TopTop
Begin typing your search above and press return to search.

മുഖ്യധാരയുടെ പേക്കൂത്തുകള്‍ക്ക് അന അറേബ്യയിലൂടെ ഒരു ഒറ്റ ഷോട്ട് മറുപടി

മുഖ്യധാരയുടെ പേക്കൂത്തുകള്‍ക്ക് അന അറേബ്യയിലൂടെ ഒരു ഒറ്റ ഷോട്ട് മറുപടി

സാജു കൊമ്പന്‍/സഫിയ

കേരളത്തിന്‍റെ അന്തരാഷ്ട്ര ചലച്ചിത്രോത്സവം മാറ്റത്തിന്‍റെ പാതയിലാണെന്നാണ് എല്ലാവരും പറയുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നര്‍ഥം. വളര്‍ച്ച ഏത് ദിശയിലുമാകാം. മുകളിലേക്കും താഴേക്കും ആകാം. എന്തായാലും ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലും സമാപനത്തിലും മുഴങ്ങുന്ന വളര്‍ച്ചാ ഗീര്‍വാണങ്ങളെ നമ്മളൊന്നു ആഴത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ പരിശോധന ചലച്ചിത്രോത്സവം മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് വേണ്ടി എന്തു ചെയ്യുന്നു എന്ന സങ്കുചിതചിന്ത മാത്രമാകരുത്. ഇന്ന് നമ്മുടെ സാംസ്കാരിക - രാഷ്ട്രീയ സംവാദങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ മുഖ്യധാരയുടെ അധിനിവേശമായിട്ട് തന്നെ ഈ പ്രശ്നത്തെ സമീപിക്കേണ്ടിയിരിക്കുന്നു. അത്തരം വിശകലനങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ തുറന്നു വിട്ടുകൊണ്ടാണ് ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരത്ത് നടന്നത്.


ലൈംഗിക-ഗാര്‍ഹിക പീഢന വിവാദത്തില്‍പ്പെട്ട് പുറത്തു പോകേണ്ടിവന്ന കെ ബി ഗണേഷ്കുമാറും അദ്ദേഹത്തിന്‍റെ നോമിനിയായി തട്ടുപോളിപ്പന്‍ സിനിമകളുടെ സംവിധായകന്‍ പ്രിയദര്‍ശനും ചലചിത്ര അക്കാദമിയുടെയും ചലച്ചിത്രോത്സവത്തിന്റെയും സാരഥ്യത്തിലേക്ക് വന്നപ്പോള്‍ തന്നെ ഇതിന്‍റെ ഗതി എങ്ങോട്ടായിരിക്കുമെന്ന് ഏകദേശം വ്യക്തമായിരുന്നു. പുതുമുഖ സംവിധായകന്‍ ഷെറിയുടെ പരീക്ഷണ ചിത്രം ജൂറിയുടെ തീരുമാനത്തെ ചെയര്‍മാന്‍റെ വിവേചന അധികാരമെന്ന തുറുപ്പ് ചീട്ടുപയോഗിച്ച് അട്ടിമറിച്ച് ചലച്ചിത്രോത്സവത്തില്‍ പുറത്താക്കാന്‍ തീരുമാനിച്ച ഭരണത്തിന്‍റെ ആദ്യവര്‍ഷം തന്നെ എത്രത്തോളം ജനാധിപത്യ വിരുദ്ധവും അടഞ്ഞതുമാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് ഇവര്‍ തെളിയിച്ചു കഴിഞ്ഞിരുന്നു. ആ വര്‍ഷം ഓപ്പണ്‍ ഫോറത്തില്‍വെച്ച് നടന്ന സംഭവങ്ങളുടെ പേരില്‍ പ്രിയദര്‍ശന് ഖേദം രേഖപ്പെടുത്തേണ്ടിയും വന്നു. അത് പിന്നിട് ഓപണ്‍ ഫോറമെന്ന ജനാധിപത്യ വേദിയുടെ മരണമണിയാവുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം ഓപണ്‍ ഫോറം ഒഴിവാക്കി അത് മീറ്റ് ദ ഡയരക്റ്റേര്‍സ് എന്നാക്കി മാറ്റി. 2011ല്‍ ചലച്ചിത്രോത്സവത്തിന്റെ ആധുനികവത്ക്കരണം തുടങ്ങിയത് കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ കൂട്ടായ്മയെ ഫെസ്റ്റിവല്‍ നടത്തിപ്പില്‍ നിന്ന് ഒഴിവാക്കി കൊണ്ടായിരുന്നു. ഫെസ്റ്റിവല്‍ പാസെടുക്കല്‍ ഓണ്‍ലൈനാക്കപ്പെട്ടപ്പോള്‍ വര്‍ഷങ്ങളായി അതിന്‍റെ ഉത്തരവാദിത്തം ഫലപ്രദമായി നിര്‍വഹിച്ചുവരുന്ന എഫ് എഫ് എസ് ഐയെ അതില്‍ നിന്നൊഴിവാക്കുകയായിരുന്നു. ഇത് സാങ്കേതികമായ അര്‍ഥത്തിലുള്ള ഒഴിവാക്കല്‍ മാത്രമായിരുന്നില്ല. രാഷ്ട്രീയമായ ഒഴിവാക്കല്‍ കൂടിയായിരുന്നു. കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉണ്ടായതിന്‍റെ ഉദ്ഭവത്തെതന്നെ നിഷേധിക്കലായിരുന്നു. ഇന്ന് ഫിലിം ഫെസ്റ്റിവലിലേക്കൊഴുകുന്ന ഒരു തലമുറയ്ക്ക് ജനിതക കൈമാറ്റം ചെയ്ത ഫിലിം സൊസേറ്റി പ്രസ്ഥാനത്തെ പടിക്കു പുറത്താക്കലായിരുന്നു.


