TopTop
Begin typing your search above and press return to search.

ഐ പി എല്‍ ലഹരി: കാശിന്റെ കളി

ഐ പി എല്‍ ലഹരി: കാശിന്റെ കളി

ടീം അഴിമുഖം

ഐ.പി.എല്‍ ക്രിക്കറ്റിലെ ഒത്തുകളിയെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് 200 മണിക്കൂര്‍ നീണ്ട ടെലിഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങുന്ന ടേപ്പാണ് ഡല്‍ഹി പോലീസിന്റെ പക്കലുള്ളത്. വാതുവയ്പ്പുകാരും പണം വെളുപ്പിക്കുന്നവരും ക്രിക്കറ്റ് താരങ്ങളും ചില ഒഫീഷ്യല്‍സും ഒക്കെ ഇതില്‍ ഇടം പിടിക്കുന്നു. ഈ ടേപ്പിലെ പേരുകള്‍ കേട്ടാല്‍ അറസ്റ്റിലായ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള മൂന്നു കളിക്കാരും ചെറുമീനുകള്‍ മാത്രമാണെന്ന് തോന്നും. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തതെന്നതാണ് പോലീസ് പറയുന്നത്. അതേ സമയം ടേപ്പില്‍ പരാമര്‍ശിക്കുന്ന ഉന്നതന്‍മാര്‍ ഒത്തുകളിയില്‍ പങ്കെടുത്തു എന്നതിന് തെളിവില്ല എന്നു തന്നെയാണ് തത്കാലം പോലീസ് നിലപാട്. അതില്‍ ഭരണ പക്ഷത്തെ മൂന്നു രാഷ്ട്രീയ പ്രമുഖരുണ്ട്, ചില മുതിര്‍ന്ന കളിക്കാരുണ്ട്. ഇനി ഇവര്‍ ആരെങ്കിലും ഒത്തുകളിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ അതിശയിക്കാനില്ല. മറിച്ച് ഇവരുടെയൊക്കെ പേരുവിവരങ്ങള്‍ എന്നെങ്കിലും പുറത്തു വരുമോ എന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ. കാരണം ഐ.പി.എല്‍ ലോകം അത്രമേല്‍ നിഗൂഢത നിറഞ്ഞതാണ്. എല്ലാ അധോലോക സിനിമകളിലേതും പോലെ അവിടെ വാതുവയ്പ്പുണ്ട്, പണം വെളുപ്പിക്കലുണ്ട്, അഴിമതിയുണ്ട് - മുന്‍ ഐ.പി.എല്‍ മുതലാളി ലളിത് മോഡിയുടെ കാലം തന്നെ ഉദാഹരണം - അതിനൊപ്പം ഇന്ത്യന്‍ ചെറുപ്പത്തെ വലയിലാക്കാന്‍ പറ്റുന്ന എല്ലാമുണ്ട്, രാത്രികള്‍ നീളുന്ന പാര്‍ട്ടികള്‍ മുതല്‍ സ്ത്രീകളെ രാത്രി കൂട്ടിന് അയക്കുന്നത് വരെ. ഇപ്പോള്‍ അറസ്റ്റിലായവര്‍ ഇതിന്റെയെല്ലാം ഇരകള്‍ കൂടിയാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ ആശീര്‍വാദം ഇതിനൊക്കെ ഉണ്ട് എന്നത് കൊണ്ട് തന്നെ, ശ്രീശാന്തിനെ പോലുള്ള ചെറുമീനുകളില്‍ ഡല്‍ഹി പോലീസ് അന്വേഷണം അവസാനിച്ചേക്കാം. അല്ലെങ്കില്‍ ആരെങ്കിലുമൊക്കെ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വരണം. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഭരണ ലോകത്ത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യ പങ്കാണുള്ളത്. അത് കൊണ്ട് തന്നെ മുന്നോട്ടുള്ള അന്വേഷണം ഡല്‍ഹി പോലീസിന് എത്രത്തോളം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയും എന്നത് വരും ദിവസങ്ങള്‍ തെളിയിക്കും.

