TopTop
Begin typing your search above and press return to search.

ദൃശ്യം: വീക്ഷണ/ലിംഗ മാറ്റങ്ങളിലൂടെ ഒരു കണ്‍കെട്ട്

ദൃശ്യം: വീക്ഷണ/ലിംഗ മാറ്റങ്ങളിലൂടെ ഒരു കണ്‍കെട്ട്

വിവേക് ചന്ദ്രന്‍

ചലച്ചിത്രം എന്നുള്ളത് ലോപിച്ച് 'ചിത്രം' എന്നാവുകയും, ചിത്രം എന്ന നിശ്ചലത ഒരാളുടെ കണ്ണുകളുടെ ഇടപെടലോടുകൂടി 'ദൃശ്യം' ആവുകയും ചെയ്യുന്നു. അങ്ങനെ ചലച്ചിത്രത്തിന് പുതിയ പര്യായം രചിക്കുകയാണ് ജിത്തു ജോസഫ്‌ 'ദൃശ്യ'ത്തിലൂടെ. അല്ലെങ്കില്‍ സിനിമ എന്ന പേരില്‍ ഇത്രയും കാലം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും നമ്മള്‍ കാശ് കൊടുത്തു കയറി കാണുകയും 'അതിക്രൂര'മായി വിശകലനം ചെയ്യുകയും ചെയ്തിരുന്ന സാധനം മറ്റെന്തോ ആണെന്നും, ശരിക്കും 'സിനിമ' എന്ന് പറയുന്ന സംഗതി ദാ ഇതാണ് എന്നും കാണിച്ചു തരുന്നു 'ദൃശ്യം'.

വാര്‍ത്തകള്‍ എത്ര തന്നെ factual ആയാലും അത് വെറും information അല്ല perspective ആണ്, ഒരു തലച്ചോറിന്‍റെ ഉല്‍പ്പന്നം. വാര്‍ത്ത‍യുടെ ലക്ഷ്യത്തെ കുറിച്ച് കൃത്യമായി ബോധമുള്ള ഒരാള്‍ക്കേ നിലവില്‍ ഉള്ള ഡാറ്റയില്‍ നിന്നും സ്വന്തം ആവശ്യാനുസരണം അതിനെ നിര്‍മിച്ചെടുക്കാന്‍ കഴിയൂ. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അങ്ങനെ നിര്‍മിച്ചെടുക്കുന്ന വാര്‍ത്ത സ്വന്തം വാചാലത കൊണ്ട് പ്രചരിപ്പിച്ചു പൊതുജനത്തെ വിശ്വസിപ്പിച്ചു കൂടെ നിര്‍ത്തുക എന്നതാണ് അടുത്ത പടി. കഴിഞ്ഞില്ല, ഈ നിര്‍മിച്ചെടുത്ത വ്യാജചരിത്രത്തിനു പിന്നില്‍ എന്ത് പ്രതിബന്ധം ഉണ്ടായാലും ഉറച്ചു നില്‍ക്കുക എന്ന മൂന്നാമത്തെ പടി കൂടി വിജയകരമായി ചെയ്തു തീര്‍ക്കുന്ന ഒരാള്‍ക്ക്‌ മാത്രമേ നല്ലൊരു നുണ പറഞ്ഞു എന്ന് നെടുവീര്‍പ്പിടാന്‍ കഴിയൂ. അങ്ങനെ നമ്മള്‍ ജീവിച്ചു തീര്‍ത്ത ദിവസങ്ങളിലെ ഓര്‍മകളില്‍ മായം കലര്‍ത്തി, നമ്മളെ അത് വിശ്വസിപ്പിച്ചു അതിന്‍റെ വക്താക്കള്‍ ആക്കി മാറ്റുന്ന നിലവിലെ വാര്‍ത്താ-പരിചരണ-പ്രചാരണ സംസ്കാരത്തിന്‍റെ രീതികളെ ചെറിയ ഒരു demonstrationലൂടെ കാണിച്ചു തന്ന് നമ്മള്‍ ഒക്കെ എത്ര 'കഥയില്ലാത്തവര്‍' ആണെന്ന് ജിത്തു ജോസഫിന്‍റെ 'ദൃശ്യം' ബോധ്യപ്പെടുത്തുന്നു. ഇതൊരു കുടുംബ പശ്ചാത്തലത്തില്‍ സംഭവിക്കുന്ന ക്രൈം ത്രില്ലര്‍ ആണ്, എന്നാല്‍ പതിവ് പാറ്റേണില്‍ ഉള്ള ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ അല്ല മറിച്ചു partners in crime ആയ ഒരു കുടുംബത്തിലെ അംഗങ്ങള്‍ എങ്ങനെ വിജയകരമായി ഇന്‍വെസ്റ്റിഗേഷനെ പ്രതിരോധിക്കുന്നു എന്നതാണ് കഥയുടെ കാതല്‍. ചുരുക്കി പറഞ്ഞാല്‍ സാക്ഷികളുടെയും സഹകുറ്റവാളികളുടെയും അടക്കം ചുറ്റുമുള്ളവരുടെയെല്ലാം കാഴ്ചയിലെ ദൃശ്യങ്ങളില്‍ വിദഗ്ദമായി ഇടപെടുകയും, വേണ്ടിടത്ത് പ്രകൃതി കണ്ണടക്കുകയും, ഇതിനു വേണ്ട സമയം ബുദ്ധിപരമായി മേടിച്ചെടുക്കുകയും, interrogationന്‍റെ എല്ലാ ലവലുകളെയും നല്ല മന:സാനിധ്യത്തോടെയും കരുതലോടെയും നേരിടുകയും ചെയ്തു നടത്തപ്പെടുന്ന ഒരു അസ്സല്‍ 'കണ്‍കെട്ട്' ആണ് സംഭവം.


