TopTop
Begin typing your search above and press return to search.

ഞാനൊരു ഗേ ആണ്; ഞങ്ങള്‍ പൊരുതുക തന്നെ ചെയ്യും

ഞാനൊരു ഗേ ആണ്; ഞങ്ങള്‍ പൊരുതുക തന്നെ ചെയ്യും

ഗൌരബ് ഘോഷ്

2013 ഡിസംബര്‍ 11 ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെയും LGBT മൂവ്മെന്റിന്റെയും ചരിത്രത്തിലെ ഒരു കറുത്ത ദിവസമായിരിക്കും. ദല്‍ഹിയില്‍ ജീവിക്കുന്ന ഒരു ഗേ വ്യക്തി എന്ന നിലയില്‍ 2009-ലെ ഹൈക്കോടതി വിധിക്ക് ശേഷം രണ്ടുകാര്യങ്ങളാണ് ഞാന്‍ നിരീക്ഷിച്ചിട്ടുള്ളത്. ഒന്നാമതായി ദല്‍ഹി എന്ന കോസ്മോപോലിറ്റന്‍ തലസ്ഥാനനഗരിയില്‍ LGBT സമൂഹം കുറ്റവാളികളെന്ന് ആരോപിക്കപ്പെടാതെ ജീവിച്ചു. ലൈംഗികസ്വാതന്ത്ര്യങ്ങളുടെയും ആഘോഷങ്ങളുടെയും ഒരു പ്രതീകാത്മക ഇടമായി ദല്‍ഹി മാറി. രണ്ടാമതായി LGBT വ്യക്തികളെ സൂചിപ്പിക്കാനായി ‘സാധാരണ’ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ‘കോത്തി’, ‘ഛക്ക’, ‘ബച്ച്’, ‘ലേഡീസ്’ തുടങ്ങിയ വാക്കുകള്‍ക്കു പകരം ഗേ/ലെസ്ബിയന്‍ എന്ന വാക്കുകള്‍ ഉപയോഗത്തില്‍ വന്നുതുടങ്ങി. അങ്ങനെ ‘സാധാരണ’ക്കാരും പൊതുസമൂഹവും മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും ആക്റ്റിവിസ്റ്റ്കളും എല്ലാം LGBT വ്യക്തികളെ ‘സ്വവര്‍ഗസ്നേഹികള്‍’ എന്ന രീതിയില്‍ മനസിലാക്കാന്‍ തുടങ്ങി. ഇവരില്‍ പലരും LGBT സമൂഹത്തിനെതിരെ അബദ്ധങ്ങളും നിര്‍വികാരതയും നിറഞ്ഞ പല ആരോപണങ്ങളും ഉന്നയിച്ചുവെങ്കിലും അവര്‍ക്കെല്ലാം ഒരു കാര്യം മനസിലായിരുന്നു: ദല്‍ഹി ഹൈക്കോടതി ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്ന് സെക്ഷന്‍ 377 നീക്കം ചെയ്തിരിക്കുന്നു. അതായത് LGBT വ്യക്തികള്‍ ഇനിമേല്‍ കുറ്റവാളികളല്ല. അവര്‍ “എതിര്‍ സ്വത്വമായും” “അബ്നോര്‍മലായും” “ഇന്ത്യന്‍ സംസ്കാരത്തെ നശിപ്പിക്കുന്ന"വരായും തുടരുമെന്നുമാത്രം.

2006 മുതല്‍ ഞാന്‍ ജെ എന്‍ യുവിലാണ് പഠിക്കുന്നത്. അപ്പോള്‍ മുതല്‍ എന്റെ സുഹൃത്തുക്കളുടെയും സഖാക്കളുടെയും സഹായത്തോടെ സര്‍വകലാശാലയില്‍ ഞാന്‍ എന്റെ പോരാട്ടം നടത്തുകയാണ്. എന്നെപ്പോലെ പല LGBT വ്യക്തികളും ഈ വിധിയോടെ LGBT അവകാശമുന്നേറ്റങ്ങള്‍ ശക്തിപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഞങ്ങളില്‍ പലരും പരസ്യമായി പുറത്തുവന്ന്‍ ആഘോഷിക്കുകയും കുടുംബത്തോടും സുഹൃത്തുക്കളോടും തുറന്നു സംസാരിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ക്കെല്ലാം വലിയ പ്രതീക്ഷകളുണ്ടായിരുന്നു.

