TopTop
Begin typing your search above and press return to search.

ആം ആദ്മി ഇഫക്ട്: ചില ചോദ്യങ്ങള്‍

ആം ആദ്മി ഇഫക്ട്: ചില ചോദ്യങ്ങള്‍

ടീം അഴിമുഖം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ചുള്ള ചില ചോദ്യങ്ങള്‍

1. ഇത്തവണ മോദി തരംഗം ഉണ്ടായിരുന്നോ?

ഉത്തരം: ഇല്ല. മോദി തരംഗം ഉണ്ടായിരുന്നില്ല. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി.ജെ.പി എന്നാല്‍ അവിടുത്തെ മുഖ്യമന്ത്രിമാരാണ്. അശോക് ഗെലോട്ടിന്റെ മോശം ഭരണവും വസുന്ധര രാജെ സിന്ധ്യയുടെ വമ്പന്‍ പ്രചരണ പ്രവര്‍ത്തനങ്ങളുമാണ് രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നില്‍. മോഡി തരംഗം ഉണ്ടാകേണ്ടിയിരുന്ന ഡല്‍ഹിയിലാകട്ടെ, ആം ആദ്മി പാര്‍ട്ടിയാണ് യഥാര്‍ഥ വിജയി.

2. മോദി തരംഗം ഒട്ടും ഇല്ലായിരുന്നു എന്നാണോ പറയുന്നത്?

ഉത്തരം: അതെ. എന്നാല്‍ ബി.ജെ.പിയിലെ ചിലരും മാധ്യമങ്ങളുമൊക്കെ അങ്ങനെയല്ലെന്ന് വിശ്വസിക്കുന്നുണ്ട്. മോദിക്ക് ലഭിച്ച ഒന്നാന്തരം തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം എന്ന് നമുക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും. മധ്യപ്രദേശിലെ വിജയത്തിന് കാരണമായ ആളുകളുടെ ലിസ്റ്റില്‍ മോദിക്കു മുമ്പാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എല്‍.കെ അദ്വാനിയുടെ പേര് പരാമര്‍ശിച്ചത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ബി.ജെ.പിക്കുള്ളില്‍ നിന്നു തന്നെ മോദിക്കെതിരെ വെല്ലുവിളികള്‍ ഉയര്‍ന്നു തുടങ്ങൂന്നത് കാണാന്‍ കഴിയും. പാര്‍ട്ടിക്കുള്ളില്‍ പോലും മോദി പുലര്‍ത്തുന്ന സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരെ അദ്വാനി, സുഷമ സ്വരാജ് തുടങ്ങിയവര്‍ രംഗത്തു വരുന്നുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഡ് വിജയങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അവര്‍ തങ്ങളുടെ വാദം ഉയര്‍ത്തുന്നത്.

ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന തന്നെ മോദി തരംഗത്തെ ചോദ്യം ചെയ്തു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും നരേന്ദ്ര മോദിയുടേയും ശക്തമായ വെല്ലുവിളികള്‍ക്കെതിരെയാണ് കെജ്‌രിവാള്‍ എന്ന ശക്തനായ ചെറുപ്പക്കാരന്‍ വിജയകരമായി പോരാടിയത് എന്നാണ് ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെ എഴുതിയത്.

3. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രുപീകരിക്കില്ലെന്നാണ് അരിവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. അപ്പോള്‍ എന്തു സംഭവിക്കും?

ബി.ജെ.പിക്കായാലും ആം ആദ്മി പാര്‍ട്ടിക്കായാലും സര്‍ക്കാര്‍ രുപീകരിക്കാന്‍ ആവശ്യമായ എം.എല്‍.എമാരില്ല. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തിന് ഇല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ബി.ജെ.പിയും ഇതില്‍ നിന്നൊഴിഞ്ഞു നില്‍ക്കുകയാണ്. ഏതെങ്കിലും വിധത്തിലുള്ള കുതിരക്കച്ചവടംം നടത്താന്‍ ബി.ജെ.പിയും പേടിക്കുന്നു എന്നു ചുരുക്കം. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷം ഏപ്രില്‍ - മെയ് മാസത്തില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് വരെ ഡല്‍ഹി ഭരിക്കുന്നത് ലഫ്. ഗവര്‍ണര്‍ ആയിരിക്കും.

4. അതായത്, ഡല്‍ഹി വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോവും എന്നാണോ?

ഉത്തരം: അതേ. ഇപ്പോഴുള്ള എല്ല സാഹചര്യങ്ങളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ലഫ്. ഗവര്‍ണര്‍ ഇന്നു ക്ഷണിച്ചിട്ടുമുണ്ട്. എന്നാല്‍ തങ്ങളില്ല എന്നാണ് ബി.ജെ.പി നിലപാട്. വീണ്ടും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരായ ആക്രമണം ആം ആദ്മി പാര്‍ട്ടി ശക്തിപ്പെടുത്താനാണ് സാധ്യത. അതുവഴി അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ കുക്കെൂടി മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കാനും സാധ്യതയുണ്ട്.

