TopTop
Begin typing your search above and press return to search.

പരിസ്ഥിതി സംരക്ഷകരുടെ ഇരട്ടത്താപ്പുകള്‍

പരിസ്ഥിതി സംരക്ഷകരുടെ ഇരട്ടത്താപ്പുകള്‍
പരിസ്ഥിതി പ്രശ്‌നം പൂര്‍വ്വാധികം സങ്കീര്‍ണ്ണമായികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ കൂടുതല്‍ കൂടുതല്‍ തിരിച്ചറിവ് ആവശ്യമാണ്. പല പരിസ്ഥിതി പ്രശ്‌നങ്ങളും ആവശ്യത്തിലധികം ഊതി വീര്‍പ്പിക്കപ്പെടുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കേണ്ട പല പരിസ്ഥിതി പ്രശ്‌നങ്ങളും ആരും ശ്രദ്ധിക്കുന്നതേയില്ല. ശ്രദ്ധ ആവശ്യമായ പ്രശ്‌നങ്ങളെ അവഗണിക്കുന്നതിന്റെയും അനാവശ്യ പ്രശ്‌നങ്ങളെ പെരുപ്പിക്കുന്നതിന്റെയും പിന്നില്‍ പല സ്വാര്‍ത്ഥ താല്പര്യങ്ങളും അനാവശ്യ രാഷ്ട്രീയവുമുണ്ട് എന്ന വസ്തുത വിസ്മരിക്കുവാന്‍ കഴിയുന്നില്ല.


പരിസ്ഥിതി പ്രശ്‌നം മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ അനിവാര്യമായ ഉല്‍പന്നമാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമുണ്ടാകുവാന്‍ മുതലാളിത്ത ആര്‍ത്തിയെ ചെറുക്കുവാന്‍ കഴിയുന്ന സമാത്വാധിഷ്ഠിത രാഷ്ട്രീയമാണ് വേണ്ടത്. മുതലാളിത്ത വികസനത്തിലും രാഷ്ട്രീയത്തിലും വിശ്വസിക്കുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യുമ്പോള്‍ തന്നെ പരിസ്ഥിതി സംരക്ഷകരായി നില്‍ക്കുന്നപ്രസ്ഥാനങ്ങളും വ്യക്തികളും ഉണ്ട്. അവരാണ് ശരിയായ പരിസ്ഥിതി വിരുദ്ധര്‍. സ്വാഭാവികമായ പരിസ്ഥിതി സംരക്ഷണം സാധ്യമാകുന്ന വ്യവസ്ഥിതിക്കുവേണ്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ നിലകൊള്ളേണ്ടത്. അതായത് നീതിപൂര്‍വ്വകമായ വിതരണം സാധ്യമായ ഒരു സാമൂഹിക, സാമ്പത്തിക വ്യവസ്ഥിതിക്കുവേണ്ടിയിട്ടാണ് അവര്‍ ശബ്ദമുയര്‍ത്തേണ്ടത്.


ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പിലാക്കികൊണ്ടിരിന്ന നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ ഇന്ത്യന്‍ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൃഷിയെ നശിപ്പിക്കുന്ന ഈ നയത്തിന് എങ്ങിനെ പരിസ്ഥിതി സംരക്ഷണം നടത്തുവാന്‍ കഴിയും? പരിസ്ഥിതി സംരക്ഷകരായ മൂന്ന്‍ ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത ഒരു വ്യവസ്ഥയെ സംരക്ഷിക്കുന്ന ഭരണകൂടം ഇപ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ മേലങ്കി അണിയുകയാണ് എന്നത് ഏറെ വിചിത്രമാണ്. ശുദ്ധജലത്തെയും ജൈവ വൈവിധ്യത്തേയും വില്‍പ്പന ചരക്കാക്കിയവരാണ് നവലിബറല്‍ നയവക്താക്കള്‍! പ്രാഥമിക സഹകരണ സംഘങ്ങള്‍ പോലും കൃഷിക്ക് സഹായം നല്‍രുത് എന്ന് പറഞ്ഞവരാണ് പരിസ്ഥിതി സംരക്ഷണ വക്താക്കളാകുന്നത് എന്നത് ഏറ്റവും വിചിത്രമാണ്. ആസിയാന്‍ കരാര്‍ നടപ്പിലാക്കികൊണ്ട് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ദ്ധിപ്പിച്ചവരേല്ല പശ്ചിമഘട്ടത്തെ സംരക്ഷിക്കുവാന്‍ മുന്നോട്ട് വരുന്നത്?. ഭൂമിയെ വെറും ചരക്കാക്കി മാറ്റിയ സമ്പദ് വ്യവസ്ഥയുടെ പ്രയോക്താക്കള്‍ക്ക് എങ്ങിനെ പശ്ചിമഘട്ടം സംരക്ഷിക്കുവാന്‍ പറ്റും?




