TopTop

ബി.ജെ.പി എന്ന ബോറന്‍ പാര്‍ട്ടി

ബി.ജെ.പി എന്ന ബോറന്‍ പാര്‍ട്ടി

ടീം അഴിമുഖംഅമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രാഗഡേയെ അറസ്റ്റ് ചെയ്തതിന്റെ പ്രതിഷേധം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ തന്റെ പാര്‍ടിയുടെ 'വിവരക്കേട്' വിളിച്ചു കൂവാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യയിലുള്ള അമേരിക്കന്‍ നയതന്ത്രജ്ഞരുടെ ഗേ പങ്കാളികളെ അറസ്റ്റ് ചെയ്ത് പ്രതികാരം വീട്ടണം. 377-ആം വകുപ്പിനെ കുറിച്ചുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സ്വവര്‍ഗരതി നിയമവിരുദ്ധമായത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അദ്ദേഹം തന്റെ അഭിപ്രായത്തെ സാധൂകരിച്ചത്. അമേരിക്കയില്‍ കുറഞ്ഞ വേതനത്തില്‍ ജോലിക്കാരിയെ വച്ചതിന് ദേവയാനിയെ അറസ്റ്റ് ചെയ്യാമെങ്കില്‍ ഇന്ത്യയില്‍ ഗേ പങ്കാളിക്കൊത്ത് താമസിക്കുന്ന അമേരിക്കന്‍ നയതന്ത്രജ്ഞനെയും ലോക്കപ്പിലാക്കാം എന്നാണ് സിന്‍ഹയുടെ 'വിദഗ്ധ അഭിപ്രായം'.സിന്‍ഹയുടെ അഭിപ്രായം ഒറ്റപ്പെട്ട അഭിപ്രായമല്ല. മറിച്ച് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയും ഒരിക്കല്‍ രാജ്യം ഭരിച്ചവരുമായ ഭാരതീയ ജനതാ പാര്‍ട്ടിയുടേയും അവരുടെ മാതൃസംഘടനയായ ആര്‍.എസ്.എസിന്റെയും പ്രഖ്യാപിത നിലപാട് തന്നെയാണ്. സുപ്രീം കോടതി വിധിന്യായത്തെ ന്യായീകരിച്ചു കൊണ്ട് ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും പാര്‍ടി വക്താക്കളും മറ്റ് ശിങ്കിടികളുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വരികയുണ്ടായി. ഈ വിധി ഇന്ത്യയെ അപരിഷ്‌കൃത കാലഘട്ടത്തിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതാണെന്ന് സാമൂഹിക, സാംസ്‌കാരിക മേഖലകളിലുള്ളവരും നിയമ വിദഗ്ധരുമൊക്കെ അഭിപ്രായപ്പെട്ടതൊന്നും നമ്മുടെ പ്രധാന പ്രതിപക്ഷ പാര്‍ടി അറിഞ്ഞ മട്ടില്ല. അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും യുവാക്കളുടെ ഹരവുമായ നരേന്ദ്ര മോദിയാണെങ്കില്‍ പൂര്‍ണ നിശബ്ദനുമാണ്.യു.പി.എ സര്‍ക്കാരിന്റെ അഴിമതി നിറഞ്ഞ, നിരുത്തരവാദപരമായ ഭരണത്തെ എതിര്‍ത്തു കൊണ്ട് രംഗത്തെത്തിയ യുവാക്കളടക്കമുള്ളവരെ ബി.ജെ.പി - ആര്‍.എസ്.എസ് സംഘത്തിന്റെ ഈ പിന്തിരിപ്പന്‍ നിലപാട് തീര്‍ച്ചയായും നിരാശപ്പെടുത്തിയിട്ടുണ്ടാകണം. മാത്രമല്ല, ഇവരില്‍ പലരും സ്വവര്‍ഗാനുരാഗ ആഭിമുഖ്യം പുലര്‍ത്തുന്നവരോ അത്തരത്തിലുള്ള സുഹൃത്തുക്കള്‍ ഉള്ളവരോ ഒക്കെയായിരിക്കാനും സാധ്യതയുണ്ട്.ബി.ജെ.പിയുടെ ഈ പഴഞ്ചന്‍ നിലപാട് സത്യത്തില്‍ ആരേയും അത്ഭുതപ്പെടുത്തേണ്ടതല്ല. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ കോണ്‍ഗ്രസിന് ബദലായി ഇത്രയും ശക്തമായ ഒരു സാന്നിധ്യമായി ബി.ജെ.പിയെ പോലെ മറ്റൊരു രാഷ്ട്രീയ സംഘടന ഉണ്ടായിട്ടില്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു വലതുപക്ഷ പാര്‍ട്ടിയായിട്ടു പോലും തങ്ങള്‍ക്ക് ലഭിച്ച ഈ അവസരം പ്രയോജനപ്പെടുത്താന്‍ ബി.