

ക്രിസ്തുമസ് തലേന്ന്‍

വീട്ടിലെ ക്രിസ്തുമസ് ആഘോഷമായിരുന്നു ഏറ്റവും സന്തോഷമേറിയത്. ഉണ്ണീശോ പുല്‍ എന്നറിയപ്പെടുന്ന പ്രത്യേക തരം പുല്‍ ഈ സമയത്താണ് ഉണ്ടാകുന്നത്. പുല്‍ക്കൂട് ഒരുക്കുന്നതും ഉണ്ണീശോയെ കിടത്തുന്നതുമെല്ലം ഈ പുല്ലുകൊണ്ടാണ്. ഞാനും തൊട്ടു മുകളിലുള്ള ചേട്ടന്‍ ബാബുവും ഇളയ പെങ്ങന്മാരായ മിനി, അഞ്ജു എന്നിവരുമായിരുന്നു ഇതിന്റെ ചുമതലക്കാര്‍. പുല്‍ക്കൂട് ഉണ്ടാക്കുന്നത് ഞങ്ങള്‍ നാലു പേരായിരുന്നു. കാപ്പിത്തോട്ടത്തിലെ കമ്പുകളായിരുന്നു പുല്‍ക്കൂടിന്റെ നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്നത്. കമുകിന്റെ അലക് കീറി ഉണ്ടാക്കുന്ന വലിയ നക്ഷത്രമായിരുന്നു മറ്റൊരു ആകര്‍ഷണം. ഇതില്‍ നിറമുള്ള കടലാസുകള്‍ ഒട്ടിക്കുകയും അകത്ത് മണ്ണെണ്ണ വിളക്ക് കത്തിച്ചു വയ്ക്കുന്നതും അന്നത്തെ പ്രധാന കാര്യങ്ങളിലൊന്നായിരുന്നു. അന്നൊക്കെ എല്ലാ വീട്ടു മുറ്റങ്ങളിലും നിറയെ മരങ്ങളുമുണ്ടായിരുന്നു. ഈ നക്ഷത്രം അതിലെ ഏറ്റവും പൊക്കമുള്ള മരത്തിലായിരിക്കും സ്ഥാപിക്കുക. ഇതുമൊരു ഭഗീരഥ പ്രയത്‌നം ആയിരുന്നെങ്കിലും വലിയ ആവേശമായിരുന്നു എന്ന് ഇന്ന് ഞാനോര്‍ക്കുന്നു.

ക്രിസ്തുമസിന് ദിവസങ്ങള്‍ക്ക് മുമ്പു തന്നെ അമ്മച്ചി കേക്ക് നിര്‍മാണത്തിനുള്ള ചിട്ടവട്ടങ്ങള്‍ തുടങ്ങും. അവിടെ പഞ്ചസാര പൊടിച്ചു കൊടുക്കുന്നതു മുതല്‍ കേക്കിന്റെ മിക്‌സ് ഇളക്കി കൊടുക്കുന്നതു വരെയുള്ള ജോലികള്‍ ഞങ്ങള്‍ കുട്ടികളെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇന്നത്തെ രീതിയിലുള്ള ഓവന്‍ ഇല്ലാതിരുന്നതിനാല്‍ വിറകടുപ്പില്‍ മുകളില്‍ പാത്രം വച്ച് പ്രത്യേക രീതിയിലായിരുന്നു കേക്ക് ബേക്ക് ചെയ്തിരുന്നത്. അന്നത്തെ കേക്കിന്റെ രുചിയും മണവുമൊക്കെ ഇന്നും മനസിലുണ്ട്. ക്രിസ്തുമസുമായി ബന്ധപ്പെട്ട ഏറ്റവും മധുരിക്കുന്ന മറ്റൊരു ഓര്‍മ എല്ലാവരും ഒത്തൊരുമിച്ചു കൂടുകയും ഒരുമിച്ചുള്ള ഭക്ഷണവുമായിരുന്നു. 25 ദിവസത്തെ നോയമ്പ് കഴിഞ്ഞ് 'പേത്രത്ത' എന്ന പേരില്‍ നോമ്പുവീടല്‍ ക്രിസ്തുമസിന്റെ അന്ന് രാവിലെ തുടങ്ങും. പോത്ത്, പന്നി, കോഴി, ആട് തുടങ്ങി ഇറച്ചി വിഭവങ്ങളായിരുന്നു പേത്രത്തയുടെ പ്രധാന ആകര്‍ഷണം. 25 ദിവസത്തെ മാംസവര്‍ജനത്തിന് ശേഷം ആയതിനാല്‍ ഇതിനൊക്കെ വല്ലാത്ത കൊതിപ്പിക്കുന്ന രുചിയുമായിരുന്നു.