പക്ഷേ, മറ്റൊന്നുണ്ട്, പഴയ പത്രപ്രവര്‍ത്തകനും കേന്ദ്രമന്ത്രിയുമായ രാജീവ് ശുക്ളയാണ് ഇപ്പോഴത്തെ ഐപിഎല്‍ ചെയര്‍മാന്‍. ഐ.പി.എല്ലില്‍ ബിസിസിഐക്ക് നേരത്തെ തന്നെ നിയന്ത്രണം ഉണ്ടായിരുന്നു എങ്കിലും ഐപിഎല്‍ പൂര്‍ണമായും ലളിത് മോഡിയുടെ സൃഷ്ടി തന്നെ ആയിരുന്നു എന്നതാണ് വാസ്തവം. കോടികളാണ് ഐപിഎല്ലിന്റെ മറവില്‍ മൌറീഷ്യസ് റൂട്ട് വഴി ഒഴുകിയത് എന്നു ഒരുപാട് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലളിത് മോഡി പുറത്തു പോയെങ്കിലും കാര്യങ്ങള്‍ക്ക് വല്യ മാറ്റമൊന്നും വന്നിട്ടില്ല. ഐപിഎല്‍ ടീമുകളുടെ ഉടമകളെ നോക്കിയാല്‍ അത് മനസിലാകും. മുകേഷ് അംബാനിയുടെ മുംബൈ ഇന്ത്യന്‍സ്, നൂസ്ലി വാഡിയ, പ്രീതി സിന്റ എന്നിവരുടെ കിംഗ്സ് ഇലവന്‍ പഞ്ചാബ്, ബിസിസിഐ പ്രസിഡന്റും ഇന്ത്യാ സിമന്‍റ്സ് ഉടമയുമായ എന്‍. ശ്രീനിവാസന്റെ ചെന്നൈ സൂപ്പര്‍ കിങ്സ്, ഷാരൂഖ് ഖാന്‍, ജൂഹി ചൌള എന്നിവരുടെ കൊല്‍ക്കൊത്ത നൈറ്റ് റൈഡേര്‍സ് അങ്ങനെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ സാധാരണക്കാരെക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന, കോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമകളാണ് ഇവരൊക്കെ. ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ഭരിക്കുന്ന രാഷ്ട്രീയ മേലാളന്മാരെ നോക്കൂക. ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള, സിപി ജോഷി, രാജീവ് ശുക്ള, അരുണ്‍ ജയ്റ്റ്ലി... ഇവരുടെയൊക്കെ മൂക്കിന്‍ തുമ്പിന് താഴെയാണ് ശ്രീശാന്ത് ഉള്‍പ്പെട്ട ഒത്തുകളി നടന്നിട്ടുള്ളത്. ഹവാലാ പണം ഇന്ത്യയില്‍ എത്തിക്കാനും അത് വെളുപ്പിക്കാനുമുള്ള ഏറ്റവും എളുപ്പമുള്ള വഴിയായി ഐ.പി.എല്‍ മാറിയിരിക്കുന്നു എന്നും ഈ സാഹചര്യത്തില്‍ രാജീവ് ശുക്ള സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടിരിക്കുന്ന ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി ഫോര്‍വേഡ് ബ്ളോക്ക് മാത്രമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഐ.പി.എല്‍ ലഹരി

