TopTop
Begin typing your search above and press return to search.

കര്‍ഷകര്‍ക്കും പശ്ചിമഘട്ടത്തിനുമിടയിലെ മാഫിയകള്‍

കര്‍ഷകര്‍ക്കും പശ്ചിമഘട്ടത്തിനുമിടയിലെ മാഫിയകള്‍

ബിന്‍സ് സെബാസ്റ്റ്യന്‍

സവിശേഷഭൂപ്രകൃതിയും ജൈവവൈവിദ്ധ്യവും കൊണ്ട് സമ്പന്നമായ പശ്ചിമഘട്ടമേഖലയുടെ സംരക്ഷണവുമായ ബന്ധപ്പെട്ട് അടുത്തിടെ കേരളത്തിലുണ്ടായ ചര്‍ച്ചകളും സംവാദങ്ങളും ശ്രദ്ധാര്‍ഹമാണ്. പശ്ചിമഘട്ടമേഖലയുടെ സംരക്ഷണം ഉറപ്പുവരുത്താനുതകുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിശദമായ പരിചിന്തനങ്ങള്‍ക്ക് വിധേയമായി എന്നതും അതിനുശേഷം വന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ ജനവിരുദ്ധതാല്‍പ്പര്യങ്ങളെ ഒരുപരിധി വരെ ജനങ്ങള്‍ മനസിലാക്കി എന്നതുമാണ്‌ ഈ വാദപ്രതിവാദങ്ങളുടെ പരിണിതഫലം. സംസ്ഥാന സര്‍ക്കാരുകളുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷമേ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍, പശ്ചിമഘട്ടവും അവിടുത്തെ കാര്‍ഷികമേഖലയും നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഉചിതമായ രീതിയിലാണോ പൊതുസമൂഹത്തിന്‍റെ സംവാദങ്ങളില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടത് എന്നത് സംശയകരമാണ്.

ഉപഭോക്‍ത്ര സമൂഹവും പരിസ്ഥിതിബോധവും

‘വിണ്ണില്‍ കുറിക്കപ്പെടുന്ന മണ്ണിന്‍റെ കവിതകളായ മരങ്ങളെ കടലാസാക്കി അതിന്മേല്‍ മനുഷ്യന്‍ തന്‍റെ ശൂന്യതയെ കോറിയിടുന്നു’ എന്ന് ഖലീല്‍ ജിബ്രാന്‍ വിലപിക്കുന്നുണ്ട്. പ്രകൃതിശരീരത്തിന്‍റെ അസ്ഥികളായ പാറക്കെട്ടുകളെ തകര്‍ത്തും പുഴയും കരയും ഒന്നാവുന്ന തീരത്തിന്‍റെ കവിതകളെ കുഴിച്ചു മാറ്റിയും മനുഷ്യന്‍ നിര്‍മ്മിക്കുന്ന അപൂര്‍ണമായ കവിതകളാണ് അവന്‍റെ നഗരങ്ങള്‍. ഭൂമിയെ ശ്വാസം മുട്ടിക്കുന്ന ടൈല്‍സുകള്‍ക്ക് ഇടയില്‍ പച്ചപ്പുല്ല് പാകിയും, പൂന്തോട്ടത്തില്‍ ചെടികള്‍ നട്ടും, പൈപ്പിലെത്തുന്ന ജലത്തെ നീരൊഴുക്കാക്കി മാറ്റിയും നാം മൂഡസ്വര്‍ഗത്തിലെ കവികളായും മാറുന്നു. മരങ്ങളെ പരത്തിയെടുത്ത കടലാസുകളും ഭൂമിയുടെ ഹൃദയവാല്‍വില്‍ തടസങ്ങളുണ്ടാക്കി സൃഷ്ടിച്ചെടുക്കുന്ന വൈദ്യുതിയും ഉപയോഗിച്ച് പ്രകൃതിസംരക്ഷണത്തെപ്പറ്റി ശക്തമായി സംസാരിക്കുകയും ചെയ്യുന്നു.