ജെ.പിക്ക് കഴിയാതെ പോകുന്നത് ഇമ്മാതിരി മൂഡത്തരം പിന്തുടര്‍ന്നതു കൊണ്ടും ആര്‍.എസ്.എസിന്റെ 'സനാതന' ഹിന്ദുത്വ അജണ്ടയില്‍ നിന്ന് പുറത്തു വരാന്‍ കഴിയാതാകുന്നതു കൊണ്ടുമാണ്.ഇത് സ്വവര്‍ഗരതിയുടെ മാത്രം കാര്യത്തിലല്ല. ബി.ജെ.പിയും സംഘപരിവാരവും ഒന്നടങ്കം ഭൂരിപക്ഷ അജണ്ടയെ മാത്രം മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ ഇന്ത്യ പോലൊരു സമൂഹത്തില്‍ ഒരുപാട് ന്യൂനപക്ഷങ്ങളുണ്ട്. അത് ജാതി, മത, വര്‍ഗ, ലിംഗ, സാമ്പത്തിക അങ്ങനെ നിരവധി ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രാഷ്ട്രീയത്തില്‍ വോട്ടിനു വേണ്ടി ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങള്‍ ഒരുപക്ഷേ മോഡിക്കും കൂട്ടര്‍ക്കും അറിയാമായിരിക്കും. ഇതില്‍ ബി.ജെ.പി കോണ്‍ഗ്രസില്‍ നിന്നും ഒട്ടും വ്യത്യസ്തവുമല്ല. എന്നാല്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വൈവിധ്യം നിറഞ്ഞ ഈ രാജ്യം മുകളില്‍ പറഞ്ഞ നിരവധി ന്യൂനപക്ഷ സ്വത്വങ്ങളുടെ ഒരു കൂട്ടായ്മയാണെന്ന് മനസിലാക്കിയില്ലെങ്കില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ഭാവി ശോഭനമായിരിക്കില്ല.ഇന്ന് ബി.ജെ.പി മുന്നോട്ടു വയ്ക്കുന്ന 'ശക്തിമാന്‍' രാഷ്ട്രീയത്തില്‍ അവകാശങ്ങള്‍ നഷ്ടപ്പെട്ടവരോടുള്ള അവഗണനയും ബഹുമാനമില്ലായ്മയുമുണ്ട്. കരുത്തുള്ള ഒരു രാജ്യം എന്നതിന് അര്‍ഥം എന്തു തെമ്മാടിത്തരവും കാണിക്കാനുള്ള ഒരു പോലീസ് സ്‌റ്റേറ്റാണെന്ന ഒരു കാഴ്ചപ്പാടാണ് ബി.ജെ.പിക്കുള്ളത്. അതുകൊണ്ടു തന്നെയാണ് മോദിയുടെ കീഴില്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഗുജറാത്തില്‍ അരങ്ങേറുന്ന പോലീസ് അതിക്രമങ്ങളും മറ്റും ബി.ജെ.പി കാര്യമാക്കാതിരിക്കുന്നത്. ഭൂരിപക്ഷത്തിന്റെ ഭരണത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നിടത്താണ് യഥാര്‍ഥ ജനാധിപത്യം. ആ ന്യൂനപക്ഷം മുസ്ലീമാകാം, സ്വവര്‍ഗരതിക്കാരാകാം, ഗുജറാത്തില്‍ പോലീസ് സംരക്ഷിച്ച ഒരു യുവതിയാകാം, 'വന്‍മരം വീണപ്പോള്‍' ചതഞ്ഞരഞ്ഞ അനേകായിരം സിക്കുകാരുമാകാം.കോണ്‍ഗ്രസിന്റെ തെറ്റുകളാണ് ബി.ജെ.പി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഒരു വയസു മാത്രം പ്രായമുള്ള ആം ആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ ഇത്രയും ജനപിന്തുണയുണ്ടായത്. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഏതായാലും കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞിട്ടു മാത്രം അധികാരത്തില്‍ വരാമെന്ന വ്യാമോഹം ബി.ജെ.പിക്ക് വേണ്ട. പൊതുതാത്പര്യങ്ങള്‍ക്ക് മുന്നില്‍ വ്യക്തിസ്വാതന്ത്ര്യത്തിന് വിലയില്ല എന്നു വിശ്വസിക്കുന്ന ബി.ജെ.പിയും നമ്മുടെ മതസംഘടനകളും മാറേണ്ടത് ഇന്ത്യ എന്നു പറയുന്ന ആശയത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്.Next Story

Related Stories