TopTop
Begin typing your search above and press return to search.

ജാതിഹിന്ദു എന്ന മുഖ്യധാര (ആറു ബ്രാഹ്മണര്‍ മണ്ടേലയെ കണ്ട കഥ)

ജാതിഹിന്ദു എന്ന മുഖ്യധാര (ആറു ബ്രാഹ്മണര്‍ മണ്ടേലയെ കണ്ട കഥ)

ടീം അഴിമുഖം

ദക്ഷിണാഫ്രിക്കന്‍ ജനതയ്ക്ക് വിമോചനത്തിന്റെ പാത തുറന്നു കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് നെല്‍സണ്‍ മണ്ടേല. ആഫ്രിക്കന്‍ ജനതയെ നൂറ്റാണ്ടുകളോളം അടക്കിഭരിച്ച വര്‍ണവെറിയന്‍ ഭരണകൂടങ്ങള്‍ക്കെതിരെ നടന്ന പോരാട്ടം ചരിത്രത്തിന്റെ ഭാഗവുമാണ്. 'കറുത്തവര്‍' അധികാരം പിടിക്കുകയും തങ്ങളുടെ സ്വത്വബോധത്തെ അടിവരയിട്ടുറപ്പിക്കുകയും ചെയ്യുന്നതിനും ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നു. തന്റെ ജീവിതം പൂര്‍ത്തിയാക്കി മണ്ടേല മടങ്ങി. ലോക നേതാക്കള്‍ ഒന്നടങ്കം അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും പോയിരുന്നു - ആറു പേര്‍.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ബി.ജെ.പിയുടെ മുതിര്‍ന്ന അംഗം കൂടിയായ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചുരി, ബി.എസ്.പി നേതാവ് സതീഷ് ചന്ദ്ര മിശ്ര, കേന്ദ്ര വാണീജ്യവകുപ്പ് മന്ത്രി ആനന്ദ് ശര്‍മ എന്നിവരായിരുന്നു ഇന്ത്യന്‍ സംഘം - എല്ലാം ബ്രാഹ്മണര്‍. സാങ്കേതികാര്‍ത്ഥത്തില്‍ സോണിയാ ഗാന്ധിയെ വിദേശജന്മ പ്രശ്‌നം പറഞ്ഞ് ബ്രാഹ്മണ പട്ടികയില്‍ നിന്ന് ഒഴിവാക്കാം. എന്നാല്‍ സോണിയാ ഗാന്ധിയും പ്രതിനിധാനം ചെയ്യുന്ന മൂല്യബോധം ബ്രാഹ്മണിക്കല്‍ തന്നെയാണ്. സോണിയ ഇന്ത്യന്‍ 'മരുമകളാ'യി വന്നു കയറിയ കുടുംബത്തിന്റെ ചരിത്രവും വ്യത്യസ്തമല്ല.

ജാതി ഒരു മിത്തല്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഏറിയും കുറഞ്ഞും ജാതി ഏതെങ്കിലും വിധത്തില്‍ ഇടപെടുന്നതാണ് ഇന്ത്യന്‍ സാഹചര്യം. മുഖ്യധാരാ സമൂഹത്തിന്റെ വ്യവഹാരങ്ങള്‍ നിര്‍ണയിക്കുന്നതിലും അതിന് അനുസരിച്ച് മൂല്യവ്യവസ്ഥയ്ക്ക് രുപം നല്‍കുന്നതിലും ജാതിശ്രേണി ഒളിഞ്ഞും തെളിഞ്ഞും ഇടപെടുന്നതും കാണാം. അതിലൊരിടത്തും 'കീഴാളജാതി ചിഹ്‌നങ്ങള്‍' മുഖ്യധാരയുടെ മാനദണ്ഡങ്ങളായി പരിഗണിക്കാറില്ല. എപ്പോഴൊക്കെ അത്തരത്തിലൊരു സാഹചര്യം ഉരുത്തിരിഞ്ഞിട്ടുണ്ടോ അതൊക്കെ തന്നെ ഏറെക്കാലം നീണ്ട പോരാട്ടങ്ങളൂടേയും സഹനങ്ങളുടേയും ആകെത്തുകയായി സംഭവിച്ചതാണ്. കേരളത്തിലെ തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളും മാറുമറയ്ക്കല്‍ സമരങ്ങളും മുതല്‍ മണ്ഡല്‍ പ്രക്ഷോഭങ്ങള്‍ വരെയുള്ളവ ഇവിടെ ഓര്‍ക്കാവുന്നതാണ്.