ഇത്തരത്തിലെല്ലാം പ്രകൃതി സമ്പത്തിനെ ചരക്കാക്കി മാറ്റുന്ന നയത്തിനെ അനുകൂലിക്കുന്നവര്‍ക്ക് പ്രകൃതി സംരക്ഷണം വേണം എന്ന് എങ്ങനെ വാദിക്കാന്‍ പറ്റും? നെല്‍വയല്‍ നികത്തികൊണ്ടുള്ള ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയ കേന്ദ്രഭരണകൂടം പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ പുറപ്പെടുന്നത് സ്വയം എങ്ങനെ ന്യായീകരിക്കും? ആണവ നിര്‍വ്യാപനക്കരാറില്‍ പരോക്ഷമായി ഒപ്പ് വെച്ച് അമേരിക്കന്‍ ആണവ നയത്തോടൊപ്പം ചേര്‍ന്ന ഇന്ത്യന്‍ ഭരണകൂടത്തിന് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പറയുവാന്‍ എന്തവകാശം? പ്രക്രിയാ പേറ്റന്റ് എന്ന 1970ലെ ഇന്ത്യന്‍ പേറ്റന്റ് നിയമം കാറ്റില്‍ പറത്തികൊണ്ട് മുതലാളിത്ത താല്‍പര്യമുള്ള ഉല്‍പ്പന്ന പേറ്റന്റ് നിയമം നടപ്പിലാക്കിയ ഇന്ത്യന്‍ ഭരണകൂടത്തിന് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുവാന്‍ തന്നെ അവകാശമില്ല. കൃഷിയേയും പരമ്പരാഗത വ്യവസായത്തേയും പ്രോത്സാഹിപ്പിച്ചിരുന്ന ഇന്ത്യന്‍ മാസ്സ്ബാങ്കിങ്ങ് വ്യവസ്ഥയെ അപ്പാടെ തകര്‍ത്തുകൊണ്ട് ഊഹക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന 'ക്ലാസ്സ് ബാങ്കിങ്ങ്'വ്യവസ്ഥയലേക്ക് മാറ്റിയ ഭരണകൂടം പരിസ്ഥിതി സംരക്ഷണ സാധ്യതയെ അട്ടിമറിക്കുകയാണ് ചെയ്തത്. ഭൂമാഫിയകളെയും മണല്‍, ക്വാറി, കളിമണ്‍ മാഫിയകളേയും പ്രോത്സാഹിപ്പിക്കുന്ന വികസന നയം മുന്നോട്ട് വെച്ച് രാജ്യം ഭരിക്കുന്നവര്‍ക്ക് എങ്ങിനെ ഒരു റിപ്പോര്‍ട്ടിലൂടെ പശ്ചിമഘട്ടത്തെ സംരക്ഷിക്കുവാന്‍ കഴിയും? സ്വകാര്യവല്‍ക്കരണത്തിലൂടെ ധനമൂലധനത്തിന്റെ ആധിപത്യത്തിനായി 24 മണിക്കൂറും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നവലിബറല്‍ വക്താക്കള്‍ക്ക് എങ്ങിനെ മാഫികളെ തടയുവാന്‍ കഴിയും? ഉദാരവല്‍ക്കരണം അജണ്ടയാക്കിയ ഭരണകൂടത്തിന് ഏതു മാഫിയകളെയാണ് തടയുവാന്‍ കഴിയുക? ഉദാരവല്‍ക്കരണ അജണ്ടയുടെ ഉല്‍പന്നങ്ങള്‍ ഡീ റെഗുലേഷന്‍, ഡീലൈസന്‍സിങ്ങ് നിയന്ത്രണങ്ങളില്ലാത്ത ഫ്രീസോണുകള്‍ എന്നിവയാണ്. ഈ ലക്ഷ്യത്തിലൂടെ മുന്നോട്ടുപോകുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് മാഫിയകളെ തടയുവാനോ പ്രകൃതി, പരിസ്ഥിതി സംരക്ഷണം നിലനിര്‍ത്തുവാനോ കഴിയില്ല. അതുകൊണ്ടുതന്നെ പശ്ചിമഘട്ട സംരക്ഷണം എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം ഉദ്ദേശ ശുദ്ധിയുള്ളതല്ല.