പറമ്പിലെ ജോലിക്കാര്‍ക്കും റബര്‍ എസ്‌റ്റേറ്റിലെ പണിക്കാര്‍ക്കും അയല്‍പ്പക്കക്കാര്‍ക്കും ഒക്കെ അന്ന് ഉച്ചഭക്ഷണം വീട്ടിലാണ്. അതൊരു വല്ലാത്ത തരം ഒത്തുകൂടലാണ്. ജാതിയോ മതമോ ആരും നോക്കിയിരുന്നില്ല. ഞങ്ങള്‍ക്കാര്‍ക്കും ആരുടേയും ജാതി അറിയുക പോലുമില്ലായിരുന്നു. എന്റെ അമ്മച്ചിയെ എല്ലാവരും അമ്മച്ചിയെന്നോ ചിലര്‍ മാത്രം കൊച്ചമ്മയെന്നോ ആണ് വിളിച്ചിരുന്നത്. നാട്ടുകാരായ ആണുങ്ങളെ വിളിച്ച് വൈകുന്നേരം അപ്പന്‍ ചെറുതായി മിനുങ്ങാനുള്ള അവസരമുണ്ടാക്കും. ബ്രാണ്ടിയായിരുന്നു പ്രധാനം. കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതു വരെ ഇതു തന്നെയായിരുന്നു എല്ലാ വര്‍ഷവും.

അപ്പന്‍റെയും അമ്മച്ചിയുടെയും 60-ആം വിവാഹവര്‍ഷികാഘോഷം

ഈ സമയത്താണ് വീട്ടുകാര്‍ ഞങ്ങള്‍ ഒമ്പതു മക്കളുടേയും വിദ്യാഭ്യാസ സൗകര്യത്തെ കരുതി താമസം പാലാ ടൗണിലേക്ക് മാറ്റിയത്. ഇതോടെ നാട്ടുമ്പുറത്തെ രീതികള്‍ക്കും മാറ്റമായി. അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ആയിരുന്നു പ്രീഡിഗ്രി പഠനം. ജീവിതത്തില്‍ ആദ്യമായി പാന്റ്‌സ് ധരിച്ചു തുടങ്ങിയത് ഈ കാലത്താണ്. മൂത്ത രണ്ടു ചേട്ടന്മാര്‍ അരുവിത്തുറ കോളേജില്‍ ചെയര്‍മാന്‍മാരും മറ്റു രണ്ടു ചേട്ടന്മാര്‍ കൗണ്‍സിലര്‍മാരും ആയിരുന്നതിനാല്‍ ചില്ലറ രാഷ്ട്രീയ താത്പര്യം എനിക്കുമുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ ആയിരുന്നതിനാല്‍ തൊട്ടു മൂത്ത രണ്ടു ചേട്ടന്മാരുടെ പാതയില്‍ ഞാനും വിദ്യാര്‍ഥി ജനതയുടെ നേതാവായി. കോളേജ് യൂണിറ്റിന്റെ പ്രസിഡന്റായിരുന്നു ഞാന്‍. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് വിദ്യാര്‍ഥി ജനത പിളര്‍ന്നതിനെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനാര്‍ഥി പദവിയില്‍ നിന്ന് ഞാന്‍ പിന്മാറി. ചിക്കന്‍പോക്‌സ് പിടിച്ച് വീട്ടില്‍ വിശ്രമത്തിലായിരുന്ന എന്റെ സുഹൃത്തിനെ പകരനാക്കി മത്സരിപ്പിച്ചു. 10-ല്‍ താഴെ വോട്ടിനായിരുന്നു പരാജയം. അന്ന് മത്സരിക്കാതിരുന്നതിന് എന്റെ കൂട്ടുകാരെല്ലാം ചൂടായതും മറക്കാനാവില്ല.