അതിനൊപ്പം, ആം ആദ്മി പാര്‍ട്ടി രാജ്യമൊട്ടാകെ വ്യാപിക്കാനും വഴിയുണ്ട്, പ്രത്യേകിച്ച് നഗര മേഖലകളില്‍. യോജിച്ചു പോകാവുന്നവരുമായി ചേര്‍ന്ന് ഒരു ഫസ്റ്റ് ഫ്രണ്ട് ഉണ്ടാക്കുന്നതിനെ കുറിച്ച് കെജ്‌രിവാള്‍ സൂചിപ്പിച്ചു കഴിഞ്ഞു.

5. രാഹുല്‍ ഗാന്ധി പരാജയമാണോ?

ഉത്തരം: ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കാര്യമായി ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. 2014-ല്‍ കോണ്‍ഗ്രസ് തകര്‍ന്നടിയാന്‍ പോവുകയാണെന്നതാണ് യാഥാര്‍ഥ്യം. തന്റെ ഊഴം വരുന്നതും കാത്ത് പ്രതിപക്ഷത്തിരിക്കുകയാണ് രാഹുലിന് ചെയ്യാനുള്ളത്. ഇനി കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരുന്നു എന്നിരിക്കട്ടെ, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമോയെന്നും സംശയമാണ്.

6. മറ്റാരെയെങ്കിലും കോണ്‍ഗ്രസ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമോ?

ഉത്തരം: അത്തരമൊരു സൂചനയാണ് സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് അതുണ്ടാകുമോ എന്ന് സംശയം നിലനില്‍ക്കുന്നുണ്ട്.

7. ആം ആദ്മി പാര്‍ട്ടിയുടെ ഉദയം ബി.ജെ.പിക്ക് ഗുണകരമാണെന്ന് ചിലര്‍ പറയുന്നുണ്ട്. കാരണം, അവര്‍ വോട്ടുകള്‍ ഭിന്നിപ്പിക്കുകയും അതുവഴി ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ഇടയാക്കുകയും ചെയ്യും. അത്തരമൊരു സാധ്യത നിലനില്‍ക്കുന്നോ?

ഉത്തരം: ഇല്ല. കാരണം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു അപ്രതീക്ഷിത മാറ്റമാണ് ആം ആദ്മി കൊണ്ടു വന്നിരിക്കുന്നത്. അതുകൊണ്ട് ബി.ജെ.പിയും ആശങ്കപ്പെടണം. ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നിടത്തൊക്കെ കോണ്‍ഗസ് വിരുദ്ധ വോട്ടുകള്‍ പോവുക ബി.ജെ.പിക്കായിരുന്നു. ഇവിടെയാണ് ആം ആദ്മി പാര്‍ട്ടി കടന്നു വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ആശങ്കപ്പെടാന്‍ ബി.ജെ.പിക്ക് നിരവധി കാരണങ്ങളുണ്ട്.

8. ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം എന്താണ് നമ്മോട് പറയുന്നത്?

ഉത്തരം: നാം നഗര മേഖലകളെടുക്കുക. ഇവിടെയൊക്കെ കുടിയേറ്റക്കാരും യുവതലമുറയും വളരെ പ്രധാനമാണ്. നിലവിലെ രാഷ്ട്രീയ സമ്പ്രദായത്തോട് വിപ്രതിപത്തി പുലര്‍ത്തുന്നവരാണ് ഈ രണ്ടു കൂട്ടരും. അതുകൊണ്ടു തന്നെ ആം ആദ്മി പാര്‍ട്ടിക്കും അതുപോലുള്ള പാര്‍ട്ടികള്‍ക്കുമുള്ള ഇടം ഇവിടെയുണ്ട്. അത് കുറെക്കാലം നിലനില്‍ക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ഇവരില്‍ ആരാണ് കൂടുതല്‍ കാലം നിലനില്‍ക്കുക എന്നാണ് ഇനി അറിയേണ്ടത്?

9. കേരളത്തില്‍ ആം ആദ്മി പ്രതിഭാസം സംഭവിക്കുമോ?

ഉത്തരം: കാര്യമായില്ല. എന്നാല്‍ വി.എസ് അച്യുതാനന്ദനെ പോലൊരാളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ മാറും. കാരണം, കേരളം അത്തരത്തിലൊരു രാഷ്ട്രീയ സംസ്‌കാരം നിലനില്‍ക്കുന്ന സംസ്ഥാനമാണ്. വളര്‍ന്നു വരുന്ന ഏതൊരാളും ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ കേഡര്‍ ആയി മാറുന്ന അവസ്ഥ ഇവിടെയുണ്ട്. വിദ്യഭ്യാസ, ആരോഗ്യ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളും പുരോഗമന സ്വഭാവവും പ്രസ്ഥാനങ്ങളുമൊക്കെയുള്ള ഒരു സമൂഹമെന്ന നിലയില്‍ ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയ അവസ്ഥ ഏറെ പരിതാപകരമാണ്. പുരോഗമനാത്മകമായ ഒരു മുന്നേറ്റം പോലും അനവധി വര്‍ഷങ്ങളായി ഇവിടെ ഉണ്ടാകുന്നില്ല എന്നതും ഖേദകരമാണ്.


Next Story

Related Stories