TopTop
Begin typing your search above and press return to search.

ഈ ചലച്ചിത്രോത്സവം കൊണ്ട് ആര്‍ക്കു പ്രയോജനം?

ഈ ചലച്ചിത്രോത്സവം കൊണ്ട് ആര്‍ക്കു പ്രയോജനം?

മേളയെ വാണിജ്യ സിനിമക്കാര്‍ ഹൈജാക് ചെയ്യുന്നതിന്‍റെ ശ്രമമായിട്ടാണ് ഞാനിതിനെ കാണുന്നത്. സമാന്തര സിനിമകളുടെ വളര്‍ച്ചയ്ക്ക് വേണ്ടിയുണ്ടാക്കിയ പ്രസ്ഥാനത്തില്‍ നിന്നും ഇതരത്തിലുള്ള സമീപനം ഉണ്ടാവുക എന്നത് തീര്‍ത്തൂം വേദനാജനകമാണ്. പ്രശസ്ത സംവിധായകന്‍ ഡോ. ബിജു സംസാരിക്കുന്നു..

മെഹബൂബ്: ചലച്ചിത്രമേളയുടെ ഉദ്ഘാടന വേളയില്‍ പ്രദര്‍ശിപ്പിച്ച ഇന്‍ഡ്യന്‍ സിനിമയുടെ 100 വര്‍ഷത്തെ ആഘോഷിക്കുന്ന വീഡിയോ വാണിജ്യ സിനിമാക്കാരുടെ ചരിത്രമായി മാറിയത് ഏറെ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായല്ലോ. അതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

ഡോ. ബിജു: മേളയെ വാണിജ്യ സിനിമക്കാര്‍ ഹൈജാക് ചെയ്യുന്നതിന്‍റെ ശ്രമമായിട്ടാണ് ഞാനിതിനെ കാണുന്നത്. സമാന്തര സിനിമകളുടെ വളര്‍ച്ചയ്ക്ക് വേണ്ടിയുണ്ടാക്കിയ പ്രസ്ഥാനത്തില്‍ നിന്നും ഇതരത്തിലുള്ള സമീപനം ഉണ്ടാവുക എന്നത് തീര്‍ത്തൂം വേദനാജനകമാണ്. ജോണും അരവിന്ദനും അടൂരും ഒന്നുമില്ലാത്ത ഒരു ഇന്‍ഡ്യന്‍ സിനിമയുടെ ചരിത്രം എങ്ങനെയാണ് എഴുതാന്‍ കഴിയുക? യാതൊരു ബോധവുമില്ലാത്ത നേതൃത്വമാണ് ചലച്ചിത്രോത്സവത്തെ നയിക്കുന്നത്. അവര്‍ക്ക് കേവലമായ കച്ചവടത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അറിയില്ല. ഒരു ന്യൂ ജനറേഷന്‍ ആഭാസമായി ഫെസ്റ്റിവല്‍ അധപതിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.


മെഹബൂബ്:പക്ഷെ ചലച്ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇത്തരം കച്ചവട താത്പര്യങ്ങള്‍ ഉണ്ടായെന്ന് പറയാന്‍ പറ്റുമോ?
ഡോ. ബിജു: കഴിഞ്ഞ തവണ വരെയുള്ള മേളകളില്‍ സിനിമകളുടെ തിരഞ്ഞെടുപ്പിലെങ്കിലും സമാന്തര സിനിമയെ പരിഗണിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഈ വര്ഷം 101 ചോദ്യങ്ങള്‍, കന്യക ടാക്കീസ്, കളിയച്ചന്‍ എന്നിങ്ങനെ ചുരുക്കം സിനിമകളില്‍ അത് ഒതുങ്ങി. മേള ഭരിക്കുന്നത് ഇപ്പോള്‍ മുഖ്യധാരാ സിനിമ മേഖലയാണ്. ചലച്ചിത്രോത്സവത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ഗൌരവതരമായ ചര്‍ച്ചകള്‍ അനിവാര്യമായിരിക്കുന്നു.

മെഹബൂബ്: നമ്മുടെ ചലച്ചിത്രോത്സവം എത്രത്തോളം ഇവിടത്തെ സമാന്തര/കലാപക്ഷ സിനിമകളെ വളര്‍ത്തിയെടുക്കുന്നതിന് പര്യാപ്തമായിട്ടുണ്ട്?
ഡോ. ബിജു: ചലച്ചിത്രോത്സവത്തെ ഒരു ഓഡിറ്റിന് വീധേയമാക്കേണ്ടതുണ്ട്. കേരളത്തിലെ ഒരു സിനിമയെപ്പോലും ഈ ചലച്ചിത്രോത്സവം സഹായിച്ചിട്ടില്ല. ഒരു നല്ല സിനിമയെപ്പോലും കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. നിര്‍മ്മാതാവിന് ഒരു ലക്ഷം രൂപ കിട്ടുന്നത് കൊണ്ടാണ് ഇവിടെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നത്. അല്ലാതെ ഒരു മേന്മയും ഇവിടെയില്ല. ഫിലിം മാര്‍ക്കറ്റ് എന്നത് പേരിനു മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അതില്‍ നടക്കുന്നത് തട്ടിപ്പ്പണികളാണ്. 18 വര്‍ഷമായ ഈ മേളയ്ക്ക് ഒരു സമാന്തര മലയാള സിനിമയെ പ്പോലും മാര്‍ക്കറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.