നാട്ടിന്‍പുറത്തെ ജീവിത രീതികളില്‍ നിന്നുള്ള മാറ്റം കോളേജ് ജീവിതത്തോടെ കൂടുതല്‍ പ്രകടമായി തുടങ്ങി. ഇതിന് ആക്കം കൂട്ടിയത് പാലാ സെന്റ് തോമസ് കോളേജിലെ ഡിഗ്രി പഠനമാണ്. മൂത്ത ചേട്ടന്റെ പാതയില്‍ എന്നെയും ഡോക്ടറാക്കാനായിരുന്നു വീട്ടുകാരുടെ തീരുമാനം. എനിക്കാകട്ടെ പത്രപ്രവര്‍ത്തനമായിരുന്നു താത്പര്യം. അതിനാല്‍ ഡിഗ്രിക്ക് ഞാന്‍ ഇംഗ്ലീഷ് മാത്രമായിരുന്നു അപേക്ഷിച്ചതും. പക്ഷേ അപ്പന്റെ സുഹൃത്തായിരുന്ന പ്രിന്‍സിപ്പാള്‍ പി.എം ചാക്കോ സാര്‍ ഇക്കാര്യം വീട്ടില്‍ അറിയിച്ചു. ഫലം എനിക്ക് ബോട്ടണിക്ക് ചേരേണ്ടി വന്നു. ഇതിനിടെ, സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിരുന്ന എം.ബി.ബി.എസ് ക്വോട്ട നിര്‍ത്തലാക്കി. ഇതിനെതിരെ സമരരംഗത്തിറങ്ങാന്‍ ഞാന്‍ നേതൃത്വം നല്‍കി. എറണാകുളത്തും കോട്ടയത്തും തിരുവനന്തപുരത്തുമൊക്കെയുള്ള കോളേജുകളില്‍ ചെന്ന് പ്രസംഗിക്കുകയും സംസ്ഥാന സമരസമിതി രൂപീകരിക്കുകയും ചെയ്തു. എറണാകുളത്ത് മാസ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ സമര സമിതിയുടെ സംസ്ഥാന കണ്‍വീനറായി എന്നെ തെരഞ്ഞെടുത്തതും ഓര്‍ക്കുന്നു. ഈ സമരം എന്റെ ജീവിത വഴികളേയും മാറ്റി മറിച്ചു. ചരിത്രത്തിലാദ്യമായി കോളേജ് പ്രിന്‍സിപ്പാളിന്റെയും അധ്യാപകരുടേയും രക്ഷാകര്‍ത്താക്കളുടേയും പിന്തുണയോടെ പാലാ കോളേജ് ഓഡിറ്റോറിയത്തില്‍ സമര പ്രഖ്യാപന സമ്മേളനം നടന്നു. അന്നത്തെ ദീപിക അടക്കമുള്ള പത്രങ്ങളില്‍ ഇത് 'ബോക്‌സ്' വാര്‍ത്തയുമായി. പഠനം സയന്‍സ് ആയിരുന്നെങ്കിലും സമരവീര്യം കേറിയതോടെ മനസില്‍ നിന്ന് സയന്‍സ് ഇറങ്ങിപ്പോയി. ഒടുവില്‍ ആ ഓട്ടം അവസാനിച്ചത് എം.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഠനത്തിന് ചേര്‍ന്നതോടെയാണ്.

