TopTop
Begin typing your search above and press return to search.

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ എന്തുചെയ്യും?

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ എന്തുചെയ്യും?

വിചിത്രമെന്ന് തോന്നാമെങ്കിലും ഈയിടെ കഴിഞ്ഞ ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പര വിജയിക്കുകവഴി പാകിസ്ഥാന്‍ ഇന്ത്യക്ക് വലിയൊരു സേവനമാണ് ചെയ്തത്. ദക്ഷിണാഫ്രിക്കക്കാരെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുകയെന്നത് ഒരു ഭഗീരഥപ്രയത്നമായാണ് കരുതിയിരുന്നത്. എന്നാലിപ്പോള്‍ അവരും അതുല്യതയുടെ ആകാശത്തുനിന്നും ഇറങ്ങി മറ്റേത് ടീമിനെയും പോലെ തോല്‍ക്കാന്‍ സാധ്യതയുള്ളവരായി മാറിയിരിക്കുന്നു. ഡിസംബര്‍ അഞ്ചിന് ആരംഭിച്ച ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെട്ടപ്പോള്‍ എം. എസ് ധോണിയുടെയും സംഘത്തിന്റെയും പ്രതീക്ഷകള്‍ക്ക് ഇത് കൂടുതല്‍ നിറം പകര്‍ന്നിരിക്കാം. പക്ഷേ ആദ്യ ഏകദിനത്തില്‍ കാര്യങ്ങള്‍ വിചാരിച്ചത് പോലെ അല്ല സംഭവിച്ചത് എന്നു നാം കണ്ടു കഴിഞ്ഞു.

വിദേശ പര്യടനങ്ങള്‍ ഏറെയുള്ള അടുത്ത 12 മാസങ്ങള്‍ തീര്‍ത്തും നിര്‍ണ്ണായകമാണ്. വിദേശപര്യടനങ്ങളിലും വിജയം നേടാന്‍ തുണച്ചിരുന്ന ടെണ്ടുല്‍ക്കര്‍, ദ്രാവിഡ്,ലക്ഷ്മണ്‍, കുംബ്ലെ, ഗാംഗുലി യുഗം അവസാനിച്ചിരിക്കുന്നു. പുതിയ സംഘത്തിന്റെ ശേഷിയും ക്ഷമതയും ഇനി പരീക്ഷിക്കപ്പെടാന്‍ പോവുകയാണ്.

ഏകദിനത്തില്‍ ഒന്നാമതും, ടെസ്റ്റില്‍ രണ്ടാമതുമായാണ് ഇന്ത്യ റാങ്കിംഗില്‍ ഇടം നേടിയിരിക്കുന്നത്. പക്ഷേ, വിദേശത്തുള്ള അവരുടെ പ്രകടനത്തിന്റെ കാര്യത്തില്‍ ഇപ്പോളും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്; മുമ്പന്തിയിലുള്ള 5 - 6 ടീമുകള്‍ തമ്മിലുള്ള നേരിയ വ്യത്യാസം കണക്കിലെടുക്കുമ്പോള്‍ പലപ്പോളും അത്ര നീതിപൂര്‍വ്വമല്ലാത്ത തരത്തിലും. എന്തായാലും വിമര്‍ശകരുടെ വായടപ്പിക്കാന്‍ മാത്രമല്ല, വരും വര്‍ഷത്തെ ആവേശത്തിലാക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് ഇത്.

എന്നാല്‍ ഇത് ഒട്ടും എളുപ്പമല്ല എന്നുറപ്പാക്കാം. യു എ ഇ-യിലും ദക്ഷിണാഫ്രിക്കയിലും പാകിസ്ഥാന്‍ നേടിയ വിജയങ്ങള്‍ പ്രധാനമായും അവരുടെ മൂര്‍ച്ചയേറിയ ബൌളിംഗ് ആക്രമണം മൂലമാണ്. എന്നാല്‍ ഇന്ത്യയുടെ ബൌളിംഗ് ഇപ്പോളും ആശങ്കകള്‍ ഉണര്‍ത്തും വിധം ദുര്‍ബ്ബലമാണെന്ന്‍ ഒന്നാം ഏകദിനത്തില്‍ തന്നെ നാം കണ്ടുകഴിഞ്ഞു. ഈ സാഹചര്യത്തില്‍, ടെസ്റ്റിലേക്ക് മാത്രമായിട്ടാണെങ്കിലും സഹീഖാനെ ഉള്‍പ്പെടുത്തിയത് ഒരു നല്ല നീക്കമാണ്.

കായികക്ഷമത തിരിച്ചുപിടിച്ച സഹീര്‍, 2013-ലെ നേട്ടങ്ങള്‍ക്കപ്പുറം മുനയൊടിഞ്ഞുപോയ ആക്രമണത്തിന് മൂര്‍ച്ച നല്കുമെന്ന് കരുതാം. 35 കാരനായ സഹീറിന്റെ കളിക്കളത്തിലെ ഭാവി ഇനിയിപ്പോള്‍ പരിമിതമാണ്. എന്നാല്‍ ഇനിയുമൊരു 12-18 മാസക്കാലം വിക്കറ്റുകള്‍ വീഴ്ത്തുകയും, പുതിയ ബൌളര്‍മാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്കുകയും ചെയ്യാനായാല്‍ സെലക്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസം കാക്കാനായി എന്നു പറയാം.

