TopTop
Begin typing your search above and press return to search.

മതിലുകള്‍

മതിലുകള്‍

ഇത് വായിക്കുന്ന നിങ്ങളില്‍ എത്ര പേര്‍ക്ക് മതിലുകള്‍ ഇല്ലാത്ത ഒരു ദേശത്ത് ജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു എന്നെനിക്കറിയില്ല, എനിക്കെന്തായാലും ആ ഭാഗ്യം കിട്ടിയിട്ടുണ്ട്.

കാഞ്ഞിരപ്പുഴയില്‍ മതിലുകളും കൂറ്റന്‍ വീടുകളും ഒക്കെ ഉണ്ടെങ്കിലും കൊർണകുന്ന് എന്ന എന്റെ കൊച്ചു ഗ്രാമത്തില്‍ ഒരു വീടിനു പോലും മതിലില്ല. പലരുടെയും വീട് പണി തന്നെ ഭാഗികമായി തീരാനുള്ളപ്പോള്‍ മതില്‍ ഒരു ആഡംബരം ആണ് എന്നതാണ് സത്യത്തില്‍ മതിലുകള്‍ ഇല്ലാത്തതിന്റെ യഥാര്‍ത്ഥ കാരണം.

മതിലുകളില്ലാത്ത ഒരു ഗ്രാമത്തിന്റെ ഭംഗി ഞാന്‍ ആസ്വദിക്കാറുണ്ട്. അവിടെ ഒരു വീട്ടിലേക്കും ആരും ഒളിഞ്ഞു നോക്കേണ്ടി വരുന്നില്ല, ഒരു വീട്ടില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ ആദ്യം എത്തുന്നത്‌ തൊട്ടടുത്തുള്ള അയല്‍വാസി തന്നെയാണ്, ആരെയും മൊബൈലില്‍ വിളിച്ചു വരുത്തേണ്ട ആവശ്യം വരുന്നില്ല.

ഞങ്ങള്‍ ആദ്യം താമസിച്ചിരുന്ന വീടിന്റെ വലതു വശത്തുള്ള വീട് ശ്രീധരേട്ടന്റെതായിരുന്നു. മഴക്കാലം തുടങ്ങുന്ന്തിനു മുന്നേ പുരമേയാനുള്ള കാശ് ഉപ്പാന്റെ കയ്യില്‍ ഒക്കാതെ വന്നാല്‍ നല്ല മഴപെയ്യുമ്പോള്‍ ഞങ്ങള്‍ ഉറങ്ങാന്‍ പോയിരുന്നത് ശ്രീധരേട്ടന്റെ വീട്ടിലേക്കായിരുന്നു. ഓണം അവിടെ, വിഷു അവിടെ, പെരുന്നാളിന് അവര്‍ ഞങ്ങളുടെ വീട്ടില്‍. രണ്ടു വീടുകള്‍ തമ്മിലുള്ള ഏക വേര്‍തിരിവ് വര്‍ഷകാലത്ത് മഴവെള്ളം ഒലിച്ചു പോകാനുള്ള ചെറിയൊരു കൈത്തോട് മാത്രം.

ഇടതു വശത്ത് താമസിച്ചിരുന്നത് പാത്തുടുത്ത. ഇപ്പോഴും അവധിക്കു നാട്ടില്‍ എത്തിയാല്‍ തറവാട് വീട്ടില്‍ പോയി കഴിഞ്ഞാല്‍ ഞാന്‍ പിന്നെ പോകുന്നത് പാത്തുടുത്തയെ കാണാനായാണ്. അവരുടെ വീട്ടിലേക്കു ഞങ്ങളുടെ മുറ്റത്തൂടെ ആയിരുന്നു വഴി. അങ്ങോട്ട്‌ ഏതു വിരുന്നുകാര് വന്നാലും വീട്ടിലൊന്നു കയറിയിട്ടേ പോകൂ. ഇപ്പോഴും പതിവില്ലാത്ത സമയത്ത് ഭാര്യയുടെ മിസ്‌കോള്‍ കണ്ടു വിളിച്ചാല്‍ മിക്കവാറും അത് പാത്തുടുത്ത പറഞ്ഞിട്ട് അവള്‍ വിളിച്ചതാവും. വെറുതെ എന്നോട് ഒന്ന് സംസാരിക്കാന്‍ വേണ്ടി വിളിച്ചതാണെന്നു പറയും അവര്. രണ്ടു വീടിനുമിടക്ക് മതിലൊന്നും ഇല്ലാത്തതുകൊണ്ട് അവരുടെ വീട്ടിലെ ആര്യവേപ്പ് മരം ഇടക്കൊക്കെ ഞങ്ങളുടെ അടുക്കള ഭാഗത്തെ മുരിങ്ങ മരത്തോടു സ്വകാര്യം പറയാന്‍ വരും.

