TopTop
Begin typing your search above and press return to search.

മനുഷ്യ മാംസത്തിന്‍റെ രുചി

മനുഷ്യ മാംസത്തിന്‍റെ രുചി

ബ്രിയാന്‍ പാമര്

അമേരിക്കയിലെ ആദ്യത്തെ ഇംഗ്ലീഷ് കുടിയേറ്റ കോളനിയായിരുന്ന ജെയിംസ്‌ടൌണിലെ നിവാസികള്‍ ശവം തിന്നിരുന്നു എന്ന് സ്മിത്ത്സോണിയന്‍ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. പട്ടിണി കാരണമായ ഈ നരഭോജനം ഉണ്ടായത് 1609-1610-ലെ കൊടും ശൈത്യകാലത്തായിരിക്കാനാണ് സാധ്യത. ഏറ്റവും അധികം കോളനി നിവാസികള്‍ മരിച്ചത് ഈ സമയത്തായിരുന്നു. അവിടെ നിന്നും ലഭിച്ച ഒരു യുവതിയുടെ അസ്ഥികൂടത്തില്‍ വെട്ടി നുറുക്കിയതിന്റെ വ്യക്തമായ അടയാളങ്ങളുണ്ട് ; പക്ഷെ അവളെ കൊന്നതാണോ, അതോ മരണശേഷം കൊത്തി നുറുക്കിയതാണോ എന്നത് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം, എക്സ്പ്ലൈനര്‍ എന്ന പ്രസിദ്ധീകരണം, "എന്താണ് മനുഷ്യമാംസത്തിന്റെ രുചി" എന്നുള്ള ചോദ്യത്തിനുത്തരം തേടി ഏറെ ദൂരം സഞ്ചരിച്ചിരുന്നു.

കിടാവിന്റെ മാംസത്തിന്റെ രുചി. സാഹസികനും പത്രപ്രവര്‍ത്തകനുമായ വില്ല്യം ബ്യൂലെര്‍ സീബ്രുക്ക് എന്ന അമേരിക്കക്കാരന്‍ 1931-ല്‍ എഴുതിയ "ജങ്കിള്‍ വേയ്സ്" എന്ന തന്റെ പുസ്തകമാണ് മനുഷ്യമാംസത്തിന്റെ രുചിയെക്കുറിച്ച് ലോകത്തിലേക്കും വച്ച് ഏറ്റവും വിശദമായി എഴുതപ്പെട്ടിട്ടുള്ളത്. പച്ചയായ മനുഷ്യമാംസം കാഴ്ചയില്‍ ബീഫ് പോലെയാണെന്നു അദ്ദേഹം പറയുന്നു, പക്ഷെ ചുവപ്പ് കുറഞ്ഞതും ഇളം മഞ്ഞ കൊഴുപ്പോടു കൂടിയതും. ചുട്ടെടുക്കുമ്പോള്‍ ഇളം ആട്ടിറച്ചിയോ ബീഫോ പോലെ ചാര നിറമായി മാറുകയും, വെന്ത ബീഫിന്റെ മണം പുറപ്പെടുവിക്കുകയും ചെയ്യുന്നു. രുചിയുടെ കാര്യമാണെങ്കില്‍, സീബ്രുക്ക് എഴുതുന്നു, "നന്നായി പാകം വന്ന കിടാവിന്റെ മാംസവുമായി വളരെ അധികം അടുത്ത് നില്ക്കുന്നു മനുഷ്യമാംസം. എനിക്ക് തോന്നുന്നത് ഭക്ഷണത്തില്‍ സാധാരണ അഭിരുചിയും, താത്പര്യവും ഉള്ള ആര്‍ക്കും ഒരു വ്യത്യാസവും തോന്നുകയില്ല എന്നാണു"

