TopTop
Begin typing your search above and press return to search.

വിവാഹിതകളേ അതിലേ ഇതിലേ!

വിവാഹിതകളേ അതിലേ ഇതിലേ!

വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് എന്ത് സംഭവിക്കും?

അവരുടെ ജീവിതം കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെ ചുരുങ്ങിപോകും. ഒരു കുട്ടി ഉണ്ടായി കഴിയുമ്പോള്‍ ആ ബലൂണില്‍ പിന്നെ വായു നിറഞ്ഞ് വീണ്ടും പറക്കാനുള്ള പഴുത് പോലും അടഞ്ഞു പോകുന്നു. കൂട്ടുകാരില്ല, സ്വന്തമായി കറങ്ങി നടക്കാന്‍, ഇഷ്ടം പോലെ ഒന്ന് സിനിമയ്ക്ക് പോകാന്‍, എന്തിനു സ്വന്തം ജോലി പോലും ചെയ്യാന്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു. പെണ്ണിന് സമൂഹം കാണിച്ചു കൊടുക്കുന്ന മാജിക്ക് ട്രിക്ക് ആണ് വിവാഹം.

എന്തിനാണ് നമ്മുടെ കൂട്ടുകാരികള്‍ ഇങ്ങനെ ചുരുങ്ങി പോകുന്നത്? അതാണ് അവരുടെ ധര്‍മ്മം, ഭാരത സ്ത്രീ തന്‍ വിധേയത്വ ശുദ്ധി എന്ന സ്ത്രീത്വം, അതവര്‍ക്ക് പ്രകടിപ്പിച്ചേ മതിയാകൂ. അല്ലെങ്കില്‍ സമൂഹം കാര്‍ക്കിച്ചു തുപ്പും, അവളൊരു അമ്മയോ അവളൊരു ഭാര്യയോ എന്ന് കല്ലെറിയും! പക്ഷെ ഈ പറയുന്ന സമൂഹത്തിലെ ഒരാള്‍ പോലും പരസ്പരം മനസ്സിലാക്കുകയോ സന്തോഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ശ്രമിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ഇല്ലെന്നത് വാസ്തവം. ചുരുക്കത്തില്‍ സമൂഹത്തിന്റെ പൊതുബോധത്തിനു നിലനിന്നു പോരാന്‍ ആണ് സ്ത്രീ ജീവിക്കുന്നത്. കുഞ്ഞുങ്ങള്‍ സ്ത്രീകളെ ആശ്രയിക്കേണ്ടത് മുലകുടി കഴിയുന്നതു വരെ മാത്രമാണ്. പിന്നീട് അവര്‍ മാതാപിതാക്കളുടെ തുല്യ ബാധ്യത തന്നെയാണ്. വളര്‍ത്തുക എന്നത് ഗര്‍ഭപാത്രത്തിന്റെ മാത്രം ആവശ്യമല്ല, ആ ബീജത്തിനും അതില്‍ പങ്കുണ്ട്. ഒരു പെണ്‍കുട്ടി തന്റെ സര്‍വ്വതും ത്യജിച്ച് മറ്റൊരു ജീവിതം തുടങ്ങുന്നു എന്നൊക്കെ പൈങ്കിളി പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. പുതിയ വീട് പുതിയ ആളുകള്‍ പിന്നെ പുതിയ ജീവിതവും. ഒരു ഉടമസ്ഥന്റെ, തന്നെ തീറ്റിപ്പോറ്റുന്ന ഒരാളുടെ ഇഷ്ടാനിഷ്ടങ്ങളുടെ ജീവിക്കുന്ന രൂപമായി മാറുന്നു സ്ത്രീ. ഇന്നതാണ് പാചകം, അച്ഛന് ഇതാണിഷ്ടം, മക്കള്‍ക്ക് ഇതാണിഷ്ടം. നിനക്കെന്തായിരുന്നു സ്ത്രീയേ ഇഷ്ടം!