മേല്‍വിവരണത്തിലൂടെ ഒരു കാര്യം വ്യക്തമാകുന്നു. നവലിബറല്‍ അജണ്ടയെ രണ്ട് പതിറ്റാണ്ടായി എതിര്‍ത്തു വരുന്ന ഇടതുപക്ഷത്തിന് മാത്രമെ പരിസ്ഥിതി സംരക്ഷണ ആശയം പറയുവാന്‍ അവകാശമുള്ളൂ. പരിസ്ഥിതി പ്രശ്‌നം വൈകാരിക പ്രശ്‌നം മാത്രമല്ല, അത് ഒരു സാമൂഹിക സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നമാണ്. അതുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിനാവശ്യമായ സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടി നിലകൊള്ളുന്നതാണ് ശരിയായ പരിസ്ഥിത വാദം. പരിസ്ഥിതിയെ നശിപ്പിക്കുന്ന സാമ്പത്തിക നയങ്ങളും പരിസ്ഥിതി സംരക്ഷണവും പരസ്പര വിരുദ്ധമായതിനാല്‍ ചേര്‍ന്നു പോകുന്നവയല്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ സൈദ്ധാന്തികമായ നേരവകാശം ഇടതുപക്ഷത്തിനുമാത്രമാണ്. പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുന്ന വികസന നയമോ പരിപ്രേക്ഷ്യമോ മുന്നോട്ട് വയ്ക്കുവാന്‍ മുതലാളിത്ത വ്യവസ്ഥയ്ക്ക് ഒരിക്കിലും കഴിയില്ല എന്ന് മുതലാളിത്ത ചരിത്രം തന്നെ തെളിയിച്ചിട്ടുള്ളതാണ്. മുതലാളിത്ത വ്യവസ്ഥ പരിസ്ഥിതി സംരക്ഷണത്തിന് പ്രാപ്തമല്ല.


കേന്ദ്രസര്‍ക്കാരിന്റെ തന്നെ നിര്‍ദ്ദേശമനുസരിച്ച് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള രണ്ട് റിപ്പോര്‍ട്ടുകളാണ്. 1) ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്, 2) കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. ഇവ രണ്ടും രണ്ടു വഴിയേ സഞ്ചരിക്കുന്ന രേഖകളാണ്. പലപ്പോഴും പരസ്പര വിരുദ്ധവുമാണ്. കേവല പരിസ്ഥിതി വാദത്തിന്റെ വ്യക്തമായ സൂചനകളാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലുള്ളത്. വളരെ ശാസ്ത്രീയപരമായി നോക്കുമ്പോള്‍ റിപ്പോര്‍ട്ട് ശരിയുമാണ്. പക്ഷെ ഈ നൈതിക ശാസ്ത്ര നിര്‍ദ്ദേശങ്ങള്‍ മേല്‍പറഞ്ഞ സാമ്പത്തികശാസ്ത്ര ആശയ പരിസരത്തില്‍ എങ്ങിനെ പ്രാവര്‍ത്തികമാക്കാന്‍ പറ്റുമെന്ന് വിശദീകരിക്കപ്പെടണം. ഫിനാന്‍സ് മൂലധന താല്പര്യങ്ങളും മൗലിക ശാസ്ത്രീയ സങ്കല്പങ്ങളും ചേര്‍ന്ന് പോകില്ല എന്ന തിരിച്ചറിവ് വളരെ ആവശ്യമാണ്. ജനാധിപത്യപരമല്ലാത്തതും കുറെയൊക്കെ അപ്രായോഗികവും അശാസ്ത്രീയവുമാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്. ഇതില്‍ പരിസ്ഥിതി ലോലം എന്ന ശാസ്ത്ര നിഗമനങ്ങള്‍ ചില പ്രദേശങ്ങളില്‍ പ്രയോഗിക്കുകയും മറ്റു ചില ദിക്കുകളില്‍ വിസ്മരിക്കുകയും ചെയ്തീട്ടുണ്ട്. അതുകൊണ്ടു തന്നെ ഫൈനാന്‍സ് മുലധന താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ സാധ്യതയുണ്ട്. ചുരുക്കത്തില്‍ പരിസ്ഥിതി സന്തുലനം എന്ന സങ്കല്പം നിലനിര്‍ത്തുവാന്‍ രണ്ട് റിപ്പോര്‍ട്ടുകള്‍ക്കും കഴിയില്ല. ചുരുങ്ങിയത് 22 ലക്ഷം മനുഷ്യരെ പ്രത്യക്ഷമായി ബാധിക്കുകയും ചെയ്യും.




