TopTop
Begin typing your search above and press return to search.

മൂത്ര ജിന്ന്‍

മൂത്ര ജിന്ന്‍

ഒമ്പതാം ക്ലാസീന്നുമാണ് 'ഓഹ്, ഇനിയിപ്പം എട്ക്കപ്പേറെ പഠിച്ച് ക്ലാസിലും സ്‌കൂളിലും പസ്റ്റ് മേങ്ങീട്ട് എന്ത് ഖുദ്രത്ത് ഒപ്പിക്കാനാണ് ' എന്ന ചിന്തയും, പല ജീവിതങ്ങളും ഗ്യാസിന്റെ ഗോട്ടി പോയ സോഡാ കുപ്പിക്ക് തുല്യമാക്കുകയും ചെയ്ത ആ ഫിലോസഫിയിലേക്ക് എനിക്ക് വിശ്വാസം കൂടുന്നത്. സൌന്ദര്യം കൂട്ടാന്‍ കടലപ്പൊടി, മഞ്ഞള്‍, പാല് എന്നിവ കലക്കി മോന്തമ്മല്‍ തേച്ചു പിടിപ്പിക്കുക, കണ്ണാടിയില്‍ നോക്കി സര്‍വ്വഭാവങ്ങളും മുഖത്ത് വിരിച്ചു വിളയാടി 'ഡില്‍തോ പാകലെ, ദില്‍ ദീവാനായെ' എന്ന് പാടുക, ചെങ്ങായിച്ചികളുമായി ഫിത്‌നേം ഫസാദും പറഞ്ഞു ഫോണ്‍ ബില്ല് കൂട്ടുക, ഉമ്മ, കാച്ചിയ എണ്ണയിട്ടു വളര്‍ത്താന്‍ നോക്കുന്ന മുടി എങ്ങനെയെങ്ങിലും ക്രോപ്പ് ചെയ്തു പരിഷ്‌ക്കാരി ആവുക എന്നിങ്ങനെ ജീവിതത്തിനു ഒരു ലക്ഷ്യവും അര്‍ത്ഥവും നല്‍കി ഞാന്‍ ജീവിക്കുന്ന സമയം. ഇത് വല്ലതും വീട്ടിലുള്ള കണ്ട്രീസിനു മനസ്സിലാകുമോ? എന്തൊക്കെയോ പഠിച്ചു പള്ള നെറച്ചും മാര്‍ക്കും വാങ്ങി വന്നോരെല്ലാം, മൂന്നും പെറ്റ് പള്ളയും ചാടി 'ദാ നോക്കീ, ചെറിയോന് കൊടക്കാന്‍ പയം മേങ്ങണേ' എന്ന് പിയാപ്ലമാരോട് പറയുന്നതല്ലാതെ 'ബാഷ്പീകരണം മൂലം അന്തരീക്ഷത്തിലെ ജലാംശം കൂടിയെന്ന് തോന്നുന്നു' എന്ന് ഒരിക്കല്‍ പോലും പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല.

ഇതൊക്കെ പറഞ്ഞിട്ടെന്താ കാര്യം... ചെലവിനു കൊടുക്കുന്നത് ഞാനല്ലാലോ? മുഖത്ത് പൂശാനുള്ള കടലമാവു പോലും ഓസിക്ക് ഇസ്‌ക്കുന്ന ഞാന്‍... ങ്ങാഹ് അപ്പോള്‍ പിന്നെ ഓരാണല്ലോ 'ദി മൊയലാളി'

