TopTop
Begin typing your search above and press return to search.

കുഞ്ഞുങ്ങളെ കൊണ്ട് കല്ലെടുപ്പിക്കുമ്പോള്‍

കുഞ്ഞുങ്ങളെ കൊണ്ട് കല്ലെടുപ്പിക്കുമ്പോള്‍

ക്രിസ്തുമസ് അവധി ഇങ്ങെത്തിക്കഴിഞ്ഞു, അതോടൊപ്പം തന്നെ ഈ അധ്യയനവര്‍ഷത്തിന്റെ അവസാനപാദവും. അടുത്ത കൊല്ലത്തെ സ്കൂളില്‍ പോക്കിനെക്കുറിച്ച് സംസാരിക്കുന്ന കുഞ്ഞുങ്ങളില്‍ അഭിമാനവും ആവേശവും കാണാനുണ്ട്. എന്നാല്‍, ഒരദ്ധ്യയന വര്‍ഷത്തിന്റെ അവസാനപാദം, പാഠങ്ങള്‍ തീര്‍ക്കുന്നതിന്റെയും തീവ്ര പരിശീലനങ്ങളുടെയും ആവര്‍ത്തിച്ചുള്ള വായനയുടെയും മാതൃകാപരീക്ഷകളുടെയും തിരക്കുനിറഞ്ഞതായിരിക്കും എപ്പോഴും. വര്‍ഷത്തിന്റെ പകുതിയോടെ തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയം ഒരു കണക്ക് ടീച്ചറുടെയോ സയന്‍സ് മാഷിന്റെയോ കയ്യില്‍പ്പെട്ടു അദൃശ്യമാവുകയാണ് പതിവ്.

എന്റെ സ്കൂള്‍ കഥകള്‍ ഇതേ രീതിയിലായിരുന്നു. ഇങ്ങനെ പോയാല്‍, എന്റെ കുട്ടികളുടെ സ്കൂള്‍ ജീവിതവും ഏറെ വ്യത്യസ്തമാവാന്‍ ഇടയില്ല. ഒരു സ്കൂള്‍ വര്‍ഷം തുടങ്ങുമ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന ‘സമഗ്ര സമീപനം’, ‘സമ്പൂര്‍ണ വളര്‍ച്ച’ തുടങ്ങിയ ആശയങ്ങള്‍ വിസ്മരിക്കപ്പെടുകയും ചില വിഷയങ്ങളിലെ പ്രാവീണ്യം മറ്റ് ചില വിഷയങ്ങളിലെതിനേക്കാള്‍ ഏറെ പ്രധാനമാണെന്നും കുട്ടികള്‍ സ്വയം മനസ്സിലാക്കാറാണ് പതിവ്.

ഇതിനിടയില്‍ പരമ്പരാഗത ‘മന:പാഠമാക്കല്‍’ രീതിയില്‍ നിന്നും വ്യത്യസ്തമായി കുറെക്കൂടി പുരോഗമനാത്മകമായ രീതികള്‍ പിന്തുടരാനുള്ള തീരുമാനം, സ്വകാര്യവിദ്യാഭ്യാസം താങ്ങാന്‍ കഴിയുന്ന മധ്യവര്‍ഗ മാതാപിതാക്കള്‍ക്കിടയിലെങ്കിലും വ്യാപകമാണ്.