തന്‍റെ നിയമങ്ങള്‍ക്ക് അകത്തു നില്‍ക്കുന്നവര്‍ക്ക് വേണ്ടി പ്രതികാരങ്ങള്‍ നടത്താന്‍ മടിയില്ലാത്ത 'സ്റ്റേറ്റ് എന്ന പിതാവ്' തന്‍റെ പ്രജക്ക് വേണ്ടിയും, സ്റ്റേറ്റിന്‍റെ ചെറിയ മാതൃകയായ കുടുംബത്തിന്‍റെ രക്ഷകര്‍താവായ പിതാവ് തന്‍റെ മകള്‍ക്ക് വേണ്ടിയും കൊമ്പുകോര്‍ക്കുന്നിടതാണ് സിനിമയുടെ രണ്ടാം പകുതി. ആദ്യ പകുതി പ്രേക്ഷകര്‍ക്ക് ജോര്‍ജ് കുട്ടിയുടെ (മോഹന്‍ലാല്‍) കുടുംബവുമായി റിലേറ്റ് ചെയ്തെടുക്കാന്‍ വേണ്ട സമയം ആണ്, ജിത്തു അത് ഭംഗിയായി നിര്‍വഹിച്ചിട്ടും ഉണ്ട്. എന്നും ഏതു entityക്കും അതിന്‍റെ താല്‍പര്യങ്ങളില്‍ കുറഞ്ഞു ഒന്നും തന്നെയില്ല എന്ന്‍ ഇരുത്തി പറയുകയാണ്‌ 'ദൃശ്യം'. പുത്രവിയോഗം ജോര്‍ജ്കുട്ടിയുടെ കണ്‍ഫെഷനിലൂടെ ഉറപ്പിച്ചു കിട്ടി കഴിഞ്ഞപ്പോള്‍ എന്നാല്‍ ഇനി അടുത്ത നടപടി പ്രതികാരം ആയിക്കോട്ടെ എന്ന് തീരുമാനിക്കുന്ന ഭാസ്കറിന്‍റെയും(സിദ്ദിക്) ഭാര്യയുടെയും(ആശ ശരത്) തീരുമാനം തന്നെ ഉദാഹരണം. സ്റ്റേറ്റിന്‍റെ നാല് തൂണുകളിലെ executive എന്ന മര്‍ദ്ദകോപാധിയെ പ്രതിരോധിക്കാന്‍ മറ്റു മൂന്നു തൂണുകളെയും (അനുകൂലമായ വിധി പ്രസ്താവം നേടിയെടുത്ത് ജുഡീഷ്യറിയും, legislativeന്‍റെ പ്രതിനിധിയായ തന്‍റെ അളിയനേയും, പോലീസിന്‍റെ കിരാതത്വം തുറന്നു കാട്ടി മീഡിയയെയും) വിശ്വസിപ്പിച്ചെടുത്ത് ഉപയോഗിക്കുകയാണ് ജോര്‍ജ്കുട്ടി. ജോര്‍ജ്കുട്ടി എന്ന നിലത്തു കാലൂന്നി നില്‍ക്കുന്ന നല്ല യാഥാര്‍ത്ഥ്യബോധമുള്ള ഒരു സിനിമാഭ്രാന്തന് വളര്‍ത്തിയെടുക്കാവുന്ന ഭാവനയുടെ ആഴം നമ്മെ ഞെട്ടിക്കുമെങ്കില്‍ അത് ഒരു തരത്തില്‍ 100 വര്‍ഷം പിന്നിടുന്ന ഇന്ത്യന്‍ സിനിമക്ക് നല്‍കുന്ന അന്തസ്സുള്ള ട്രിബ്യൂട്ട് കൂടി ആണ്.


