TopTop
Begin typing your search above and press return to search.

ചേത്ത് പിടിക്കാനാവാത്ത ഒരു ഭാരതരത്‌ന

ചേത്ത് പിടിക്കാനാവാത്ത ഒരു ഭാരതരത്‌ന

പുതിയമാധവി

തന്റെ 24 വര്‍ഷത്തെ കായിക ജീവിതം മതിയാക്കിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് അന്നേ ദിവസം തന്നെ രാജ്യം പരമോന്നത ബഹുമതി 'ഭാരത രത്‌ന' നല്കി ആദരിച്ചു. ഇനി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വെറും ലിറ്റില്‍ മാസ്‌റര്‍ സച്ചിന്‍ അല്ല, ഭാരതരത്‌ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ്. പക്ഷെ സച്ചിന്‍, ഇതിന്റെ ഒക്കെ പിന്നിലെ ചില കാഴ്ചയിലേക്ക് മുഖം തിരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്ന ചിലതുകൂടിയുണ്ട്.

ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും കളിയേക്കുറിച്ചും പത്രങ്ങളും മറ്റു മാധ്യമങ്ങളും പേജ് കണക്കിനും മണിക്കൂറ് കണക്കിനും വിശദമായി പറഞ്ഞെതെല്ലാം ഇവിടെ ആവര്‍ത്തിക്കാനല്ല ഞാന്‍ ഉദേശിക്കുന്നത് പക്ഷെ, ഒരുപാട് പരസ്യ ചിത്രങ്ങളില്‍ നിന്നും സച്ചിന്‍ സമ്പാദിച്ച പല കോടികളുടെ കണക്കുകള്‍ക്കപ്പുറം ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ താങ്കളെ ഒരു ക്രിക്കറ്റ് കളിക്കാരനായി കണ്ടപ്പോഴും 'ഞാന്‍ ഒരു പരസ്യ ചിത്ര മോഡല്‍' എന്ന് താങ്കളെക്കുറിച്ച് സ്വയം പറഞ്ഞത് ഓര്‍മ്മയുണ്ടോ? ഇപ്പോഴും ആ പറഞ്ഞതിന്റെ രേഖകള്‍ സര്‍ക്കാരിന്റെ ആദായനികുതി വകുപ്പിലുണ്ട്.

2001, 2002, 2003, 2004 വര്‍ഷങ്ങളിലെ താങ്കളുടെ ആദായനികുതി ഫയലുകളെ ഒന്നു എടുത്തു മറിച്ചു നോക്കൂ. ESPN, STAR SPORTS, PEPSICO, VISA, REEBOK (ഇനിയും എത്രയോ വിദേശ കോര്‍പറേറ്റ് കമ്പനികള്‍) തുടങ്ങിയ കമ്പനികളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനു (അഭിനയിച്ചു എന്ന് പറയുന്നത് വലിയ അപരാധമാണ്) തങ്കള്‍ക്ക് കിട്ടിയ വരുമാനം Rs. 5,92,31,211/-( ഇത് രേഖയില്‍ ഉള്ള കണക്ക് ). ഈ വരുമാനത്തിനു താങ്കള്‍ സര്‍ക്കാരിലേക്ക് അടക്കേണ്ട തുക Rs 2,08,59,707. പക്ഷെ താങ്കള്‍ നികുതി അടയ്ക്കാന്‍ വിസമ്മതിച്ചു എന്നുമാത്രമല്ല ഉദ്യോഗസ്ഥന്മാരോട് തര്‍ക്കിക്കുകയും ചെയ്തു. അന്ന് പറഞ്ഞതാണ് നേരത്ത പറഞ്ഞ വാചകങ്ങള്‍. അതായത് 'എന്റെ തൊഴില്‍ മോഡലിംഗ്' ആണെന്ന്.

അതായത് സര്‍ക്കാരിന് കൊടുക്കേണ്ട നികുതി കൊടുക്കാതെ അതും, ഒരു വിധ ഇളവും കിട്ടാന്‍ വകയില്ലാത്ത മോഡലിംഗിന് വേണ്ടി തൊണ്ട പൊട്ടി താങ്കള്‍ വാദിച്ചു സച്ചിന്‍. താങ്കളുടെ വാദം അനുസരിച്ച് തൊഴില്‍ അഭിനയം. താങ്കള്‍ ഒരു നടന്‍. അഭിനയിച്ചു വരുന്ന പണം തന്നയാണ് നിങ്ങളുടെ പ്രധാന വരുമാനം എന്ന് നിങ്ങള്‍ ഉദ്യോഗസ്ഥരോട് രേഖാമൂലം അറിയിച്ചുവല്ലോ. ക്രിക്കറ്റ് കളിച്ചു വരുന്ന പണം മറ്റു വരുമാനങ്ങളില്‍ (Income from other sources)പെടും എന്നും താങ്കള്‍ പറഞ്ഞു. He is a popular model & acts in various products of various companies എന്ന് താങ്കളുടെ വരുമാന കണക്ക് ഉപദേഷ്ടാക്കളും ഘോരം ഘോരം വാദിച്ചിരുന്നു അന്ന്.