വിദ്യാഭാസ സമ്പ്രദായം നവീകരിക്കേണ്ടിയിരിക്കുന്നു എന്ന ദിശയിലുള്ള ചര്‍ച്ചകള്‍ സ്കൂള്‍ വേദികളില്‍ അടക്കം പലയിടങ്ങളിലും ശക്തമാണ്. നമ്മുടെ ഈ താല്‍പര്യത്തിനനുസരിച്ചെന്ന മട്ടില്‍, ചിരിച്ചു കൊണ്ട് നമ്മെ വരവേല്‍ക്കുന്ന, സന്തോഷമുള്ള കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ നിറഞ്ഞ അനേകം സ്വകാര്യ സ്കൂളുകളുടെ പരസ്യങ്ങള്‍ നാം ചുറ്റിനും കാണുന്നുണ്ട്. ശാസ്ത്രമേഖലകളിലെ ഏറ്റവും പുതിയ ഗവേഷണ ഫലങ്ങള്‍ ആവും അവരീ പരസ്യങ്ങളില്‍ പറയുക. പുരോഗമന ചിന്താഗതിക്കാര്‍ എന്നു സ്വയം വിലയിരുത്തുന്ന മാതാപിതാക്കള്‍ ഇത്തരം സ്കൂളുകള്‍ നടത്തുന്ന ‘ഓപണ്‍ ഹൌസുകള്‍’, മേളകള്‍ തുടങ്ങി ജനശ്രദ്ധ പിടിച്ച് പറ്റാന്‍ നടത്തുന്ന സകല പരിപാടികള്‍ക്കും പോവുന്നു.

കുട്ടികളെ സ്വതന്ത്രരും ബൌദ്ധിക - സര്‍ഗാത്മക ശേഷികള്‍ വികസിച്ചവരുമാക്കി മാറ്റുന്നതിനെക്കുറിച്ച് ഈ വേദികളില്‍ വെച്ച് നടത്തിപ്പുകാര്‍ വശ്യമായ രീതിയില്‍ പല മാര്‍ക്കറ്റിങ് പ്രഭാഷണങ്ങളും നടത്തുന്നു. ഇത്തരം ഒരു സ്കൂളില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടക്കത്തില്‍ അവര്‍ പറഞ്ഞതു പ്രാവര്‍ത്തികമാവുന്നതായി തോന്നിയെങ്കിലും ആദ്യ ടേം കഴിഞ്ഞപ്പോള്‍ തന്നെ കാര്യങ്ങള്‍ കുഴപ്പത്തിലാവാന്‍ തുടങ്ങി.

അയല്‍പക്കത്തെ കുട്ടി എഴുതാന്‍ പഠിച്ചുവെന്നും തങ്ങളുടെ കുട്ടി ഇതുവരെ എഴുതാന്‍ തുടങ്ങിയില്ലെന്നും മാതാപിതാക്കള്‍ പരാതി പറഞ്ഞു തുടങ്ങി. “മറ്റവരേറെ മുന്നിലാണ്” എന്ന്‍ എന്നോടു പലരും പറഞ്ഞു. എങ്ങനെയാണീ പ്രക്രിയ നടക്കുന്നതെന്ന് പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും ആ മറുപടിയില്‍ അവര്‍ തൃപ്തരല്ലെന്ന് കാണാന്‍ കഴിയുന്നുണ്ടായിരുന്നു. ഇതൊരു ‘ഡോമിനോ ഇഫക്ട്’ ഉണ്ടാക്കി. കുട്ടികളെ നഷ്ടപ്പെടാതിരിക്കാനും ഭാവിയിലെ അഡ്മിഷന്‍ നിലയ്ക്കാതിരിക്കാനുമായി മാതാപിതാക്കളുടെ താല്‍പര്യത്തിന് വഴങ്ങി സിലബസ് പുതുക്കാന്‍ സ്കൂളുകള്‍ തയ്യാറായി.

തങ്ങളുടെ സിസ്റ്റത്തില്‍ ഉറച്ചു നില്‍ക്കാതിരുന്ന സ്കൂള്‍ അധികൃതരാണോ അതോ മറ്റുള്ളവരുടെ കുഞ്ഞുങ്ങള്‍ ആറ് മാസം മുന്പെ എഴുതാന്‍ തുടങ്ങിയെന്നു കേട്ട് സ്വന്തം കുഞ്ഞുങ്ങളെക്കുറിച്ച് അരക്ഷിതരായ രക്ഷിതാക്കളോ, ആരായിരുന്നു യഥാര്‍ത്ഥ പ്രശ്നം എന്നെനിക്കറിയില്ല. ചുരുക്കത്തില്‍, പുരോഗമനപരമായ സമീപനം പോസ്റ്ററുകളിലെ ആകര്‍ഷകമായ വാചകങ്ങളില്‍ മാത്രം ഒതുങ്ങി.

