TopTop
Begin typing your search above and press return to search.

തെറ്റും ശരിയും നിങ്ങളുടേത് മാത്രമല്ല: അഞ്ജലി ഗോപാലന്‍

തെറ്റും ശരിയും നിങ്ങളുടേത് മാത്രമല്ല: അഞ്ജലി ഗോപാലന്‍

എയിഡ്സിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രധാന സന്നദ്ധ സംഘടനകളില്‍ ഒന്നായ നാസ് ഫൌണ്ടേഷന്‍റെ ഹര്‍ജിയിലാണ് 2009-ല്‍ ഡല്‍ഹി ഹൈക്കോടതി സ്വര്‍ഗരതി നിയമാനുസൃതമാക്കിക്കൊണ്ടുള്ള നിര്‍ണായക വിധി പ്രഖ്യാപിച്ചത്. നാസിന്റെ സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അഞ്ജലി ഗോപാലന്‍ അഴിമുഖവുമായി സംസാരിക്കുന്നു.

ചോ: കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായുള്ള നിയമയുദ്ധമാണിത്. 2009-ലെ ഡല്‍ഹി ഹൈക്കോടതി വിധിയിലൂടെ LGBT സമൂഹം വിജയം നേടിയതുമാണ്‌. എന്നാല്‍ സുപ്രീംകോടതി വിധി വീണ്ടും സ്ഥിതി പഴയതു പോലെയാക്കിയില്ലേ?

ഉ: നമ്മള്‍ പഴയ അവസ്ഥയിലായി എന്നത് ദുഃഖകരമാണ്. ഭരണഘടനാപരമായിത്തന്നെ നേടിയെടുത്തതാണ് ആ ഹൈക്കോടതിവിധി. അതിനുശേഷം ഒരുപാട് യുവാക്കള്‍ സ്വന്തം ലൈംഗികതയെപ്പറ്റി തുറന്നുസംസാരിക്കാന്‍ ധൈര്യം കാണിച്ചു. അതിനുശേഷമാണ് ഇത് സംഭവിച്ചത്. നാലുവര്‍ഷം കഴിഞ്ഞ് സുപ്രീംകോടതി വന്നുപറയുകയാണ്‌, ക്ഷമിക്കൂ, തിരികെ ഒളിക്കൂ, നിങ്ങള്‍ വീണ്ടും കുറ്റവാളിയായിരിക്കുന്നു എന്ന്. ഒരുപാട് ആളുകളുടെ ജീവിതത്തില്‍ ഈ വിധിക്ക് വളരെ മാരകമായ ഫലങ്ങളാണുള്ളത്. അതിനോടൊപ്പം അത്രയധികം സ്വവര്‍ഗാനുരാഗികള്‍ ഇല്ല എന്നൊക്കെ പറഞ്ഞുകളയുക, അത്രയധികം ആളുകള്‍ ഇല്ലെങ്കില്‍ അവര്‍ ജീവിക്കേണ്ട എന്നാണോ? അതാണോ അവര്‍ പറയാന്‍ ശ്രമിക്കുന്നത്? ഉന്നതാധികാരങ്ങളുള്ള ഒരു കോടതി ഈ കാലത്ത് ഇങ്ങനെയൊരു നിലപാടെടുക്കുന്നു എന്നത് ദുഃഖകരമാണ്.

ചോ: പീഡനങ്ങളെപ്പറ്റിയുള്ള നിങ്ങളുടെ വാദത്തില്‍ കഴമ്പില്ല എന്നും ഇക്കാലയളവില്‍ ഇരുനൂറില്‍ താഴെ പോലീസ് കേസുകളെ സംഭവിച്ചിട്ടുള്ളൂ എന്നും സുപ്രീം കോടതി പറയുന്നു.