താങ്കള്‍ ക്രിക്കറ്റ് കളിക്കാരന്‍ എന്നത് കൊണ്ട് മാത്രമാണ് തങ്ങളുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ക്ഷണിച്ചത് എന്നത് എല്ലാവര്‍ക്കും അറിയാം. അല്ലാതെ താങ്കള്‍ ഒരു പ്രശസ്ത സൂപ്പര്‍ മോഡല്‍ ആയതു കൊണ്ടല്ല. ഈ കാര്യങ്ങള്‍ താങ്കള്‍ക്ക് പറഞ്ഞു മനസ്സിലാക്കി തരാന്‍ ഇതേ വരുമാന നികുതി ഉദ്യോഗസ്ഥര്‍ തന്നെ വേണ്ടി വന്നു അല്ലേ ? എന്തുകൊണ്ട് ഇങ്ങനെ ഒക്കെ സംഭവിച്ചു സച്ചിന്‍? ക്രിക്കറ്റ് നിങ്ങളുടെ പ്രാണനാണെങ്കില്‍ അതാണ് താങ്കളുടെ വ്യക്തിത്വം എങ്കില്‍, വരുമാന നികുതി കാര്യം വന്നപ്പോള്‍ എങ്ങനെ/എന്തിനു അതിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കളഞ്ഞു? അതിനു ശേഷവും നികുതി ഇളവു കിട്ടാന്‍ താങ്കള്‍ ചെയ്തത് എന്തൊക്കെയാണ് സച്ചിന്‍?

Rs. 57,969/- താങ്കളുടെ ജോലിക്കാരുടെ ക്ഷേമ നിധി

Rs. 50,000/- ഫോണ് ചെലവ്

Rs.1,42,824/- താങ്കളുടെ കാര്‍ ചെലവ്

ഈ കാര്യങ്ങള്‍ക്ക് പോലും നികുതി ഇളവു കിട്ടാന്‍ തര്‍ക്കിച്ചിരുന്നു. ഇതൊക്കെ താങ്കളുടെ കുടുംബ ചെലവ് എന്ന് വളരെ കര്‍ശനമായി വരുമാന നികുതി ഡിപാര്‍ട്ട്‌മെന്റ് പറഞ്ഞത് ഓര്‍മ്മയുണ്ടാകുമെല്ലോ?

ശരി, അതൊക്കെ പോകട്ടെ! നിങ്ങള്‍ക്ക് സമ്മാനമായി കിട്ടിയ ഫെരാരി കാറിന് നികുതി അടക്കാന്‍ നിങ്ങള്‍ വിസമ്മതിച്ചില്ലേ! അന്ന് എത്ര മാത്രം ദേഷ്യത്തോടെ ആണ് താങ്കള്‍ മാധ്യമങ്ങളുടെ നേരെ ചാടിയത്. പിന്നീട് താങ്കള്‍ക്ക് ആ വിലക്കൂടിയ കാര്‍ സമ്മാനിച്ച ഫിയറ്റ് തന്നെ ആ നികുതിയും കെട്ടേണ്ടി വന്നു.

ശരി, ഗിഫ്റ്റ് കിട്ടിയ കാറിനു നികുതി അടയ്ക്കുന്നത് ശരിയല്ല എന്ന് തന്നെ കരുതിയാലും ആ കാര്‍ ഗുജറാത്ത് വ്യാപാരിക്ക് വിറ്റ് കിട്ടിയ പണം ഏതു കണക്കില്‍പ്പെടുത്തി എങ്ങനെ ഒതുക്കി സച്ചിന്‍?

