TopTop
Begin typing your search above and press return to search.

ഡിസംബര്‍ ഇന്നും ഭയപ്പെടുത്തുന്നുണ്ട്

ഡിസംബര്‍ ഇന്നും ഭയപ്പെടുത്തുന്നുണ്ട്

ഇന്ന്‍ ഡിസംബര്‍ 16. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് 23 വയസുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയും സുഹൃത്തും വീട്ടിലേക്കു പോകാനായി ബസില്‍ കയറിയത്. സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി ആറ് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു ഇരുവരെയും ഡല്‍ഹിയിലെ തണുപ്പിലേക്ക് വലിച്ചെറിയുന്നത്. രണ്ടാഴ്ചക്കു ശേഷം ആ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ആ സംഭവം ഉയര്‍ത്തിവിട്ട പ്രതിഷേധമാണ് ഇന്ന് ഡല്‍ഹിയെ ഭരണമാറ്റത്തില്‍ പോലും എത്തിച്ചതിലെ പ്രധാന ഘടകം. അന്നത്തെ ദിവസങ്ങളെ കുറിച്ച് ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ മാസ് കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയായ ശ്രീജ ശശീധരന്‍ ഓര്‍ക്കുന്നു

ഭാഷ നന്നായി വശമില്ലെങ്കിലും ഡല്‍ഹിയില്‍ യാത്ര ചെയ്യാന്‍ സന്തോഷമായിരുന്നു. കേരളത്തിലെ 'തുറിച്ച നോക്കല്‍' എനിക്കിവിടെ അനുഭവപ്പെട്ടതേയില്ല. മെട്രോയില്‍ സധൈര്യം സഞ്ചരിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനവും സമാപനവും കണ്ട് രാത്രിയില്‍ ഞാന്‍ തനിച്ച് ഫ്‌ളാറ്റിലേയ്ക്ക് മടങ്ങി. യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ നിന്ന് വൈകിയിറങ്ങുമ്പോഴും ഭയം തോന്നിയില്ല. റിക്ഷയിലും ഷെയര്‍ ഓട്ടോയിലുമൊക്കെ മാര്‍ക്കറ്റിലും സിനിമ കാണാനും പോയി. ഇതെല്ലാം 2012 ഡിസംബര്‍ 16 ന് മുമ്പ്.

ഗവേഷണത്തിന്റ്റെ ഭാഗമായി ഡിസംബറില്‍ ഡല്‍ഹിയുടെ പലഭാഗത്തും പോകേണ്ടി വന്നു. തണുപ്പിന്റെ ആധിക്യത്തില്‍ നഗരത്തില്‍ ഇരുട്ട് വീഴുമ്പോള്‍ ഹൃദയമിടിപ്പിന്റെ താളം കൂടുന്നത് പിന്നീട് ഞാന്‍ അറിഞ്ഞു. ആര്‍.കെ പുരത്തും മുനീര്‍ക്കയിലും തനിച്ച് നീങ്ങുമ്പോള്‍ കൂട്ടുകാരി ഫോണില്‍ പറഞ്ഞത് ചെവിയില്‍ പിന്നീടും പ്രതിധ്വനിച്ചു. 'നീ തനിച്ചാണ് പോകുന്നത്, ശ്രദ്ധിക്കണം. അത്യാവശ്യം വിളിക്കേണ്ട നമ്പര്‍ കാണാതറിയില്ലേല്ല' ഇങ്ങനെ തുടര്‍ന്ന് പോയി അവളുടെ കരുതല്‍ നിറഞ്ഞ സംസാരം. ഓര്‍ത്തുനോക്കാന്‍ പോലും പേടിയായി. ഒരാണ്‍കുട്ടി കൂടെയുണ്ടായിരുന്നിട്ടും സഫ്ദര്‍ജംഗ് ആശുപത്രിയിലേയ്ക്ക് ആ പെണ്‍കുട്ടി എത്തപ്പെട്ടെങ്കില്‍.