നിന്റെ കൂട്ടുകാരിമാരുടെ ഒപ്പം കടലോരത്ത് പോയി തിരയില്‍ നനഞ്ഞതും കടല കൊറിച്ചതും നീ മറക്കാന്‍ പഠിച്ചത് എന്തിനായിരുന്നു. നിന്റെ മനസ്സിന്റെ സന്തോഷങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയാത്തവണ്ണം രൂപമാറ്റം നടത്തിയത് എന്തിനായിരുന്നു. നിന്നില്‍ നിന്ന് മാത്രം ഇങ്ങനെ ഒരു സമ്പൂര്‍ണ്ണ വിധേയത്വം ആവശ്യപ്പെടുന്ന വ്യവസ്ഥിതി നിന്റെ ശത്രുവാണ് എന്നത് അറിയേണ്ട സമയം അതിക്രമിച്ചു. വിവാഹം പലപ്പോഴും സ്ത്രീയ്ക്ക് ഉത്തരവാദിത്തവും ഇല്ലാത്ത ഒരു മകന്റെ reminder ആവുകയുമാണ്. അമ്മ ചെയ്തിരുന്നതൊക്കെ ഭാര്യ ചെയ്യുന്നു എന്ന സൌകര്യമാറ്റം മാത്രമാണ് ആണിനുള്ളത്. ഭര്‍ത്താവിനു ഒരു ശ്രദ്ധയുമില്ല, ഒരു ഓര്‍മ്മയുമില്ല എന്നൊക്കെ പറഞ്ഞ് അവരുടെ പിന്നാലെ നടന്നു ഷൂസിന്റെ വള്ളി മുതല്‍ നിക്കര്‍ മുതല്‍ താക്കോല്‍ കൂട്ടം വരെ പെറുക്കി കൊടുക്കുന്ന ഭാര്യ, അതാണ് തന്റെ ജീവിത ലക്ഷ്യം എന്ന് കരുതി അഭിമാനിക്കുന്നത് കാണുമ്പോള്‍ എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കേണ്ടത്, ആശയങ്ങള്‍ പരാജയപ്പെട്ടു പോകും.

നീയുമൊരു വ്യക്തി ആയിരുന്നില്ലേ? ഈ വിധേയത്വം ആണോ കുടുംബം? എങ്കില്‍ അതിന് അസമത്വം എന്ന അനീതി എന്തിന്? നിങ്ങളുടെ സ്വന്തമെന്ന ജീവിതം ഹനിക്കേണ്ടി വരികയും പുരുഷന് അത് സ്വച്ഛന്ദം തുടരാന്‍ കഴിയുകയും ചെയ്യുന്നതെങ്ങനെ? ജോലി കഴിഞ്ഞു വരുന്ന ഭര്‍ത്താവിനെ കണ്ടാല്‍ അറിയാതെ ചായ ഇടാന്‍ കയറുന്ന ഭാര്യമാരാകുമ്പോള്‍ നിങ്ങള്‍ എത്ര കുഴഞ്ഞ് തളര്‍ന്നു വന്നാലും അത്തരത്തില്‍ ഒരു ചായയ്‌ക്കോ വെള്ളത്തിനോ ഉള്ള ചിന്ത പോലും പോകുന്നില്ല പുരുഷന് എന്നത് നിങ്ങള്‍ കാണുന്നില്ലേ? അവന്റെ ജോലി സ്ഥലം മാറുമ്പോള്‍ നിങ്ങളുടെ സര്‍വ്വവും ത്യജിക്കേണ്ടി വരുന്നു എന്നത് എന്ത് നീതിയാണ്.