ഇതൊക്കെയായാലും ഇന്ത്യയുടെ ശക്തിസ്രോതസ്സ് എന്നു കരുതുന്ന ബാറ്റിംഗ് പടുത്തുയര്‍ത്തുന്ന കൂറ്റന്‍ സ്കോറിനെ പ്രതിരോധിക്കാനാകും ബൌളര്‍മാര്‍ ശ്രമിക്കുക. ഇതാണ് ടീമിന്റെ സാധ്യതകളെ ഒരേസമയം മിഴിവുറ്റതാക്കുന്നതും അപ്രവചനീയമാക്കുന്നതും. ഇന്ത്യയുടെ പുതിയ ബാറ്റിംഗ് പ്രതീക്ഷകള്‍ എത്രത്തോളം മികച്ചതാണ്?

ധവാന്‍, വിജയ്, പൂജാര, കോലി, രോഹിത് ഇവരെല്ലാം കഴിഞ്ഞ ഒരുവര്‍ഷമായി ഏകദിനത്തിലും ടെസ്റ്റിലും കൂറ്റന്‍ അടികളാണ് ഉതിര്‍ക്കുന്നത്. എന്റെ അഭിപ്രായത്തില്‍ അയാളുടെ പ്രായത്തില്‍പ്പെട്ടവരില്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് കോലി. പൂജാര ഒരിത്തിരിമാത്രം പുറകിലാണ്; ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ കളിക്കാത്തതുകൊണ്ടു മാത്രം.

കുറെക്കൂടി യുക്തമായി പറഞ്ഞാല്‍, കുറച്ചുവര്‍ഷം ത്രിശങ്കുസ്വര്‍ഗ്ഗത്തിലായിരുന്ന ധവാനും രോഹിതും, അന്താരാഷ്ട്ര കളിക്കളത്തിലേക്ക് ഇടിയും കാറ്റുമായാണ് വന്നത്. പിന്നെ ആത്മവിശ്വാസവും പ്രതിഭയും വേണ്ടുവോളമുള്ള നായകന്‍ ധോണി. ബൌണ്ടറിക്കപ്പുറം റിസര്‍വ് ബെഞ്ചില്‍ കാത്തിരിക്കുന്ന രഹാനക്ക് ഭാഗ്യമുണ്ടെങ്കില്‍ മൈതാനത്തിറങ്ങാം.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഗംഭീറിനെ ഉള്‍പ്പെടുത്താതില്‍ എനിക്കു ഒരല്പം ആശ്ചര്യമുണ്ടെന്ന് പറയാതെ വയ്യ. കുറച്ചുകാലത്തെ ഫോമില്ലായ്മയ്ക്കുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ അടിച്ചുതകര്‍ത്ത ഗംഭീറിന്റെ അനുഭവപരിചയം, തീ പാറുന്ന പേസ് ആക്രമണത്തെ നേരിടാന്‍ സഹായകമായേനെ. മറ്റുതരത്തില്‍ കുറ്റംപറയാനില്ലാത്ത ടീം തെരഞ്ഞെടുപ്പില്‍ ഗംഭീറിന്റെ അഭാവം മുഴച്ചുനില്‍ക്കുന്നു.

ഗംഭീറിനെ തഴഞ്ഞത് സന്ദീപ് പാട്ടീലും കൂട്ടരും ചെയ്ത വലിയൊരു അബദ്ധമാവുമോ എന്നത് കണ്ടറിയണം. അതേസമയം അയാളുടെ സ്ഥാനത്ത് എടുത്ത അമ്പാട്ടി റായുഡു ഒരു ദശാബ്ദം മുമ്പ് ടെണ്ടുല്‍ക്കറെപ്പോലെ ഒരു കൌമാര പ്രതിഭാസമായി കളത്തിലിറങ്ങിയതാണ് എന്നത് ശ്രദ്ധേയമാണ്. 19 വയസ്സിന് താഴെയുള്ളവരുടെ കളിയില്‍ റായുഡു ഗംഭീര പ്രകടനമാണ് നടത്തിയത്. ഒന്നാം ക്ലാസ് ക്രിക്കറ്റിലും അതിനോടു ചേര്‍ന്ന കളിതന്നെ കാഴ്ച്ചവെച്ചു. എന്നാല്‍ ടെണ്ടുല്‍ക്കറുടേതില്‍നിന്നും വ്യത്യസ്തമായി കായികജീവിതത്തെ തകിടംമറിക്കുന്ന ചില ദശകളിലൂടെ അയാളുടെ ജീവിതം കടന്നുപോയിരുന്നു.

എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐ പി എല്ലില്‍ കളിക്കാനിറങ്ങിയതിന് പിന്നാലേ അതിനെ മറികടന്ന റായുഡു 28-ആം വയസ്സില്‍ രാജ്യത്തിന് വേണ്ടി ടെസ്റ്റ് കളിക്കുന്നു. കൌതുകകരമായ ഒരു പ്രയാണം, പക്ഷേ റായുഡു അതിനെ ഒരാമുഖം മാത്രമായേ കാണേണ്ടതുള്ളൂ. ഈ അവസരം വേണ്ടവിധം മുതലാക്കിയാല്‍, യഥാര്‍ത്ഥ കഥ ഇനിയും എഴുതാനിരിക്കുന്നതേയുള്ളൂ.

Next Story

Related Stories