(spoiler alert: ഇനിയുള്ള രണ്ടു പാരഗ്രാഫുകള്‍ വായിക്കാതെ വിടാം) ജിത്തുവിന്‍റെ ഇത് വരെയുള്ള crime genreല്‍ ഉള്ള ചിത്രങ്ങള്‍ (Detective, Memories) നിരീക്ഷിച്ചാല്‍ crime motive എപ്പോഴും സാമ്പത്തികമായും സാമൂഹികമായും ഏറെ ഉയര്‍ന്നവള്‍ (gender ശ്രദ്ധിക്കേണ്ടതാണ്) താരതമ്യേന നിരാലംബനായ ഒരു പാവത്താനോട്‌ ചെയ്യുന്ന നിയമത്തിന്‍റെ കണക്കില്‍ പെടാത്ത തെറ്റ് - അതിന് നിയമത്തിനെ വെല്ലുവിളിച്ചുകൊണ്ട് അവന്‍ കൊടുക്കുന്ന ശിക്ഷ - നിയമത്തിന്‍റെ പ്രതികാരം എന്ന ഒരു സ്ഥിരം പാറ്റേണ്‍ പിന്തുടരുന്നുണ്ടെന്നു കാണാം. നിയമത്തിന്‍റെ പ്രതിപുരുഷന്‍ ആയി വരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ വീക്‍റ്റിമുമായിട്ട് നേരിട്ട് ബന്ധമുള്ളയാള്‍(അര്‍ദ്ധ സഹോദരന്‍, സഹോദരന്‍) ആവുകയും, അയാള്‍ക്ക് ആ കേസ് തെളിയിക്കേണ്ടത് വ്യക്തിപരമായ ഒരു ആവശ്യം ആയി മാറുകയും ചെയ്യുന്നു. ഇനി 'ദൃശ്യ'ത്തിലെത്തുമ്പോള്‍ പ്രധാനമായും novelty തോന്നിപ്പിക്കുന്ന സംഗതി gender swapping ആണ്. എന്നുവെച്ചാല്‍, നിയമത്തിന്‍റെ കണക്കില്‍ പെടാത്ത തെറ്റ് ചെയ്യുന്ന കക്ഷി ഒരു പുരുഷനും(വരുണ്‍), അയാളെ ഇല്ലാതാക്കുന്നത്തിലൂടെ കുറ്റവാളിയാകുന്നത് സ്ത്രീകളും(റാണി, മകള്‍), അന്വേഷണം നടത്തുന്നത് ഒരു സ്ത്രീയും (വരുണിന്‍റെ അമ്മ ഗീത പ്രഭാകര്‍) ആകുന്നു. ഈ ഒരു തിരിച്ചിടല്‍ വരുണിന്‍റെ (റോഷന്‍) കുടുംബത്തിലും കാണാവുന്നതാണ്. മുന്‍പ് ജിത്തുവിന്‍റെ തന്നെ 'Mummy and Me'യിലെ മകളുമായി എപ്പോഴും കോണ്‍ഫ്ളിക്ടില്‍ അകപ്പെടുന്ന മാതാവില്‍ (ഉര്‍വശി) നിന്നും കാഴ്ചയ്ക്ക് എന്‍.എസ് മാധവന്‍റെ വിദൂരച്ഛായയുള്ള ഭാസ്കര്‍ എന്ന അച്ഛനിലേക്കും ലിബറല്‍ ആയ പിതാവില്‍ (മുകേഷ്) നിന്നും ഗീത ഭാസ്കര്‍ എന്ന മകനെ എന്ത് വില കൊടുത്തും ഡിഫന്‍റ് ചെയ്യുന്ന അമ്മയിലെക്കും ഉള്ള interchangeഉം ശ്രദ്ധേയം ആണ്. ഈ 'ലിംഗമാറ്റ' ശസ്ത്രക്രിയക്ക് ശേഷം 'ദൃശ്യ'ത്തില്‍ ജിത്തു നടത്തുന്ന അടുത്ത ആഭിചാരം 'perspective swapping' ആണ്. അന്വേഷണത്തിന്‍റെ രീതികളെ പിന്തുടരുന്ന പതിവ് ശൈലിയില്‍ നിന്നും മറുകണ്ടം ചാടി അന്വേഷിച്ചെത്താന്‍ പോകുന്ന പോയിന്റുകള്‍ നേരത്തെ കൂട്ടി ഗ്രഹിചെടുത്ത് അതിനെതിരെ നടത്തുന്ന പ്രതിരോധമാണ് 'ദൃശ്യ'ത്തിന്‍റെ കാതല്‍.


