TopTop
Begin typing your search above and press return to search.

പ്രണയത്തിനു വേണ്ടിയുള്ള അലച്ചിലുകള്‍

പ്രണയത്തിനു വേണ്ടിയുള്ള അലച്ചിലുകള്‍

സാജു കൊമ്പന്‍/സഫിയ

രണ്ടു വിരുദ്ധലോകങ്ങള്‍. തീര്‍ത്തും വ്യത്യസ്ഥമായ സാമൂഹ്യ സാഹചര്യങ്ങള്‍. ഒരു സ്ഥലത്തു ദാരിദ്ര്യവും സ്പര്‍ദ്ധയും നിയമരാഹിത്യവും. മറ്റേയിടത്ത് പണത്തിന്റെ ആധിക്യവും സുഖ ഭോഗങ്ങളും പൊള്ളത്തരങ്ങളും. ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ പ്രദര്‍ശിപ്പിച്ച രണ്ടു ചിത്രങ്ങള്‍- ഗ്രിഗ്രിസും ലവ് ഈസ് ഓള്‍ യു നീഡും-രണ്ടു ലോകങ്ങളെയാണ് ആവിഷ്ക്കരിക്കുന്നതെങ്കിലും ജീവിതത്തോടുള്ള അതിതീവ്രമായ പ്രണയത്താല്‍ ഒരേ അനുഭവ തലം തന്നെയാണ് പങ്കുവയ്ക്കുന്നത്.

പ്രശസ്ത ചാഡ് സംവിധായകനായ മുഹമ്മെദ് സാലെ ഹാറൂണ്‍ കേരള ചലച്ചിത്രോത്സവത്തിലെ പ്രേക്ഷകര്‍ക്ക് അപരിചിതനല്ല. അദ്ദേഹം സംവിധാനം ചെയ്ത ഡ്രൈ സീസണ്‍ (2006) ഐ എഫ് എഫ് കെയില്‍ പുരസ്കാരം നേടിയിട്ടുള്ള ചിത്രമാണ്. ആഫ്രിക്കയുടെ സാമൂഹിക ജീവിതവും സംഘര്‍ഷങ്ങളും അവിടുത്തെ മനുഷ്യന്‍റെ അതിജീവന ശ്രമങ്ങളും തീവ്രമായ മാനുഷിക ബന്ധങ്ങളും ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്ന ഹാറൂണിന്‍റെ സിനിമകള്‍ ശക്തമായ രാഷ്ട്രീയ പ്രസ്താവനകള്‍ കൂടിയാണ്. ആഫ്രിക്കയെ അടയാളപ്പെടുത്താനുള്ള ധീരമായ പരിശ്രമങ്ങള്‍.


സുലൈമാന്‍ ഡെമി എന്ന നോണ്‍ പ്രൊഫെഷണല്‍ അഭിനേതാവാണ് ഗ്രിഗ്രിസിലെ ടൈറ്റില്‍ കഥാപാത്രമായ ഒരു കാലിന് സ്വാധീനമില്ലാത്ത ബാര്‍ ഡാന്‍സറെ അവതരിപ്പിക്കുന്നത്. തന്‍റെ ശാരീരികമായ പരിമിതിയെ മറികടന്ന് ഗ്രിഗ്രിസ് പയറ്റുന്ന ഡാന്‍സ് നമ്പറുകള്‍ ബാറിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. പകല്‍ സമയങ്ങളില്‍ രണ്ടാനച്ചന്‍റെ കടയില്‍ തയ്യല്‍ പണിയിലും പഴയമട്ടിലുള്ള സ്റ്റുഡിയോയില്‍ ഫോടോഗ്രാഫറായും ജോലി നോക്കുന്ന ഗ്രിഗ്രിസിന്റെ ജീവിതം തീര്‍ത്തും സാധാരണ മട്ടിലാണ് കടന്നു പോകുന്നത്. എന്നാല്‍ അച്ഛനു തുല്യം കരുതുന്ന രണ്ടാനച്ചന്‍ ആശുപത്രിയിലാകുന്നതോടെ കൂടുതല്‍ വരുമാനം കിട്ടുന്ന മറ്റെന്തെങ്കിലും ജോലി കണ്ടെത്താന്‍ അവന്‍ നിര്‍ബന്ധിതനാകുന്നു. കാമെറൂണ്‍ അതിര്‍ത്തിയില്‍ കരിഞ്ചന്തയില്‍ വില്‍ക്കാനായി പെട്രോള്‍ കടത്തുന്നവരുടെ കൂട്ടത്തില്‍ അവന്‍ ചെന്ന് ചേരുന്നു. ഒടുവില്‍ കള്ളക്കടത്ത് സംഘവുമായി പിണങ്ങി ഗത്യന്തരമില്ലാതെ കാമുകി മിമിയോടോത്ത് നഗരം ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് കുടിയേറുകയാണ് ഗ്രിഗ്രിസ്.