മുഖ്യ കാര്‍മ്മികനായ സിനിമാ മന്ത്രി ഇടയ്ക്കു വെച്ചു പുറത്തു പോയെങ്കിലും ആ ഉച്ചാടന കര്‍മ്മം ഏറ്റവും ശക്തമായിതന്നെ ചലചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകുന്നുണ്ട് എന്നതിന് തെളിവായി മാറി ഇത്തവണത്തെ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദി. ഉദ്ഘാടന പരിപാടിയിലേക്ക് ഇയാളെ വിളിച്ചു, മറ്റവരെ കണ്ടില്ല എന്ന പരാതിയല്ല ഇവിടെ ഉന്നയിക്കാന്‍ പോകുന്നത്. മറിച്ച് പരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ച ഇന്‍ഡ്യന്‍ സിനിമയുടെ 100 വര്‍ഷം എന്ന ചരിത്ര വീഡിയോയില്‍ ആരൊക്കെ ഉള്‍പ്പെടുത്തപ്പെട്ടു, ആരൊക്കെ ഒഴിവാക്കപ്പെട്ടു എന്ന വിമര്‍ശനമാണ്. ഇന്‍ഡ്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് സിനിമ എന്ന് സമീകരിക്കുമ്പോള്‍ നമ്മുടെ സിനിമ ചരിത്രത്തില്‍ ഏറ്റവും തെളിച്ചതോടെ നില്‍ക്കുന്ന പലരും ഒഴിവാക്കപ്പെടുകയോ അരികിലാക്കപ്പെടുകയോ ചെയ്തു. പുരാണ കഥകളിലും റൊമാന്‍റിക് കോമഡികളിലും കുരുങ്ങി കിടന്നിരുന്ന ഇന്‍ഡ്യന്‍ സിനിമയില്‍ ആദ്യമായി ജീവിതത്തിന്‍റെ കടുംചിത്രങ്ങള്‍ വരച്ചിട്ട സത്യജിത് റേ മോഹന്‍ലാലിനും മമ്മൂട്ടിക്കും എം ജി ആറിനും രജനീകാന്തിനും ശേഷം വളരെ സമയം കഴിഞ്ഞാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്‍റെ പഥേര്‍ പാഞ്ചാലിയിലെ ഒരു ദൃശ്യം പോലും ഈ സിനിമ ചരിത്ര വീഡിയോ കോളാഷില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ നരസിംഹത്തിലെ 'നീ പോ മോനെ ദിനേശാ' എന്ന ക്ലിപ് ഉള്‍പ്പെടുത്താന്‍ പുതിയ സിനിമ ചരിത്ര രചയിതാക്കള്‍ മറന്നില്ല.

ബോളിവുഡില്‍ മുഖ്യധാര ആധിപത്യം ചെലുത്തിയിരുന്ന കാലത്ത് ശ്രദ്ധേയമായ രചനകളിലൂടെ ഇന്‍ഡ്യന്‍ സിനിമയെ മുന്നോട്ട് നയിച്ചത് പ്രാദേശിക സിനിമകളാണ്. ബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ പൂവിട്ട നവസിനിമ പ്രസ്ഥാനം സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയുടെ രാഷ്ട്രീയ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ബംഗാളില്‍ റേയും ഘട്ടക്കും മലയാളത്തില്‍ അടൂരും അരവിന്ദനും ജോണും തമിഴില്‍ ഭാരതി രാജയുമൊക്കെ ഈ ധാരയുടെ ഭാഗമായി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. ഇവരാരും തന്നെ എവിടെയും ഒരു നിമിഷാര്‍ദ്ധം കൊണ്ട് മാറിമറിയുന്ന ഒരു ദൃശ്യ ഖണ്ഡമായിപ്പോലും ഈ വീഡിയോയില്‍ ഇടം പിടിച്ചില്ല. മലയാള സിനിമയുടെ പിതാവെന്ന് നാം വാഴ്ത്തുന്ന ജെ സി ഡാനിയേലിനെയോ, ആദ്യ നായിക റോസിയെയോ എങ്ങും കണ്ടില്ല.


