TopTop
Begin typing your search above and press return to search.

കര്‍ണാടക സംഗീതത്തെ കൊലയ്ക്ക് കൊടുക്കുമ്പോള്‍

കര്‍ണാടക സംഗീതത്തെ കൊലയ്ക്ക് കൊടുക്കുമ്പോള്‍

പാലക്കാട് ശ്രീരാം

സംഗീതം തൊഴിലായി സ്വീകരിച്ച് ജീവിതത്തില്‍ മുന്നോട്ടു പോകുന്ന ഒരുപാടു കലാകാരന്മാരും കലാകാരികളും നമുക്കിടയില്‍ ഉണ്ട്. മുഖ്യധാരയില്‍ നില്‍ക്കുമ്പോഴും അവര്‍ അനുഭവിക്കുന്ന ചില ദുരിതങ്ങളെ കുറിച്ചാണ് ഇവിടെ എഴുതുന്നത്. കേരളം, കര്‍ണ്ണാടക സംഗീത കച്ചേരിക്ക് പ്രോത്സാഹനം (പ്രതിഫലം കൊണ്ടും ആസ്വാദനം കൊണ്ടും) നല്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സ്ഥലമാണ്. ധാരാളം അമ്പല ഉത്സവ കച്ചേരികള്‍ ഇവിടെ നടക്കുന്നു. ഈ കച്ചേരിക്ക് ഒക്കെ തമിഴ്നാട്ടില്‍ നിന്ന് കലാകാരന്‍മാരെ 'ഇറക്കാന്‍' ചില 'ബ്രോക്കര്‍'മാര്‍ 'സംഗീതജ്ഞ'രുടെ രൂപത്തില്‍ തന്നെ കേരളത്തിലുണ്ട്. മിക്കവാറും ഈ വകുപ്പ് മൃദംഗ വാദകന്മാര്‍ ആണ് ഏറ്റെടുക്കുക. ഇവര്‍ ഇറക്കുന്ന 'കലാകാരന്മാ'രുമായി കച്ചവടം ഉറപ്പിച്ച് ഉള്ള ഉത്സവത്തിനെല്ലാം പാടിപ്പിക്കും. മാത്രമല്ല, ചില 'ഇടനിലക്കാര്‍' കച്ചേരിക്ക് പക്കം വായിക്കാനും ധൈര്യം കാണിക്കും. ഇറക്കുമതി കലാകാരന്‍, വേറെ വഴിയില്ല എന്ന് സമാധാനിച്ച്, 'ഇടനിലക്കാരന്റെ' ശല്യ സാരഥ്യം സഹിക്കുകയും ചെയ്യും. കേരളത്തിലെ തന്നെ സംഗീത പ്രാഗത്ഭ്യം ഉള്ള, എന്നാല്‍ ഇവരെ പോലെ തരം താണ ഇടനിലകള്‍ക്ക് കുനിഞ്ഞു കൊടുക്കാതെ സംഗീതം തപസ്യയായി കൊണ്ട് നടക്കുന്ന യഥാര്‍ത്ഥ സംഗീതജ്ഞരുടെ കച്ചേരി കേള്‍ക്കാനുള്ള, നമ്മുടെ തലമുറയുടെ അവസരമാണ് ഈ ഇടനിലക്കാര്‍ ഇല്ലാതാക്കുന്നത്. ഇടനിലക്കാരന്‍ വാദ്യ കലാകാരന്‍ ആവണം എന്നില്ല. 'സഭാ സെക്രട്ടറി' മുതല്‍ എല്ലാ താപ്പാനകളും ഈ വൃത്തികേടിന് പേരുകേട്ടവര്‍ ആണ്.