മെഹബൂബ്: അപ്പോള്‍ പിന്നെ യഥാര്‍ഥത്തില്‍ ഇവിടെ എന്താണ് നടക്കുന്നത്?
ഡോ. ബിജു: പൂരം. ആണ്ടു തോറും കച്ചവട സിനിമയുടെ ആള്‍ക്കാര്‍ നടത്തുന്ന ഉത്സവം. അനുഷ്ഠാനമല്ലാതെ മറ്റൊന്നും നടക്കുന്നില്ല.ക്രിയാത്മകമായ ചര്‍ച്ചകളില്ല. പുതിയ സിനിമക്കാരെ കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നു. മലയാള സിനിമയുടെ എന്തെങ്കിലും നല്ല വശങ്ങള്‍ക്കുവേണ്ടി ഈ ചലച്ചിത്രം നിലകൊള്ളുന്നുണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

മെഹബൂബ്: ഫെസ്റ്റിവലിന്‍റെ ശരിയായ നടത്തിപ്പിനെക്കുറിച്ച് താങ്കളുടെ നിര്ദേശങ്ങള്‍ എന്തൊക്കെയാണ്?
ഡോ. ബിജു: കേരളത്തില്‍ നല്ല സിനിമയുടെ ഭാഗമായി നില്‍ക്കുന്ന നിരവധി ആളുകളുണ്ട്. അവരെ ചലച്ചിത്രോത്സവത്തിന്റെ ചുമതല ഏല്‍പ്പിക്കണം. നല്ല ചലചിത്ര ബോധമുള്ളവരുടെ സംഘാടനത്തിലൂടെ മാത്രമേ നല്ല ഫെസ്റ്റിവല്‍ സാധ്യമാവുകയുള്ളൂ. ബീനാ പോളിനല്ലാതെ മറ്റാര്‍ക്കും പുറത്തുനിന്നുള്ള സിനിമ കണ്ടു പരിചയമുണ്ടെന്നു തോന്നുന്നില്ല. കിം കി ഡുകിനെ പോലുള്ള ചലച്ചിത്രകാരന്മാരെ കൊണ്ടുവന്നു മേളയുടെ ദുരവസ്ഥ മൂടി വയ്ക്കാന്‍ ശ്രമിക്കുകയാണ്. സെലിബ്രിറ്റികളുടെ സാന്നിധ്യം കൊണ്ടൊന്നും ചലച്ചിത്രോത്സവം നന്നാകില്ല. ലോകത്തിന്റെ പലയിടങ്ങളിലുള്ള പലതരത്തിലുള്ള രാഷ്ട്രീയത്തെയും വിവിധ സ്വത്വ ബോധങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മൌലികമായ രചനകളെ തിരഞ്ഞെടുക്കാനുള്ള ബോധമുള്ള സംഘാടക സമിതിയുണ്ടാകണം. എന്നാലേ ഫെസ്റ്റിവല്‍ മെച്ചപ്പെടുകയുളൂ. ഡെലിഗേറ്റുകളുടെ കുത്തൊഴുക്ക് ഫെസ്റ്റിവലിനെ സഹായിക്കുകയാണോ നശിപ്പിക്കുകയാണോ എന്നു പരിശോധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. അതുപോലെ തന്നെ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ എണ്ണം കുറച്ച് ആവര്‍ത്തിച്ച് കാണിക്കുന്ന രീതിയായിരിക്കും നല്ലത്.


മെഹബൂബ്: ഇതുവരെ കണ്ട സിനിമകളെക്കുറിച്ച്...
ഡോ. ബിജു: ആറേഴു സിനിമകള്‍ കണ്ടു ഇതുവരെ സംതൃപ്തി നല്കിയ ഒരു സിനിമയെ കാണുവാന്‍ സാധിച്ചുള്ളൂ. ജോര്‍ജിയയില്‍ നിന്നുള്ള ഇന്‍ ബ്ലൂം. നിലവാരമില്ലാത്ത സിനിമകളാണ് ഏറെയും മേളയില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത്. സിനിമകള്‍ തിരഞ്ഞെടുത്തവരുടെ നിലവാര തകര്‍ച്ചയാണ് ഇതിന് കാരണമെന്നേ ഞാന്‍ പറയുകയുള്ളൂ.


Next Story

Related Stories