എന്നാല്‍ ഡിസംബര്‍ 11-ന്‍റെ വിധിയോടെ ഇതെല്ലാം തകിടം മറിഞ്ഞു. ദല്‍ഹി ഹൈക്കോടതിയുടെ വിധി പ്രകാരം ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 377 ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 (ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണത്തിനുള്ള അവകാശം), 14 (നിയമത്തിനുമേല്‍ തുല്യതയ്ക്കുള്ള അവകാശം), 15 (ജാതി, മതം, വര്‍ഗ്ഗം, ലിംഗം, സ്ഥലം എന്നിവയുടെ പേരില്‍ വിവേചനങ്ങള്‍ നടത്തുന്നതിനു വിലക്ക്) എന്നിവയുടെ ലംഘനമാണ്. ഈ നിര്‍ണായക വിധിയെയാണ് സുപ്രീംകോടതി ഇല്ലായ്മചെയ്തത്. ഇപ്പോള്‍ രണ്ടു പ്രശ്നങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്: 2009ലെ ഹൈക്കോടതി വിധിക്കുശേഷം സ്വാതന്ത്ര്യം സ്വപ്നം കണ്ടവര്‍ക്കെല്ലാം ഇനി എന്തുസംഭവിക്കും? അവര്‍ തീര്‍ച്ചയായും അവരുടെ പോരാട്ടം തുടരുകതന്നെ ചെയ്യും. എന്നാല്‍ അവര്‍ക്കെതിരെയുള്ള പുതിയതരം പീഡനമുറകള്‍ എന്തൊക്കെയായിരിക്കും? സര്‍ക്കാര്‍ സംവിധാനം ഇനി എങ്ങനെയാവും LGBT ആക്റ്റിവിസ്റ്റുളെ അടിച്ചമര്‍ത്തുക? രണ്ടാമതായി, മനുഷ്യരുടെ അടിസ്ഥാനസ്വാതന്ത്ര്യങ്ങള്‍ക്ക് എതിരായി ചിന്തിക്കുന്ന മതമൌലികവാദികളുടെ ആശയഭ്രാന്തുകളെ ഇത് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഇവിടെയാണ്‌ LGBT ഇന്ത്യന്‍ പൌരന്മാര്‍ക്ക് നീതിന്യായവ്യവസ്ഥയുടെയും പാര്‍ലമെന്റിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കര്‍ത്തവ്യങ്ങള്‍ക്ക് മേല്‍ ആശങ്കകളുള്ളത്.

ആദ്യത്തെ പ്രശ്നത്തിനെതിരെ നമ്മളെല്ലാം തന്നെ പൊരുതും. LGBT ആക്റ്റിവിസ്റ്റുകള്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതും. ഒരുപാട് പീഡനങ്ങളും നേരിടേണ്ടിവന്നേക്കാം. നിയമം ലംഘിച്ചു എന്നതിന്റെ പേരില്‍ തെളിവുകള്‍ പോലുമില്ലാതെ പോലീസിനു പീഡിപ്പിക്കാന്‍ കഴിയും. സ്വവര്‍ഗാനുരാഗികള്‍ “സ്വഭാവദൂഷ്യ”മുള്ളവരായതുകൊണ്ട് അവര്‍ നല്‍കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ “അടിസ്ഥാനമില്ലാത്തവ”യായി കരുതപ്പെട്ടേക്കാം. LGBT വ്യക്തികളുടെ ആത്മഹത്യകള്‍ വര്‍ധിച്ചേക്കാം. ഖാപ്പ് പഞ്ചായത്തുകളും അവരുടെ അനുബന്ധവ്യക്തികളും അഭിമാനത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടത്തിയേക്കാം. ലെസ്ബിയന്‍ സ്ത്രീകളെ ഒരു “പാഠം” പഠിപ്പിക്കാനായി കൂടുതല്‍ ബലാത്സംഗങ്ങള്‍ നടന്നേക്കാം. LGBT വിരുദ്ധ മൌലികവാദികള്‍ കൂടുതല്‍ പകനിറഞ്ഞ രീതിയില്‍ “നീതി” നടപ്പില്‍ വരുത്തിയേക്കാം. LGBT ആക്റ്റിവിസ്റ്ടുകളുടെ പ്രധാനലക്‌ഷ്യം അവരവരെയും മറ്റുള്ളവരെയും ഇത്തരം ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ്.