അങ്ങനെ ദി മോയലാളീസ് എല്ലാരും കൂടി എന്റെ പഠിപ്പ് നന്നാക്കാനായി എന്നെ ബോര്‍ഡിങ്ങില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു! എന്നെ കോര്‍പ്പറേഷന്റെ കച്ചറബക്കറ്റിന്നും കിട്ടിയതാണെന്ന് നസിക്കാക്ക എത്രയോ തവണ പറഞ്ഞിരുന്നെങ്കിലും; എനിക്ക് ഉമ്മാന്റെ അതേ, മാവുരുട്ടി എറിഞ്ഞ പോലെയുള്ള മൂക്ക് ഉള്ളത് കൊണ്ട് ആ വാദത്തില് ചെറിയ ഒരു വിശ്വാസക്കുറവു എനിക്ക് ഉണ്ടായിരുന്നു. ആ വിശ്വാസത്തിനു ഇപ്പോള്‍ ചെറിയ ഒരു ഓട്ട വീണു. അല്ലാതെ പിന്നെ സൊന്തം മോളെ ആരെങ്കിലും കൊണ്ടോയി കന്യാസ്ത്രീകള്‍ക്ക് ഇട്ടു കൊടുക്കുമോ? അതും ഊട്ടിയിലോ കൊടൈകനാലിലോ ആയിരുന്നിരുന്നെങ്കില്‍ കുറച്ചു തണുപ്പോ, നാലക്ഷരം തമിളോ, രണ്ടു സാമ്പാര്‍ വടയോ കിട്ടുമായിരുന്നു; പക്ഷെ ദുഷ്ടകശ്മലചെയ്ത്താനുകള്‍ എന്നെ ഞാന്‍ പഠിക്കുന്ന അതേ സ്‌കൂളിലെ ബോര്‍ഡിങ്ങില്‍ ഇട്ടു. ഏത്? വീട്ടിന്നും വെറും 5 മിനിട്ട് ദൂരമുള്ള ബോര്‍ഡിംഗ്! അതായത് വീട്ടില് മത്തി പൊരിച്ചാല്‍ ആ മണം കൂട്ടി ബോര്‍ഡിങ്ങിലിരുന്നു എനിക്ക് ചോറെയ്ക്കാം! സൊന്തം മക്കളെ ആരെങ്കിലും ഇങ്ങനെ പീഡിപ്പിക്കുമോ?

എന്തായിരുന്നു എന്നെ കെട്ടിപ്പൊറുക്കി വിടാനുള്ള ആ സുസ്‌ക്കാന്തി! പണ്ടാരോ ദുബൈന്നും കൊണ്ടോന്ന പെട്ടി പൊടി തട്ടി എടുക്കുന്നു, പഴയ കെടക്ക പൊടി തട്ടി വെയിലത്തിടുന്നു, ബക്കറ്റ് വാങ്ങുന്നു, കെട്ടുന്നു, മുറുക്കുന്നു... അങ്ങനെ ബക്കറ്റും പെട്ടിയുമായി കോളേയാസ്പത്രീന്നും ഡിസ്ചാര്‍ജ് ചെയ്ത പോലെ ഞാന്‍ ബോര്‍ഡിങ്ങിലിറങ്ങി. അറിയുന്ന നാലഞ്ചു മുഖങ്ങള്‍ ഫുള്‍ കുളൂസില്‍ എന്നെ മൈന്‍ഡ് ആക്കുന്നു പോലുമില്ല. 'നിന്നെയൊക്കെ എടുത്തോളാമെടീ ചൂലുകളെ' എന്ന് മനസ്സില്‍ പറഞ്ഞു കുളൂസിനു യാതൊരു വകുപ്പും ഇല്ലാത്ത ഞാനും ഉള്ള മസിലൊക്കെ എടുത്തു പിടിച്ചു നിന്നു.

പെട്ടിയൊക്കെ കൊണ്ടോയി വെച്ച് ഭക്ഷണം കഴിക്കാന്‍ ഇറങ്ങി. കോഴിയും ചപ്പാത്തിയും പത്തിരിയും മീന്‍ മുളകിട്ടതും സുലെയ്മാനിയും കുടിച്ച് എന്റെ ബഹിഷ്‌ക്കരണം കൊണ്ടാടുകയായിരിക്കും ബ്ലഡി ഫൂള്‍സുകള്‍ തറവാട്ടില്‍. ചോറും സാമ്പാറും ഉപ്പേരിയും അടങ്ങുന്ന ലഘുഭക്ഷണം എങ്ങനെയൊക്കെയോ തിന്നു കിടപ്പ് മുറിയിലേക്ക് ഓരോരുത്തരായി നീങ്ങി. നീണ്ട ഒരു ഹാളില്‍ മത്തിയൊക്കെ പൊരിക്കാന്‍ ഇടുന്ന പോലെ വരിവരിയായി ഇട്ട കൊറേ കട്ടിലുകള്‍. അന്നേ വരെ വീട്ടിന്നും മാറി നിക്കാത്ത ഞാന്‍! വീട്ടിലായിരിക്കുമ്പോള്‍ അടുത്തുള്ള കട്ടിലുംമല്‍ വീരജവാന്മാരായ ഇക്കാക്കമാരും, തൊട്ടടുത്ത അറയില് ഉമ്മയും ഉപ്പയും ശീലമായ ഞാന്‍! ആ ഞാന്റെ കട്ടില് ഏറ്റവും ഇപ്പറം ജനലിന്റെ തൊട്ടടുത്ത്. വല്ല കള്ളന്മാരും വന്നാല്‍ ജനലില്‍ കൂടെ കയ്യിട്ടു എന്റെ രണ്ടു കിഡ്നിയും മാന്തി കൊണ്ടോവും. ലൈറ്റ് ഓഫാക്കി, അരണ്ട ഒരു ചുവന്ന ബള്‍ബിന്റെ വെളിച്ചം എവുടുന്നോ വരുന്നുണ്ട്. കണ്ണുംനട്ട് കൊതുവലന്റെ ഉള്ളില്‍ ഞാന്‍ അറിയുന്ന ദുആ ഒക്കെ ചെയ്തു കെടന്നു 'എന്റെ കിഡ്നിക്കു ഒരാപത്തും വെരല്ലേ'.