ഉ: ഇരുനൂറു കേസുകള്‍ ഉണ്ട് എന്നത് ഒരു പ്രശ്നമല്ലേ? പരസ്പരസമ്മതത്തോടെയുള്ള മുതിര്‍ന്നവരെപ്പറ്റിയാണ് നമ്മള്‍ സംസാരിക്കുന്നത്, അല്ലാതെ ബലാത്സംഗത്തെപ്പറ്റിയല്ല. സ്വവര്‍ഗരതിയെ ബാലവേഴ്ചയുമായാണ് ആളുകള്‍ താരതമ്യപ്പെടുത്താറുള്ളത്. ആളുകളുടെ മനസ്സില്‍ എവിടെയോ ഇങ്ങനെയൊരു ചിത്രമുണ്ട്. ബാലവേഴ്ചയുണ്ട്, എന്നാല്‍ അത് കൂടുതലായി നടക്കുന്നത് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ആണുങ്ങള്‍ കാരണമാണ്. സ്വവര്‍ഗാനുരാഗികള്‍ ചെറിയ ആണ്‍കുട്ടികളെ പീടിപ്പിക്കുന്നില്ല എന്നുമല്ല ഞാന്‍ പറയുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നത് എല്ലായിടത്തും ഒരേപോലെ സംഭവിക്കുന്നുണ്ട് എന്നുമാത്രമാണ് ഞാന്‍ പറയുന്നത്. സ്വവര്‍ഗരതിയെ അംഗീകരിച്ചാല്‍ എല്ലാവരും സ്വവര്‍ഗരതിക്കാരാവും എന്നതാണ് ആളുകളില്‍ നിന്ന് തുടരെ കേള്‍ക്കുന്ന മറ്റൊരു വാദം. നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ഒന്നിനെ എങ്ങനെ സമീപിക്കണം എന്ന പേടിയില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങളുണ്ടാകുന്നത്. ലോകത്തിന്റെ ഭൂരിഭാഗവും സ്വവര്‍ഗഭോഗികളാണ് എന്നാണോ അതിന്റെ അര്‍ഥം? ഇതൊരു വല്ലാത്ത പേടിയാണ്. ജനസംഖ്യക്ക് എന്തുസംഭവിക്കും എന്നൊക്കെ പേടിക്കുന്നവരുണ്ട്. അതോക്കെയാണോ നമ്മള്‍ പേടിക്കേണ്ട വിഷയങ്ങള്‍?

ചോ: LGBT സമൂഹത്തിന് നേരെ ഒരുപാട് മുന്‍വിധികള്‍ ആളുകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്.

ഉ: ആളുകള്‍ക്ക് എന്തും ചിന്തിക്കാനുള്ള അവകാശമുണ്ട്‌. അതിനെപ്പറ്റിയല്ല എന്റെ ചിന്ത. അതാണ്‌ ശരിയെന്നു തോന്നുന്നതെങ്കില്‍ അങ്ങനെ ചെയ്യൂ. എന്താണ് ശരി എന്താണ് തെറ്റ് എന്നുള്ള നിങ്ങളുടെ ബോധത്തെ ആരും എടുത്തുമാറ്റാന്‍ പോകുന്നില്ല. എന്നാല്‍ ഇതൊരു സെക്കുലര്‍ രാഷ്ട്രമാണ്. ഇതൊരു ഹിന്ദുരാജ്യമോ ക്രിസ്ത്യന്‍ രാജ്യമോ മുസ്ലിം രാജ്യമോ അല്ല. നിങ്ങള്‍ ഒരു സെക്കുലര്‍ രാജ്യത്താണ് ജീവിക്കുന്നതെങ്കില്‍ എല്ലാവര്ക്കും തുല്യമായുള്ള അവകാശങ്ങള്‍ നമ്മള്‍ അംഗീകരിക്കുകയും വേണം. അത്രയേ ഉള്ളൂ. സ്വവര്‍ഗരതിയോ സ്വവര്‍ഗാനുരാഗികളെയൊ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ സ്വന്തം ഇടങ്ങളിലിരുന്നു അവരോടുള്ള അനിഷ്ടം കാണിച്ചോളൂ. അത് പ്രോത്സാഹിപ്പിക്കണമെന്നുമില്ല. അത് പ്രോത്സാഹിപ്പിക്കണം എന്ന് ആരും നിങ്ങളോട് ആവശ്യപ്പെടുന്നില്ല.

ചോ: ആളുകളെ നിങ്ങള്‍ എങ്ങനെ ബോധവല്‍ക്കരിക്കും? എതിര്‍പ്പുകളെ എങ്ങനെ നേരിടും?