ദേവഭൂമിയായ ഉത്തരാഖണ്ഡിനെ അനിയന്ത്രിത വിനോദസഞ്ചാരവും സുഖവാസകേന്ദ്രനിര്‍മാണവും തീര്‍ത്ഥാടനവ്യവസായവും നശിപ്പിച്ചില്ലാതാക്കിയപ്പോള്‍ ആ ഭൂമിക്കെന്തു സംഭവിച്ചു എന്നതും അവിടുത്തെ തദ്ദേശീയരായ ജനങ്ങള്‍ എത്രത്തോളം പ്രതിസന്ധിയിലായി എന്നതും വിശദമായ ചര്‍ച്ചകളിലിടം ലഭിക്കാതെ പൊട്ടിയൊലിച്ച ഭൂമിയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം സംസ്ക്കരിക്കപ്പെടുകയാണുണ്ടായത്. പൊതുസമൂഹത്തിന്‍റെ ഉത്കണ്ഠ വിനോദസഞ്ചാരികളുടേയും തീര്‍ത്ഥാടകരുടേയും സുരക്ഷയെക്കുറിച്ചും തങ്ങളുടെ അവധിക്കാല പദ്ധതികള്‍ താറുമാറായതിനെക്കുറിച്ചും മാത്രമായിരുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ജനങ്ങള്‍ പ്രകൃതിയെ എങ്ങനെ ഒരു ഉപഭോഗവസ്തുവാക്കി മാറ്റുന്നു എന്നതിന്‍റെ ഒരു ഉദാഹരണമാണത്.

പ്രകൃതിയെ വാതിലടച്ച് പിണ്ഡം വച്ചില്ലാതാക്കിയ നഗരങ്ങളില്‍ വായുവും ജലവും വെളിച്ചവുമായി മാറാന്‍ പശ്ചിമഘട്ടത്തെ നമ്മുക്കാവശ്യമുണ്ട്. നഗരജീവിതം മടുക്കുന്ന സമയങ്ങളില്‍ സുഖവാസത്തിനു പോകാന്‍ ആ പ്രദേശങ്ങള്‍ അങ്ങനെ തന്നെ ആയിരിക്കേണ്ടതും നമ്മുടെ വലിയ ആവശ്യമാണ്. അതുകൊണ്ടുതന്നെ, അവിടെ പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതും കഴിയുമെങ്കില്‍ അവര്‍ നാഗരികതയുടെ ഭാഗമായ ഭൂരഹിത തോട്ടപ്പണിക്കാരും അടുക്കളജോലിക്കാരുമായി മാറേണ്ടതും അവശ്യകാര്യമായി മാറുന്നു. ഇതാണ് ഉപഭോഗ്ക്തസമൂഹത്തിന്‍റെ പാരിസ്ഥിതികാവബോധം.

പാലും പച്ചക്കറിയുമുള്‍പ്പെടെ ഭക്ഷ്യവസ്തുക്കളെല്ലാം വിലയ്ക്ക് വാങ്ങുന്ന ഒരു സമൂഹത്തിന് അവകാശപ്പെടാവുന്ന നാഷണല്‍ പാര്‍ക്കുകളുടേയും വന്യജീവിസംരക്ഷണ കേന്ദ്രങ്ങളുടെയും ആഡംബര-പരിധിയില്‍ അവസാനിക്കുന്നു നമ്മുടെ പരിസ്ഥിതിബോധം. മൊട്ടക്കുന്നും പച്ചപ്പുല്ലും പൂക്കളും ജലകേളികളുമടങ്ങിയ കവിതകളുടെ പ്രകൃതി മാത്രമല്ല, കല്ലും മുള്ളും നിലനില്‍പ്പിനുള്ള ദൈനംദിന പോരാട്ടങ്ങളുമടങ്ങിയ മറ്റൊരു പ്രകൃതിയുണ്ട്. അതിലിടപഴകി അതിജീവനത്തിനായി അക്ഷീണം ശ്രമിക്കുന്ന കര്‍ഷകരടക്കമുള്ള മൃഗസസ്യജാതികളുമുണ്ട്. പശ്ചിമഘട്ട പാരിസ്ഥിതിക പ്രശ്നങ്ങളുടെ സംവാദങ്ങളില്‍ നിന്നും തന്ത്രപൂര്‍വ്വം ഒഴിവാക്കപ്പെട്ട ഒരു വിഭാഗം.