ഐ.പി.എല്‍ ക്രിക്കറ്റിലെ അഞ്ചാം സീസണിലെ ഒരു പാതിരാവില്‍ ദക്ഷിണാഫ്രിക്കന്‍ കളിക്കാരന്റെ മുറിയിലേക്ക് യുവതി എത്തുന്നതും അവര്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. നുണ പറയാത്ത ഈ ദൃശ്യങ്ങള്‍ക്ക് മുമ്പും പിമ്പും നടന്നതായി ആരോപിക്കുന്നതെല്ലാം ഊഹാപോഹം മാത്രം. ദേശീയ രഹസ്യം ചോര്‍ത്തിയതിന്റെ പേരില്‍ തിഹാറില്‍ അഴിയെണ്ണുന്ന ആയുധകച്ചവടക്കാരന്‍ അഭിഷേക് വര്‍മയുടെ ‘രാഖി സഹോദരി’യെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ അമേരിക്കക്കാരിയായിരുന്നു അന്ന് മുറിയില്‍ ഉണ്ടായിരുന്നത്. അന്ന് രാത്രിയില്‍ മുറിയില്‍ വച്ച് ക്രിക്കറ്റ് താരം അപമാനിച്ചെന്ന് പറഞ്ഞ് ഇവര്‍ അടുത്തദിവസം പോലീസ് സ്‌റ്റേഷനില്‍ എത്തിയത് വലിയ വിവാദത്തിന് വഴി തെളിച്ചു.

ലോകത്ത് വച്ച് ഏറ്റവും പണക്കൊഴുപ്പുള്ള പ്രൊഫഷണല്‍ സ്‌പോര്‍ട് ലീഗുകളില്‍ ഒന്നായ ഐ.പി.എല്‍. വെറും ക്രിക്കറ്റ് കളി മാത്രമല്ല, കവിഞ്ഞൊഴുകുന്ന പണവും ലഹരി നുരയുന്ന മദ്യവും സ്ത്രീകളും ഇടകലരുന്ന ഒരു കോക്‌ടെയിലാണത്. അധികാരദല്ലാളന്മാര്‍ക്കും രാഷ്ട്രീയ പിമ്പുകള്‍ക്കും സ്വന്തം മേഖല വികസിപ്പിക്കാനുള്ള ഒരു വേദി. ഐ.എപി.എല്‍ സ്‌റ്റേഡിയത്തിലെ ഏറ്റവും മുന്തിയ വി.ഐ.പി.ബോക്‌സുകളില്‍ ഇരുന്ന് കളികാണുന്ന(?)വരില്‍ പകുതിപേരേയും നിങ്ങള്‍ക്ക് അറിഞ്ഞേക്കും. രാഹുല്‍ ഗാന്ധി, പ്രിയങ്ക വാധ്ര എന്നിവരില്‍ തുടങ്ങി അരുണ്‍ ജെയ്റ്റിലിയും ശരത്പവാറുമൊക്കെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇവിടെ കാണും. പതിനായിരക്കണക്കിന് രൂപ മുടക്കി ഈ വി.ഐ.പി. ബോക്‌സില്‍ കയറിപ്പറ്റിയവരാണ് പലപ്പോഴും യഥാര്‍ത്ഥ കളിക്കാര്‍. ഇതില്‍ ആരൊക്കെയാണ് വാതുവെപ്പുകാര്‍, പിമ്പുകള്‍ എന്നൊക്കെ തരം തിരിക്കാന്‍ ആര്‍ക്കുമാവില്ല. ആര്‍ഭാടത്തിന്റെ ഈ ലോകത്ത് അപക്വത സ്വഭാവത്തിന്റെ ഭാഗമാക്കിയ ശ്രീശാന്ത് പെട്ട് പോയെന്നതില്‍ അത്ഭുതപ്പെടാനില്ല.

