TopTop
Begin typing your search above and press return to search.

മണ്ടേലയെ ഗാന്ധിയനാക്കുന്നതിനു മുമ്പ്

മണ്ടേലയെ ഗാന്ധിയനാക്കുന്നതിനു മുമ്പ്

നസീര്‍ കെ.സി

കാലത്തിനും ചരിത്രത്തിനും വേദനകളുണ്ടോ എന്നു നമുക്കറിഞ്ഞു കൂടാ. എന്നാല്‍ ചരിത്രം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ നമ്മെ വേദനിപ്പിക്കുന്നുണ്ട്. ചരിത്രം തീര്‍ക്കുന്ന വേദനകള്‍ മായ്ച്ചുകളയാന്‍ സന്നദ്ധരാകുന്ന ചില ആളുകളുണ്ട്. ചിലപ്പോള്‍ ചരിത്രം തന്നെയാണ് അവരെ നിയോഗിക്കുന്നത് എന്ന് നമുക്ക് തോന്നും. രോഗവും ചികിത്സയും പലപ്പോഴും നിര്‍ണയിക്കുന്നത് കാലം തന്നെയാണ്. കാലത്താല്‍ നിയോഗിക്കപ്പെട്ട ഒരാളാണ് ഇപ്പോള്‍ നമ്മളോട് വിട പറഞ്ഞു പോയിരിക്കുന്നത്. ഇതില്‍ വേദനിക്കാനൊന്നുമില്ല. തന്റെ ദൗത്യം പൂര്‍ത്തിയാക്കിയ ഒരാള്‍ തിരിച്ചു പോയിരിക്കുന്നു, അത്രമാത്രം. ഇപ്പോള്‍ നമുക്ക് ചെയ്യാനുള്ളത് അയാളുടെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക എന്നത് മാത്രമാണ്. പലരും അന്വേഷിച്ചു ചെല്ലുകയും തങ്ങള്‍ക്ക് ആവശ്യമുള്ളത് മാത്രം കണ്ടെത്തുകയും അത് ആത്യന്തിക സത്യമായി അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സാധ്യതയുള്ള മറ്റെന്തെങ്കിലും ആദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടോ എന്ന് നോക്കാം.

ആഫ്രിക്ക നമുക്ക് ഇപ്പോഴും ഇരുണ്ട ഭൂഖണ്ഡമാണ്. ആഫ്രിക്കക്കാരൊക്കെ കറുത്ത നിറമുള്ളവരായതു കൊണ്ടാണ് അങ്ങനെ വിളിക്കുന്നത് എന്ന് വിചാരിക്കുന്നവര്‍ നമുക്കിടയില്‍ ഇപ്പോഴുമുണ്ട്. നമ്മുടെ തലച്ചോറിലെ വെളിച്ചം കടക്കാത്ത ഭാഗങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇരുണ്ട ഭൂഖണ്ഡം എന്നു വിളിക്കാന്‍ യോഗ്യമായിട്ടുള്ളത്. ഒരു പക്ഷെ ആഫ്രിക്കയില്‍ നിന്ന് പുറത്ത് കടന്ന വിലപ്പെട്ട ഒരു വിവരത്തെ നെല്‍സന്‍ മണ്ടേല എന്ന് വിളിച്ചു കൊണ്ട് നമുക്ക് മുന്നോട്ടു പോകാം.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഉപോല്‍പ്പന്നങ്ങളില്‍ ഏറ്റവും പ്രധാനമാണ് മഹാത്മാഗാന്ധിയുടെ നിര്‍മ്മിതി. ഇന്ത്യയ്ക്ക് ഒരു ലോഗോ ഉണ്ടെങ്കില്‍ അത് മഹാത്മാഗാന്ധിയുടെ ചിത്രമാണ് എന്ന് പറയാം. പ്രസക്തമായാലും അല്ലെങ്കിലും അദേഹത്തിന്റെ ആശയങ്ങള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അദ്ദേഹത്തിന് ശിഷ്യന്മാരുണ്ട്. അദ്ദേഹത്തിന്റെ ചില ശിഷ്യന്മാര്‍ അദ്ദേഹത്തോടൊപ്പമോ അതിനേക്കാള്‍ കൂടുതലോ മഹത്വവും ശീര്‍ഷൌന്നത്യവും ഉള്ളവരാണ്. ടോള്‍സ്‌റ്റോയിയെ പോലുള്ളവര്‍ അതിനൊരു ഉദാഹരണമാണ്. ഏറെക്കാലമായി നെല്‍സന്‍ മണ്ടേലയെയും നാം ഗാന്ധി ശിഷ്യന്മാരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെല്‍സന്‍ മണ്ടേല മരിച്ചപ്പോള്‍ നമ്മുടെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അനുശോചന പ്രസംഗത്തില്‍ പറഞ്ഞതും അങ്ങനെ തന്നെയാണ്. ശരിയായ ഗാന്ധിയനാണ് നെല്‍സന്‍ മണ്ടേല എന്ന് അദേഹം അനുസ്മരിച്ചു. മണ്ടേലയെ ഗാന്ധിയന്‍ എന്ന് വിളിക്കുന്നതില്‍ നമുക്ക് ആക്ഷേപമൊന്നുമില്ല. എന്നാല്‍ അതില്‍ സത്യത്തിന്റെ അംശം എത്രമാത്രം ഉണ്ടെന്നത് ഒരു പരിശോധന അര്‍ഹിക്കുന്നുണ്ട്.

