TopTop
Begin typing your search above and press return to search.

സര്‍വപ്രതാപികളുടെ കാലം കഴിയുമ്പോള്‍

സര്‍വപ്രതാപികളുടെ കാലം കഴിയുമ്പോള്‍

ഏകദിനപരമ്പരയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഏറ്റുവാങ്ങിയ കനത്ത തോല്‍വിയുടെ ആഘാതത്തില്‍ നിന്നും ഒരല്പം ആശ്വാസം തരുന്ന കാര്യമായിരുന്നു ഈ വര്‍ഷം ICC-യുടെ ‘Emerging Player of the Year’ പുരസ്കാരം ചേതേശ്വര്‍ പൂജാരക്ക് ലഭിച്ചത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടീമിന്റെ ഇപ്പോഴത്തെ നില മെച്ചപ്പെടുത്താന്‍ വേണ്ട ഉത്തേജകം ഇതാണോ എന്നു കണ്ടറിയണം.

ഏകദിനപരമ്പരയിലെ ഇന്ത്യയുടെ പ്രകടനം നിരാശാജനകവും അന്ധാളിപ്പിക്കുന്നതുമായിരുന്നു. ടീം തോല്‍ക്കുന്നതില്‍ എനിക്കു മനപ്രയാസമൊന്നുമില്ല; അത് കളിയുടെ രീതിയാണ്, ഒരു ടീം തോറ്റെ പറ്റൂ. പക്ഷേ തോറ്റ രീതിയാണ് ആകെ വിമ്മിട്ടമുണ്ടാക്കുന്നത്. ഇക്കൊല്ലം തുടര്‍ച്ചയായി കളികള്‍ ജയിച്ചതിനുശേഷം ഇങ്ങനെ തോല്‍ക്കുമെന്ന് ആരും കരുതിയില്ല.

ദയനീയമായ പരാജയങ്ങളായിരുന്നു എല്ലാം. ആദ്യത്തെ കളി 140 റണ്ണിന് തോറ്റപ്പോള്‍ രണ്ടാമത്തേതില്‍ 134 റണ്ണിനാണ് കീഴടങ്ങിയത്. എന്തളവുകോല്‍വെച്ചായാലും ഇത് വമ്പന്‍ തോല്‍വികളാണ്. ആദ്യം ഒന്നു പതറിയെങ്കിലും മൂന്നാമത്തെ കളിയിലും ദക്ഷിണാഫ്രിക്ക 300-നുമേലെ റണ്‍സ് അടിച്ചെടുത്തു. സമ്മര്‍ദ്ദം മുഴുവന്‍ ഇന്ത്യക്ക് മേലായി.

സെഞ്ചൂറിയന്‍ പാര്‍ക്കിലെ പിച്ചില്‍ ടീമിന് ഇത് അടിച്ചെടുക്കാവുന്നതായിരുന്നു എന്നു എം എസ് ധോനി പറഞ്ഞത് നാട്ടിലെ ആരാധകര്‍ക്ക് വേണ്ടി മാത്രമാകും. അപ്പറഞ്ഞതില്‍ ഒട്ടും ആത്മവിശ്വാസം ഉണ്ടാകാന്‍ ഇടയില്ല. വാസ്തവം പറഞ്ഞാല്‍ കളിയുടെ എല്ലാ മേഖലകളിലും അവര്‍ ഇന്ത്യയെ മറികടന്നു.

ഏകദിനത്തിലെ ലോകത്തെ ഒന്നാം സ്ഥാനക്കാരായ ടീമിന് ഇതെങ്ങനെ സംഭവിച്ചു എന്നു ഇന്ത്യന്‍ ടീമിനെ പിന്തുണക്കുന്നവര്‍ ന്യായമായുംചോദിക്കുന്ന ചോദ്യമാണ്. പരമ്പര വേണ്ട വിധമല്ലെ തയ്യാറാക്കിയത്, (വേണ്ടത്ര പരിശീലന മത്സരങ്ങളില്ലാതെ?) അതോ വിദേശത്തു കളിക്കാന്‍ ടീം ഇപ്പോളും സജ്ജമല്ലെന്നാണോ?

ഇതിന് തെളിച്ചൊരു ഉത്തരമില്ല. അത് കുറച്ചധികം കാരണങ്ങള്‍ കൂടിക്കലര്‍ന്നതാണ്. അതില്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച രണ്ടെണ്ണമാണ് ഏറ്റവും പ്രധാനം. ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ ന്യായീകരിക്കാന്‍ ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിന്റെ തികഞ്ഞ പരാജയവുമായി താരതമ്യപ്പെടുത്തിയാല്‍ മാത്രമേ ശരിയാകൂ.