Photo courtesy: IPL wesite

മെയ് 15 നിര്‍ണായക രാത്രി

രാജസ്ഥാന്‍ റോയല്‍സ്- മുംബൈ ഇന്ത്യന്‍സ് മത്സരം കഴിഞ്ഞ് കളിക്കാരൊക്കെ മുറികളിലേക്ക് മടങ്ങി. ഐപിഎല്ലില്‍ മൂന്നാം സ്ഥാനത്തുള്ള റോയല്‍സ് അന്നത്തെ കളിയില്‍ പരാജയപ്പെട്ടെങ്കിലും അത്ര വിഷമം ഒന്നുമുണ്ടായിരുന്നില്ല ആര്‍ക്കും. ടീം അംഗങ്ങള്‍ക്ക് പുറത്തു പോകാനും മറ്റും ടീം മാനേജ്മെന്‍റ് അനുമതി നല്‍കിയതിനാല്‍ മിക്കവരും സുഹൃത്തുക്കളെയും ഒക്കെ തേടി ഇറങ്ങി. അതില്‍ രണ്ടു പേര്‍ രാത്രി ഏറെ വൈകി പുറപ്പെട്ടത് ബാന്ദ്ര വെസ്റ്റിലുള്ള ‘ഓര്‍-ജി’എന്ന പബ്ബിലേക്കായിരുന്നു. തങ്ങളെ കാത്തിരിക്കുന്ന മിതാനിയ എന്ന വാതുവായ്പ്പുകാരനെ കാണാന്നായിരുന്നു എസ് ശ്രീശാന്ത് എന്ന മലയാളിയും അങ്കിത് ചവാന്‍ എന്ന മുംബൈക്കാരനും ആ സമയത്ത് പബ്ബിലെത്തിയത്. എന്നാല്‍ അതേ സമയത്ത് തന്നെ മറ്റൊരു കൂട്ടര്‍ കൂടി പബ്ബില്‍ കടന്നു കൂടിയിരുന്നു. ഡെല്‍ഹി പോലീസിന്റ്റെ സ്പെഷ്യല്‍ സെല്ലിലെയും മുംബൈ ക്രൈം ബ്രാഞ്ചിലെയും പോലീസുകാര്‍. അര മണിക്കൂറിനുള്ളില്‍ കൂടിക്കാഴ്ച കഴിഞ്ഞ് ചവാന്‍ പുറത്തിറങ്ങി. പോലീസുകാരില്‍ ഒരു വിഭാഗവും. ടീം താമസിക്കുന്ന ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഹോട്ടലില്‍ എത്തിയതും പോലീസ് ചവാനെ അറസ്റ്റ് ചെയ്തു.

ശ്രീശാന്തും മിതാനിയയും പബ്ബില്‍ നിന്നിറങ്ങുമ്പോള്‍ രാത്രി ഒന്നര. ഇരുവരും വെവ്വേറെ കാറില്‍ കയറി യാത്രയാവുകയും ചെയ്തു. ഒരു വിഭാഗം പോലീസുകാര്‍ ബാന്ദ്രയിലെ വാട്ടര്‍ഫീല്‍ഡ് റോഡിലൂടെ ശ്രീശാന്തിനെ പിന്തുടര്‍ന്നു. മോത്തി മഹലില്‍ ശ്രീശാന്തിന്റെ കാര്‍ എത്തിയതും പോലീസ് തടഞ്ഞു. കാറില്‍ ശ്രീശാന്തിനൊപ്പം മൂന്നു സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് ഡെല്‍ഹി പോലീസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. ഇതേ സമയത്തു തന്നെ ലിങ്കിങ് റോഡില്‍ നിന്നു മിതാനിയെയും പോലീസ് പിടികൂടി. ട്രിഡെന്‍റ് ഹോട്ടേലില്‍ നിന്നു അജിത്ത് ചന്ദില എന്ന റോയല്‍സ് താരവും പോലീസ് കസ്റ്റഡിയില്‍ ആയി.

പിറ്റേന്നു രാവിലെയാണ് ഡെല്‍ഹി പോലീസ് ഇന്ത്യന്‍ ക്രിക്കറ്റിനെയും കോടിക്കണക്കിനു പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത പുറത്തു വിടുന്നത്. ഒത്തുകളിച്ചതിന് രാജസ്ഥാന്‍ റോയല്‍സിന്റെ മൂന്നു താരങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു എന്ന വിവരം. ഇവര്‍ക്കൊപ്പം 11 വാതു വായ്പ്പുകാരും പോലീസ് പിടിയിലായി. ഇവരില്‍ അമിത് സിങ്ങ് എന്ന രാജസ്താന്‍ റോയല്‍സിന്റെ മുന്‍ കളിക്കാരനും ഉള്‍പ്പെട്ടിരുന്നു. അന്ന് വൈകിട്ട് ആറ് മണിയോടെ ഡെല്‍ഹിയില്‍ കൊണ്ടുവന്ന എല്ലാവരെയും അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആകാശത്തു നിന്നു നക്ഷത്രങ്ങള്‍ താഴേക്കു പൊഴിഞ്ഞു വീണ നിമിഷം.