ഗാന്ധിജി തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ലെന്ന് മണ്ടേല പല തവണ അനുസ്മരിച്ചിട്ടുണ്ട്. എന്നാല്‍ അദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഗാന്ധിജിക്കുള്ള പ്രസക്തി അവിടെ അവസാനിക്കുന്നു. ഗാന്ധിജി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പ്രയോഗിച്ചതൊന്നും മണ്ടേല ദക്ഷിണാഫ്രിക്കയില്‍ പ്രയോഗിച്ചു നോക്കിയിട്ടില്ലെന്ന് നമുക്ക് കാണാന്‍ കഴിയും. മണ്ടേല ഏതെങ്കിലും അര്‍ത്ഥത്തില്‍ ഗാന്ധിയന്‍ ആകുന്നുണ്ടെങ്കില്‍ തന്റെ ആശയങ്ങളോട് കാണിച്ച സ്ഥൈര്യത്തില്‍ മാത്രമാണത്. താന്‍ ദൈവികമായി കരുതിയിരുന്ന സത്യം, അഹിംസ എന്നീ ആശയങ്ങളില്‍ ഏതു സാഹചര്യങ്ങളിലും ഗാന്ധിജി ഉറച്ചു നിന്നു. ഈ ഒരു സ്ഥൈര്യം മണ്ടേലയിലും നാം കാണുന്നുണ്ട്. മുന്നില്‍ നിന്നല്ല പിന്നില്‍ നിന്നാണ് നയിക്കേണ്ടത് എന്ന് മണ്ടേല പറഞ്ഞിട്ടുണ്ട്. പ്രതിസന്ധി വരുമ്പോള്‍ അയാള്‍ മുന്‍ നിരയില്‍ കടന്നു നിന്ന് അത് ഏറ്റെടുക്കുന്നു. ഈ ധീരത പ്രകടിപ്പിക്കുന്നവന്‍ നേതാവായിത്തീരുന്നു എന്നതാണ് അദേഹത്തിന്റെ സങ്കല്പം. ഒരുപക്ഷെ ഗാന്ധിജിയും മണ്ടേലയും തമ്മിലുള്ള സാദൃശ്യം ഇവിടെ അവസാനിക്കുന്നു.

അഹിംസയാണ് ഗാന്ധിജി തന്റെ ജീവിതത്തില്‍ മുറുകെപ്പിടിച്ച ഏറ്റവും പ്രധാനപ്പെട്ട ആശയം. അദ്ദേഹത്തിന്റെ സമര മാര്‍ഗം അതായിരുന്നു. മാത്രമല്ല ദക്ഷിണാഫ്രിക്കയിലും അദേഹം പ്രയോഗിച്ചത് ഇതേ തന്ത്രം തന്നെയായിരുന്നു. തീവണ്ടിയില്‍ നിന്ന് പുറത്തേക്കെറിയപ്പെട്ട നിര്‍ണ്ണായകമായ ആ ദിവസം തൊട്ട് അദേഹം അങ്ങനെയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ വിജയകരമായി പരീക്ഷിച്ച ഈ സമര തന്ത്രം നേരത്തെ തന്നെ സമരത്തില്‍ ഒരുപാട് മുന്നേറിയ ഇന്ത്യക്കാരുടെ തലയില്‍ അദേഹം കെട്ടി വെക്കുകയായിരുന്നു. സമരത്തില്‍ തീ പടര്‍ന്നപ്പോഴോക്കെ അഹിംസയുടെ വെള്ളമൊഴിച്ച് അദേഹം അതിനെ തണുപ്പിക്കുകയായിരുന്നു. സമരത്തിന്റെ അനിവാര്യമായ ഫലം എന്നതിനേക്കാള്‍ ചരിത്രത്തിന്റെ ഒരു പരിണതിയായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ കൊടുത്ത അനേകരോടുള്ള അവഹേളനമല്ല ഇത്. അവരുടെ സ്വപ്നം ആരോ നീട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന തോന്നല്‍ മാത്രമാണ്.