തികച്ചും സാധാരണവും അനാകര്‍ഷകവുമായ ആഫ്രിക്കന്‍ ജീവിതത്തെ അന്താരാഷ്ട്ര പ്രേക്ഷകര്‍ക്ക് സുപരിചിതമായ ആഫ്രിക്കന്‍ വാര്‍പ്പുമാതൃകയില്‍ തന്നെയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നതെങ്കിലും ഇതിലെ മുഖ്യ കഥാപത്രങ്ങള്‍ പങ്കുവയ്ക്കുന്ന ബന്ധത്തിന്‍റെ തീവ്രത ഗ്രിഗ്രിസിനെ മികച്ച സിനിമ അനുഭവമാക്കി മാറ്റുന്നുണ്ട്. തന്‍റെ നേര്‍ അച്ഛനല്ലെങ്കിലും ആയൂബിനോടു ഗ്രിഗ്രീസ് പ്രകടിപ്പിക്കുന്ന തീവ്രമായ സ്നേഹവും മോഡലാകാന്‍ ആഗ്രഹിച്ച് ‘എല്ലാവരുടെയും ഗേള്‍ ഫ്രണ്ടായി’ ജോലിചെയ്യുന്ന മിമി എന്ന പെണ്‍കുട്ടിയുമായി അവന് തോന്നുന്ന പ്രണയവും എറ്റവും ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അതിനെല്ലാം മുകളില്‍ സുലൈമാന്‍ ഡെമിയുടെ നൃത്ത രംഗങ്ങള്‍ തന്നെയാണ് ഗ്രിഗ്രിസിന്‍റെ ഹൈലൈറ്റ്. ‘ചത്ത കാലുകൊണ്ട്’ നിനക്കു എന്തു ചെയ്യാന്‍ സാധിക്കും എന്ന പരിഹാസത്തിന് നേരെ അവന്‍ നടത്തുന്ന വെല്ലുവിളികളാണ് ശരീരം കൊണ്ട് വായുവില്‍ വരച്ചിടുന്ന ചിത്രങ്ങള്‍. ഗ്രിഗ്രിസിന്‍റെ ജീവിതത്തെ പതിഞ്ഞ താളത്തില്‍ പിന്തുടരുന്ന സംവിധായകന്‍ പക്ഷേ ഡാന്‍സ് ഫ്ലോറിലെ അവന്‍റെ ചലനങ്ങളെ അതാവിശ്യപ്പെടുന്ന വേഗതയില്‍ തന്നെ പ്രേക്ഷകന് പകര്‍ന്നു തരുന്നുണ്ട്.

അവസാനം ചില ചോദ്യങ്ങള്‍ എന്നത്തെയും പോലെ ഈ ആഫ്രിക്കന്‍ സിനിമയും കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകന്‍റെ ഉള്ളില്‍ അവശേഷിക്കും. ഇതു മാത്രമാണോ ആഫ്രിക്ക? എന്തുകൊണ്ടാണ് മറ്റൊരാഫ്രിക്ക പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താത്തത്? എന്തുകൊണ്ടാണ് ഫ്രാന്‍സിന്‍റെ ഇത്തരം സംയുകത നിര്മാണ സംരംഭങ്ങള്‍ തങ്ങളുടെ പഴയ കോളനി രാജ്യങ്ങളെ ഇപ്പൊഴും കടും നിറത്തില്‍ ആവിഷ്ക്കരിക്കുന്നത്?

ഓസ്കര്‍ ജേതാവ് സൂസന്‍ ബിയറിന്‍റെ ലവ് ഇസ് ഓള്‍ യു നീഡ് ജീവിതത്തെ നോക്കുന്നത് ഒട്ടും ആയാസമില്ലാതെയും വര്‍ണ്ണപ്പകിട്ടോടെയുമാണ്. അതുകൊണ്ട് തന്നെ ഗ്രിഗ്രിസ് തരുന്ന അനുഭവത്തിന്‍റെ തീര്‍ത്തും എതിര്‍ദിശയിലൂടെയാണ് സൂസന്‍ ബിയര്‍ കൊണ്ടുപോകുന്നത്. ഒരു വെസ്റ്റേണ്‍ റൊമാന്‍റിക് കോമെഡിയുടെ ചിട്ടവട്ടങ്ങളോടെ തമാശയും പ്രണയവും സംഗീതവും നിറഞ്ഞു തുളുമ്പുന്നുണ്ട് ഈ ഡാനിഷ് ഇറ്റാലിയന്‍ ചലച്ചിത്രത്തില്‍.