പിറകു വശത്ത് താമസിച്ചിരുന്നത് കോയാക്കയും കുടുംബവും, അവര് വീട് വിറ്റു പോയതിനു ശേഷം മറ്റൊരു കുടുംബം വന്നു. രാത്രി ഒരു മണ്ണെണ്ണ വിളക്കും കത്തിച്ചു മൊയ്തുപ്പോ അടക്കയുണ്ടോ എന്നും ചോദിച്ചു കൊയാക്കാന്റെ വീടര് ആമിനാത്ത വന്നാല്‍ പിന്നെ വിളക്കിലെ മണ്ണെണ്ണ കഴിയുന്നതുവരെ അവര് സംസാരിച്ചുകൊണ്ടിരിക്കുമായിരുന്നു. അതിരാണിപാടത്തെ ശ്രീധരന്റെ (ഒരു ദേശത്തിന്‍റെ കഥ ) വീടിനു മുന്നിലുണ്ടായിരുന്ന പോലത്തെ ഒരു പുരത്തറ എന്‍റെ വീടിനു മുന്നിലും ഉണ്ടായിരുന്നു. എന്തോ കാരണം കൊണ്ട് പണി നിന്നുപോയ പുല്ലു പിടിച്ചു കിടക്കുന്ന തറ ഇടയ്ക്കിടയ്ക്ക് അതിന്‍റെ ഉടമസ്ഥന്‍ വന്നു വൃത്തിയാക്കി പോകും. ഡിസംബറിലെ കുളിരുള്ള പുലരികളില്‍ ഞാനും അയലത്തെ കുറച്ചു മുതിര്‍ന്ന ചേട്ടന്മാരുമെല്ലാം കൂടി രാത്രിയില്‍ മഞ്ഞു വീണു നനഞ്ഞ കരിയിലകള്‍ അടിച്ചു കൂട്ടി ആ തറയിലിട്ടു കത്തിക്കും. ഇടയ്ക്കു പുകഞ്ഞും ഇടയ്ക്ക് ആളിയും കത്തുന്ന തീയ്ക്കരികില്‍ സിനിമയില്‍ അക്രമിക്കാന്‍ വരുന്ന വില്ലനെ കാണുമ്പോള്‍ നായിക കൈ രണ്ടും പിണച്ചു മാറ് മറച്ചു നില്‍കുന്ന പോലെ നിന്ന് ഞങ്ങള്‍ തീ കായും.

പിന്നെടെപ്പോഴോ ആ തറയില്‍ ഒരു പുര ഉയര്‍ന്നു വന്നു. പുരയിലെ താമസക്കാരില്‍ എന്നെക്കാളും രണ്ടു വയസു കുറവുള്ളൊരു കുട്ടിയുണ്ടായിരുന്നു. അവളാണ് പിന്നീട് എന്റെ കുട്ടിക്കാലം മുഴുവനും മാമ്പഴക്കാലമാക്കിയ റസിയ.

മതിലുകളില്ലാത്ത ഒരു ഗ്രാമത്തില്‍ നേരം വെളുക്കുന്നതും രാത്രിയാവുന്നതുമൊക്കെ ഏകദേശം ഒരേ സമയത്തായിരിക്കും, അവിടെ ഒന്നും ഒരാള്‍ക്ക്‌ വേണ്ടി മാത്രമായി സംഭവിക്കാറില്ല.

പുതിയ വീട് വെച്ചപ്പോള്‍ ആകെയുണ്ടായിരുന്ന പ്രാര്‍ത്ഥന പഴയ വീടിരുന്നിടത്തുള്ളത് പോലെ തന്നെയുള്ള നല്ല അയല്‍വാസികളെ തന്നെ കിട്ടണേ എന്നാതായിരുന്നു. പ്രാര്‍ത്ഥന ഫലിച്ചു .വീടിന്റെ വലതു വശത്ത് അസന്ക്കയും സക്കീന താത്തയും, പിന്നെ സമദ്ക്കയും കുടുംബവും. വീട്ടിലെന്തെങ്കിലും പരിപാടിയൊക്കെ ഉണ്ടെങ്കില്‍ ബന്ധുക്കളെല്ലാരും യാത്ര പറഞ്ഞു പോയാലും സക്കീനത്താത്തയുണ്ടാകും അവസാനത്തെ എച്ചില്‍ പാത്രവും കഴുകി വെക്കുന്നത് വരെ. അവരെ ഒരു അയല്‍വാസി എന്നതിലുപരി നമ്മുടെ വീട്ടില്‍ തന്നെയുള്ള ഒരു അംഗമായേ കാണാന്‍ കഴിയൂ.