കുടുംബം ഒരുമിച്ചു കഴിയേണ്ടതാണ്, ശരിയാണ്. പക്ഷെ നിങ്ങളുടെ പക്ഷത്ത് നിന്ന് മാത്രം വിട്ടുവീഴ്ചകള്‍ പ്രതീക്ഷിക്കുന്നു സമൂഹം, കുടുംബം നിലനിര്‍ത്തേണ്ടത് സ്ത്രീയുടെ മാത്രം സഹനശക്തിയിന്മേലും അടിമത്വത്തിന്മേലും ആണ്. വിദേശികള്‍ ഭാരതത്തിലെ കുടുംബബന്ധങ്ങളുടെ അതിസവിശേഷ നിലനില്‍പ്പ് കണ്ടു അന്തംവിടുമ്പോള്‍ അവര്‍ കാണാതെ പോകുന്ന ഒന്നുണ്ട്, ഇഷ്ടമുള്ള ഒരു മിഠായി ഏതെന്നു പോലും ഓര്‍മ്മയില്ലാതെ ചക്രശ്വാസം വലിക്കുന്ന ഒരു സ്ത്രീ അടുക്കളയില്‍ ഉണ്ടെന്നത്. അത് അനീതിയല്ലേ!

ഒരു കൂട്ടത്തിന്റെ നിലനില്‍പ്പ് ആ കൂട്ടത്തിലെ ഒരാളുടെ മാത്രം ബാധ്യതയാകുന്നത് എങ്ങനെയാണ്.

ചിലത് നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ, കുടുംബം ഒരാളുടെ മാത്രം സഹനത്തില്‍ ഒതുങ്ങേണ്ടത് അല്ല, അല്ല തന്നെ. പുരുഷനും സ്ത്രീയും തുല്യ പങ്കാളികള്‍ ആയാണ് കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കേണ്ടത്, കുടുംബത്തിന്റെ ഭദ്രതയ്‌ക്കോ നിലനില്‍പ്പിനോ എന്തിനായാലും. പുരുഷന്‍ വഹിക്കുന്ന പങ്ക് ഒന്ന്, സ്ത്രീ വഹിക്കുന്ന പങ്ക് മറ്റൊന്ന് എന്ന ചതിക്കുഴിയില്‍ കിടന്നു ഇനിയും ഉഴറാന്‍ ഇടയാവാതിരിക്കട്ടെ. ഭര്‍ത്താവ് പുറത്തു പോയി ജോലി ചെയ്യുന്നു, ഭാര്യ വീട്ടിലെ ജോലികള്‍ ചെയ്യുന്നു ഇങ്ങനെ ആണ് സമത്വം എന്ന് കരുതുന്ന ചില പമ്പരവിഡ്ഢികളുണ്ട്; അവര്‍ പറയട്ടെ സ്ത്രീയ്ക്ക് പുരുഷനെ പോലെ ശമ്പളം കിട്ടുന്നുണ്ടോ എന്ന്? സ്ത്രീയ്ക്ക് പുരുഷനെ പോലെ വൈകുന്നേരങ്ങളില്‍ കറങ്ങി നടക്കാനും കൂട്ടുകാരുടെ ഒപ്പം സദസ്സുകള്‍ കൂടാനും അവസരം ഉണ്ടോ എന്ന്, സ്ത്രീയ്ക്ക് ജോലിസ്ഥലത്ത് നിന്ന് തോന്നിയ പോലെ ഉല്ലാസയാത്രകള്‍ക്ക് പോകാന്‍ കഴിയുന്നുണ്ടോ എന്ന്, പ്രമോഷന്‍ ഉണ്ടോ, ജോലിയുടെ പ്രശംസയുണ്ടോ, കഴിവുകള്‍ പ്രകടിപ്പിക്കപ്പെടുന്നുണ്ടോ, ആദരിക്കപ്പെടുന്നുണ്ടോ? ഒന്നുമില്ല, വെറും ആടുമാടുകളെ പോലെ അധ്വാനവും ഏകാന്തതയും പ്രേതകഥകളെക്കാളും ഭീതിജനകമായ സീരിയലുകളും മാത്രം. പാചകക്കാരി എന്നും അമ്മയെന്നും മാത്രമാക്കി ചുരുക്കി കളയുന്നതെന്തിനാണ് സമൂഹമേ സ്ത്രീകളെ? അവരില്‍ പാട്ടുകാരികള്‍ ഉണ്ട്, നര്‍ത്തകിമാര്‍ ഉണ്ട്, കവയത്രിമാര്‍, കഥാകാരികള്‍, ശാസ്ത്രജ്ഞര്‍, സാഹസികത ഇഷ്ടപ്പെടുന്നവര്‍ അങ്ങനെ എന്തെല്ലാം കഴിവുകള്‍ ഉണ്ട് സ്ത്രീകള്‍ക്കും. പുരുഷന്മാരെ പോലെ തന്നെ മനുഷ്യരല്ലേ സ്ത്രീകളും.