എം.എ കഴിഞ്ഞതോടെ ആകെ ഒരേയൊരു ജോലിക്കാണ് അപേക്ഷിച്ചത്. ദീപികയില്‍ പത്രപ്രവര്‍ത്തനം. എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും മുന്നിലെത്തി. അന്നാരംഭിച്ച ദീപികയുമായുള്ള ബന്ധം കാല്‍ നൂറ്റാണ്ടിനു ശേഷവും അതേ ഊഷ്മളതയോടെ നിലനില്‍ക്കുന്നു. കാലം ഒരുപാടു മാറി. കുടുംബ ബന്ധങ്ങളും പാരമ്പര്യ രീതികളും സൗഹൃദങ്ങളുമൊക്കെ പുതിയ മേച്ചില്‍പ്പുറങ്ങളിലെത്തി. ക്രിസ്തുമസ് ആഘോഷത്തിലെ മാറ്റങ്ങളും സ്വാഭാവികമെന്നോണം മാറി. അഞ്ചു ഭൂഖണ്ഡങ്ങളിലെയും ഒട്ടുമിക്ക രാജ്യങ്ങളിലേയും ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ കോടികള്‍ ചെലവഴിച്ചുള്ള ഇത്തരം ആഘോഷങ്ങളേക്കാള്‍ മനസുകൊണ്ട് ഞാന്‍ ഇന്നും അടുത്തു നില്‍ക്കുന്നതും കൊതിക്കുന്നതും ചേറ്റുതോട്ടെ ആ കുട്ടിക്കാല ക്രിസ്തുമസ് കാലമാണ്. ഇത്തവണത്തെ ക്രിസ്തുമസ് ഭാര്യ സിന്ധുവിനും ആണ്‍മക്കളായ അവിരാച്ചനും ചാക്കോച്ചനും അന്തോനിച്ചനും ഒപ്പം ഡല്‍ഹിയിലെ വീട്ടിലാണ്. ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ അവിരാച്ചന് അവന്‍ പഠിച്ചു വളര്‍ന്ന ഡല്‍ഹിയില്‍ വരണമെന്നതു കൊണ്ടാണ് ഇത്തവണ ക്രിസ്തുമസ് ഇവിടെ തന്നെയാക്കിയത്.

കഴിഞ്ഞ ഓണക്കാലത്ത്

ക്രിസ്തുമസിന്റെ ഒരുക്കങ്ങള്‍ മുതല്‍ എല്ലാം നാമറിയാതെ കച്ചവടവത്ക്കരണത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സദര്‍ബസാറില്‍ പോയി എന്നെക്കാളും പൊക്കമുള്ള പ്ലാസ്റ്റിക് ക്രിസ്തുമസ് ട്രീയും അലങ്കാര വിളക്കുകളും നക്ഷത്രവുമൊക്കെ വാങ്ങി. മന്ത്രിമാര്‍ മുതല്‍ ബിഷപ്പുമാര്‍ വരെ കൊടുത്തയച്ച ബ്രാന്‍ഡഡ് കേക്കുകള്‍ ധാരാളം കിട്ടി. പക്ഷേ ഭാര്യ സിന്ധു പതിവ് തെറ്റിക്കാതെ വീട്ടില്‍ സ്വന്തം നിലയില്‍ കേക്കുകള്‍ ഉണ്ടാക്കിയത് വലിയ സന്തോഷമായി. ഒരുമാസം മുമ്പേ ഡ്രൈ ഫ്രൂട്ട്‌സ് റമ്മില്‍ മുക്കി വച്ചാണ് കേക്ക് നിര്‍മാണത്തിന് ഒരുക്കം തുടങ്ങിയത്. വീട്ടില്‍ ഭാര്യ ഉണ്ടാക്കിയ ഈ കേക്ക് വളരെ അടുപ്പമുള്ളവര്‍ക്കും അയല്‍പ്പക്കക്കാര്‍ക്കും കൊടുത്തു. ക്രിസ്തുമസ് ആയാലും ഓണമായാലും സിന്ധുവിന്റെ കൈസ്പര്‍ശമുള്ള നാടന്‍ ഭക്ഷണം തന്നെയാണ് ഇന്നും ഞങ്ങളുടെ വീട്ടിലെ ഏറ്റവും വലിയ ആഘോഷം. നഗര ജീവിതത്തില്‍ ചില രീതിയിലെങ്കിലും ആഘോഷങ്ങള്‍ ആഡംബരമാകാറുണ്ട്. പക്ഷേ, അങ്ങനെയൊക്കെ ചെയ്യുമ്പോഴും എല്ലാ മനുഷ്യരേയും ഒരുപോലെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ ആഘോഷങ്ങള്‍ നിരര്‍ഥകമാണ്.