മുന്‍കാലത്ത് കളിയുടെ ജയപരാജയങ്ങളിലായിരുന്നു വാത്‌വെപ്പുകാരുടെ കണ്ണ്. ടെസ്റ്റും ഏകദിനവും കഴിഞ്ഞ് ട്വന്റി-ട്വന്റിയിലേക്കും ഐ.പി.എല്ലിന്റെ കാലത്തേക്കും ക്രിക്കറ്റ് മാറിയപ്പോള്‍ വാതുവെപ്പിന്റെ രുപവും ഭാവവും മാറി. കളിയെ മൊത്തത്തിലെടുക്കാതെ ഓരോ ബോളിന്റേയും ഗതിവിഗതിയേയും കുറിച്ച് മാത്രം വാത് വെക്കുന്ന സ്‌പോട്ട് ഫിക്‌സിംഗ് ആണ് പുതിയ തരംഗം. ഒരു നോബോളോ വൈഡ് എറിയുന്നത് കൊണ്ടോ കളിയുടെ ഗതിയെ മാറ്റിമറിക്കുമെന്ന് ആരും കരുതില്ലെന്ന തെറ്റിദ്ധാരണയാണയാകാം ഈ അറസ്റ്റിലെത്തിച്ചത്. കളിക്കും അപ്പുറം ആയിരക്കണക്കിന് കോടി രൂപയുടെ ബിസിനസാണ് ഇന്ന് ഐ.പി.എല്‍. ഓരോ മാച്ചിലും നിയമപരമല്ലാത്ത കോടിക്കണക്കിന് രൂപയുടെ വാതുവെപ്പാണ് നടക്കുന്നത്. വന്‍ ബിസിനസ് തോക്കുകള്‍ മുതല്‍ വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും വരെ ഈ വാതുവെപ്പ് ചങ്ങലയിലെ കണ്ണികളാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ 13 വയസുകാരനെ കൊലപ്പെടുത്തിയ എം.ബി.എ.ക്കാരനും ഇവരില്‍ ഒരാളാണ്.

വാതു വയ്പ്പില്‍ ഉള്‍പ്പെടുന്ന കളിക്കാരന്‍ എറിയുന്ന ഓരോ ബോളിലും, വിട്ട് കളയുന്ന ഓരേ ക്യാച്ചിലും കോടിക്കണക്കിന് രൂപയുടെ ഹവാല പണമാണ് ഇവരെ തേടിവരുന്നത്. ശ്രീശാന്തിനെയും അങ്കിത് ചവാനെയും ചന്ദിലയെയും വീഴ്ത്തിയതും ഈ പണമാണ്. ശ്രീശാന്തിന്റെയും മറ്റുള്ളവരുടെയും ഒക്കെ നിരപരാധിത്വം അവകാശപ്പെട്ടുകൊണ്ട് അഭിഭാഷകരും കുടുംബവും ഒക്കെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പുറത്തു വരുന്ന ഓരോ വാര്‍ത്തകളും അത്ര നിരപരാധികള്‍ അല്ല ഇവര്‍ എന്ന കാര്യത്തിലേക്ക് ത്തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. പണം മാത്രമല്ല, അതിനൊപ്പമുള്ള പ്രശസ്തി, ഇഷ്ടപ്പെടുന്നവരുടെ സൌഹൃദം അങ്ങനെ ഐപിഎല്ലിലേക്ക് കടന്നു വരുന്ന ഓരോ ചെറുപ്പക്കാരും ഒരു സ്വപ്ന ലോകത്തേക്ക് തന്നെയാണ് കടന്നു കയറുന്നത്. അവരുടെ ദൌര്‍ബല്യങ്ങള്‍ ചൂഷണം ചെയ്യുക എന്ന വളരെ മിനിമം കാര്യമേ വാതുവയ്പ്പ് സംഘങ്ങള്‍ ചെയുന്നുള്ളൂ.