ഉ: ആളുകളുമായി ഇടപെട്ടുകൊണ്ടിരിക്കുക എന്നത് വളരെ പ്രധാനമാണ്. ജനാധിപത്യപരമായ ഒരു സമരമാണിത്. ഒരു സമൂഹത്തിനുവേണ്ടി മാത്രമുള്ള ഒരു പോരാട്ടമല്ല. മറ്റൊരു സമൂഹത്തിന് എതിരെയുള്ള പോരാട്ടവുമല്ല. നിങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ പ്രശ്നമാണിത്. നിങ്ങളുടെ സ്വത്വം ഒന്നാണ് എന്നതുകൊണ്ടുമാത്രം കുറ്റവാളിയാകേണ്ടി വരുന്നതിന്റെ പ്രശ്നമാണ്. നിങ്ങള്‍ സ്വവര്‍ഗാനുരാഗിയാണ് എന്നതുകൊണ്ടുമാത്രം നിങ്ങളെ കള്ളന്മാരോടും കൊലപാതകികളോടും ബലാത്സംഗ പ്രതികളോടും ചേര്‍ത്തുവയ്ക്കുന്നതിന്റെ പ്രശ്നമാണ്. മറ്റുള്ളവര്‍ക്ക് സ്വവര്‍ഗാനുരാഗികളോടുള്ള എതിര്‍പ്പിനെ ഞാന്‍ മാനിക്കുന്നു. അവരുടെ നിലപാട് മാറ്റാന്‍ ഞാന്‍ അവരെ നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ നിയമം, തുല്യത എന്നിങ്ങനെയുള്ള വിഷയങ്ങള്‍ വരുമ്പോള്‍ നമ്മള്‍ കുറെകൂടി ശ്രദ്ധ കാണിക്കേണ്ടതുണ്ട്.

ചോ: LGBTക്കെതിരെ പെറ്റിഷന്‍ കൊടുത്തവരുടെ ലിസ്റ്റ് നോക്കിയാല്‍ അതില്‍ ഭൂരിഭാഗവും മതസംഘടനകളോ അവയുമായി ബന്ധപ്പെട്ടവരോ ആണെന്ന് കാണാം.

ഉ: എന്തിനെയാണ് അവര്‍ പേടിക്കുന്നത്? അവരുടെ വിശ്വാസങ്ങളില്‍ തന്നെ അവര്‍ക്ക് ഉറപ്പിലെങ്കില്‍ എനിക്ക് അതില്‍ വിഷമമുണ്ട്. നിങ്ങളുടെ ദൈവത്തിലും നിങ്ങളുടെ വിശ്വാസത്തിലും നിങ്ങള്‍ക്ക് ഉറച്ചുനില്‍ക്കണമെങ്കില്‍ മറ്റുള്ളവരെ പ്രാന്തവല്ക്കരിച്ചേ മതിയാകൂ എന്ന് തോന്നുന്നത് എത്ര കഷ്ടമാണ്? നിങ്ങള്‍ ആത്മപരിശോധന നടത്തൂ എന്നേ എനിക്ക് പറയാനുള്ളൂ. യാതൊരു വിശ്വാസങ്ങളുമില്ലാതെ കൊമ്പും വാലുമായി പെട്ടെന്ന്‍ മുളച്ചുവന്നതല്ല സ്വവര്‍ഗാനുരാഗികള്‍. വ്യത്യസ്തതകളെ ബഹുമാനിക്കാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. അത് പഠിച്ചുതന്നെ നേടേണ്ട ഒരു പെരുമാറ്റമാണ്. ഗര്‍ഭത്തിലുള്ളപ്പോള്‍ മുതല്‍ ആളുകളെ വേര്‍തിരിച്ചുകാണാന്‍ പഠിപ്പിക്കുന്ന ഒരു സംസ്കാരമാണ് നമ്മുടേത്. ഇത് നമ്മുടെ ജനിതകസ്വഭാവം പോലുമാണ്. വേര്‍തിരിച്ചുകാണാനാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്. മറ്റുള്ളവരെ ബഹുമാനിക്കാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ട സമയമാണിത്. വ്യത്യസ്തതകള്‍ സ്വീകരിച്ചുകൊണ്ടുതന്നെ ബഹുമാനിക്കാന്‍ ശീലിച്ചാല്‍ മാത്രമേ നമ്മുടെ ഈ ജീര്‍ണ്ണിച്ച സമൂഹത്തില്‍ നിന്ന് ഒരു മാറ്റമുണ്ടാകൂ.

ചോ: താങ്കള്‍ സംസ്കാരത്തെപ്പറ്റി പറയുന്നു. LGBT വ്യക്തികള്‍ തെറ്റുകാരാണെന്നും സ്വവര്‍ഗരതി അസാധാരണമാണെന്നും പറയാന്‍വേണ്ടി ഇന്ത്യന്‍ സംസ്കാരത്തെ ഉപയോഗിക്കാറുണ്ട്. ഈ വിമര്‍ശനത്തെ എങ്ങനെ നേരിടുന്നു?