ജിത്തുവിന്‍റെ നായക കഥാപാത്രങ്ങളില്‍ തന്‍റെതല്ലാത്ത കാരണം കൊണ്ട് സംഭവിച്ച പിഴവ് കൊണ്ട് ഉണ്ടാകുന്ന കുറ്റബോധം പല അളവുകളില്‍ നീറി നില്‍ക്കുന്നത് കാണാം. 'ദൃശ്യ'ത്തില്‍ ജോര്‍ജുകുട്ടി വരുണിന്‍റെ രക്ഷകര്‍ത്താക്കളോട് നടത്തുന്ന കണ്‍ഫെഷനും മറ്റൊരു കാരണം കൊണ്ടല്ല തന്നെ. ഇനി നിരീക്ഷിച്ചാല്‍, ജോര്‍ജ്ജുകുട്ടിയുടെ കുടുംബം നേരിട്ട പ്രശ്നങ്ങളുടെ കാരണം ഒരു പരിധി വരെ വീട്ടില്‍ രാത്രികാലങ്ങളില്‍ വരുന്ന ജോര്‍ജ്കുട്ടിയുടെ അസാനിധ്യം ആണെന്ന് പറയാം. മകളുടെ compromising footage തിരിച്ചു നല്‍കാന്‍ വേണ്ടി തന്‍റെ ഭാര്യയും മകളും വരുണിനോട് അപേക്ഷിക്കുമ്പോള്‍ ജോര്‍ജ്ജുകുട്ടി തന്‍റെ കേബിള്‍ ചാനലിലൂടെ 'നാട്ടിലെ ചോരയും നീരും ഉള്ള പുരുഷന്മാര്‍ക്ക്' വേണ്ടി (ജോര്‍ജുകുട്ടിയുടെ തന്നെ പ്രയോഗം ആണ്) 'അന്തിപ്പടം' സംപ്രേഷണം ചെയ്യുകയായിരുന്നു എന്നുള്ളത് കൌതുകകരമായ വസ്തുതയാണ്. അങ്ങനെ നോക്കുമ്പോള്‍ 'ഇര' എന്നത് എപ്പോഴും സ്ത്രീ തന്നെയാണെന്നും സംരക്ഷകന്‍ എന്ന് സിനിമ മുന്നോട്ടു വെക്കുന്ന കഥാപാത്രം തന്നെ മറ്റൊരു തരത്തില്‍ ഈ 'ഇരതേടലി'ന്‍റെ ഗുണഭോക്താവ് ആണെന്നതും ശ്രദ്ധിക്കേണ്ട വിഷയം ആണ്.