മാധവ് ഗാഡ്ഗില്‍

പശ്ചിമഘട്ടപരിസ്ഥിതിയും കര്‍ഷകനും

പ്രതികൂല കാലാവസ്ഥയും തൊഴിലാളി ദൌര്‍ലഭ്യവുമുള്‍പ്പെടെ ഒട്ടനവധി കാരണങ്ങളാല്‍ ഇളംതലമുറ വലിയ രീതിയില്‍ കൃഷിയുപേക്ഷിച്ച് മറ്റ് തൊഴില്‍ മേഖലകളിലേയ്ക്ക് കുടിയേറിപ്പോയിട്ടും, പശ്ചിമഘട്ടപരിസ്ഥിതി എന്തുകൊണ്ട് ഇന്ന് കൂടുതലായി ചൂഷണം ചെയ്യപ്പെടുന്നു എന്നത് അധികമെവിടെയും ചര്‍ച്ച ചെയ്യപ്പെട്ട് കണ്ടില്ല. ആരാണ് യഥാര്‍ത്ഥത്തില്‍ ഭൂമിയെ കൊള്ളയടിക്കുന്നതെന്നും അതിന്‍റെ ദൂഷ്യഫലങ്ങള്‍ ഏതു തരത്തിലാണ് പ്രകൃതിയേയും തദ്ദേശ്ശീയജനങ്ങളെയും ബാധിക്കുന്നതെന്നുമുള്ള വിഷയം പൊതുസമൂഹത്തില്‍നിന്നും ആസൂത്രിതമായാണോ മറച്ചുവയ്ക്കപ്പെട്ടത് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

പൊതുസമൂഹത്തിന് പരിസ്ഥിതിബോധമുണ്ടായ ഈ കുറഞ്ഞ കാലയളവില്‍ പോലും, തങ്ങളും തങ്ങളുടെ ആവാസവ്യവസ്ഥയും നേരിടുന്ന പ്രശ്നങ്ങളെ ആരോഗ്യപരമായ സംവാദങ്ങളിലേയ്ക്ക് കൊണ്ടെത്തിക്കുവാന്‍ പശ്ചിമഘട്ടത്തിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല എന്നത് ഒരുതരം നിസ്സഹായതയാണ്. ഖനന -വിനോദസഞ്ചാര - വികസന - രാസവള - മാഫിയകള്‍ നടത്തുന്ന വന്‍തോതിലുള്ള പ്രകൃതിനശീകരണം മൂലം നിലനില്‍പ്പിനായി മറ്റാരേക്കാളും ബുദ്ധിമുട്ടുന്ന ഒരു സമൂഹമാണ് ചെറുകിട കര്‍ഷകരുടേത്. എന്നാല്‍, അവര്‍ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടത് പരിസ്ഥിതിയെ ചൂഷണം ചെയ്തു ജീവിക്കുന്നവരായാണ്. ഇത്തരത്തില്‍ കര്‍ഷകരെ പഴിചാരി മുഖം രക്ഷിക്കുന്നവരെ കര്‍ഷകരും പൊതുസമൂഹവും തിരിച്ചറിയേണ്ടിയിരിക്കുന്നു.

കര്‍ഷകന്‍റെ പ്രതിക്ഷേധം അന്യായമെന്ന് വിധിക്കപ്പെടുന്നതിന് മുന്‍പ് ഒരുതവണ അവരുടെ അവസ്ഥ കൂടി മനസിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌. നഗരവാസികള്‍ ഹൃസ്വനേരത്തേയ്ക്ക് കാണുന്ന പ്രകൃതിജീവിതത്തില്‍ നിന്നും വ്യത്യസ്തമായ തലത്തിലുള്ള ഒരു സഹവര്‍ത്തിത്തമാണ് പരിസ്ഥിതിയും അതില്‍ ഓരോ നിമിഷവും നിലനില്‍പ്പിന് വേണ്ടി പോരാടുന്ന മനുഷ്യരുമടങ്ങിയ അവാസവ്യവസ്ഥയിലുള്ളത്. പ്രകൃതിയെ ചൂഷണം ചെയ്യുന്ന കര്‍ഷകനെന്നതിനേക്കാളും അതില്‍ ക്രിയാല്‍മകമായി ഇടപഴകുന്ന കര്‍ഷകനെയാണ് പലപ്പോഴും അവരുടെ ഇടയില്‍ ജീവിക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. അതല്ല, മറിച്ചാണ് അവസ്ഥ എന്ന് വരുത്തിത്തീര്‍ത്തത് എപ്രകാരമാണെന്നതും അതിനുപയോഗിച്ച ഒളിച്ചു വയ്ക്കലുകളുടെയും കുപ്രചാരണങ്ങളുടെയും ലക്ഷ്യമെന്തായിരുന്നു എന്നതുമായ വസ്തുതകള്‍ പൊതുസമൂഹം മനസിലാക്കേണ്ടതുണ്ട്.