ഇന്‍ഡ്യന്‍ മുഖ്യധാര സിനിമയുടെ ആഘോഷ കാഴ്ചയായി മാത്രം ചുരുക്കപ്പെട്ട വീഡിയോ എത്ര സമര്‍ത്ഥമായിട്ടാണ് രാഷ്ട്രീയത്തെ സിനിമയുടെ പരിസരത്തുനിന്നു ഉച്ചാടനം ചെയ്തു കളഞ്ഞത് എന്നതിന്‍റെ തുടര്‍ച്ചയായി മാറി, തുടര്‍ന്ന് വന്ന ദശാവതരം എന്നു പേരിട്ടവതരിപ്പിച്ച സമകാലിക, ക്ലാസിക്കല്‍ ഫ്യൂഷന്‍ നൃത്തപരിപാടി. മഹാവിഷ്ണുവിന്‍റെ പത്ത് അവതരാങ്ങളെ വീഡിയോയിലും നൃത്തരൂപത്തിലും അവതരിച്ചപ്പോള്‍ നമ്മുടെ സംസ്കാരമെന്നാല്‍ ഹൈന്ദവ സംസ്കാരമാണെന്ന് പറയാതെ പറയുകയായിരുന്നു ഇവിടെ. ശ്രീരാമനും ശ്രീകൃഷ്ണനും വാമനനുമൊക്കെ വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ പഴയ പുരാണ ബാലെയുടെ ന്യൂ ജനറേഷന്‍ രൂപമായി അത് മാറി. അതിന്‍റെ തുടര്‍ച്ചയായി വന്ന വന്ദേമാതരം നൃത്തവും കൂടിയായപ്പോള്‍ ഹൈന്ദവതയെ ദേശീയതയുമായി ബന്ധിപ്പിക്കല്‍ എന്ന കര്‍മ്മം കൂടി പൂര്‍ത്തിയായി. പാഠപുസ്തകങ്ങളിലെ മതേതരത്വ ചിഹ്നങ്ങളുമായിമായി പ്രത്യക്ഷപ്പെട്ട നൃത്തത്തിന്റെ പശാചത്തല വീഡിയോയില്‍ നമ്മുടെ സാംസ്കാരിക വൈജാത്യങ്ങള്‍ അവതരിപ്പിച്ച കൂട്ടത്തില്‍ ദളിത് - ആദിവാസി ജീവിതത്തിന്‍റെ ദൃശ്യ സൂചനകള്‍ എവിടെയും കണ്ടില്ലെന്നതും യാദൃശ്ചികമല്ല.