ഉ: നമ്മുടെ മിത്തോളജിയില്‍ സ്വവര്‍ഗരതിയെപ്പറ്റിയും സ്വവര്‍ഗജീവിതചര്യകളെപ്പറ്റിയും ഒരുപാട് പ്രതിപാദിക്കുന്നുണ്ട്. ഈ നിയമം 1860ല്‍ ബ്രിട്ടീഷ് കാലത്ത് ഉണ്ടായതാണെന്ന് ഓര്‍ക്കണം. നിയമവശങ്ങള്‍ എല്ലാം ജൂത - ക്രിസ്ത്യന്‍ നിയമപ്രകാരമുള്ളതാണ്. അതിനു ഹിന്ദുത്വവുമായി യാതൊരു ബന്ധവുമില്ല. മഹാഭാരതത്തിലേയ്ക്ക് ഒന്നുതിരിഞ്ഞുനോക്കിയാല്‍ മാത്രം മതിയാകും. അയ്യപ്പന്‍റെ കഥ നോക്കൂ. വാത്സ്യായനനെ നോക്കൂ. ഈ വാദം എവിടെനിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. നിങ്ങള്‍ ഇക്കാര്യമെന്തെങ്കിലും പറഞ്ഞാല്‍ ഈ ഗുരുക്കന്മാര്‍ പറയും ഇതൊന്നും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന്. നിങ്ങള്‍ എന്തുപറഞ്ഞാലും അവര്‍ ഇതുതന്നെ പറയും.

ചോ: സെക്ഷന്‍ 377 തങ്ങളുടെ അഭിമാനവും സ്വകാര്യതയും സകല അവകാശങ്ങളും എടുത്തുമാറ്റുന്നുവെന്നാണ് LGBT സമൂഹം പറയുന്നത്. കുറ്റമാരോപിക്കാനുള്ള നീക്കവും HIV/AIDSനെതിരെയുള്ള പോരാട്ടത്തെ ബാധിക്കുന്നു. ഈ നിയമം മാറുന്നില്ലെങ്കില്‍ എന്തുസംഭവിക്കും?

ഉ: നിയമം മാറും എന്ന് ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. ഈ ഭീകരനിയമം എടുത്തുമാറ്റുന്നതുവരെ പോരാട്ടം തുടരുമെന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ഗവന്മേന്റ്റ് നമ്മുടെ കിടപ്പുമുറിയില്‍ എത്തുന്നത് അനുവദിച്ചുകൂടാ. അതിനോട് എനിക്ക് പ്രശ്നമുണ്ട്. ഞാന്‍ ഒരുദാഹരണം പറയാം. നിങ്ങള്‍ വര്‍ഷങ്ങളായി ഒരു സ്വവര്‍ഗബന്ധത്തിലാണ്. ആ വ്യക്തിയോടൊപ്പം വളരെ സ്നേഹപൂര്‍ണ്ണമായ ഒരു ബന്ധത്തില്‍ നിങ്ങള്‍ ജീവിക്കുകയായിരുന്നു. ഒരുദിവസം അയാള്‍ ആശുപത്രിയിലാകുന്നു, അല്ലെങ്കില്‍ മരിക്കുന്നു. അയാളുടെ കുടുംബത്തിന് നിങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയാന്‍ സാധിക്കും. നിങ്ങള്‍ക്ക് വിലപിക്കാന്‍ പോലും കഴിഞ്ഞെന്നുവരില്ല. അയാളെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് ആശുപത്രിയില്‍ കൂടെനില്‍ക്കാന്‍ കഴിഞ്ഞെന്നുവരില്ല. വിവാഹം കഴിച്ച ഒരു സാധാരണദമ്പതികളല്ല നിങ്ങള്‍ എന്നതുകൊണ്ടുമാത്രം എത്രമാത്രം വേര്‍തിരിവുകലാണ് ഉണ്ടാകുന്നതെന്ന് നോക്കുക. വളരെ ശക്തമായ ഒരു ബന്ധമായിരുന്നു നിങ്ങളുടേത് എങ്കിലും അതുകൊണ്ടൊന്നും കാര്യമില്ലാതെ വരുന്നു.