ഈ ക്രിസ്തുമസ് കാലത്ത് യേശുക്രിസ്തുവിന്റെ യഥാര്‍ഥ സന്ദേശം ഉള്‍ക്കൊള്ളുക എന്നതാണ് പ്രധാനം. പ്രത്യേകിച്ച് പാവപ്പെട്ടവരെ ഒപ്പത്തിനൊപ്പം കണക്കാക്കാനും അവരെ അറിഞ്ഞ് സഹായിക്കാനും നമുക്ക് കഴിയണം. ക്രിസ്തുമസ് കാലത്ത് നാട്ടില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് ആരുമറിയാതെ പണവും ഭക്ഷണവും എത്തിച്ചു കൊടുക്കുക എന്നതായിരുന്നു ഞങ്ങളുടെയൊക്കെ കുടുംബത്തിലെ പഴയ ആചാരം. ആര്‍ക്കു കൊടുക്കുന്നു എന്ന് അടുത്ത വീട്ടുകാരോടു പോലും പറയരുതെന്ന് ഇപ്പോള്‍ 90-ലേക്ക് കടന്ന എന്റെ അപ്പന്‍ അവിരാച്ചന്‍ പറയാറുള്ളത് ഞാനിപ്പോഴും ഓര്‍ക്കും. ആരെയൊക്കെ അപ്പന്‍ സഹായിക്കുന്നു എന്ന കാര്യം ഇന്നും വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമ്മച്ചിയോ ഞങ്ങള്‍ ഒമ്പതു മക്കളും അറിയാറ്. അറിയാത്ത കാര്യങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് അടുത്തിടെ അപ്പന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ മനസിലായി. വര്‍ഷങ്ങളായി പഠനത്തിന് സഹായിച്ചിരുന്ന ഒരു കുട്ടി അപ്പനെ കാണാന്‍ ആശുപത്രിയില്‍ വന്നപ്പോഴായിരുന്നു അത്. ഇതുപോലെ അനേകം അനുഭവങ്ങളിലൂടെ കടന്നു വന്നവരാണ് പഴമക്കാര്‍. അവര്‍ക്ക് ഇല്ലെങ്കിലും അന്യരുടെ ഇല്ലായ്മകളെ സഹായിക്കുക എന്ന വലിയ ദൗത്യം ഒട്ടുമിക്കവരും പാലിച്ചിരുന്നു. ക്രിസ്തുമസ് എന്നാല്‍ മറ്റുള്ളവരുടെ സന്തോഷവും സമാധാനവുമാകണം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഓരോ വാക്കുകളും ലോകത്തിനാകെ പുതിയ വെളിച്ചം ആകുന്നത് അദ്ദേഹത്തിന്റെ എളിമ കൊണ്ടു മാത്രമല്ല. മറിച്ച് പറയുന്ന ഓരോ കാര്യങ്ങളും പ്രവര്‍ത്തിയില്‍ കൊണ്ടുവരാനും അവയൊക്കെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുമാണ് എന്നതുകൊണ്ടു കൂടിയാണ്. കത്തോലിക്കാ സഭയിലെ മെത്രാന്മാരും വൈദികരും കന്യാസ്ത്രീകളും അല്‍മായരും ഒക്കെ ലളിത ജീവിതം പാലിക്കണമെന്നും പാവപ്പെട്ടവരോട് കരുണ കാണിക്കണമെന്ന് മാര്‍പ്പാപ്പ എടുത്തു പറയുന്നതു തന്നെയാണ് ഇത്തവണത്തെ നമ്മുടെ ക്രിസ്തുമസിനെ മഹത്തരമാക്കുന്നത്. ഇപ്പോഴത്തെ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ പറഞ്ഞതു പോലെ എല്ലാവരേയും ഒരുപോലെ സ്‌നേഹിക്കുക എന്ന ക്രിസ്തുവിന്റെ ആഹ്വാനമാണ് ഇന്ത്യയുടെ മതേതര സ്വഭാവത്തിന്റെയും അടിസ്ഥാനം. ജാതിയും മതവുമല്ല, മനുഷ്യനാണ് ദൈവത്തിന് പ്രധാനം.

Next Story

Related Stories