മണ്ടേലയുടെ സമരം സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമായിരുന്നില്ല. അത് ഇരുതലയുള്ള ഒരു പോരാട്ടമായിരുന്നു. ഒന്ന് കറുത്തവന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം. മറ്റൊന്ന് അപകൃഷ്ടം എന്ന് വിളിക്കപ്പെട്ട അവന്റെ നിറം കറുത്തവന് സമ്മാനിച്ച സാമൂഹ്യ ഹീനതക്കെതിരെ. രണ്ടു സമരങ്ങളെയും ശരിയായി കണ്ണി ചേര്‍ക്കുന്നതില്‍ അദേഹം വിജയിക്കുകയും ചെയ്തു. രാഷ്ട്രീയ സമരത്തോടൊപ്പം ജാതീയതക്കെതിരെയുള്ള സമരവും ഗാന്ധിജി വികസിപ്പിച്ചു എന്ന് ഗാന്ധി അനുകൂല ചരിത്രത്തില്‍ നാം പഠിച്ചിട്ടുണ്ട്. എന്നാല്‍ അതൊരു പാതി സത്യം മാത്രമായിരുന്നു. ജാതി എന്നത് ഗാന്ധിജിക്ക് ഒരു യാഥാര്‍ഥ്യമായിരുന്നു. ജാതി സൃഷ്ടിച്ച വിഭജനം, തൊട്ടു കൂടായ്മ എന്നിവയെ മാത്രമാണ് അദേഹം എതിര്‍ത്തത്. ജാതി ഒരനാവശ്യമാണെന്ന്, മനുഷ്യത്വ വിരുദ്ധമാണെന്ന് അദേഹത്തിനു ഒരിക്കലും തോന്നിയിരുന്നില.

രണ്ടു തടവുകാര്‍

ഒരേ യജമാനന്റെ ദാസന്മാരായിരുന്നു ഇന്ത്യക്കാരനും ആഫ്രിക്കക്കാരനും. ഇന്ത്യക്കാരന്റെതിനേക്കാള്‍ ഇരുണ്ട തൊലിയായിരുന്നു ആഫ്രിക്കന്റെത്. അതുകൊണ്ടാവണം ഇന്ത്യക്കാരനെക്കാള്‍ നിശിതമായിരുന്നു അവരോടുള്ള ബ്രിട്ടീഷുകാരന്റെ സമീപനം. അടിമത്തം കറുത്തവന്റെ ജന്മനിയോഗമായിട്ടാണ് കരുതിപ്പോന്നത്. അതുകൊണ്ട് കൂടുതല്‍ അധികാരപ്രയോഗങ്ങള്‍, അവകാശ ധ്വംസനങ്ങള്‍ കറുത്തവന് നേരെ പ്രയോഗിക്കപ്പെട്ടു. ബ്രിട്ടീഷ് ജയിലില്‍ ഇന്ത്യന്‍ ഗാന്ധിയും 'ആഫ്രിക്കന്‍ ഗാന്ധിയും' വെവ്വേറെ പരിഗണനകള്‍ ലഭിച്ച തടവുകാരാണ്. മഹാത്മാ ഗാന്ധി പലപ്പോഴും തടവറയിലെ അതിഥിയായിരുന്നു. എന്നാല്‍ മണ്ടേല ഗൂഡാലോചനക്കാരനും ക്രിമിനലും മാത്രമായിരുന്നു. ഇടുങ്ങിയ കോണ്‍ക്രീറ്റ് അറയിലായിരുന്നു അദ്ദേഹത്തെ തടവിലിട്ടത്. കിടക്കാന്‍ കച്ചിത്തുറു കൊണ്ടുണ്ടാക്കിയ കിടക്ക. തടവില്‍ അദ്ദേഹത്തെക്കൊണ്ട് കഠിനമായി ജോലി ചെയ്യിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പുതിയ വെളിച്ചം പ്രകാശിച്ചു നിന്ന ലോകത്താണ് ഇത് സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്.