'ഒറങ്ങീലെ?' അടുത്തുള്ള ബെഡിന്നും അനൂപ എന്ന കുട്ടിയുടെ ശബ്ദം. 'ഇല്ല, ഒറക്കം വന്നില്ല' അങ്ങനെ സംസാരിച്ചു കെടന്നു പല ബോര്‍ഡിംഗ് വിശേഷവും പറയുന്ന കൂട്ടത്തില്‍ ഒരു കഥയും പറഞ്ഞു. പണ്ടെപ്പളോ ഇത് പോലെ ഒരു ഫസ്റ്റ് രാത്രി ബോര്‍ഡിങ്ങില്‍ ഒരു കുട്ടി രാത്രി മൂത്രമൊഴിക്കാന്‍ എണീച്ചു. നമ്മള് കെടക്കുന്നത് സെക്കണ്ട് ഫ്‌ലോറിലും ബാത്ത്‌റൂം ഫസ്റ്റ് ഫ്‌ലോറിലും ആണ്. പോകുമ്പോള്‍ അടുത്ത ബെഡിലെ കുട്ടി എണീച്ചിരിക്കുന്നത് കണ്ടു 'വേര്‍ ആര്‍ യൂ ഗോയിംഗ്' എന്ന് ചോദിച്ചപ്പോള്‍ അവളും ടോയിലെറ്റ് ആണ്. അപ്പോള്‍ പിന്നെ കമ്പനി ആയി പോകാമെന്ന് വെച്ച് രണ്ടാളും പോയി വന്നു. രാവിലെ എണീച്ചപ്പം അടുത്ത ബെഡില്‍ ആരെയും കാണുന്നില്ല. പിന്നെ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അങ്ങനെ ഒരു കുട്ടിയും ആ ബെഡില്‍ ഇല്ല എന്ന്. എന്നിട്ട് ഈ കുട്ടിക്ക് പിരാന്തായി പോയി അത്രേ! അതിനു ശേഷം പലപ്പോഴും രാത്രി മൂത്രമൊഴിക്കാന്‍ പോയവര് ഒരു വെള്ള കുപ്പായമിട്ട കുട്ടി ബാത്രൂമിന്റെ അടുത്ത് നിക്കുന്നത് കണ്ടിട്ടുണ്ട് പോലും. താങ്ക്യൂ അനൂപാ... ഈ സഹായം മൂത്രം ഒഴിക്കുന്നിടത്തോളം കാലം ഞാന്‍ മറക്കൂല, അതായത് ഇനി മൂത്രം പോയാല്‍! അല്ലെങ്കിലെ അറിയാത്ത സ്ഥലം, ഒറ്റാന്തടിയായ ഞാന്‍, കൊറച്ച് പേടിയുടെ അസ്‌ക്യത അല്ലെങ്കിലെ ഉള്ളവള്‍... ഇതിന്റെ ഒരു കൊറവ് ഇണ്ടെയ്‌നി, ഇപ്പം ശെരിയായി!

