TopTop
Begin typing your search above and press return to search.

നേതാക്കളെ, ഈ രക്തത്തിന് മറുപടി നിങ്ങളാണ് പറയേണ്ടത്

നേതാക്കളെ, ഈ രക്തത്തിന് മറുപടി നിങ്ങളാണ് പറയേണ്ടത്

ടീം അഴിമുഖം


1972 സെപ്റ്റംബര്‍ 23ന് രാത്രിയാണ് തൃശൂര്‍ ചെട്ടിയങ്ങാടി ജംഗ്ഷനു സമീപം വച്ച് ബസിറങ്ങിവന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും അന്നത്തെ ഇടതുമുന്നണി കണ്‍വീനറുമായിരുന്ന അഴീക്കോടന്‍ രാഘവനെ കുത്തിക്കൊന്നത്. പോലീസും കോടതിയും പറഞ്ഞവരാണ് കൊലപാതകികളെന്ന് സി.പി.എമ്മോ കേരളത്തിലെ നല്ലൊരു ശതമാനം ജനങ്ങളോ വിശ്വസിച്ചിട്ടില്ല. യഥാര്‍ഥ ഗൂഡാലോചനക്കാര്‍ ആരെന്ന് ഒളിഞ്ഞും തെളിഞ്ഞുമൊക്കെ പുറത്തു വന്നിട്ടും അവരുടെയൊന്നും രാഷ്ട്രീയ ഭാവിയെ അതൊന്നും ബാധിച്ചില്ല.


ഇതു തന്നെയായിരിക്കും ടി.പി ചന്ദ്രശേഖരന്റെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയവര്‍ക്കും സംഭവിക്കുക. നാളെ നമ്മുടെ കേരളത്തിന്റെ പ്രധാന രാഷ്ട്രീയ ശബ്ദങ്ങളിലൊന്ന് കൊടി സുനിയോ ട്രൗസര്‍ മനോജോ ആയി മാറില്ലെന്ന് ആരു കണ്ടു? അതുപോലെ തന്നെ അത്ഭുതങ്ങളൊന്നും നടന്നില്ലെങ്കില്‍ തിരൂരില്‍ സി.പി.എംകാരെ വഴിയിലിട്ട വെട്ടിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ മജീദും കൂട്ടരും തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയവരുമൊക്കെ നാളെ കേരള രാഷ്ട്രീയത്തിന്റെ ദിശാബോധം നിര്‍ണയിച്ചെന്നു വരാം.


സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനെതിരെ 1995-ല്‍ നടന്ന വധശ്രമത്തിന്റെ പിന്നിലുള്ളവരുടെ പേരുകളും ഇതേ വിധത്തില്‍ കേരള സമൂഹത്തിനറിയാം. കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അവരുടെ രാഷ്ട്രീയ ഭാവിയെ സഹായിക്കുകയും ബലപ്പെടുത്തുകയും മാത്രമാണ് ചെയ്തിട്ടുള്ളത്. നേതാക്കള്‍ ഒന്നുകില്‍ പ്രതികളായില്ല. ആയവരില്‍ മിക്കവരും കോടതിയില്‍ നിന്ന് തടിയൂരി.


ഇവിടുത്തെ ഒരു പ്രധാന പ്രശ്‌നം കോടതിയില്‍ നിന്നും ലഭിക്കുന്ന ക്ലീന്‍ ചീട്ടിന് അപ്പുറത്താണ് ഒരു പൊതു പ്രവര്‍ത്തകന്റെ സമൂഹത്തിലുള്ള സ്ഥാനം എന്നതാണ്. സംഘടനയുടെ ബലത്തില്‍ തെരഞ്ഞെടുപ്പുകള്‍ ജയിക്കാനും മന്ത്രിയാകാന്‍ വരെയുമൊക്കെ അവര്‍ക്ക് പറ്റും. പക്ഷേ, ധാര്‍മികതയ്ക്ക് രാഷ്ട്രീയത്തില്‍ വലിയൊരു സ്ഥാനമുണ്ട്. അതുകൊണ്ടാണ് നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയെന്ന് അവരുടെ നേതാക്കള്‍ അവകാശപ്പെടുമ്പോഴും നല്ലൊരു വിഭാഗം ഇപ്പോഴും ഗുജറാത്ത് കൂട്ടക്കൊലയുടെ മുഖ്യ പ്രതിസ്ഥാനത്ത് മോദിയെ നിര്‍ത്തുന്നത്. ഇതേ അളവുകോല്‍ മോദിക്ക് മാത്രമല്ല, കേരളത്തിലെ തന്നെ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും പല നേതാക്കള്‍ക്കും ബാധകമാണ് എന്നതു കൂടി നാം ഓര്‍ക്കേണ്ടതുണ്ട്.


1956 മുതലുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രമെടുത്താല്‍ ഇന്ത്യയിലെ മറ്റെങ്ങും ഉള്ളതു പോലെയോ ഒരുപക്ഷേ അതിലേറെയോ രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിലും നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. കേരള രാഷ്ട്രീയത്തിന്റെ അടിസ്ഥാനശിലകളിലൊന്ന് വയലന്‍സാണ്. ഇത്തരം അക്രമങ്ങളെ സ്ഥാപനവത്ക്കരിച്ചും പ്രോത്സാഹിപ്പിച്ചുമാണ് ഇന്നത്തെ പല രാഷ്ട്രീയ നേതാക്കളും തങ്ങളുടെ നിലനില്‍പ്പും നേതൃത്വവും ഉറപ്പിക്കുന്നത്.


കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളും ക്ലീഷേ പ്രസംഗ പ്രയോഗങ്ങളും മുന്നില്‍ നിര്‍ത്തി പുറകില്‍ ആള്‍ക്കൂട്ടത്തിന്റെ അക്രമചോദനയെ പ്രോത്സാഹിപ്പിച്ചുമാണ് കേരള രാഷ്ട്രീയത്തിന്റെ ഇന്നത്തെ വളര്‍ച്ച. അതിന്റെ കൂടെ വര്‍ഗീയതയും കൂടി ചേര്‍ന്നപ്പോള്‍ അതൊരു മാരക വിഷമായി മാറിയിരിക്കുകയാണ്. കേരള രാഷ്ട്രീയത്തിന് അവകാശപ്പെടുന്ന പ്രബുദ്ധത ഒരു സോപ്പുകുമിള പോലെ തൊട്ടാല്‍ പൊട്ടുന്ന ഒന്നായി മാറിയിട്ടുണ്ട്.


ഈയൊരു രാഷ്ട്രീയ യാഥാര്‍ഥ്യമാണ് കേരളത്തിലെ ക്വൊട്ടേഷന്‍ സംഘങ്ങളില്‍ പലര്‍ക്കും ഊര്‍ജം നല്‍കുന്നതും കൊലപാതകങ്ങളെ ന്യായീകരിക്കുന്നതും. രാഷ്ട്രീയ ഗുണ്ടാ സംഘങ്ങളെ സ്വകാര്യ ബാങ്കുകളടക്കം ശമ്പളത്തിന് ഇറക്കിയിട്ടുണ്ട്. വളരെ വ്യാപകമായ ഒരു കള്ളപ്പണ, റിയല്‍ എസ്‌റ്റേറ്റ്, സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കും തണല്‍ നല്‍കുന്നത് ഈയൊരു വയലന്റ് രാഷ്ട്രീയം തന്നെയാണ്.


അക്രമ രാഷ്ട്രീയത്തിന്റെ കൂടരങ്ങുകളായിരുന്ന ഉത്തര്‍ പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍. എന്നാല്‍ 1980-കളുടെ ഒടുവില്‍ തുടങ്ങിയ പിന്നോക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും ഈയൊരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കി തുടങ്ങിയിട്ടുണ്ട്. അക്രമം കൊണ്ട് ഏറെനാള്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് നേതാക്കള്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു. അതുകൊണ്ടൊക്കെ തന്നെയായിരിക്കണം വര്‍ഗീയ സംഘട്ടനങ്ങള്‍ കൂടുമ്പോഴും നേര്‍ക്കുനേര്‍ ഫ്യൂഡല്‍ രീതിയിലുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍ കുറഞ്ഞു വരുന്നത്.


പക്ഷേ, കേരളവും ബംഗാളും ഈ ട്രെന്‍ഡിന് പുറത്താണ്. സി.പി.ഐ-എം തന്നെ പറയുന്നത് തങ്ങളുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ തൃണമൂല്‍ അക്രമത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. കേരളത്തിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇടതടവില്ലാതെ നടക്കുന്നുണ്ട്. ഇതോടൊപ്പം തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികളിലെ വര്‍ഗീയ അതിപ്രസരവും.


കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചു പഠിച്ചിട്ടുള്ള പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളത് വളരെ സൂക്ഷ്മമായ അളവില്‍ ജാതി, മത താത്പര്യങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ്. തിരൂരില്‍ കണ്ടതു പോലെയുള്ള അളവില്‍ വളരെ പ്രത്യക്ഷമായി വയലന്‍സ് നടത്താന്‍ സംഘടനകള്‍ തയാറാവുന്നതും ഇതിന് രാഷ്ട്രീയത്തിന് അപ്പുറത്ത് ചില ഘടകങ്ങള്‍ ഇഴചേര്‍ന്നിട്ടുണ്ട് എന്നതു കൊണ്ടാണ്.


പുതിയ രാഷ്ട്രീയ സാഹചര്യമെടുക്കുക. ദേശീയതലത്തില്‍ കോണ്‍ഗ്രസാകട്ടെ, ബി.ജെ.പിയാകട്ടെ, പുതിയ പ്രതിഭാസമായ ആം ആദ്മി പാര്‍ട്ടിയാകട്ടെ, ഇവയിലെല്ലാം വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാര്‍ കൂടുതലായി ആശയരൂപീകരണത്തിന് പങ്കാളികളാകുന്ന കാഴ്ച കാണാന്‍ പറ്റും. എന്നാല്‍ കേരളത്തില്‍ മിടുക്കന്മാരും മിടുക്കികളും ഇന്നും രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതിനുള്ള പ്രധാന കാരണം നേതാക്കളുടെ ആശീര്‍വാദത്തില്‍ നടക്കുന്ന ഈ കൊലപാതക രാഷ്ട്രീയം തന്നെയല്ലേ? അല്ലാതെ അരാഷ്ട്രീയവാദികളെന്ന് കേരളത്തിലെ യുവതലമുറയെ തള്ളിക്കളയാനാവില്ല. നേതൃത്വത്തിന്റെ ക്രിമിനല്‍- അഴിമതി സ്വഭാവം തന്നെയാണ് പുതുരക്തത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതും. നമ്മുടെ ക്യാമ്പസുകള്‍ അടക്കം അരാഷ്ട്രീയവത്ക്കരിക്കാന്‍ മതമേലധ്യക്ഷന്മാര്‍ക്ക് ഊര്‍ജം നല്‍കുന്നത് ഇതേ വയലന്റ് രാഷ്ട്രീയം തന്നെയാണ്. സംഘടന എന്നതിനു മുകളില്‍ സാമൂഹിക മാറ്റത്തെ കണ്ടാല്‍ മാത്രമേ ഈയൊരു പ്രവണതയ്ക്ക് അറുതി വരൂ.


Next Story

Related Stories