എന്നാല്‍ കുറച്ചുകാലം മുമ്പ് ഉത്തരേന്ത്യയില്‍ അരങ്ങേറിയ സംവരണ വിരുദ്ധ സമരങ്ങളും യൂത്ത് ഫോര്‍ ഇക്വാളിറ്റി എന്ന സംഘടനയുടെ പിറവിയും അതിന് നമ്മുടെ മധ്യവര്‍ഗ സമൂഹം കല്‍പ്പിച്ചു കൊടുത്ത സാധുതയും നാം വീണ്ടും പിന്നോട്ടു ചലിച്ചു തുടങ്ങുന്നു എന്നതിന്റെ സൂചനയല്ലേ? പുരോഗമന സ്വഭാവമുള്ള രാഷ്ട്രീയ സംഘടനയെന്ന് ഇന്ന് നാം വിശേഷിപ്പിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളും ഈ സംവരണ വിരുദ്ധ സമരങ്ങളിലെ ഒരു പ്രധാന കണ്ണിയായിരുന്നു എന്നത് മറക്കേണ്ട കാര്യമല്ല. എല്‍.ജി.ബി.റ്റി സമൂഹത്തിനെതിരെ രാജ്യത്തെ പരമോന്നത നീതീപീഠം തന്നെ കണ്ണടയ്ക്കുമ്പോള്‍ സംഭവിക്കുന്നതും ഇതേ വിധത്തിലുള്ള 'ഒഴിവാക്കല്‍' തന്നെയാണ്. അതായത്, ഭൂരിപക്ഷമെന്നു വിളിക്കപ്പെടുന്ന 'പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന' വിധത്തില്‍ നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുന്നു എന്നര്‍ഥം. വംശീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിനായി സ്വന്തം ജീവിതം തന്നെ മാറ്റിവച്ച മണ്ടേലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പോകേണ്ടിയിരുന്നത് ഈ ബ്രാഹ്മണ സമൂഹമായിരുന്നോ? ലോകത്തിനു മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഇവിടുത്തെ ദളിത് സമൂഹം ഇന്നും 'യോഗ്യത' നേടിയിട്ടില്ലേ? ഇന്ത്യന്‍ ജനസംഖ്യയുടെ വലിയൊരു വിഭാഗമായ ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവസ്ഥകള്‍ അര്‍ഹിക്കുന്ന അളവില്‍ പരിഗണിക്കപ്പെടുന്നില്ല എന്ന വിമര്‍ശനത്തോട് നമ്മുടെ മുഖ്യധാരാ സമൂഹം എന്തുകൊണ്ടാണ് ഇന്നും മുഖം തിരിച്ചു നില്‍ക്കുന്നത്? ഈ ചോദ്യങ്ങളെല്ലാം നിരന്തരം നമുക്കു ചുറ്റും മുഴങ്ങുന്നുണ്ടായിട്ടും.

വെളുത്ത തൊലിയുടെ ആധിപത്യത്തിനും അതുണ്ടാക്കുന്ന അധീശ മനോഭാവത്തിനും എതിരെ പോരാടിയ മണ്ടേലയും ഇന്ത്യയില്‍ നൂറ്റാണ്ടുകളോളം ജാതി ഹിന്ദുവിന്റെ അടിമത്തത്തില്‍ കഴിഞ്ഞ ദളിതരും നേരിട്ട കാര്യങ്ങള്‍ ഏറെക്കുറെ സമാനമാണ്. വെളുത്ത തൊലിക്കാരുടെ അടുക്കളയില്‍ കുശിനിക്കാരായെങ്കിലും കറുത്തവര്‍ക്ക് ഇടമുണ്ടായിരുന്നെങ്കില്‍ കാഴ്ചപ്പുറത്തു നിന്നു പോലും മാറ്റി നിര്‍ത്തപ്പെട്ടവരാണ് ഇന്ത്യന്‍ ദളിത് സമൂഹം. ഇന്ന് സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടെന്ന് പറയുമ്പോഴും ഇന്ത്യന്‍ മുഖ്യധാരാ മനസ് എന്നാല്‍ ബ്രാഹ്മണ മൂല്യങ്ങളും അത് പ്രതിനിധാനം ചെയ്യുന്നവരുമാണെന്ന ധാരണ അരക്കിട്ടുറപ്പിക്കുന്നതാണ് ദക്ഷിണാഫ്രിക്കക്ക് പോയ ഇന്ത്യന്‍ സംഘം.

കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ എന്ന നിലയില്‍ സോണിയാ ഗാന്ധി പോയതു മനസിലാക്കാം. എന്നാല്‍ ആനന്ദ് ശര്‍മയുടെ സ്ഥാനത്ത് ആഭ്യന്തര മന്ത്രിയും ദളിതനുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെയെ ഉള്‍പ്പെടുത്താന്‍ എന്തായിരുന്നു തടസം? ലോക്‌സഭാ സ്പീക്കര്‍ പദവിയില്‍ എത്തിയ ആദ്യ വനിതയും ദളിതുമായ മീരാ കുമാറിന് എന്തായിരുന്നു തടസം? ബ്രാഹ്മണരുടെ പാര്‍ട്ടി തന്നെയായ ബി.ജെ.പി അവരുടെ തനത് സ്വഭാവം കാണിച്ചു. എന്നാല്‍ ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട, പാര്‍ട്ടി ലോക്‌സഭാ ഉപനേതാവ് ഗോപിനാഥ് മുണ്ടെ തുടങ്ങിയ ദളിതരെ തങ്ങളുടെ പ്രതിനിധികളായി മുന്നോട്ടുവയ്ക്കാന്‍ ബി.ജെ.പി തയാറാകുന്ന കാലം എന്നുവരും? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിതരുള്ള സംസ്ഥാനങ്ങളിലൊന്നായ യു.പി ഏറെത്തവണ ഭരിക്കുകയും ദളിത് മുന്നേറ്റത്തിന്റെ ഇന്ത്യയിലെ പതാകാവാഹകരുമായ ബി.എസ്.പി അയച്ചത് തങ്ങളുടെ ബ്രാഹ്മണ നേതാവായ സതീഷ് ചന്ദ്ര മിശ്രയെ ആയത് എന്തു കൊണ്ട്?