അതോടെ കള്ളനും കിഡ്നിയും ഞാന്‍ മറന്നു, 'റബ്ബേ മൂത്രം പാത്താന്‍ മുട്ടല്ലേ' എന്നായി ദുആ. പ്രാര്‍ഥിക്കാന്‍ ഓരോര്‍ത്തര്‍ക്കും ഓരോ കാരണങ്ങള്‍. എന്റെത് വളരെ സിമ്പിളായ ഒന്ന്. പുറത്ത് ആഞ്ഞു മയ പെയ്യുന്നുണ്ട് , തണുപ്പും പേടിയും പിന്നെ മൂത്രം ഒഴിക്കല്ലേ എന്നാ ചിന്തയും കൂടി കൂടി, എന്റെ ദുആ പടച്ചോന്‍ കേട്ടീല! എനിക്ക് ഘോരഘോരമായി പാത്താന്‍ മുട്ടി! ഞാന്‍ അടക്കി പിടിച്ച് കിടന്നു, ശ്വാസം വരെ പിടിച്ച് നിര്‍ത്തി... ഇനി ശ്വാസം വിടുമ്പോള്‍ ഒഴിച്ച് പോയാലോ? മൂത്രം, ടോയിലെറ്റ് , വെള്ളം എന്നീ ചിന്തകളില്‍ നിന്നും ചിന്ത മാറാന്‍ വേണ്ടി ഞാന്‍ വേറെ പലതും ആലോചിക്കാന്‍ ശ്രമിച്ചു. കോഴി ബിരിയാണി, ചട്ടിപത്തിരി ഉണ്ടാക്കുന്ന വിധം, വീട്ടില്‍ ഉള്ളവരുടെ പേരും വയസ്സും, ഒരു രക്ഷയും ഇല്ല. വന്‍ ശബ്ദത്തോടെ ഒരു മൂത്രസഞ്ചി സ്‌ഫോടനം ഉണ്ടായാലും വേണ്ടീല ഒരു പ്രേതത്തിന്റെ കൂട്ട് പിടിച്ച് മൂത്രമൊഴിക്കുന്ന പരിപാടി എന്തായാലും നഹിം നഹിം നഹിം. എന്നാലും എനിക്ക് മൂത്രമോഴിക്കണേ... വീട്ടിലെ രണ്ടടി കാലെടുത്ത് വെച്ചാല്‍ എത്തുന്ന ടോയിലെറ്റ് മനസ്സില്‍ കണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഉമ്മാ... ഉപ്പാ ഇതിനൊക്കെ ഇങ്ങള്‍ നരകത്തില്‍ പോകുമ്പോള്‍ കണക്കു ചോയിക്കും, ഒരു നിഷ്‌കളങ്കയായ കുട്ടിന്റെ സമാധാനപരമായി മൂത്രം പാത്താനുള്ള അധികാരം ഇങ്ങളൊക്കെ നിസ്‌ക്കരുണം തട്ടി പറിച്ചില്ലേ?

അങ്ങനെ മനസ്സ് നിറയെ പൊരെലെ ടോയിലെറ്റും കണ്ടു കിടക്കുമ്പോള്‍ ഹാളിന്റെ മറ്റേ അറ്റത്ത് ഒരനക്കം. അരണ്ട ചോന്ന വെളിച്ചത്തില്‍ ഒരു വെള്ള രൂപം! പടച്ചോനെ... എന്റെ അല്ലെങ്കിലേ സ്ലോ ആയിരുന്ന ശോസം ഫുള്ളായി നിന്നു, കണ്ണ് തള്ളി, മുടിയൊക്കെ എണീച്ച് നിന്ന് 'ജനഗണമന' പാടാന്‍ തൊടങ്ങി. വളരെ പതുക്കെ ആ രൂപം ഒഴുകി വരുന്നുണ്ട്, ഇടക്കിടക്ക് നിക്കുന്നു, പിന്നെയും ഒഴുകുന്നു. എന്റെ കട്ടിലിന്റെ അടുത്തെത്തി രൂപം നിന്നു. ഈ നട്ടപ്പാതിരക്ക് വേറെയാരും എണീച്ച് നടക്കൂല, ഇധവളാ... മൂത്ര ജിന്ന്! എനിക്ക് മൂത്രം ഒഴിക്കാനുണ്ടെന്നു കറക്റ്റ് മനസ്സിലാക്കിയിരിക്കുന്നു! വളരെ നേര്‍മ്മയുള്ള ശബ്ദത്തില്‍ മിസ്സ് മൂത്ര ജിന്ന് എന്നോട് ചോയിച്ചു 'കുട്ടി ഉറങ്ങിയോ?എന്തോ ഒരു സമണ്ട് എന്റെ പെര്‍മിഷന്‍ വാങ്ങാണ്ട് എന്റെ തൊള്ളേയിന്നും ഇറങ്ങി പോയി. ജിന്ന് എന്റെ കൊതുവല ഉയര്‍ത്തിയതും, ഞാന്‍ നീട്ടി മൂത്രമൊഴിച്ചു. എന്റെ കെടക്കയിലും നൈറ്റിയിലും മൂത്രത്തിന്റെ ചൂട് പടരുമ്പോള്‍ ആ മുഖം ഞാന്‍ വ്യക്തമായി കണ്ടു; ബോര്‍ഡിംഗ് മേട്രന്‍ സിസ്റ്റര്‍ നിധി മരിയ.


Next Story

Related Stories