അസന്ക്കാന്റെ വീടിനും ഞങ്ങളെ വീടിനും ഇടയിലൂടെ ഒരു ചെറിയ റോഡ്‌ പോകുന്നുണ്ട്. ഇപ്പോള്‍ വാഹനങ്ങളൊന്നും അതുവഴി പോകുന്നില്ലെങ്കിലും പുഴക്കരയിലേക്ക് പുല്ലു തിന്നാന്‍ പോകുന്ന അമ്മിണി പശുവും കിങ്ങിണി കിടാവും,വാസുവേട്ടന്റെ തടിച്ചി എരുമയും കുഞ്ഞാലന്‍ കാക്കാന്റെ പേരിട്ടിട്ടില്ലാത്ത കുറെ ആടുകളുമൊക്കെ അതുവഴിയാണ് പോകാറ്. പോകുന്ന പോക്കില്‍ പാവങ്ങള്‍ ന്റെ ഉമ്മാന്റെ അടുക്കള കൃഷിയിലേക്ക് കൊതിയോടെയുള്ള ഒരു നോട്ടമുണ്ട്. അതുകൊണ്ട് തന്നെ ആ ഭാഗത്ത്‌ ഒരു അരമതില്‍ കെട്ടുക എന്നത് പച്ചക്കറി കടയിലെ ബില്ല് ഒട്ടൊന്നു കുറക്കാന്‍ അത്യന്താപേക്ഷിതമാണ്.

വീടിനു മുന്‍ഭാഗം പിന്നെ പുഴയുടെ മനോഹാരിതയിലേക്ക് തുറക്കുന്നതായതോണ്ട് അവിടെ ഒരു മതില്‍ ചിന്തിക്കാന്‍ കൂടി കഴിയില്ല. പിറകു വശത്തെ പറമ്പ് ഒഴിഞ്ഞു കിടക്കുകയാണ്. ആരും വീട് വെച്ചു താമസം തുടങ്ങിയിട്ടില്ല.

ഇടതു വശത്താണ് കണ്ണേട്ടനും കുടുംബവും. ഞാന്‍ എന്താണ് ആ മനുഷ്യനെ കുറിച്ചു പറയുക? വീടിനു മുന്നില്‍ പുഴയാണെങ്കില്‍ ഇടതു വശത്തൊരു കടലാണ്. സ്നേഹത്തിന്റെ കടല്‍, സാഹോദര്യത്തിന്റെ കടല്‍. മതത്തിന് ഞങ്ങള്‍ക്കിടയില്‍ മതില്‍ പോയിട്ട് ഒരു ചെറിയ വേലി പോലും കെട്ടാന്‍ കഴിഞ്ഞിട്ടില്ല. എന്തിനും ഏതിനും കണ്ണേട്ടന്‍ ഉണ്ടാവും മുന്നില്‍. ഏറ്റവും അവസാനം വാല്ല്യുപ്പയുടെ അന്ത്യയാത്രയില്‍ പോലും കണ്ണേട്ടന്‍ ഉണ്ടായിരുന്നു, കാഞ്ഞിരപ്പുഴ പള്ളിയിലെ ഖബര്‍സ്ഥാന്‍ വരെ. നിങ്ങള്‍ പറയു. ഞാന്‍ എങ്ങനെ കണ്ണേട്ടനും എനിക്കുമിടയില്‍ ഒരു മതില്‍ കെട്ടും? എന്നെങ്കിലുമൊരിക്കല്‍ ഒരു അരമതില്‍ അവിടെയും വന്നേക്കാം. പക്ഷെ കണ്ണേട്ടനായി താഴില്ലാത്ത ഒരു ചെറിയ ഗേറ്റ് ആ മതിലില്‍ ഉണ്ടാവും.

വ്യക്തികള്‍ അവനവനിലേക്ക് മാത്രമായി ചുരുങ്ങുകയും അവനവന്റെ സ്വകാര്യതക്കും സുരക്ഷിതത്തിനും ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുകയും ചെയ്യുന്ന ഇക്കാലത്ത് മതിലുകള്‍ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ചു വെറുതെ വാചാലമാകാം എന്നേയുള്ളൂ. മതിലുകള്‍ ഒരു അത്യാവശ്യം തന്നെയാണ്. പ്രാത്യേകിച്ചു നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക്.

പകരം നമുക്ക് മതിലുകള്‍ ഇല്ലാത്ത ഹൃദയങ്ങളെ കുറിച്ചു വാചാലരാവാം. ഹൃദയങ്ങള്‍ക്ക് മതിലുകള്‍ കെട്ടാതിരിക്കാം നമുക്ക്. തുറന്നു കിടക്കട്ടെ മനുഷ്യ ഹൃദയങ്ങള്‍... സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കുളിര്‍ കാറ്റേറ്റു പൂത്തുലയട്ടെ ഓരോ ഹൃദയങ്ങളും.


Next Story

Related Stories