Photo courtesy: IPL Website

തുമ്പു തേടി ഡല്‍ഹി പോലീസ്

മുംബൈ അധോലോകം ഐ.പി.എല്‍. വാതുവെപ്പില്‍ ഊര്‍ജ്ജിതമായി ഇറങ്ങിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിപോലീസ് വലവിരിച്ച് കാത്തിരുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ പോലീസ് ഇതിനുള്ള ഒരുക്കം തുടങ്ങിയിരുന്നു. നിയമപരമായി തന്നെയായിരുന്നു ഡെല്‍ഹി പോലീസിന്റെ ഇടപെടല്‍. അതിനായി ആരുടെയൊക്കെ ഫോണ്‍ ചോര്‍ത്തേണ്ടതുണ്ടെന്ന കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങി. വാതു വയ്പ്പ് സംഘങ്ങളിലെ ചിലരെ നിരീക്ഷിച്ചപ്പോള്‍ തന്നെ കാര്യങ്ങള്‍ പന്തിയല്ല എന്നു പോലീസിന് ബോധ്യപ്പെട്ടു. പിന്നെ കളിക്കാരുടെ ഫോണ്‍ വിളികള്‍ ചോര്‍ത്തലായി. അങ്ങനെ അജിത് ചാന്ദിലയാണ് ഡെല്‍ഹി പോലീസിന്റെ വലയില്‍ ആദ്യം പെടുന്നത്. ഓരോ നിമിഷവും പോലീസ് കണ്ണികള്‍ മുറുക്കി കൊണ്ട് വന്നു. ശ്രീശാന്തിനൊപ്പം ഏത് നേരവുമുള്ള ജീജു ജനാര്‍ദ്ദനന്‍ എന്നയാള്‍ വാതു വായ്പ്പുകാരുമായി നിരന്തരം ബന്ധപ്പെടുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു. പിന്നെ കളിക്കാരുടെ ഓരോ കൂടിക്കാഴ്ചകളും മുതല്‍ ഓരോ ചലനങ്ങളും വരെ പോലീസ് പിന്തുടര്‍ന്നു. ഓര്‍-ജി പബ്ബിലെ ശ്രീശാന്തിന്റെ അവസാന കൂടീക്കാഴ്ച വരെ അത് നീണ്ടു.

കളിക്കാരും വാതു വായ്പ്പുകാരും തമ്മിലുള്ള ഫോണ്‍ സംഭാഷങ്ങള്‍ തന്നെയാണ് കേസില്‍ ഡെല്‍ഹി പോലീസിന്റെ പക്കലുള്ള ഏറ്റവും വലിയ തെളിവുകള്‍. എന്നാല്‍ ഇത് പുറത്തു വീട്ടിട്ടില്ല. എന്നാല്‍ കളിക്കാരുടെ പങ്ക് സൂചിപ്പിക്കുന്ന ചില ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടിരുന്നു. ഓരോ ഓവറിലും വാതുവയ്പ്പുകാരുടെ താല്പര്യങ്ങള്‍ അനുസരിച്ച് പന്തെറിയുക എന്ന വളരെ എളുപ്പമുള്ള ജോലി. രണ്ടോവര്‍ നന്നായി എറിഞ്ഞു ഒരോവറില്‍ തല്ല് വാങ്ങിയാലും ആരും സംശയിക്കില്ല എന്ന സിമ്പിള്‍ ബുദ്ധി തന്നെയായിരുന്നു വാതുവയ്പ്പുകാര്‍ കളിക്കാര്‍ക്കു മുന്നില്‍ വച്ച അപ്പകഷ്ണം. ഏറെ കടങ്ങള്‍ ഉള്ളയാളാണ് ചാന്ദില എന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അത്തരമൊരാള്‍ വാതുവയ്പ്പുകാര്‍ മുന്നോട്ട് വയ്ക്കുന്ന പ്രലോഭനത്തില്‍ കുടുങ്ങിയാല്‍ തന്നെ ശ്രീശാന്തിനെ പോലെ ഇപ്പോള്‍ കോടികളുടെ ആസ്തിയുള്ള ഒരാള്‍ കളത്തരം കാട്ടിയത് അത്യാര്‍ത്തി എന്നു തന്നെ പറയേണ്ടി വരും. അതോടൊപ്പം, പരിശീലനം പൂര്‍ത്തിയാക്കി കളത്തിലിറങ്ങുന്നതിന് മുമ്പ് കൈവന്നേക്കാവുന്ന പ്രശസ്തി, അളവറ്റ പണം എന്നിവ കൈകാര്യം ചെയ്യുന്നത് എങ്ങനെയാകണമെന്ന് കളിക്കാരെ പഠിപ്പിക്കേണ്ടത് കളി പഠിപ്പിക്കുന്നത് പോലെ പ്രധാനമാണ് എന്നതിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു ഉദാഹരണം കൂടി. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്ന വാക്കിന് കളിക്കളത്തിലെ ജയം എന്ന് മാത്രമല്ലല്ലോ അര്‍ത്ഥം.