‘ഈ ക്ലാസില്‍ എവിടെയാണെന്റെ കുഞ്ഞിന്റെ സ്ഥാനം’ എന്നതായിരുന്നു ഒരു ആറ് വയസുകാരിയെക്കുറിച്ച് എന്നോടു രക്ഷിതാക്കള്‍ സ്ഥിരമായി ചോദിച്ചിരുന്ന ചോദ്യങ്ങളില്‍ ഒന്ന്‍. കുട്ടികളെ പരസ്പരം താരതമ്യപ്പെടുത്തുന്നത് ആരോഗ്യകരമല്ലെന്ന് പറഞ്ഞാല്‍ ഉടനെ വരും അടുത്ത ചോദ്യം- ‘ശരി, എന്നാലും ആദ്യത്തെ അഞ്ചു പേരില്‍ അവള്‍ വരില്ലേ?’


ചര്‍ച്ചകളിലെല്ലാം ‘പുരോഗമനാത്മകം’ എന്ന വാക്ക് നിറഞ്ഞു നിന്നിരുന്നെങ്കിലും നിശബ്ദമായി എല്ലാവരും ‘ഫല’ത്തെ അവഗണിക്കാനാവില്ല എന്നു ചിന്തിച്ചിരുന്നതായിരുന്നു എന്നതാണ് അതിലെ വിരോധാഭാസം. അല്ലെങ്കില്‍ പിന്നെ, പല സ്കൂളുകളിലെ ഉയര്‍ന്ന മാര്‍ക്കുകള്‍ കൃത്യമായി മാതാപിതാക്കള്‍ അന്വേഷിച്ചറിയുന്നത് എന്തിനാണ്? പ്രശസ്തമായ സ്കൂളുകളിലെല്ലാം അഡ്മിഷനുകള്‍ മാസങ്ങള്‍ക്ക് മുന്പെ തീരുന്നതും ഒരു കൊല്ലം മുന്‍കൂട്ടിപ്പോലും ആളുകള്‍ സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതും സാധാരണമാണ്.

നീണ്ട ക്യൂ നിന്ന്‍ അപേക്ഷാഫോം വാങ്ങിക്കാനും ഭരണതലത്തിലെ തങ്ങളുടെ സ്വാധീനം അനുസരിച്ചു അഡ്മിഷനുള്ള ചരടുവലികള്‍ നടത്താനും രക്ഷിതാക്കള്‍ മല്‍സരിക്കുന്നു. ഒരു വശത്തു പുരോഗമനവാദികള്‍ എന്നു നടിക്കുമ്പോഴും മാര്‍ക്ക് / റാങ്ക് തുടങ്ങിയവയില്‍ നിന്നു മാറി ചിന്തിക്കാന്‍ കഴിയാതെ പോവുമ്പോള്‍ വിദ്യാഭ്യാസം എന്ന വിശാലമായ ആശയത്തോട് നാമെത്രത്തോളം കൂറു പുലര്‍ത്തുന്നുണ്ടെന്ന ചോദ്യം സ്വയം ചോദിക്കേണ്ടതാണ്. നാമാരാണെന്നും ആരായി തീരണമെന്നും ഉള്ള മുതിര്‍ന്നവരുടെ സംഘര്‍ഷങ്ങളില്‍പ്പെട്ടു കുഴങ്ങുന്നത് കുട്ടികളാണ്.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കൊളോണിയല്‍ കാലഘ്ട്ടത്തിന്റെ ബാക്കിപത്രമാണെന്നും അന്ന് കൊളോണിയല്‍ ഭരണത്തിന്റെ നടത്തിപ്പുകാരെയും ക്ളര്‍ക്കുകളെയും ആണ് ഇത് സൃഷ്ടിച്ചിരുന്നതെങ്കില്‍ ഇന്ന് വെറുമൊരു സര്‍ട്ടിഫിക്കറ്റ് കിട്ടാനുള്ള ഉപാധി മാത്രമാണീ പ്രക്രിയ എന്നും നിരവധി വിദ്യാഭ്യാസ വിചക്ഷണര്‍ വാദിച്ചിട്ടുണ്ട്. പാഠ്യവിഷയങ്ങളുടെ ഗുണനിലവാരവും പ്രാധാന്യവും മറ്റൊരു വലിയ പ്രശ്നമാണ്. ഇതു നവീകരിച്ചുകൊണ്ടൊരു മൂല്യവത്തായ പദ്ധതി ഉണ്ടാക്കാന്‍ ആഴത്തിലുള്ള ഗവേഷണങ്ങള്‍ ആവശ്യമാണ്.