മകന്‍റെ വിവാഹത്തിന് ഇറ്റലിയിലെ സൊറെന്‍റിനോയിലേക്ക് പോകുന്ന വിഭാര്യനായ ഫിലിപ്പും മകളുടെ വിവാഹത്തിന് അതേ സ്ഥലത്തേക്കു പോകുന്ന ഇദയും വിവാഹിതരാകാന്‍ പോകുന്നത് തങ്ങളുടെ മക്കള്‍ തമ്മിലാണെന്ന് തിരിച്ചറിയുന്നതും പിന്നീട് അവര്‍ക്കിടയില്‍ രൂപപ്പെടുന്ന സവിശേഷമായ പ്രണയവുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഒരു നേരംകൊല്ലി സിനിമയ്ക്ക് വേണ്ട എല്ലാ സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും അതിലേക്ക് ചെന്ന് പതിക്കാതെ യൂറോപ്പിലെ ഒരു മധ്യവര്‍ഗ കുടുംബം അഭിമുഖീകരിക്കുന്ന തകര്‍ച്ചകളെ യാഥാര്‍ഥ്യ ബോധത്തോടെയും ഒടുവില്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന രീതിയിലും അവതരിപ്പിക്കുന്നുണ്ട് സംവിധായിക.


വിവാഹത്തിന് വേണ്ടിയുള്ള വമ്പിച്ച ഒരുക്കങ്ങളും നീണ്ടു നില്‍ക്കുന്ന പാര്‍ട്ടികളും തങ്ങള്‍ വിവാഹത്തില്‍ നിന്ന് പിന്തിരിയാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന ആസ്ട്രിഡിന്റെയും പാട്രിക്കിന്റെയും പ്രഖ്യാപനത്തോടെ തകര്‍ന്നു വീഴുകയാണ്. എല്ലാം ഉള്ളില്‍ അടക്കിവച്ച് മേല്‍പ്പരപ്പില്‍ അഭിരമിക്കുന്ന മധ്യവര്‍ഗ ജീവിതത്തിന്‍റെ പൊള്ളത്തരങ്ങളാണ് അക്കൂട്ടത്തില്‍ നിലം പൊത്തിയത്. താന്‍ വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ സ്വവര്‍ഗാനുരാഗിയാണെന്ന കണ്ടെത്തലാണ് തന്‍റെ പ്രണയം സാധ്യമാവില്ലെന്ന തിരിച്ചറിവ് ആസ്ട്രിഡിനില്‍ ഉണ്ടാക്കുന്നത്. ആസ്ട്രിഡിന് പ്രണയം തിരിച്ചു നല്കാന്‍ കഴിയില്ലെന്ന് പാട്രിക്കും മനസിലാക്കുന്നു.

ഒരു തരത്തില്‍ മതിവരാത്ത ഒരു പാട് പ്രണയങ്ങളുടെ അതിനു വേണ്ടിയുള്ള മനസിന്‍റെ അന്വേഷണങ്ങളുടെ കഥയാണ് ലവ് ഇസ് ഓള്‍ യു നീഡ്. ഭാര്യയുടെ അപകട മരണത്തോടെ കടുത്ത ഒറ്റപ്പെടല്‍ അനുഭവിക്കുന്നയാളാണ് ഫിലിപ്. ക്യാന്‍സര്‍ ചികിത്സക്കായി ആശുപത്രിയില്‍ പോയി മടങ്ങിവരുമ്പോള്‍ വീട്ടിലെ സ്വീകരണ മുറിയില്‍ ഭര്‍ത്താവ് തന്‍റെ ഓഫീസിലെ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കണ്ടതിനേതുടര്‍ന്നാണ് ഇദയുടെ ദാമ്പത്യബന്ധം തകരുന്നത്. ഒടുവില്‍ തെറ്റ് പറ്റിയെന്ന് പറഞ്ഞു ഇദയുടെ ഭര്‍ത്താവ് തിരിച്ചു വരുമ്പോള്‍ പ്രേക്ഷരുടെയുള്ളിലുണ്ടാകുന്നത് ചിരിയല്ല. ഒട്ടും സത്യന്ധമല്ലെന്ന് പ്രേക്ഷകന് അനുഭവപ്പെട്ട ഈ കഥാപാത്രം പോലും അതിതീവ്രമായി പ്രണയത്തെ പ്രാപിക്കുകയാണ് ഒടുവില്‍. ഇറ്റലിയില്‍ നിന്ന് ഇദയെത്തേടി ഫിലിപ്പെത്തുന്നതും ഇതേ പ്രണയത്തിന്റെ പൂര്‍ത്തീകരണത്തിനാണ്.


വേറിട്ട രണ്ടു ലോകങ്ങളാണ് ഗ്രിഗ്രിസും ലവ് ഇസ് ഓള്‍ യു നീഡും പ്രേക്ഷകന് കാണിച്ചുതരുന്നതെങ്കിലും ജീവിതത്തിന്‍റെ പരുക്കന്‍ ഭാവങ്ങള്‍ക്കും പൊള്ളത്തരങ്ങള്‍ക്കും അടിയില്‍ മനുഷ്യര്‍ സ്നേഹത്തിന് വേണ്ടി നടത്തുന്ന അവസാനിക്കാത്ത അലച്ചിലുകള്‍ ഒരേമട്ടില്‍ അടയാളപ്പെടുത്തുന്നുണ്ട് രണ്ട് ചലച്ചിത്രങ്ങളും.


Next Story

Related Stories