കുറ്റം തെളിഞ്ഞാല്‍ ശ്രീശാന്തിനും കൂട്ടര്‍ക്കും എഴുവര്‍ഷം വരെ തടവ് ശിക്ഷയും ക്രിക്കറ്റില്‍ നിന്നു ആജീവാനന്ത വിലക്കും ലഭിക്കാം. ഐപിഎല്‍ ക്രിക്കറ്റ് കാണാന്‍ എത്തിയവരെ ക്രിമിനല്‍ ഗൂഡാലോചന നടത്തി വഞ്ചിച്ചു എന്നതാണു ഇപ്പോള്‍ ചുമത്തിയിരിക്കുന്ന കുറ്റം. ഇന്ത്യന്‍ ക്രിക്കറ്റില്‍ മുഹമ്മദ് അസറുദ്ദീനും മനോജ് പ്രഭാകറും നയന്‍ മോംഗിയയും അജയ് ജഡേജയുമൊക്കെ ഒത്തുകളിയുടെ ആരോപണം പേറുന്നവരും അതിന്റെ പേരില്‍ ക്രിക്കറ്റ് ജീവിതം മതിയാക്കേണ്ടി വന്നവരുമാണ്. അന്താരാഷ്ട്ര തലത്തിലും ആരോപണങ്ങള്‍ ഉയര്‍ന്നത് അത്ര കുറവല്ല. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായാണ് വാതുവയ്പ്പിന്‍റെ പേരില്‍ കളിക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുന്നത്.

ഈ അറസ്റ്റ് ഉയര്‍ത്തുന്ന ചില ചോദ്യങ്ങളും നമ്മുടെ മുന്നിലുണ്ട്. സാമ്പത്തികമായി വളര്‍ന്ന് കൊണ്ടിരിക്കുന്ന ഈ രാജ്യത്ത് വാത്‌വെപ്പ് നിയമാനുസൃതമാക്കാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കോടിക്കണക്കിന് രൂപ സേവന നികുതിയായും മറ്റു വരുമാനവുമായി ഖജനാവിലെത്താനും ക്രിമിനല്‍ സിന്‍ഡിക്കേറ്റുകളെ കൂച്ച്‌ വിലങ്ങിടാന്‍ എങ്കിലും ഈ നീക്കം സഹായകരമായേക്കും. ഐപിഎല്‍ കഴിഞ്ഞ സീസണുകളിലും ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്. ചെറിയ വിഗ്രഹങ്ങള്‍ ഉടഞ്ഞു കഴിഞ്ഞു. ഇനി ആരൊക്കെയെന്ന് അറിയാന്‍ പോകുന്നതേയുള്ളൂ.

Next Story

Related Stories