സമഗ്രമായ പുതിയൊരു സമീപനം ഉണ്ടാകണം എന്നതാണ് മേല്‍വിവരിച്ച കാര്യങ്ങളില്‍ നിന്നുമുള്ള വിവക്ഷ. സമീപനം കൂടുതല്‍ ശാസ്ത്രീയമാകണം, പ്രയോഗികവുമാകണം. ഇടതുപക്ഷ ബദല്‍ കാഴ്ചപ്പാടില്‍ നിന്നു മാത്രമേ ഈ നിര്‍ദ്ദേശം ഉണ്ടാകൂ. പുതിയ നിര്‍ദ്ദേശത്തിന്റെ ചുരുക്കം ഇവയാണ്. 1) 1991 മുതല്‍ രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന ധന, മൂലധനതാല്പര്യാധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ മാറ്റണം (ഇതല്ലാതെ പരിസ്ഥിതി സംരക്ഷണത്തിന് കുറുക്കുവഴികളില്ല) ആഗോള പാരിസ്ഥിതിക തകര്‍ച്ചയുടെ കാരണങ്ങള്‍ പലവിധത്തിലും പഠിക്കപ്പെട്ടിട്ടുള്ളതാണ് എന്നതില്‍ നിന്നാണ് ഈ നിഗമനത്തിലെത്തുന്നത്. 2) ആര്‍ത്തിയില്‍ അധിഷ്ഠിതമായ മുതലാളിത്ത വികസന രീതി മാറ്റി സമഗ്രമായ സുസ്ഥിര വികസന സങ്കല്പം ഉണ്ടാകണം. 3) മനുഷ്യന്റെ പൂര്‍ണ്ണമായ പങ്കാളിത്തത്തോടെയുള്ളതും സന്തുലനാധിഷ്ഠിതവുമായ സമീപനം വേണം. 4) സമ്പത്തിന്റെ വിതരണവും പൊതുമേഖലയും നിലനില്‍ക്കുന്ന ആശയപരിസരം ഉണ്ടാകണം. 5) എല്ലാ വികസന മേഖലയ്ക്കും വേണ്ടി നീര്‍ത്തടാധിഷ്ഠിതമായ വികസന മാസ്റ്റര്‍ പ്ലാന്‍ വേണം. 6) മനുഷ്യനും ജൈവ വൈവിധ്യത്തിന്റെ ഒരു കണ്ണി തന്നെയാണെന്ന സമീപനം വേണം. 7) വൈവിധ്യത്തിന്റെ പൂര്‍ണ്ണതയാണ് പ്രകൃതി സന്തുലനത്തിന്റെ യുക്തി ഭദ്രമായ അടിത്തറ എന്നും തിരിച്ചറിവുണ്ടാകണം.


യഥാര്‍ത്ഥ പരിസ്ഥിതി സംരക്ഷണത്തിന് കഴിയുന്നവിധമുള്ള ഇടതുപക്ഷ ബദല്‍ സാമ്പത്തിക, വികസന നയങ്ങള്‍ക്കുവേണ്ടി പോരാടണം. ഇടതുപക്ഷ ബദല്‍ വികസന നയത്തിലൂടെ മേല്‍പറഞ്ഞ പരിസ്ഥിതി സംരക്ഷണ കാഴ്ചപ്പാടുകള്‍ നിലനിര്‍ത്തുവാന്‍ കഴിയും എന്നതാണ് വസ്തുത. പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുക എന്നതാണ് പ്രകൃതിയുടെ ലക്ഷ്യവും ധര്‍മ്മവും. അതുകൊണ്ട് തന്നെ ഭൂമിയിലെ ഓരോ മനുഷ്യന്റേയും കടമയും പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുവാന്‍ വേണ്ടി ശ്രമിക്കുക എന്നതാണ്.


Next Story

Related Stories