ഭരണകൂടത്തിനു ശല്യക്കാരനായ ഒരു പോരാളി ആയിരുന്നില്ല എന്നതാണ് ഗാന്ധിജിയെ മണ്ടേലയില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സമരം ഭരണകൂടത്തിനു ശല്ല്യമായപ്പോഴൊക്കെ അദേഹം ഇടപെട്ടു. ഗാന്ധിജിയുടെ ഈ ഇടപെടല്‍ പലപ്പോഴും ഭരണക്കാര്‍ക്ക് അനുകൂലമായിട്ടാണ് തീര്‍ന്നത്. എന്നാല്‍ ചില ഘട്ടങ്ങളിലൊഴിച്ച് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമരം സായുധമായിരുന്നു എന്നതാണ് വാസ്തവം. സായുധ സമരത്തിനു വേണ്ടി അവര്‍ക്ക് പ്രത്യേക ദളം തന്നെ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോയത് ഇവരായിരുന്നു. നീണ്ട ഇരുപത്തേഴു വര്‍ഷം മണ്ടേല ജയിലിനകത്തായിരുന്നപ്പോഴും അവര്‍ രാജ്യത്തിനും മണ്ടേലയ്ക്കും വേണ്ടി പൊരുതി നിന്നു.

ഭഗത് സിങ്ങും മണ്ടേലയും

ഇന്ത്യന്‍ നാഷണല്‍ ആര്‍മി മുതല്‍ നൗജവാന്‍ ഭാരത് സഭ വരെ സായുധ സമരത്തിന്റെ ഒരു സമാന്തര ചരിത്രമുണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്. സുഭാഷ് ചന്ദ്ര ബോസ് മുതല്‍ ഭഗത് സിംഗ് വരെ ആത്മാര്‍ത്ഥതയുടെയും ധീരതയുടെയും പര്യായങ്ങളായ ചില മനുഷ്യരുടെ ജീവാര്‍പ്പണത്തിന്റെ കഥ കൂടിയാണത്. ദേശീയ സ്വാതന്ത്ര്യത്തിന്റെ ആഫ്രിക്കന്‍ സമര ചരിത്രം പരിശോധിക്കുമ്പോള്‍ അതിന് എന്തെങ്കിലും സാമ്യത കണ്ടെത്താന്‍ കഴിയുമെങ്കില്‍ അത് ഇന്ത്യയുടെ ഈ സമാന്തര ചരിത്രത്തോടാണ്. അങ്ങനെ വരുമ്പോള്‍ മണ്ടേലയെ കറുത്ത ഗാന്ധി എന്നല്ല അവരുടെ ഭഗത് സിംഗ് എന്നാണ് വിളിക്കേണ്ടി വരിക. ഒരു താരതമ്യം നടത്തുമ്പോള്‍ മണ്ടേലയ്ക്കും ഭഗത്സിങ്ങിനും തമ്മില്‍ വല്ലാത്ത സാദൃശ്യം. സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയാല്‍ ഒറ്റുകൊടുക്കപ്പെട്ടു എന്നത് മാത്രമാണ് അവരുടെ വിധിയെ വേറെ വേറെയാക്കിയത്.

ഗാന്ധിജിക്ക് സമര ജീവിതത്തിന്റെ ഒരു ദക്ഷിണാഫ്രിക്കന്‍ അധ്യായമുണ്ട്. അതുകൊണ്ട് അദേഹത്തിന്റെ സമരവും ജീവിതവും മണ്ടേലയെ നന്നായി സ്വാധീനിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. ഒരു സമരത്തിലും ഇന്നോളം പങ്കെടുക്കാത്ത ആളുകളെ പോലും ഗാന്ധിയുടെ ജീവിതം ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അപ്പോള്‍ അതില്‍ അത്ഭുതമൊന്നുമില്ല. ഭഗത് സിംഗിനെ കുറിച്ച് മണ്ടേലയ്ക്ക് എന്തറിയാം, എത്രത്തോളമറിയാം എന്നതിനെ കുറിച്ച് നമുക്കൊന്നുമറിഞ്ഞുകൂടാ. അപ്പോഴും അവരെ രണ്ടു പേരയും തമ്മില്‍ ബന്ധിപ്പിക്കുന്ന ധാരാളം കാര്യങ്ങള്‍ ഉണ്ടെന്ന് കാണാന്‍ കഴിയും. അതില്‍ ഏറ്റവും പ്രധാനം സായുധ സമരത്തോടുള്ള അവരുടെ സമീപനമാണ്. ചില ഘട്ടങ്ങളിലെ സന്ദേഹങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ആയുധങ്ങള്‍ ആഫ്രിക്കന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞു നിന്നില്ല.