ഇനി സര്‍ക്കാര്‍ സംഗീത കലാലയങ്ങളില്‍ നിന്നുള്ള പ്രഹരം: തീര്‍ത്തും കുപ്പ 'തിയറി' ബേസ് ആയ പഴഞ്ചന്‍ സിലബസ്, പാടാന്‍ കഴിവില്ലാത്ത അദ്ധ്യാപകര്‍, യാതൊരു വിധത്തിലും പുത്തന്‍ ആശയങ്ങളുമായി യോജിക്കില്ല എന്ന വാശിയുള്ള അധികാരികള്‍ - ഇവരെല്ലാരും കൂടി നമ്മുടെ സംഗീത കലാലയങ്ങളെ കൊലയ്ക്കു കൊടുക്കുകയാണ്. പേരെടുത്തു പറയാന്‍ ഒരൊറ്റ കലാകാരനെ/കാരിയെ പോലും സൃഷ്ടിക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിയാതെ വരുന്നതും ഇവയുടെ മൂല്യച്യുതി എടുത്തു കാണിക്കുന്നു. ഡിഗ്രിയുടെ 'പേര് ' മാറ്റി എന്നല്ലാതെ സംഗീത സിലബസില്‍ യാതൊരു മാറ്റവും ഉണ്ടായില്ല. പോരാത്തതിന്, ഇപ്പോള്‍ ഉള്ള അധ്യാപകര്‍ ഇംഗ്ളീഷും പഠിച്ചു പാസാകണം എന്ന 'ആപ്പും' തലയ്ക്കു വെച്ച് കൊടുത്തു യു.ജി.സീ. ഫലമോ പിള്ളേരെ പാട്ട് പഠിപ്പിക്കേണ്ട മാഷന്മാര്‍ ലീവ് എടുത്ത് ഇംഗ്ളീഷ് പഠിക്കാന്‍ തുടങ്ങി (ജോലി നിലനിര്‍ത്താന്‍ ഉള്ള തത്രപ്പാട് ). കോടിക്കണക്കിന് രൂപ വിലയുള്ള ആധുനിക കമ്പ്യൂട്ടര്‍, സംഗീത ഉപകരണങ്ങള്‍ തുടങ്ങിയവ കണ്ണാടി അലമാരകളില്‍ വിശ്രമം കൊള്ളുന്നു (പ്രയോഗിക്കാന്‍ ഉള്ള പഠിപ്പ് ഇല്ല എന്നത് തന്നെ കാരണം). സിനിമാ പാട്ട്, സിനിമാ സംഗീതം എന്നൊന്നും അബദ്ധത്തില്‍ പോലും വല്ല വിദ്യാര്‍ത്ഥിയും പറഞ്ഞു പോയാല്‍ ഉടന്‍ മേലധികാരികളുടെ വക ഭ്രഷ്ട് ആണ് ഫലം. അതുകൊണ്ട്, ആ രംഗത്ത് എത്തപ്പെടാന്‍ ഉള്ള സാധ്യതയും അധികാരികള്‍ മുളയിലെ നുള്ളുന്നു. ഫലമോ, വര്‍ഷം തോറും കന്നി അയ്യപ്പന്മാര്‍ വര്‍ദ്ധിച്ചു, എന്നാല്‍ മാളികപ്പുറത്തിന് പ്രയോജനം ഇല്ല എന്ന പോലെ, സംഗീത ബിരുദധാരികള്‍ വര്‍ദ്ധിച്ചു, പക്ഷെ കര്‍ണ്ണാടക സംഗീതത്തിന് ഗുണം ഉണ്ടാവുന്നുമില്ല!


ശേഷഗോപാലിന്റെ ചേംബര്‍ കണ്‍സെര്‍ട്ടില്‍ നിന്ന്‍

ടി.വി റിയാലിറ്റി ഷോ: ഇന്നിന്‍റെ സംഗീതകാരന്മാര്‍/രികള്‍ ആരെല്ലാം എന്ന് 'ചാനല്‍' നിശ്ചയിക്കുന്ന ഒരു പ്രതിഭാസം. അത്രമാത്രമേ ഈ വകുപ്പിന് പ്രാധാന്യം കൊടുക്കാന്‍ കഴിയു. സംഗീതത്തെക്കാള്‍ മനസിന്റെ ദുര്‍ബ്ബലത ശരീരം വഴി പ്രദര്‍ശിപ്പിക്കുമ്പോള്‍ ആ വൈകാരികതയെ ഒപ്പിയെടുത്ത് റേറ്റിംഗ് കൂട്ടി ചാനലിനു നാല് കാശുണ്ടാക്കാന്‍ തന്നെ ആണ് ഇത്തരം മിക്ക പരിപാടികളുടെയും ഡയറക്ടര്‍മാര്‍ ശ്രമിക്കാറ്. മുന്‍കാല ഗായകര്‍ പാടിയ ഗാനങ്ങളെ അതേ പടി 'ഏറ്റു പാടിയാല്‍' മാത്രം പോര ഒരു ഗായകന്‍ ആവാന്‍ എന്നതിന്റെ ഉത്തമ ഉദാഹരണം തന്നെയാണ് ഈ പരിപാടി. തങ്ങളുടെ കുട്ടിക്ക് സംഗീതപാതയില്‍ നല്ല വഴി കാണിക്കേണ്ട രക്ഷിതാക്കള്‍ കേവലം സമ്മാനങ്ങള്‍ക്ക് വേണ്ടി പരസ്പരം കടിച്ചു കീറുന്ന കാഴ്ച, ഇത്തരം പരിപാടികളിലെ സ്ഥിരം കാഴ്ചയാണ്. ഭാഷ ഒരു പ്രശ്‌നം അല്ലാതായി തീര്‍ന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് മലയാളഭാഷ അറിയാത്ത വിധികര്‍ത്താവിന്റെ 'അല്‍പ' മലയാളം സഹിക്കാന്‍ മലയാളി നന്നേ ശീലിച്ചു എന്നതും ശ്രദ്ധേയം!

