TopTop
Begin typing your search above and press return to search.

മഡിബാ, അങ്ങേക്കിനി സമാധാനമായി വിശ്രമിക്കാം

മഡിബാ, അങ്ങേക്കിനി സമാധാനമായി വിശ്രമിക്കാം
നെല്‍സണ്‍ മണ്ടേലയുടെ വേര്‍പാട് ദക്ഷിണാഫ്രിക്കയ്ക്ക് മാത്രമല്ല, ലോകത്തിന്റെ തന്നെ നഷ്ടമാണ്. അതിനും അപ്പുറം, നൂറ്റാണ്ടുകളായി അടിമത്വത്തില്‍ കഴിഞ്ഞ ആഫ്രിക്കന്‍ ജീവിതത്തില്‍ പ്രത്യാശയും വെളിച്ചവും നല്കിയ മനുഷ്യന്‍ എന്ന നിലയില്‍ ആഫ്രിക്കയുടെ ഓരോ കോണിലും മണ്ടേലയുണ്ട്. ആഫ്രിക്കയില്‍ നിന്നും അഴിമുഖം പ്രതിനിധി സോമി സോളമന്‍ എഴുതുന്നുഇന്നലെ രാത്രി മരണ വാര്‍ത്ത അറിഞ്ഞപ്പോ തുടങ്ങിയ തേങ്ങലുകള്‍, മരണത്തിന്റെ നിശബ്ദത, നിലവിളികള്‍... വിങ്ങലുകള്‍... നെടുവീര്‍പ്പുകള്‍... വിങ്ങിവിങ്ങി കരയുന്നവര്‍... കരച്ചില്‍ അടക്കി പിടിക്കുന്നവര്‍ ... ഓര്‍മകളില്‍ എന്തൊക്കെയോ പരതുന്നവര്‍... ചിന്തകളില്‍ ആണ്ടു പോയവര്‍... സംസ്‌കാര ചടങ്ങുകള്‍ക്കായി ഓടി നടക്കുന്നവര്‍... ഒന്നുമറിയാതെ ഓടി നടക്കുന്ന കുട്ടികള്‍... ഒരു രാജ്യം മാത്രമല്ല, ഒരു ഭൂഖണ്ഡം തന്നെ മരണവീടായി ചുരുങ്ങിയിരിക്കുന്നു.


എങ്ങും പൂക്കളും മെഴുകു തിരികളും... ചുറ്റിലും ഓര്‍മകളും അനുഭവങ്ങളും പങ്കു വെയ്കുന്ന മനുഷ്യര്‍, ആശങ്കയോടെ ചോദ്യങ്ങള്‍. ഇനി ആരു നമ്മളെ ചേര്‍ത്തു നിര്‍ത്തും, ആ ചിരി മായാത്ത മുഖം നമ്മളിനി എങ്ങനെ കാണും... ആശങ്കകള്‍ മാത്രം. പെട്ടന്നു തണല്‍ മരം നഷ്ടപ്പെട്ട് പൊരിവെയിലില്‍ നിന്നുരുകുന്നപോലെ ആയിരിക്കുന്നു മനുഷ്യര്‍.


പെട്ടെന്ന് സുരക്ഷിതത്വബോധം നഷ്ടപെട്ട പോലെ. എങ്ങും ആള്‍ക്കൂട്ടങ്ങളും പ്രാര്‍ത്ഥനകളും.
അതേ, അതിരുകളില്ലാതെ 'മഡിബ' എന്ന് ആഫ്രിക്കന്‍ ഭൂഖണ്ഡം മുഴുവന്‍ സ്‌നേഹത്തോടെ വിളിക്കുന്ന റോലിഹലാഹ്ല നെല്‍സണ്‍ ടലിബുന്ഗ മണ്ടേല ഉറക്കത്തിലാണ്. ഒരിക്കലും ഉണരാത്ത ഉറക്കത്തില്‍... ആ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ ലോകമെമ്പാടുമുള്ള മനുഷ്യര്‍ ശ്രമിക്കുകയാണ്.
'വെളുത്ത നിറമെന്ന' അധികാര ചങ്ങലകൊണ്ട് നൂറ്റാണ്ടുകളോളം തുറങ്കില്‍ അടയ്ക്കപ്പെട്ട 'കറുത്ത യാഥാര്‍ഥ്യങ്ങളെ മോചിപ്പിച്ചവന്‍.
അടിമത്തത്തിന്റെയും അന്ധകാരത്തിന്റെയും മുഖമല്ല ആഫ്രിക്കയ്ക്ക്, ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും മുഖമാണെന്ന് വിളിച്ചു പറഞ്ഞവന്‍... ഉറക്കെ ചിന്തിക്കുവാനും ഉച്ചത്തില്‍ ചിരിക്കുവാനും ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു പറക്കാന്‍ സ്വാതന്ത്ര്യം നേടിതന്നവന്‍... ആ ശബ്ദം എന്നന്നേക്കുമായി നിലച്ച നിശബ്ധത. ആ സാന്നിദ്ധ്യം ഇല്ലാതായ ശുന്യത, ആ യാഥാര്‍ഥ്യത്തെ വേദനയോടെ നേരിടുകയാണ് ഇവിടെ മനുഷ്യര്‍.