ചോ: പല മാതാപിതാക്കളും വ്യത്യസ്ത ലൈംഗികതയുള്ള മക്കളെ പിന്തുണച്ചുകൊണ്ട് പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്. കാര്യങ്ങള്‍ മാറുന്നതിന്റെ ഒരു ലക്ഷണമല്ലെ അത്?

ഉ: മാതാപിതാക്കള്‍ കാരണമാണ് ഞങ്ങള്‍ ഈ നിയമത്തെ എതിര്‍ക്കാന്‍ തുടങ്ങിയാതിന്റെ ഒരു കാരണം. ഞാന്‍ സ്വവര്‍ഗാനുരാഗികളുടെ മാതാപിതാക്കളെ കൌണ്‍സില്‍ ചെയ്യാറുണ്ട്. ഇത് സാധാരണമാണെങ്കില്‍ എന്തുകൊണ്ടാണ് ഇത് കുറ്റകരമാകുന്നത് എന്നാണ് പല മാതാപിതാക്കളും ചോദിക്കുന്നത്. മക്കളെ അംഗീകരിക്കുന്നത് ശരിയാണെന്ന് തോന്നാനായി ആ ഒരു ഉറപ്പ് അവര്‍ക്ക് കൊടുക്കേണ്ടതുണ്ട്. മക്കളെ പിന്തുണച്ചുകൊണ്ട് ഒരുപാട് മാതാപിതാക്കള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പലരും സുപ്രീംകോടതിയിലെ കേസിലും പങ്കുചേര്‍ന്നിരുന്നു. അതുകൊണ്ടാണ് സുപ്രീംകോടതി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് എനിക്ക് മനസിലാക്കാന്‍ കഴിയാത്തത്.

ചോ: കോണ്‍ഗ്രസ് പോലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ആളുകളുടെയും സമീപനം മാറിയിട്ടുണ്ടോ?

ഉ: പല പാര്‍ട്ടികളും ഞങ്ങളുടെ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്, അത് കോണ്‍ഗ്രസ് ആയാലും ആം ആദ്മി ആയാലും. ഈ പാര്‍ട്ടികളിലേയ്ക്ക് ധാരാളം യുവാക്കള്‍ വന്നിട്ടുള്ളതുകൊണ്ടും ആവാം ഇത്. യുവതലമുറയിലൂടെയാണ് മാറ്റങ്ങള്‍ സംഭവിക്കുക. സ്പെയിനിലോക്കെ സംഭവിച്ചത് ഉദാഹരണമാണ്. അവര്‍ വളരെ മതപരമായി ജീവിക്കുന്ന ഒരു ക്രിസ്ത്യന്‍ രാജ്യമാണ്. എന്നാല്‍ അവര്‍ ഗേ വിവാഹങ്ങള്‍ നിയമാനുസൃതമാക്കി. അവരുടെ പാര്‍ലമെന്റില്‍ ധാരാളം യുവാക്കള്‍ വന്നുകഴിഞ്ഞപ്പോഴാണ് ഇത് സംഭവിച്ചത്. അപോഴാണ് മാറ്റമുണ്ടാവുക. നമ്മുടെ പാര്‍ലമെന്റെറിയന്‍മാരുടെ ശരാശരി പ്രായം ഇപ്പോഴും വാര്‍ധക്യത്തോട് ചേര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. അവര്‍ക്ക് പല ആശയങ്ങളും ഉണ്ടാകും. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് ഒഴിവാക്കാനാകില്ല. അത് കൊണ്ടാണ് ആളുകള്‍ക്ക് പിന്മാറാനാകാത്തത്. എന്നാല്‍ സുപ്രീംകോടതി പറയുന്നത് ഒരിക്കല്‍ നിങ്ങള്‍ കുറ്റക്കാരല്ല എന്ന് പറഞ്ഞെങ്കിലും വീണ്ടും നിങ്ങളെ കുറ്റക്കാരാക്കിയിരിക്കുന്നു എന്നാണ്. അത് തെറ്റാണ്. അത് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്.