സീബ്രുക്കിന്റെ അനുഭവസാക്ഷ്യങ്ങളെ സംശയിക്കാന്‍ തക്കതായ കാരണങ്ങള്‍ ഉണ്ട്. അദ്ദേഹം ഗ്യുയെറോ എന്ന ഗോത്രത്തിന്റെ നരഭോജ്യ ശീലങ്ങളെ കുറിച്ച് അടുത്തറിയാനാണ് വെസ്റ്റ് ആഫ്രിക്കയിലേക്ക് സഞ്ചരിച്ചത്, എന്നാല്‍ തന്നെ വിശ്വാസമില്ലാത്ത ഗോത്രക്കാര്‍ അവരുടെ ചടങ്ങുകളില്‍ ഒന്നിലും തന്നെ പങ്കെടുപ്പിച്ചില്ല എന്ന് അദ്ദേഹം പിന്നീട് വെളിപെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ആത്മകഥയില്‍, സീബ്രുക്ക്, ഫ്രാന്‍സിലെ ഒരു ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞ ഒരു രോഗിയുടെ ശരീരം കൈക്കലാക്കി താന്‍ ചുട്ടു തിന്നതായി അവകാശപ്പെടുന്നുണ്ട്. ജങ്കിള്‍ വെയ്സ് എന്ന പുസ്തകത്തില്‍ താന്‍ വിവരിക്കുന്ന നരഭോജന രീതികള്‍ വെസ്റ്റ് ആഫ്രിക്കയില വച്ചുള്ള അനുഭവമല്ലെന്നും അത് പാരീസില്‍ വച്ചുള്ളതാണെന്നും അദ്ദേഹം ഏറ്റുപറഞ്ഞു.

വിശ്വാസയോഗ്യത ഇല്ലാതെയിരുന്നിട്ടു കൂടി, സീബ്രുക്കിന്റെ വിശദീകരണങ്ങള്‍ ഇന്നും ഏറ്റവും ഉപയോഗപ്രദമായി തുടരുന്നുണ്ട്. മനുഷ്യ മാംസത്തിന്റെ രുചിയെ കുറിച്ചുള്ള ഒട്ടുമിക്ക അഭിപ്രായങ്ങളും വരുന്നത് മാനസികരോഗികളില്‍ നിന്നാണ് -ഉദാഹരണത്തിന് സീരിയല്‍ കൊലയാളി കാള്‍ ഡെങ്കെ, അല്ലെങ്കില്‍ ജര്‍മന്‍ കൊലയാളി ആര്‍മിന്‍ മേയ്വേസ്. ഈ കാരണം കൊണ്ട് അവരൊന്നും വിശ്വാസയോഗ്യരും അല്ല. ബാക്കിയുള്ള പലതും വളരെ അവ്യക്തവും പരസ്പരവിരുദ്ധവുമാണ്. അധികം മാറ്റമില്ലാത്ത അഭിപ്രായം ചെറിയ കുട്ടികളുടെ മാംസം മുതിരന്നവരുടേതിനേക്കാളും ഇളയതാണ് എന്നായിരുന്നു. ഇത് അമ്പരപ്പിക്കുന്ന ഒരു കാര്യമല്ല താനും; കാരണം പ്രായം കൂടുന്നതിനനുസരിച്ച് മനുഷ്യശരീരത്തില്‍ കൊളാജെനിന്റെ അളവും വര്‍ധിക്കുന്നുണ്ട്. ഇത് മാംസത്തിന്റെ ഉറപ്പും വര്‍ദ്ധിപ്പിക്കും. ചിലര്‍ അഭിപ്രായപ്പെട്ടത് മനുഷ്യ കുട്ടികളുടെ മാംസം വളരെധികം ഇളയതായത് കാരണം അത് മത്സ്യമാംസം പോലെ തോന്നിച്ചു എന്നാണ്. ഇത് കൂടാതെ നരഭോജികള്‍ നരവംശശാസ്ത്രജ്ഞരോട് മനുഷ്യമാംസം മധുരമുള്ളത്, കയ്പ്പുള്ളത്, ഇളയത്, ഉറപ്പുള്ളത്, കൊഴുപ്പേറിയത് എന്നിങ്ങനെയും വര്‍ണ്ണിച്ചിട്ടുണ്ട്. ഈ വ്യത്യാസങ്ങള്‍ ഒരു പക്ഷെ പാചകരീതിയനുസരിച്ച് മാറുന്നതായിരിക്കാം. പല ഗോത്രങ്ങളും മരിച്ചവരുടെ മാംസം അത് ചെറുതായി അഴുകിയതിനു ശേഷമേ ഭക്ഷിക്കാറുള്ളൂ. ചുടുന്നതും കറി വെക്കുന്നതുമാണു സാധാരണായി കണ്ടു വരുന്ന പാചകരീതി. ചില ഗോത്രവര്‍ഗക്കാര്‍ മുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മദ്ധ്യ ആഫ്രിക്കയിലെ അസാന്‍ഡേ ഗോത്രക്കാര്‍ മനുഷ്യമാംസ കറിയുടെ മുകളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ശേഖരിച്ച് പിന്നീടു കറികളില്‍ ചേര്‍ക്കുന്നതിനോ വിളക്കെണ്ണയായോ ഉപയോഗിക്കുന്നതായി രേഖപെടുത്തിയിട്ടുണ്ട്. സൗത്ത് പസിഫിക്കിലെ നരഭോജി വംശജര്‍ മനുഷ്യ തുണ്ടുകള്‍ ഇലയില്‍ പൊതിഞ്ഞു തീയില്‍ ചുട്ടെടുക്കാറുണ്ട്. സുമാത്രയിലെ നരഭോജികളാകട്ടെ കുറ്റവാളികളെ നാരങ്ങയും ഉപ്പും ചേര്‍ത്ത് പാകം ചെയ്തു വിളമ്പിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈയടുത്ത കാലത്ത് നരഭോജന കുറ്റത്തിനു പിടിക്കപെട്ടവരുടെ ഇടയില്‍ ഒരോരുത്തരും ചില പ്രത്യേക ശരീരഭാഗങ്ങളില്‍ മാത്രം താത്പര്യം കാണിച്ചതായി കാണാം. റൂഡി യൂജീന്‍ എന്ന ഫ്ലോറിഡയിലെ ഒരു അക്രമകാരി അയാളുടെ ഇരയുടെ മുഖം മാത്രമാണ് ഭക്ഷിച്ചത്. സ്വീഡനിലെ ഒരു നരഭോജി ചുണ്ടുകള്‍ മാത്രമാണ് ഭക്ഷിച്ചത്. ടോക്യോയില്‍ ഒരു വ്യക്തിയാവട്ടെ ഏറ്റവും ഉയര്‍ന്ന ലേലം വിളിക്കുന്നവര്‍ക്ക് തന്റെ ജനനേന്ദ്രിയം പാകം ചെയ്തു വിളമ്പി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