2012 ഡിസംബര്‍ 16നുശേഷം ഞങ്ങള്‍ കൂടുതല്‍ ലൈംഗിക/ജെന്‍ഡര്‍ അവകാശങ്ങളെപ്പറ്റി സംസാരിച്ചിരുന്നു. ദശാബ്ദങ്ങളായി ഇതിനുവേണ്ടി പൊരുതുന്ന സംഘടനകളുണ്ട്. എന്നാല്‍ ഡല്‍ഹിയുടെ തെരുവുകളില്‍ നടന്ന പ്രകടനങ്ങളില്‍ മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ‘ആകാംഷ’യുള്ള പൊതുസമൂഹത്തിന്റെയും പങ്ക് അത്ഭുതകരമാണ്. എങ്കിലും ഇപ്പോഴും വിവാഹത്തിനുള്ളിലെ ബലാത്സംഗങ്ങള്‍ നിയമവിധേയവും ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗാനുരാഗം കുറ്റകരവുമാണ്. കഴിഞ്ഞദശാബ്ദത്തില്‍ സംഭവിച്ച നവലിബറല്‍ പരിഷ്കരണങ്ങള്‍ നമ്മുടെ സമൂഹത്തെ വല്ലാതെ വര്‍ഗീയമാക്കി മാറ്റിയിട്ടുണ്ട്. ഇത് നമ്മുടെ സമൂഹത്തിലെ ഏറ്റവും അപകടകരമായ ഭാവങ്ങളെ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. ഇതില്‍ ജാതിവ്യവസ്ഥ മുതല്‍ ലിംഗപരമായ അടിച്ചമര്‍ത്തല്‍ വരെ ഉള്‍പ്പെടുന്നു. സുപ്രീംകോടതിയുടെ വിധി ഇത്തരം മുന്നേറ്റങ്ങളുടെ ഒരു ബാക്കിപത്രമാണ്. ഇത് പ്രേമത്തിന്റെയും ലൈംഗികതയുടെയും മേലുള്ള ഒരു കടന്നുകയറ്റമാണ്.

സുപ്രീംകോടതി വിധിയെ മതഭേദമില്ലാതെ മതഭ്രാന്തന്മാര്‍ ഏറ്റെടുത്തിരിക്കുന്നു എന്നതാണ് രണ്ടാമത്തെ പ്രശ്നം. ബാബാ രാംദേവും അയാളുടെ വലതുപക്ഷ മൌലികവാദി സഖ്യവും ഈ പിന്തിരിപ്പന്‍ വിധിയിലൂടെ കൂടുതല്‍ പ്രചോദനമെടുക്കുക മാത്രമല്ല ചെയ്യുക. സ്വന്തം പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സ്വന്തം ലൈംഗികത തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഒക്കെ അവരുടെ ജന്മിത്തചിന്താഗതിയിലൂടെ ഇല്ലായ്മ ചെയ്യാനാവും ശ്രമിക്കുക.

രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയപരിതസ്ഥിതിയില്‍ പാര്‍ലമെന്റ് സെക്ഷന്‍ 377 എടുത്തുമാറ്റുമെന്ന് എങ്ങനെയാണ് പ്രതീക്ഷിക്കാന്‍ കഴിയുക? “പ്രധാനമന്ത്രി സ്ഥാനാര്‍ഥി”യായി സ്വയം അവരോധിച്ചിരിക്കുന്ന മതഭ്രാന്തനായ രാഷ്ട്രീയനേതാവ് 2014-ലെ ലോകസഭാതെരഞ്ഞെടുപ്പോടെ അധികാരത്തില്‍ വന്നാല്‍ എന്താവും LGBT മൂവ്മെന്റിനും ആക്റ്റിവിസ്റ്റുകള്‍ക്കും സമൂഹത്തിനും സംഭവിക്കുക? ഞങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ എങ്ങനെ ഉറപ്പുവരുത്തും? രാഷ്ട്രീയനേതാക്കള്‍ LGBT സമൂഹത്തിനെ പിന്താങ്ങുമോ അതോ അവരുടെ പിന്തിരിപ്പന്‍ വോട്ടുബാങ്കുകളെ പിന്തുണയ്ക്കുമോ? 2009-ല്‍ LGBT സമൂഹത്തെ പിന്താങ്ങിയ ഏക രാഷ്ട്രീയ പാര്‍ട്ടി CPI(M) മാത്രമാണ്. അവരാണ് ബുധനാഴ്ചയുണ്ടായ സുപ്രീംകോടതി വിധിയെ ആദ്യം അപലപിച്ചതും. രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈയെടുത്ത് അവരുടെ വോട്ടര്‍മാരോടും അവരെ പിന്താങ്ങുന്നവരോടും സാമ്പ്രദായിക ലൈംഗികവ്യവസ്ഥ LGBT വ്യക്തികള്‍ക്ക് എത്രത്തോളം അടിച്ചമര്‍ത്തലുണ്ടാക്കുന്നു എന്ന അവബോധം ഉണ്ടാക്കിയില്ലെങ്കില്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ LGBT സമൂഹത്തിന് ഏറെ ബുദ്ധിമുട്ടായിരിക്കും.