പുരുഷന്റെ കഴിവും അധ്വാനവും സമൂഹത്തിന്റെ പൊതുഇടങ്ങളില്‍ തിളങ്ങുമ്പോള്‍ ഭാര്യയെന്ന തിളങ്ങുന്ന ഒരു സാരിയായി മാത്രം സ്ത്രീയെ ഒതുക്കി വയ്ക്കുന്നത് എന്തിനാണ്! സ്വന്തമായി ഒരു പേരുപോലും ഇല്ലാതെ ഒരു മിസ്സിസ് പുരുഷന്‍ ആയി അവന്റെ കാല്‍ക്കീഴിയില്‍ കഴിയാന്‍ പ്രണയത്തിന്റെ എത്ര തലങ്ങള്‍ നമ്മള്‍ കണ്ണും കാതും ബുദ്ധിയും കൊട്ടിയടച്ച് വിശദീകരിക്കണം?? കുടുംബം എന്നതിന്റെ എത്ര നിര്‍വ്വചനങ്ങള്‍ പൊളിച്ചെഴുതിയാല്‍ ആണ് സമൂഹത്തില്‍ മുഖ്യധാരയില്‍ സ്ത്രീ എന്ന സാന്നിധ്യം ഉണ്ടാവുന്നത്. എത്ര വലിയ അനീതിയാണ് സമൂഹം സ്ത്രീയെന്ന വ്യക്തിയോട് കാണിക്കുന്നത്! എന്നാണു കൂട്ടുകാരിമാരെ നിങ്ങള്‍ സ്വയം ചിന്തിക്കാന്‍ പഠിക്കുക?

നിങ്ങള്‍ക്ക് ഏറ്റവും കഴിവുള്ള ജോലികള്‍ ചെയ്താല്‍, നിങ്ങള്‍ക്കിഷ്ടമുള്ള ഭക്ഷണം കഴിച്ചാല്‍, നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരുമായി കറങ്ങി നടന്നാല്‍, മക്കള്‍ എന്ന കൂട്ടത്തിന്റെ ബാധ്യത പകുതി മാത്രം നോക്കിയാല്‍ തകര്‍ന്നു പോകുന്നതാണ് കുടുംബം എങ്കില്‍ അത് തകരാന്‍ ഉള്ളത് തന്നെയാണ്. അധികാരിയും രക്ഷകര്‍ത്താവും അല്ല ഭര്‍ത്താവ്, സ്ത്രീയുടെ പങ്കാളി മാത്രമാണ്.

ps: ഇതൊരു ശരാശരി മധ്യവര്‍ഗ്ഗ സ്ത്രീയുടെ അവസ്ഥയാണ്, അതായത് ഇരുന്നു ഫേസ്ബുക്ക് വായിക്കുന്ന സ്ത്രീകളുടെ അവസ്ഥ, മുകളിലേക്കും താഴേക്കും വര്‍ഗ്ഗങ്ങളില്‍ ഇതല്ല സന്ദര്‍ഭം!


Next Story

Related Stories