ആളുകളുടെ ജീവിതം തന്നെ അപകടപ്പെടുത്തിക്കൊണ്ട് നിങ്ങള്‍ വീണ്ടും കുറ്റക്കാരായിരിക്കുകയാണ് എന്ന് പറയുക. അപ്പോള്‍ എന്താണ് സംഭവിക്കുക എന്ന് സങ്കല്‍പ്പികാനാകുമോ? ഭീകരമായ പല സന്ദര്‍ഭങ്ങള്‍ എനിക്ക് ഊഹിക്കാന്‍ കഴിയും. നാളെ രണ്ടുപുരുഷന്‍മാര്‍ ഒരു മേല്‍ക്കൂരക്ക് കീഴില്‍ താമസിക്കുന്നതിനോട് നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ ഒരു കേസ് കൊണ്ട് അവരെ ജയിലിലാക്കാന്‍ കഴിയും. പീഡനങ്ങള്‍ അവിശ്വസനീയമായ അളവിലാവും നടക്കുക. 2009ലെ വിധി പോലീസിനെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചിട്ടുണ്ടാവും. ഇനി അവര്‍ എങ്ങനെയൊക്കെ ക്രൂരമായാവും പെരുമാറുക? കൂടുതല്‍ ആളുകള്‍ ഇല്ലെന്നൊക്കെ സുപ്രീം കോടതി പറഞ്ഞതുകൊണ്ടായില്ല. എഫ് ഐ ആറുകള്‍ ഫയല്‍ ചെയ്യപ്പെടുന്നില്ല. പോലീസ് നിങ്ങളെ പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ പണം പിടിച്ചുപറിക്കുകയാണ് ചെയ്യുന്നത്. അതേ പോലീസ് എങ്ങനെ എഫ് ഐ ആര്‍ ഫയല്‍ ചെയ്യും?

ചോ: ഇനിയുള്ള പദ്ധതികള്‍ എന്തൊക്കെയാണ്?

ഉ: ഒരു റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുകയാണ് അടുത്ത നടപടി*. ആളുകളുടെ ചിന്താഗതികള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ തുടരും. മറ്റൊരു സംഗതി നിയമമാണ്. എന്തുതരം മാറ്റം കൊണ്ടുവരണമെങ്കിലും നിയമത്തില്‍ മാറ്റം വരണം. പിന്നെയുള്ളത് മൂല്യങ്ങളാണ്. ചില കാര്യങ്ങള്‍ ശരിയാണെന്ന് നമ്മള്‍ വിശ്വസിക്കുമ്പോഴും അത് മറ്റുള്ളവരോട് വിശദീകരിക്കാന്‍ കഴിയണം. വിയോജിക്കുന്നതിലും തെറ്റൊന്നുമില്ല. നമുക്കു ശരിയെന്നും അവര്‍ക്ക് തെറ്റെന്നും തോന്നുന്ന സംഗതികളെ പുതിയൊരു ലെന്‍സ്‌ ഉപയോഗിച്ചു കാണാന്‍ കഴിയണം. സതി നിയമമാണ് നല്ല ഒരു ഉദാഹരണം. നിയമം സതി നിര്‍ത്തലാക്കിക്കഴിഞ്ഞ് കുറെനാള്‍ കഴിഞ്ഞാണ് ആ നിയമം എന്തുകൊണ്ട് നല്ലതായിരുന്നു എന്ന് ആളുകള്‍ക്ക് മനസിലായത്. വിഷയത്തെ കുറച്ചുകൂടി നന്നായി മനസിലാക്കുക എന്നതാണ് കാര്യം. അപ്പോള്‍ അത് ചെയ്യുന്നത് തുടരുക തന്നെ ചെയ്യാം.

ചോ: എത്രത്തോളം പ്രതീക്ഷയുണ്ട്? നിയമം മാറിയില്ലെങ്കിലോ?

ഉ: എനിക്കെപ്പോഴും പ്രതീക്ഷയുണ്ട്. പ്രതീക്ഷയില്ലെങ്കില്‍ എനിക്ക് പ്രവര്‍ത്തിക്കാനാകില്ല. ചെയ്യുന്ന പ്രവര്‍ത്തികൊണ്ട് ലാഭമുള്ളത് കൊണ്ടല്ല ഇത് ചെയ്യുന്നത്. ഞങ്ങള്‍ ഒരു കാര്യത്തില്‍ വിശ്വസിക്കുന്നു. വിശ്വാസം തുടരുകയും ശരിക്കു വേണ്ടി പൊരുതുകയും ചെയ്‌താല്‍ അവിടെ പ്രതീക്ഷയുണ്ടാകാതെ തരമില്ല.

*കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിവ്യൂപെറ്റീഷന്‍ നല്‍കുന്നതിന് തൊട്ടുമുമ്പ് അനുവദിച്ച അഭിമുഖം

Next Story

Related Stories