ഗാഡ്ഗില്‍ പറഞ്ഞതും ജനം കേട്ടതും

ഗാഡ്ഗില്‍ സംസാരിച്ചത് തദ്ദേശ്ശീയഭാഷകളിലല്ല. അതുകൊണ്ട് തന്നെ അദ്ദേഹം പറഞ്ഞതൊന്നുമല്ല സാധാരണ ജനങ്ങളുടെ ചെവികളിലെത്തിയതും. റിപ്പോര്‍ട്ട് വിവര്‍ത്തനം ചെയ്യപ്പെടണമെന്നും വിശദമായ സംവാദങ്ങള്‍ക്ക് വഴിതുറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടെങ്കിലും ചിലരെങ്കിലും അതാഗ്രഹിച്ചിരുന്നില്ല എന്ന് വേണം തുടക്കം മുതലുള്ള സംഭവവികാസങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍. ഈ റിപ്പോര്‍ട്ടിന്‍റെ പരിധിയില്‍ വരുന്ന ജനങ്ങള്‍ എന്ത് മനസിലാക്കണം എന്ന് മറ്റാരോ തീരുമാനിച്ചുറപ്പിച്ചിരുന്നത് പോലുള്ള പ്രചരണങ്ങളാണ് പിന്നീടരങ്ങേറിയത്.

പട്ടയമില്ലായ്മയടക്കം ഒട്ടനവധി സമ്മര്‍ദങ്ങള്‍ക്ക് നടുവില്‍ വന്ധ്യയായ ഭൂമിയുടെ അകിട്ടിലേയ്ക്ക് പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ ആശങ്കകളെ തങ്ങള്‍ക്കുതകുന്ന രീതിയില്‍ തിരിച്ചു വിടാന്‍ ഒരു ചെറിയ സംഘത്തിനു കഴിഞ്ഞോ എന്നത് പ്രസക്തമായ ചോദ്യമാണ്. നിലനില്‍പ്പിനാവശ്യമായ അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും നിഷേധിക്കപ്പെടാന്‍ പോകുന്നു എന്നറിഞ്ഞാല്‍ ജനങ്ങള്‍ തെരുവിലിറങ്ങും എന്നുള്ളത് നിസ്തര്‍ക്കമാണ്. പലവിധ ആശങ്കകളാലും അവഗണകളാലും ഇതിനകം മനസിടിഞ്ഞ കാര്‍ഷികമേഖലയുടെ ജീവിതമാകുന്ന എരിതീയില്‍ ഒഴിക്കപ്പെട്ട എണ്ണയായാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്.

ചെറുകിട കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും ആശങ്കകളെ പ്രകൃതിസംരക്ഷണത്തിനെതിരേ തന്നെ തിരിച്ചു വിടാന്‍ ചിലര്‍ക്ക് കഴിഞ്ഞു എന്നതാണ് അതിനുശേഷമുണ്ടായ പ്രതികരണങ്ങളില്‍ നിന്നും മനസിലാക്കേണ്ടത്. ഇതുവഴി, പാരിസ്ഥിതിക - കാര്‍ഷികേതര താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുക എന്നുള്ളത് ആപല്‍ക്കരമാണ്. പരിസ്ഥിതിസംരക്ഷണത്തിന്‍റെ ഉപഭോക്താക്കളാകുമായിരുന്ന, അതിന്‍റെ നടത്തിപ്പില്‍ പങ്കാളികളാകേണ്ടിയിരുന്ന ഒരു ജനസമൂഹത്തെ ആസൂത്രിതമായ പ്രചാരണങ്ങളിലൂടെ അതിനെതിരാക്കിത്തീര്‍ത്തു എന്നത് ഒരു ജനാധിപത്യസമ്പ്രദായത്തിലും സംഭവിക്കാന്‍ പാടില്ലാത്ത സംഗതിയാണ്.

പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നവന്‍ കര്‍ഷകനെന്ന നിര്‍വചനത്തിന്‍റെ പുറത്താണ് എന്ന വസ്തുത കര്‍ഷകനെ പഴി ചാരുന്നതിനു മുന്നേ പൊതുസമൂഹം മനസിലാക്കിയിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതിയെ കരുതാതെ നിലനില്‍പ്പില്ലാത്ത ഒരു വര്‍ഗമാണ് എന്ന കാരണത്താല്‍ മറ്റാരേക്കാളും പ്രകൃതിയെ കരുതി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് ഓരോ കര്‍ഷകനും. തോട്ടം മേഖലയ്ക്കായി മൊട്ടയടിക്കപ്പെട്ട മണ്ണില്‍ ഫലവൃക്ഷങ്ങളും തണല്‍മരങ്ങളും വച്ച് പിടിപ്പിച്ചും ക്രിയാല്‍മകമായി ഇടപെട്ടും അവരത് തലമുറകളായി ചെയ്യുന്നുമുണ്ട്. ഭൂമിയ്ക്ക് നല്‍കുന്ന വളവും ജലവും കരുതലുമാണ് പ്രകൃതി കുരുമുളകായും ഏലക്കയായും ഭക്ഷണമായും അവന് തിരിച്ചു നല്‍കുന്നത്. ഭൂമിയില്‍ നിന്നും സ്വീകരിക്കുന്നതിനു മുന്നേ മണ്ണിനാവശ്യമുള്ളത് യഥാവിധം നല്‍കണമെന്ന നാട്ടറിവുകള്‍ പരിസ്ഥിതിസംരക്ഷണത്തിനാവശ്യമായ വലിയ മൂലധനമാണ്. അതുകൊണ്ടാണ്, മാധവ് ഗാഡ്ഗില്‍ പരിസ്ഥിതി സംരക്ഷണത്തില്‍ തദ്ദേശ്ശീയജനപങ്കാളിത്തത്തിനായി ശക്തമായി വാദിച്ചത്.

എന്നാല്‍, കര്‍ഷകവിരുദ്ധമായിക്കാണിച്ചു കൊണ്ട് മണ്ണിന്‍റെ സംരക്ഷകരെത്തന്നെ ഇതേ റിപ്പോര്‍ട്ടിനെതിരെ അണിനിരത്തുവാന്‍ ഒരു പരിധി വരെ ചില ശക്തികള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഇന്ന് ഹൈറേഞ്ചിലെ ചെറുകിടകര്‍ഷകരുമായി സംസാരിക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്‌. ഈ റിപ്പോര്‍ട്ട് തുടക്കത്തില്‍ത്തന്നെ ജനങ്ങളില്‍ എത്തിച്ചേരാന്‍ അനുവദിച്ചില്ല, അതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണം വേണ്ടവിധത്തില്‍ നടന്നില്ല, അതുവഴി ചിലര്‍ മുതലെടുപ്പ് നടത്തി എന്നതിന്‍റെ ഉത്തരവാദിത്തം ഗവണ്‍മെന്‍റുകളും മാധ്യമങ്ങളും വീതിച്ചെടുക്കേണ്ടതാണ്. ഇതിന്‍റെ ഫലമായി നേട്ടങ്ങളുണ്ടാക്കിയത് ആരെന്നും ആ നേട്ടങ്ങള്‍ പ്രകൃതിയേയും അതിനെ കരുതി ജീവിക്കുന്ന ചെറുകിട കര്‍ഷകസമൂഹങ്ങളേയും വരാനിരിക്കുന്ന കാലങ്ങളില്‍ എപ്രകാരം ബാധിക്കും എന്നതും കണ്ട് മനസിലാക്കേണ്ടിയിരിക്കുന്നു.

(ഇടുക്കി കട്ടപ്പന സ്വദേശിയായ ബിന്‍സ്, ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ഫിലോസഫിയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്)Next Story

Related Stories