ഞാന്‍ ഒരു LGBT ആക്റ്റിവിസ്റ്റ് ആണ്. അതോടൊപ്പം തന്നെ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (SFI)യുടെ ആക്റ്റിവിസ്റ്റും ആണ്. ഞങ്ങളുടെ സര്‍വകാലാശാലയില്‍ ഒരു ഗേ സ്ഥാനാര്‍ഥിയെ സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തയ്യാറായ ഏക വിദ്യാര്‍ഥി സംഘടന SFI ആണ്. കാമ്പസിലെ മറ്റ് പുരോഗമനപ്രസ്ഥാനങ്ങളൊന്നും ഇതേ വരെ അത്തരമൊരു ധൈര്യം കാണിച്ചിട്ടില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുള്‍പ്പെടുന്ന പുരോഗമനപ്രസ്ഥാനങ്ങള്‍ LGBT അവകാശങ്ങളെപ്പറ്റി ഒരു ഔദ്യോഗികനിലപാട് എടുത്താല്‍ മാത്രമേ പാര്‍ലമെന്റ് ആര്‍ട്ടിക്കിള്‍ 377 എടുത്തുമാറ്റൂ. എങ്കില്‍ മാത്രമേ പഴഞ്ചന്‍ ചിന്തകളില്‍ നിന്ന് സുപ്രീംകോടതിയും പുറത്തുവരൂ. ദേശീയതെരഞ്ഞെടുപ്പുകളില്‍ ഒരു LGBT വ്യക്തി ഉടന്‍ തന്നെ മത്സരിക്കുമെന്നും വിജയിക്കുമെന്നുമാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും.

ജന്തര്‍മന്തറിലെ പ്രതിഷേധപ്രകടനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ എന്റെ സുഹൃത്ത്‌ സുമിത്ത് എന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു: “വിധി കേട്ട ശേഷം അമ്മ വിളിച്ചു പറഞ്ഞു, “നിന്റെ അമ്മയായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ത്യന്‍ പോലീസ് നിന്നെ അറസ്റ്റ് ചെയ്‌താല്‍ ഞാനും നിന്റെ കൂടെ ജയിലില്‍ പോകും. എന്റെ ഗേ മകനെ അവര്‍ അറസ്റ്റ് ചെയ്‌താല്‍ അങ്ങനെയൊരു മകന് ജന്മം കൊടുത്ത അമ്മയെയും അവര്‍ അറസ്റ്റ് ചെയ്യട്ടെ.” ഞങ്ങളുടെ സഖാക്കളായി ഇത്തരം അമ്മമാരുള്ളതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ക്ക് മുന്നില്‍ പറക്കുന്ന മാരിവില്‍നിറമുള്ള പതാകയില്‍ നോക്കി ഞങ്ങള്‍ അത്തരം ധീരമനസുകള്‍ക്ക് സലൂട്ട് നല്‍കി.

മാരിവില്‍ സലാം! ലാല്‍സലാം!

(ജെ.എന്‍.യുവിലെ സെന്‍റര്‍ ഫോര്‍ ഇംഗ്ളീഷ് സ്റ്റഡീസില്‍ ഗവേഷണ വിദ്യാര്‍ഥിയായ ഗൌരബ് LGBT ആക്റ്റിവിസ്റ്റ് കൂടിയാണ്

(വിവര്‍ത്തനം: പ്രഭ സക്കറിയാസ്)

Next Story

Related Stories