നല്ല പൗരന്‍ നികുതി അടയ്ക്കണം എന്നും സര്‍ക്കാരിനെ വഞ്ചിക്കരുതെന്നും സമയനിഷ്ഠ പാലിക്കണം എന്നുമൊക്കെ ഞങ്ങളോട് നിരന്തരം പറയുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ആണ് താങ്കള്‍ക്ക് ഭാരതരത്‌ന സമ്മാനിച്ചത് എന്നത് അതിശയിപ്പിക്കുന്നു.

സഹാറയുടെ ക്യൂ ഷോപ്പ് പരസ്യത്തില്‍ താങ്കളും ഉണ്ടായിരുന്നു. സെഫി ആ സ്ഥാപനത്തെ സംശയിച്ചു, ആരും അതില്‍ നിക്ഷേപിക്കരുത് എന്ന് വിലക്കിയപ്പോഴും താങ്കളുടെ പരസ്യങ്ങള്‍ ഓടുന്നുണ്ടായിരുന്നു. ഒരു പ്രാവശ്യം പോലും അതിനെക്കുറിച്ച് താങ്കള്‍ ഖേദം പ്രകടിപ്പിച്ചില്ല. അത് മാത്രമാണോ സച്ചിന്‍, ഹോം ട്രേഡ് പരസ്യത്തില്‍ താങ്കളെ കണ്ടതുകൊണ്ട് വീട് വാങ്ങാന്‍ തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ച്, വീടും കിട്ടാതെ പൈസയും കിട്ടാതെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നവരെ കുറിച്ച് എന്നെങ്കിലും ഓര്‍ത്തിട്ടുണ്ടോ? അവരുടെ വേദനയെ കുറിച്ച് അറിഞ്ഞിരുന്നോ സച്ചിന്‍?

താങ്കള്‍ നന്നായി കളിച്ചിട്ടുണ്ടെങ്കില്‍ അതിനു തക്ക പ്രതിഫലവും അതിലും കൂടുതലും താങ്കള്‍ക്ക് തന്നിട്ടുണ്ട്. ക്രിക്കറ്റ് വ്യാപാരത്തില്‍ താങ്കള്‍ നടത്തിയ ജൈത്രയാത്ര പോലെ ആര്‍ക്കും തന്നെ അങ്ങനെ പറക്കാന്‍ പറ്റിയേക്കില്ല. സാഹചര്യങ്ങളും സമ്പത്തും താങ്കളുടെ മുറ്റത്ത് കെട്ടിക്കിടന്നതുപോലെ ഇനി ആര്‍ക്കും കിട്ടാന്‍ വഴിയില്ല. താങ്കള്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു എന്നാണു എല്ലാരും പറയുന്നത്. താങ്കളും അങ്ങനെ തന്നെയാണ് പറയുന്നത്. പക്ഷെ താങ്കളുടെ ഷര്‍ട്ടിന്റെ കോളര്‍ തൊട്ട് കൈ, കാല്‍, ബാഗ് എന്ന് വേണ്ട ശരീരം മുഴുവനും കോര്‍പ്പറേറ്റ് കമ്പനികളുടെ പേര് ചുമന്നാണല്ലോ കളിച്ചുകൊണ്ടിരുന്നത്.

ഇതൊന്നും വലിയ കുറ്റമല്ല എന്നാണോ പറയാന്‍ വരുന്നത് സച്ചിന്‍? ശരിയാണ്. താങ്കള്‍ വെറും ക്രിക്കറ്റ് കളിക്കാരനായി ഇരിക്കുംവരെ, ക്രിക്കറ്റിന്റെ അടയാളമായി ജീവിക്കുംവരെ താങ്കളും പരസ്യ ലോകത്തിന്റെ അംഗമാണ്. പക്ഷെ സച്ചിന്‍, ഇനി പറയൂ... ലോകം വിസ്മയത്തോടെ മാത്രം കണ്ടിട്ടുള്ള മദര്‍ തെരേസയ്ക്കും, നെല്‍സണ്‍ മണ്ടെലയ്ക്കും, സി വി രാമനും, എസ്. രാധാകൃഷണനും, നെഹ്‌റുവിനും, അമ്പെദ്ക്കറിനും ഒക്കെ നല്‍ക്കിയ ഈ പുരസ്‌കാരം ഞങ്ങള്‍ക്ക് മനസ്സുകൊണ്ട് എങ്ങനെയാണ് താങ്കള്‍ക്കൊപ്പം ചേര്‍ത്ത് വയ്ക്കാനാകുന്നത്?

(മുംബൈയില്‍ താമസിക്കുന്ന പ്രമുഖ തമിഴ് എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമാണ് പുതിയമാധവി).

Next Story

Related Stories