നരഭോജി വംശജരും സമാനമായ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. സീബ്രുക്കിന്റെ വെസ്റ്റ് ആഫ്രിക്കയിലെ നരഭോജികള്‍ ഇടുപ്പ്, പ്രുഷ്ടഭാഗം, വാരിയെല്ല്, കൈപ്പത്തി എന്നീ ഭാഗങ്ങള്‍ മാര്‍ദ്ദവമേറിയ ഭാഗങ്ങളായി കണക്കാക്കുകയും ഇഷ്ടപ്പെടുകയും ചെയ്തതായി അദ്ദേഹം പറയുന്നു. അവര്‍ മറ്റു അവയവങ്ങളും ഭക്ഷിച്ചിരുന്നു, അദ്ദേഹം എഴുതുന്നു, പക്ഷെ മറ്റുള്ളതിന് മൃഗങ്ങളുടെ രുചിയില്‍ നിന്നു വ്യത്യാസം അനുഭവപെട്ടിരുന്നില്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫിജിയിലെ നരഭോജികള്‍ ഹൃദയം, തുടകള്‍, മേല്‍ക്കൈ എന്നീ ഭാഗങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നതായി രേഖപെടുത്തിയിട്ടുണ്ട്. (ആചാരപ്രമാണക്കാരായ നരഭോജികള്‍ ചിലപ്പോള്‍ രുചിയെക്കാളും പ്രാധാന്യം നല്കിയിരിക്കുക ആ ഭാഗത്തിന്റെ പ്രതീകാത്മകതയിലായിരിക്കാം. ഒരു വീര യോദ്ധാവിന്റെ ഹൃദയമോ ശക്തനായ പോരാളിയുടെ പേശികളോ ഭക്ഷിക്കുന്നതിലൂടെ മരിച്ച വ്യക്തിയുടെ അഭിലഷണീയമായ ഗുണങ്ങള്‍ ഭക്ഷിക്കുന്നവന് ലഭിക്കും എന്ന വിശ്വാസം ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നു.)

(സ്ളേറ്റ് മാഗസിന്‍)


Next Story

Related Stories