നല്ലൊരു ക്രൈം ത്രില്ലര്‍ ഒരുക്കാന്‍ വേണ്ട ബൌദ്ധിക വ്യായാമം തന്നെ ചില്ലറയല്ല. ഇനി അതിനു ഒരു വൈകാരിക തലം കൂടി സൃഷ്ടിച്ചു നമുക്കൊക്കെ റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു രൂപത്തിലേക്ക് അതിനെ മാറ്റിയെടുക്കുക എന്ന ശ്രമകരമായ ദൌത്യം 'ദൃശ്യം' ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. ഈ കൂടിയ ചിന്താശേഷി കൊണ്ട് ജിത്തു ഉയര്‍ത്തിയിരിക്കുന്നത് മലയാളത്തില്‍ ഇനി ഇറങ്ങാന്‍ പോകുന്ന ക്രൈം genre പടങ്ങളുടെ നിലവാരം കൂടിയാണ്. (ഇനിയും സിനിമ കണ്ടു പിടിച്ച സ്വാമി പല രൂപത്തിലും അവതരിക്കും, രാമയ്യരായും ഹാരിപോട്ടറായും, അത് വേറെ കാര്യം). ബ്ലെസ്സി നല്ലകാലതൊക്കെ ഇടക്കൊന്നു എത്തിനോക്കി ഞെട്ടി തിരിച്ചോടിപ്പോയ ഇടങ്ങളില്‍ നിന്നാണ് 'ദൃശ്യം' തുടങ്ങുന്നത്. 'Mummy and Me', 'My Boss' ഒക്കെ വിരിഞ്ഞ തലച്ചോറില്‍ തന്നെയാണോ ഇങ്ങനെയൊരു ആശയം പൊട്ടിമുളച്ചതെന്ന സംശയം 'Memories'ലേ തോന്നിയിരുന്നു. എന്നാല്‍ ഓരോരുത്തരും അര്‍ഹിക്കുന്ന നിലവാരത്തില്‍ ഉള്ള ത്രെഡുകള്‍ കൃത്യമായി പങ്കിട്ടു കൊടുക്കാന്‍ ജിത്തുവിന് ഉള്ള കഴിവ് ഇപ്പോള്‍ തിരിച്ചറിയുന്നു. ജിത്തുവിന്‍റെ ഏറ്റവും മികച്ച സൃഷ്ടി ഇതാണെന്ന് പറയുമ്പോള്‍ മോഹന്‍ലാല്‍ മലയാള സിനിമയില്‍ ആരാണെന്നു അത് പറയാതെ പറയുകയാണ്‌. മോഹന്‍ലാലിന്‍റെ താരശരീരത്തെ ഇത്രയും വിദഗ്ദമായി കൈകാര്യം ചെയ്യാറുള്ള സംവിധായകര്‍ ഇപ്പോള്‍ ഇല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. സാങ്കേതികവും കലാപരവുമായി തികഞ്ഞ, പലതരം genreകളെ നന്നായി തന്നെ സമന്വയിപ്പിച്ചെടുത്ത, ഒരു ബാലന്‍സ്ഡ് സൃഷ്ടി എന്ന് തന്നെ ദൃശ്യത്തിനെ നിസ്സംശയം വിളിക്കാം.

(പാലക്കാട് സ്വദേശിയായ വിവേക് ചന്ദ്രന്‍ ബാംഗ്ളൂരില്‍ ജനറല്‍ മോട്ടോഴ്സില്‍ ജോലി ചെയ്യുന്നു)


Next Story

Related Stories