ഇനി സി.പി.എമ്മിലേക്ക് വരാം. പാര്‍ട്ടിയുടെ പരമോന്നത ബോഡിയായ പോളിറ്റ് ബ്യൂറോയില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ ഇല്ല. പാര്‍ട്ടി നേതൃനിരയിലേക്ക് ദളിത് വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുള്ള നേതാക്കളില്‍ ശ്രദ്ധേയരായ രണ്ടു പേര്‍ കേരളത്തിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ ബാലനും മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണനുമണ്. ഇവരൊക്കെ ഇനി പി.ബിയിലെത്താന്‍ എത്ര പാര്‍ട്ടി കോണ്‍ഗ്രസുകള്‍ കഴിയേണ്ടി വരും? പാര്‍ട്ടിക്ക് ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പിന്തുണ കുറയുന്നതിനെ കുറിച്ച് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലും തെറ്റുതിരുത്തല്‍ രേഖയിലുമൊക്കെ സി.പി.എം ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ അടിത്തറ കൂടുതല്‍ ദുര്‍ബലമാകുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. അത്തരമൊരു പാര്‍ട്ടിയില്‍ ദളിത് വിഭാഗത്തില്‍ നിന്നൊരാളെ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചൂകൂടാരുന്നോ എന്നു ചോദിക്കുന്നതില്‍ പോലും കാര്യമില്ല. സംഘത്തില്‍ സി.പി.ഐ നേതാവ് ഡി. രാജയെ ഉള്‍പ്പെടുത്തുന്നതില്‍ എന്തായിരുന്നു തടസം?

ഇന്ത്യന്‍ ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും സ്ഥാനമുണ്ടെന്നാണ് വയ്പ്. എന്നാല്‍ ചിലരുടെ സ്ഥാനം ഇന്നും ബ്രാഹ്മണന്റെ അടുക്കളപ്പുറത്താണെന്നതിന് നമ്മുടെ ചുറ്റുപാടും ഒന്നു ശ്രദ്ധിച്ചാല്‍ മതി. ഒരു കെ.ആര്‍ നാരായണന്‍ ഉണ്ടായി എന്നതുകൊണ്ട് ഇന്ത്യന്‍ ദളിതിന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടായി എന്നു പറയാന്‍ പറ്റില്ല. ദളിതനെ 'വരെ' രാഷ്ട്രപതിയാക്കിയെന്ന് 'അഭിമാന'ത്തോടെ പറയുകയും എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത ഉണ്ടെന്ന് അതിന്റെ പേരില്‍ മേനി നടിക്കുകയും ചെയ്യുന്ന സമൂഹം അശ്ലീലമാണ്. ജാതിവ്യവസ്ഥ ഇന്ത്യയില്‍ തീര്‍ത്ത നരകങ്ങള്‍ക്കെതിരെ പൊരുതുന്നവര്‍ക്ക് മണ്ടേല ഒരു പ്രതീകം തന്നെയാണ് എന്നത് കണ്ടില്ലെന്നു നടിക്കുന്നത് അവിവേകവും.

മണ്ടേലയുടെ രാഷ്ട്രീയ നിലപാടുകളുടേയും സമര പോരാട്ടങ്ങളുടേയും അടിസ്ഥാനം ഗാന്ധിയന്‍ ദര്‍ശനങ്ങളാണെന്ന് ഊറ്റം കൊള്ളുമ്പോള്‍ മറന്നു പോകാന്‍ പാടില്ലാത്ത ചിലതുണ്ട്. ഗാന്ധി ജീവിച്ച് മരിച്ച നാട്ടില്‍ തന്നെയാണ് ദളിതരെ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിവിടുന്നതും സ്വാതന്ത്ര്യം ലഭിച്ച് ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും സമൂഹത്തിന്റെ പ്രതിനിധാനം ബ്രാഹ്മണരിലേക്ക് മാത്രമായി ചുരുക്കപ്പെടുന്നതും- ആ യാഥാര്‍ഥ്യം മറക്കരുത്.

ഇത്രകൂടി: ദളിതരെ ഒഴിവാക്കുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടു തന്നെ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തലതൊട്ടപ്പന്മാര്‍ മുതല്‍ വന്‍ താപ്പാനകള്‍ വരെ നീളുന്ന ഒ.ബി.സി നേതാക്കള്‍ മുട്ടിന് മുട്ടിന് ഉണ്ടായിട്ടും എന്തുകൊണ്ടാണ് അവരെപ്പോലും മാറ്റി നിര്‍ത്തുന്നത്?

Next Story

Related Stories