ആഷസ് പരമ്പരയില്‍ തോറ്റു തൊപ്പിയിട്ട ഇംഗ്ലണ്ട്, ആറ് മാസം മുമ്പ് രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പരമ്പര തൂത്തുവാരിയ ടീമാണെന്ന് തോന്നിപ്പിച്ചതേയില്ല. കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ കളിച്ചപ്പോള്‍ ഇംഗ്ലണ്ട് വിശ്വസനീയമായ വിജയം നേടുകയും ചെയ്തിരുന്നു. ഇപ്പോളാകട്ടെ അവര്‍ തികച്ചും ധാരണയില്ലാത്ത, ശരാശരിക്കാരെപ്പോലെയാണ് -ബാറ്റിംഗിലും, ബൌളിംഗിലും, ഫീല്‍ഡിംഗിലുമെല്ലാം.

മിക്ക ടീമുകളും സ്വന്തം മണ്ണില്‍ പുലികളാണെങ്കിലും വിദേശത്തു പരുങ്ങലിലാണെന്നാണ് ഇത് കാണിക്കുന്നത്. സര്‍വ്വപ്രതാപികളുടെ കാലം - 1970-ലും 80-ലും വെസ്റ്റിന്‍ഡീസും 1990 മുതല്‍ 2005 വരെ ഓസ്ട്രേലിയയും - കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരതയുള്ള പ്രകടനം കാഴ്ച്ചവെക്കുന്ന ദക്ഷിണാഫ്രിക്ക പോലും അടുത്തിടെ പാകിസ്ഥാനോട്, ടെസ്റ്റിലും ഏകദിനത്തിലും, തോല്‍വിയേറ്റുവാങ്ങി.

മുന്‍നിര ടീമുകള്‍ തമ്മിലുള്ള - ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ശ്രീലങ്ക -അകലം കുറഞ്ഞുവരികയാണെന്ന് വ്യക്തമാണ്. നാട്ടിലാണോ പുറത്താണോ അവര്‍ കളിക്കുന്നത് എന്നതിനെ ആശ്രയിച്ച് ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞുകൊണ്ടേയിരിക്കുന്നു.

ഒരര്‍ത്ഥത്തില്‍ ഇത് ആരാധകര്‍ക്ക് നല്ലതാണ്. അനിശ്ചിതത്വവും അട്ടിമറികളും കളിയുടെ മാറ്റു കൂട്ടും. എന്നാലും, ഒരു ടീമിന്റെ കാഴ്ച്ചപ്പാടില്‍ സ്ഥിരമായ പ്രകടനത്തിന്റെ പാതയില്‍ അവര്‍ ഇതുവരെ എത്തിയില്ലെന്നാണ് ഇത് കാണിക്കുന്നത്.

ഈ പര്യടനം ഒഴിച്ചുനിര്‍ത്തിയാല്‍ ചില തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ഇന്ത്യ ഈ തടസ്സം മറികടന്നു എന്നാണ് തോന്നിപ്പിച്ചത്. ചാംപ്യന്‍സ് ട്രോഫി നേടി, മറ്റ് അഞ്ച് ഏകദിന പരമ്പരകളിലും ജയിച്ചു, ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയെ 4-0ത്തിന് തോല്‍പ്പിച്ചു. തടയാന്‍ പറ്റാത്ത കുതിപ്പാണെന്ന പ്രതീതി ഉണ്ടാക്കി.

അതുകൊണ്ടുതന്നെ ഏകദിനപരമ്പരയില്‍ ദക്ഷിണാഫ്രിക്കയുടെ കയ്യില്‍നിന്നും ഏറ്റ പ്രഹരം വലിയ തിരിച്ചടിയാണ്. രണ്ടു ടെസ്റ്റുകളിലും നാടകീയമായ രീതിയില്‍ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ഇന്ത്യ ഈ വര്‍ഷം ആദ്യം ഉണ്ടായിരുന്ന അവസ്ഥയിലേക്ക് തിരിച്ചെത്തും. എം എസ് ധോനിക്ക് അതത്ര സുഖമുള്ള അവസ്ഥയായിരിക്കില്ല.

Next Story

Related Stories