അതുകൊണ്ടാവണം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ശരിയായ തീവ്രവാദ പ്രസ്ഥാനം എന്നാണു ബ്രിട്ടീഷ് അനുകൂലികള്‍ വിളിച്ചിരുന്നത്. മരിച്ചു കഴിഞ്ഞപ്പോള്‍ പോലും മണ്ടേല പല പാശ്ചാത്യ മാധ്യമങ്ങള്‍ക്കും ഒരു കമ്യൂണിസ്റ്റ് തന്നെയായിരുന്നു. മാവോയില്‍ നിന്നും ചെഗുവേരയില്‍ നിന്നും ഗറില്ലാ യുദ്ധത്തിന്റെ പാഠങ്ങള്‍ പഠിക്കുകയും കമ്യൂണിസ്റ്റ് ആശയത്താല്‍ സ്വാധീനിക്കപ്പെടുകയും ചെയ്ത മണ്ടേലയെ വിളിക്കാന്‍ ഏറ്റവും ഉചിതമായ പേര് അതു തന്നെയായിരുന്നു. സ്വര്‍ണ ഖനികള്‍, ബാങ്കുകള്‍, ഭൂമി എന്നിവ ദേശീയവല്ക്കരിക്കണം എന്ന് അറുപതുകളില്‍ തന്നെ മണ്ടേല ആവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനം അത് തന്നെയാണ്. ശാസ്ത്രീയ സോഷ്യലിസത്തെ തന്റെ പ്രമാണമായി അദേഹം സ്വീകരിച്ചിരുന്നു. എന്നാല്‍ അദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നില്ല. വര്‍ഗ സമരത്തെക്കാള്‍ വര്‍ണ്ണ സംഘര്‍ഷമാണ് ആഫ്രിക്കയുടെ അടിയന്തര പ്രശ്‌നം എന്നതാണ് അദേഹം അതിനു പറഞ്ഞ ന്യായം.

ഇതിനു സമാനമായ ബൗദ്ധിക പരിണാമങ്ങളിലൂടെ കടന്നുപോയ ഒരാളാണ് ഭഗത് സിംഗ്. അദ്ദേഹത്തിനും ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം ഉണ്ടായിരുന്നില്ല. എന്നാല്‍ കമ്യൂണിസത്തിലും എതീയിസത്തിലും എത്തി നില്ക്കുന്നതായിരുന്നു അദ്ധേഹത്തിന്റെ ആശയ തലം. പക്ഷെ സ്വാതന്ത്ര്യ സമരത്തിന്റെ അടിയന്തര സാഹചര്യം നിലനിന്നത് കൊണ്ടാവണം അദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം വേണ്ടത്ര വെളിച്ചപ്പെടാന്‍ ഇടയാവാതിരുന്നത്. മാത്രമല്ല അധികം വൈകാതെ തന്നെ ഏറ്റവും ധീരമായ മരണം അദേഹത്തെ തേടിയെത്തുകയും ചെയ്തു. ഒരു പക്ഷേ പില്ക്കാലത്തെ ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയെയാണ് ഭാരതത്തിനും ലോകത്തിനും നഷ്ടപ്പെട്ടത്.

ഇപ്പോള്‍ എല്ലാം അവസാനിച്ചിരിക്കുന്നു. ചരിത്രത്തിന്റെ ഗതി പതുക്കെയായിരിക്കുന്നു. ഇപ്പോള്‍ നമുക്ക് വിപ്‌ളവകാരികളോ വീരനായകന്മാരോ ഇല്ല. ഹിതകരമല്ലാത്ത പരിശോധനകള്‍ ഒഴിവാക്കി സൌഖ്യം പ്രാപിക്കുകയായിരിക്കും ബുദ്ധി. പഠിച്ച പാഠങ്ങളൊക്കെ അനാദിസത്യങ്ങളും അപ്രമാദികളും തന്നെയായിരിക്കട്ടെ. എന്നാലും എവിടെയോ സത്യം വിങ്ങി നില്ക്കുന്നത് കാണാതിരിക്കാനാവില്ല.

(കണ്ണൂര്‍ സ്വദേശിയായ അധ്യാപകന്‍. ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്നു)


Next Story

Related Stories