എന്തായാലും ഈ മുഖ്യധാര 'ഉന്നത' സംസ്കാര ദൃശ്യാഖ്യാനങ്ങള്‍ക്ക് മറുപടിയായി മാറി പ്രശസ്ത ഇസ്രായേലി സംവിധായകന്‍ ആമോസ് ഗിതായിയുടെ 'അന അറേബ്യ' എന്ന ഉദ്ഘാടന ചലച്ചിത്രം. നിമിഷങ്ങള്‍ക്കൊണ്ട് അതിവേഗത്തില്‍ മിന്നിമറയുന്ന ദൃശ്യങ്ങള്‍ക്ക് പകരം പതിഞ്ഞ താളത്തില്‍ ഒറ്റ സ്റ്റഡികാം ഷോട്ടിലാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഡോക്കുമെന്‍ററിയുടേതെന്നു തോന്നിക്കുന്ന പരുക്കന്‍ ആഖ്യാനത്തിനകത്ത് വളരെ സമര്‍ത്ഥമായി ഒരു കൂട്ടം മനുഷ്യരുടെ ജീവിത കഥ പറയുകയാണ് സംവിധായകന്‍. ടെല്‍ അവീവിനടുത്തുള്ള ജഫ എന്ന നഗരത്തിന്‍റെ പ്രാന്തത്തില്‍ സഹോദര്യത്തോടെ ജീവിക്കുന്ന അറബികളുടെയും ജൂതന്‍മാരുടെയും കഥയാണിത്. അവരെക്കുറിച്ച് ഒരു ഫീച്ചര്‍ തയ്യാറാക്കാന്‍ വന്ന യേല്‍ എന്ന പത്രപ്രവര്‍ത്തകയോട് അവര്‍ പറയുന്ന കഥകളില്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയം അന്തര്‍ലീനമായി കിടക്കുന്നുണ്ട്. നാസി കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട് ഒരു പാലസ്തീനിയനെ വിവാഹം കഴിച്ചു ഇസ്ലാമായി മത പരിവര്‍ത്തനം ചെയ്ത ഒരു സ്ത്രീയുടെ യഥാര്‍ത്ഥ ജീവിത കഥയാണ് ഈ സിനിമയ്ക്കാധാരം. പശ്ചിമേഷ്യന്‍ രാഷ്ട്രീയവും സംസ്കാരവും സാധാരണ മനുഷ്യന്‍റെ അതിജീവനവും പ്രകൃതി ചൂഷണവുമൊക്കെ ചര്‍ച്ചചെയ്യുന്ന സിനിമ നാം ഇന്ന് ജീവിക്കുന്ന ലോകത്തിന്‍റെ ഒരു കഷണം മുറിച്ചെടുത്ത് കാണിച്ചു തരാനാണ് ശ്രമിക്കുന്നത്. ഗിതായിയുടെ തന്നെ കേദ്മയിലെ, പലതരക്കാര്‍ യാത്ര ചെയ്യുന്ന കപ്പലിനകത്തെ സമീപ ദൃശ്യം വൈഡ് ദൃശ്യമായി മാറുമ്പോള്‍ വെളിപ്പെടുന്ന വലിയ ലോകം പോലെ ജഫയിലെ ഈ ചേരി ജീവിതത്തില്‍നിന്നും ക്യാമറ പതിയെ ഉയര്‍ന്ന് അവസാനിക്കുന്നത് വലിയ കെട്ടിടങ്ങളും വാഹനങ്ങളുമൊക്കെയുള്ള നഗരത്തിന്റെ വിശാല ദൃശ്യത്തിലേക്കാണ്. നമ്മുടെ കാഴ്ചയുടെ പരിധിയില്‍ നിന്ന് പലപ്പോഴും ഒഴിവാക്കപ്പെടുന്ന അരികുകളെ കാണിച്ചു തരികയാണ് അന അറേബ്യയിലൂടെ ആമോസ് ഗിതായ്.


മുഖ്യധാര ഏതൊക്കെ രീതിയില്‍ ചലച്ചിത്രങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ പരിസരങ്ങളെ തമസ്ക്കരിക്കാന്‍ ശ്രമിച്ചാലും ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിക്കപ്പെടുന്ന ഓരോ ചലച്ചിത്രങ്ങളിലൂടെയും നമ്മള്‍ ജീവിക്കുന്ന തിളച്ചു മറിയുന്ന ലോകം ആവിഷ്ക്കരിക്കപ്പെടുകയും കാണിക്കപ്പെടുകയും ചെയ്യും എന്നതിന്‍റെ തെളിവാണ് അന അറേബ്യ. അതുകൊണ്ടുതന്നെ ചലച്ചിത്രോത്സവത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തിലേക്ക് കടന്നുകയറാനുള്ള കരുത്ത് ഇവിടത്തെ മുഖ്യധാരയ്ക്കില്ല എന്നത് വരും ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്ന സിനിമകളുടെ പട്ടികയില്‍ നിന്നു തന്നെ നമുക്ക് തീര്‍ച്ചപ്പെടുത്താന്‍ കഴിയും. തങ്ങളാണ് ഇതിന്‍റെയെല്ലാം ആള്‍ക്കാര്‍ എന്ന് എത്ര മേനി നടിച്ചാലും മുഖ്യധാര ചലച്ചിത്രോത്സവത്തിന്റെ അരികുകളില്‍ തന്നെയായിരിക്കും എപ്പോഴും.

പിന്‍ കുറിപ്പ്: പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു സിനിമ പഠിച്ചിറങ്ങി ജോണ്‍ എബ്രഹാമിന്‍റെ ഒഡെസ മൂവ്മെന്‍റിലൊക്കെ പങ്കാളിയായ എന്നും നല്ല സിനിമകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേരള ചലച്ചിത്രോത്സവത്തിന്റെ ആര്‍ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ കണിശമായ സിനിമ തിരഞ്ഞെടുപ്പുകളിലൂടെ നടത്തുന്ന ഒറ്റയാന്‍ ചെറുത്തു നില്‍പ്പുകളോട് നന്ദി പറയാതിരിക്കാന്‍ പറ്റില്ല.


Next Story

Related Stories