മനോധൈര്യം കൊണ്ട് ജീവിതത്തെ തിരിച്ച് പിടിക്കാന്‍ അവള്‍ പോരാട്ടം നടത്തിയ സഫ്ദര്‍ജംഗ് ഹോസ്പിറ്റലിന് മുന്നിലൂടെ ബസില്‍ പലപ്പോഴും സഞ്ചരിച്ചു. ഒ.ബി.വാനുകളുടെ നിര ബസിന്റെ ജനലിലൂടെ കാണുമ്പോള്‍ ഞാന്‍ സമാധാനിച്ചു. ഇല്ല, അവള്‍ക്ക് ഒന്നും സംഭവിക്കില്ല, ഫിനിക്‌സ് പക്ഷിയെ പോലെ അവള്‍ ഉയള്‍ന്നെഴുന്നേല്‍ക്കും. എന്റെ മാത്രമല്ല യാത്രക്കാരില്‍ പലരുടേയും കണ്ണുകള്‍ ആശുപത്രിയിലേയ്ക്കായിരുന്നു. ഞങ്ങളുടെ നിശബ്ദമായ പ്രാര്‍ത്ഥന അവള്‍ കിടന്ന കട്ടിലിന് വലംവച്ച് പോയിരിക്കും.

പ്രതിഷേധിക്കുന്ന യുവത്വത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചും വഴിതിരിച്ച് വിടുകയും ചെയ്ത ദിവസം ഞാന്‍ ബസില്‍ കയറുമ്പോള്‍ സമയം വൈകുന്നേരം 7.30. നിറയ ആളുകളുമായി ഡി.ടി.സി ബസ് ചുവന്ന ലൈറ്റുകള്‍ മറികടന്ന് പോകുമ്പോഴും എനിക്ക് ആശങ്കയും ഭയവുമായിരുന്നു. എവിടെയാണെന്ന് ചോദിച്ച് വന്ന ഫോണ്‍കോളുകള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞത് സര്‍ക്കാര്‍ ബസിലാണ് എന്നായിരുന്നു. അത് ഒരുതരം സ്വയംസമാധാനിക്കലായിരുന്നു.

സിംഗപൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലിലേക്ക് അവളെകൊണ്ട് പോയെന്നും പിന്നീട് അവള്‍ മരണത്തിന് കീഴടങ്ങിയെന്നും അറിഞ്ഞപ്പോള്‍ അന്ന് ഒറ്റയ്ക്ക് വീട്ടിലിരിക്കാന്‍ കഴിഞ്ഞില്ല. അവളെചൊല്ലിയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കുക മാത്രമായിരുന്നു എന്റെ മുന്നിലെ ഏകവഴി. നിര്‍ഭയക്ക് മുമ്പും പിമ്പും പിഞ്ച്കുട്ടികള്‍ മുതല്‍ വൃദ്ധകള്‍ വരെ ഡല്‍ഹിയില്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു.

നിര്‍ഭയയുടെ ചേതനയറ്റ ശരീരം സൂര്യന്‍ പോലും കാണാതെ എത്രമാത്രം ജാഗ്രതയോടെയാണ് ഡല്‍ഹി പോലീസ് സംസ്‌ക്കരിച്ചത്? ഈ ജാഗ്രത സ്ത്രീകളുടെ സുരക്ഷിതത്വം നല്‍കുന്നതിലും കാട്ടിയെങ്കില്‍ ഏറെ നന്നായിരുന്നു.

ഇപ്പോള്‍ വര്‍ഷം ഒന്നു കഴിയുന്നു. ഇതെഴുതുമ്പോള്‍ ഞാന്‍ കേരളത്തില്‍ വീടിന്റെ സുരക്ഷിതത്വത്തിലാണ്. ഡല്‍ഹിയിലേക്ക് മടങ്ങേണ്ട ഓരോ നിമിഷവും മനസില്‍ വരുന്നത് അന്നത്തെ രാത്രികള്‍ മാത്രമാണ്. ഡല്‍ഹി എന്നു ഓര്‍ത്താല്‍ തന്നെ മനസ് ചെന്നെത്തുന്നതും ആ പെണ്‍കുട്ടിയുടെ ഓര്‍മയിലേക്കാണ്.

രാത്രിയായാല്‍ പെണ്‍കുട്ടികള്‍ വീട്ടിലിരിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ജനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വീട്ടിലിരുത്തി. ചെറുപ്പക്കാരുടെ കലഹത്തിന്റെ ഉപോത്പന്നമായി ഉയര്‍ന്നു വന്ന ആം ആദ്മി പാര്‍ട്ടി ഇന്ന് ഡല്‍ഹി ഭരിക്കാന്‍ യോഗ്യരായിരിക്കുന്നു. വ്യവസ്ഥയോടുള്ള ജനങ്ങളുടെ അസ്വസ്ഥതയാണ് ഈ വിജയം വ്യക്തമാക്കുന്നത്. പോലീസും ഭരണകൂടവും ഒരു പൊളിച്ചെഴുത്തിന് തയാറാകണം.


Next Story

Related Stories