തിരുപ്പതി സന്നിധാനത്തില്‍ 'നാദ നീരാഞ്ജനം' എന്ന സംഗീത പരിപാടി (കച്ചേരി ) തുടങ്ങി നാളുകള്‍ പിന്നിടുന്നു. ഈ പരിപാടി തത്സമയ സംപ്രേക്ഷണം ചെയ്യാന്‍ അവരുടെ തന്നെ ചാനലും ഉണ്ട്. ഒരു കച്ചേരി ഗ്രൂപ്പിന് 30,000 (എല്ലാം അടക്കം) രൂപയായിരുന്നു ഭാരവാഹികള്‍ നിശ്ചയിച്ച പ്രതിഫലം. ക്ഷിപ്രപ്രസാദിയായ ഭഗവാന്റെ ചില ഭക്തകലാകാരന്‍മാര്‍ 'ക്ഷിപ്ര' പ്രസിദ്ധിക്കായി, ഈ പരിപാടി നടത്തിപ്പിന് 'സ്വയം' മുന്‍വന്നു' സഹായിക്കുന്ന ചില ഇടനില സംഗീതകാരന്മാരെ സ്വാധീനിക്കാന്‍ തുടങ്ങി. അപ്പോള്‍ മിക്കവാറും ആ 30,000 രൂപ ഇത്തരം ഇടനിലക്കാരുടെ കൈവഴിയാണ് പൊയ്‌ക്കൊണ്ടിരുന്നത്. പോരാത്തതിന് ഇതിന്റെ പ്രചാരം പെട്ടെന്ന് വര്‍ദ്ധിച്ച സാഹചര്യത്തില്‍, തുടങ്ങിയ സമയത്ത് നിശ്ചയിച്ച പ്രതിഫലം കൊടുക്കാതെ, ഭഗവാന്റെ അടുത്ത് (4 മീറ്റര്‍ എന്നോ മറ്റോ കണക്കുണ്ട് ) നിന്ന് ദര്‍ശനം ചെയ്യാന്‍ ഈ കലാകാരന്‍മാര്‍ക്ക് 'സൗജന്യ' സൗകര്യം ചെയ്യാം എന്ന് തിരുത്തി ഇതിന്റെ നടത്തിപ്പുകാര്‍. ഭക്തിയും സംഗീതക്കാരെ കൈവിടുകയാണോ അതോ സ്വയം തീര്‍ത്ത 'കുഴിയില്‍' വീഴാന്‍ വിധിക്കപ്പെടുകയാണോ?

പത്രം റിവ്യൂ: ഇപ്പൊ ഇതാണ് ആകെപ്പാടെ കര്‍ണ്ണാടക സംഗീതം ജീവനോടെ ഉണ്ട് എന്ന് വിശ്വസിപ്പിക്കുന്ന ഒരു തെളിവ്! ഇത്തരം റിവ്യൂകളില്‍ സ്ഥിരം സ്ഥലം പിടിക്കാന്‍ സ്വന്തം വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു വരുത്തി വര്‍ഷത്തില്‍ (ചിലര്‍ മാസത്തില്‍ ) നാലോ അഞ്ചോ പ്രാവശ്യം 'പിറന്നാള്‍' ആഘോഷിക്കാന്‍ യാതൊരു മടിയും ഇല്ലാത്ത കലാകാരന്മാര്‍ ഇന്നുണ്ട് എന്നതാണ് സത്യം. കച്ചേരിക്ക് നേരെ പോയി ഇരുന്ന്‍, കേട്ട് അതിനെ പറ്റി എഴുതുന്ന കാലം അല്ല ഇന്ന്. സംഗീതജ്ഞന്‍ 'ലിസ്റ്റ് ' അങ്ങോട്ട് അയയ്ക്കും. അത് വെച്ച് നടുവില്‍ 'മെലോ ഫ്‌ലൂയന്റ്‌റ്, സൂതിംഗ് ... തുടങ്ങിയ സ്ഥിര സുഖവചനങ്ങളെ ഏറ്റു പിടിച്ച് ഒരു സ്തുതി ഗീതം. അതാണ് മിക്ക റിവ്യൂകളും. അപ്പോള്‍ ആവഴിയുള്ള 'യഥാര്‍ത്ഥ 'സംഗീത പുരോഗതിയും തഥൈവ...

ഇനി ലേഖകനെ പറ്റി: ഡോക്ടര്‍ എന്‍. രമണി, പ്രൊഫസര്‍ ടി ആര്‍ എസ്, സുന്ദരേശ്വര ഭാഗവതര്‍ എന്നിവരുടെ ശിഷ്യന്‍. സംഗീതത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം (സംഗീതം ). ഓള്‍ ഇന്ത്യ റേഡിയോ 'എ' ഗ്രേഡ് ആര്‍ടിസ്റ്റ്. ചില ചാനല്‍ പാട്ട് മത്സരത്തില്‍ വിധി കര്‍ത്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


Next Story

Related Stories