വേര്‍പാടിന്റെ ഈ വേദനിപ്പിക്കുന്ന നിശബ്ധതയിലും മഡിബ പകര്‍ന്ന വെളിച്ചം എങ്ങും കത്തി നില്‍ക്കുന്ന മെഴുകുതിരികള്‍ പോലെ എല്ലാ മനുഷ്യരുടെ ഉള്ളിലും അണയാതെ നില്ക്കുന്നുണ്ട്. വെളുപ്പും കറുപ്പും നിറങ്ങള്‍ ഇടകലര്‍ന്നു, കൈകോര്‍ത്തു നീങ്ങുന്ന ഈ മനുഷ്യ സാഗരം തന്നെ ഒരിക്കലും അണയാത്ത അത്മവീര്യത്തിന്റെ പ്രതിഫലനമാണ്.
നെല്‍സണ്‍ മണ്ടേല എന്ന ഇതിഹാസം ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയ ചരിത്രത്തെ രണ്ടായി തിരിച്ചു. മണ്ടെലയ്ക്ക് മുന്‍പും മണ്ടേലയ്ക്ക് ശേഷവും. മണ്ടേലയുടെ നേതൃത്തിലുള്ള ഭരണ സംവിധാനം ഒരു പുതിയ ദക്ഷിണാഫ്രിക്ക നെയ്തുണ്ടാക്കി. കറുത്ത ഭരണാധികാരികളുടെ കീഴില്‍ കറുത്തവര്‍ക്ക് മാത്രമല്ല വര്‍ണ വര്‍ഗ വ്യത്യസങ്ങള്‍ക്കപ്പുറം തുല്യനീതി ഉറപ്പാക്കി.


ഇന്നും അടിവേരിലുറച്ച് നില്‍ക്കുന്ന ദക്ഷിണാഫ്രിക്കന്‍ ജനാധിപത്യം നെല്‍സണ്‍ മണ്ടേലയോട് കടപ്പെട്ടിരിക്കുന്നു. വൈവിധ്യങ്ങളില്‍ വിഷം പുരട്ടി വിഘടിപ്പിച്ചു രാഷ്ട്രീയ നേട്ടം കൊയ്യുന്ന രാഷ്ട്രീയക്കാരില്‍ നിന്ന് മണ്ടേലയെ വ്യത്യസ്തനാക്കുന്നത് വൈവിധ്യങ്ങളെ ഒരു രാഷ്ട്രത്തിന്റെ നിര്‍മാണത്തിനായി ഏകോപിപ്പിച്ചു, അതില്‍ ലോക മാനവികതയും ഇഴ ചേര്‍ത്ത് ഒരു നാടിനു പുതിയ മുഖം നല്കിയെന്നുള്ളതാണ്. ആ മുഖമാണ് ഇന്ന് ഓരോ ദക്ഷിണാഫ്രിക്കക്കാരന്റെതും.


ദക്ഷിണാഫ്രിക്കയിലെ പുതു തലമുറയ്ക്ക് വര്‍ണവിവേചനം കഥകള്‍ മാത്രമാണ്. എന്നാല്‍ വര്‍ണ, വര്‍ഗ വിവേചനങ്ങളില്ലാതെ ഒരു മേശയ്ക്കു ചുറ്റും ഇരിക്കാന്‍ കഴിയുന്നത് നെല്‍സന്‍ മണ്ടേല എന്ന മനുഷ്യന്‍ മൂലമാണെന്ന് അവര്‍ക്കറിയാം.


ഒരു കുന്നിന്റെ മുകളില്‍ കയറിയപ്പോഴാണ് മലകള്‍ ഇനിയുമേറെ കീഴടക്കുവാണ്ടെന്ന മണ്ടേലയുടെ വാക്കുകള്‍ പുതിയ പ്രതിസന്ധികളെ തരണം ചെയ്യുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ യുവത്വം ഓര്‍മ്മിക്കുന്നു. അവരോന്നിച്ചു മലകള്‍ ഒന്നൊന്നായി കീഴടക്കുന്നു.


മഡിബ പറഞ്ഞത് പോലെ മരണം അനിവാര്യമായ സത്യമാണ്, ഒരുവന്‍ അവന്റെ നാടിനോടും ജനങ്ങളോടുമുള്ള കടമ നിറവേറ്റി കഴിഞ്ഞാല്‍ സമാധാനത്തോടെ വിശ്രമിക്കാം....


മഡിബാ... അങ്ങേയ്ക്കിനി സമാധാനമായി വിശ്രമിക്കാം.


HAMBA KAHLE TATA MADIBA...


Next Story

Related Stories