വിവരങ്ങള്‍ കുത്തിനിറച്ചുകൊണ്ട് കുട്ടികളുടെ ഉള്ളില്‍ നിന്നുള്ള സര്‍ഗവാസനകള്‍ക്കു പുറത്തുവരാനിട കൊടുക്കാത്തതാണിന്നത്തെ വ്യവസ്ഥയെന്ന് സാധാരണക്കര്‍ക്ക് പോലും തോന്നാറുണ്ട്. എങ്കിലും, കുട്ടികളുടെ മൂല്യനിര്‍ണയ രീതികളില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ NCERTയുടെ സഹായത്തോടെ CBSEയും ICSEയും മറ്റും ശ്രമിക്കുന്നുണ്ട്.

മൂല്യ നിര്‍ണയം എന്നത് സങ്കീര്‍ണമായ ഒരു വിഷയമാണെങ്കിലും വര്‍ഷാവസാന പരീക്ഷ കുട്ടികളെക്കുറിച്ചുള്ള അന്തിമവിധിയാക്കാതെ വര്ഷം മുഴുവനും വ്യാപിച്ച് കിടക്കുന്ന നൂതന മാനദണ്ഡങ്ങള്‍ ഇവരിപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. സദുദ്യേശത്തോടെ തുടങ്ങിയ ഇവയെല്ലാം പ്രാവര്‍ത്തികമാക്കുമ്പോള്‍ പരാജയപ്പെടുന്നതെങ്ങനെ എന്ന്‍ സെക്കണ്ടറി സ്കൂളില്‍ പഠിക്കുന്ന ഏതാനും കുട്ടികളുടെ രക്ഷിതാക്കള്‍ വിശദീകരിച്ചു.

ഉന്നത വിജയം ഉറപ്പുവരുത്താനുള്ള മത്സരം എല്ലാ സ്കൂളുകളിലും നടക്കുന്നുണ്ട്. പത്താം തരത്തിലെ വിഷയങ്ങള്‍ ഒമ്പതില്‍ തന്നെ തുടങ്ങാനായി ഒമ്പതിലെ പാഠ്യഭാഗങ്ങള്‍ വളച്ചൊടിക്കുകയും അത്ര പ്രധാനമല്ലെന്ന് തോന്നുന്നവ വെട്ടിക്കുറയ്ക്കുകയും ഒക്കെ ചെയ്യുന്നു. മാതാപിതാക്കളുടെ താല്‍പര്യാര്‍ഥം സ്കൂള്‍ സമയത്തു തന്നെ IIT/ എഞ്ചിനീയറിങ് പരീക്ഷകള്‍ക്കുള്ള പരിശീലനവും ചിലര്‍ നടത്തുന്നു.

മത്സര പരീക്ഷകള്‍ക്ക് വേണ്ടിയാണോ നാമീ കുട്ടികളെ പരിശീലിപ്പിക്കുന്നത്? ഇത്തരത്തില്‍ ‘ഐ‌ഐ‌ടി ഫൌണ്ടേഷന്‍’ സിലബസ് ഉള്ള പല ‘ടെക്നോ’ സ്കൂളുകളിലും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കു സമയം തീരെയുണ്ടാവാറില്ല. ഇങ്ങനെയുള്ള അന്തരീക്ഷത്തില്‍ പഠിക്കാനുള്ള തീരുമാനം നമ്മുടെ കുട്ടികള്‍ സ്വതന്ത്രമായി എടുത്തതാണെന്ന് ചിന്തിച്ചാല്‍ അതല്‍പ്പം കടന്നു പോകും.

ആറാം ക്ലാസ് മുതല്‍ അവധിക്കാലത്ത് കുട്ടികളെ കോച്ചിംഗ് ക്ലാസ്സുകള്‍ക്ക് പറഞ്ഞുവിടുന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചതോര്‍ക്കുന്നു. അതിലെ ഒരു രക്ഷിതാവിന്റെ വാക്കുകള്‍ ഇങ്ങനെ ചുരുക്കാം- ‘എന്റെ മകളുടെ അറിവ് വര്‍ദ്ധിപ്പിക്കാനാണീ പരിശീലനം. എന്നാല്‍ അവളൊരു ഡോക്ടറാവാണമെന്നാണെന്റെ ആത്മാര്‍ഥമായ ആഗ്രഹം’. തങ്ങളുടെതല്ലാത്ത ആഗ്രഹങ്ങള്‍ക്ക് പിന്നാലേ പോകാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാവുന്നു എന്നതാണിതിന്റെ ആത്യന്തിക ഫലം.

അനാവശ്യ വിവരങ്ങള്‍ കുമിഞ്ഞുകൂടിയ ഒരുതരം ഓര്‍മയന്ത്രമായി തലച്ചോറിനെ മാറ്റുന്ന ഒരു വ്യവസ്ഥിതിയാണ് നാം ആവശ്യപ്പെടുന്നത്. തെറ്റായ പ്രതീക്ഷകള്‍ക്ക് വളംവച്ചുകൊണ്ട് സ്കൂളുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ദുരന്തം അനുഭവിക്കുന്നത് കുട്ടികളാണ്. നിരന്തരമായി കൂടിക്കൊണ്ടിരിക്കുന്ന മാനസിക സമ്മര്‍ദത്തിന്റെ മറ്റൊരു പേരായി മാറുകയാണ് നമ്മുടെ വിദ്യാഭ്യാസം.

ഒരോ പരീക്ഷാഫലം പുറത്തു വരുമ്പോഴും ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെയും പഠനത്തില്‍ എപ്പോഴും ഉന്നത നിലവാരം പുലര്‍ത്താനുള്ള സമ്മര്‍ദം മൂലം സ്വഭാവ വൈകല്യം ഉണ്ടാകുന്ന കുട്ടികളുടെയും വാര്ത്തകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. സ്വതന്ത്ര ചിന്തയ്ക്കുമേല്‍ വെട്ടിയൊതുക്കപ്പെട്ട ശരികളെ അനുസരിക്കുന്നതിനെയും സര്‍ഗാത്മകതയേക്കാള്‍ കൃത്യതയെയും പ്രോത്സാഹിപ്പിക്കുന്ന രീതി ഈ പ്രശ്നം നിലനിര്‍ത്താനെ ഉപകരിക്കൂ. നമ്മെ തന്നെ ഈ പ്രശ്നത്തിന്റെ ഭാഗമായി കാണാനും വിദ്യാഭ്യാസ കാര്യത്തിലുള്ള നമ്മുടെ പ്രതീക്ഷകളെ പുനര്‍വിചിന്തനം നടത്താനും നാം തയ്യാറായാല്‍ മാത്രമേ ചെറിയ മാറ്റങ്ങളെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയുള്ളൂ. കുഞ്ഞുങ്ങള്‍ വളര്‍ന്ന് വലുതാവേണ്ടവരാണ്, അവരെ ഇപ്പോഴേ ശ്വാസം മുട്ടിക്കരുത്.


Next Story

Related Stories