TopTop
Begin typing your search above and press return to search.

മാര്‍ക്സ് തിരിച്ചുവരുമോ?

മാര്‍ക്സ് തിരിച്ചുവരുമോ?

“സര്‍വ്വലോക തൊഴിലാളികളെ, സംഘടിക്കുവിന്‍”, ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കാള്‍ മാര്‍ക്സിന്റെ ശവകുടീരത്തിലെ ലിഖിതമാണിത്. ശരിയാണ്, അത് അതേപടി ലോകത്ത് സംഭവിച്ചില്ല. പിടിച്ചടക്കല്‍ മുന്നേറ്റം കുറച്ചു മാസങ്ങളില്‍ ആഗോളതലത്തില്‍ ഉണ്ടാക്കിയ വലിയ ഇരമ്പം പോലെത്തന്നെ കാതടപ്പിക്കുന്നതാണ് ഇപ്പോഴുള്ള നിശ്ശബ്ദതയും. ഡാലിയനിലെ ചൈനീസ് തൊഴിലാളി സഖാക്കള്‍ക്കൊത്ത് ഒരു പൊതു ആവശ്യത്തിനായി ഡെട്രോയിറ്റിലെ തൊഴിലാളികള്‍ മുതലാളിയോട് ഏറ്റുമുട്ടുന്നത് ഒരു സാധാരണ കാഴ്ച്ചയുമല്ല. മറിച്ച്, ബഹുരാഷ്ട്ര കുത്തകകള്‍ തൊഴിലാളികളുടെ വിലപേശല്‍ ശക്തി ഏതാണ്ട് നാമമാത്രമാക്കിയതോടെ, ദരിദ്ര രാജ്യങ്ങളിലെ തങ്ങളുടെ സഹതൊഴിലാളികളെ സഹായിക്കാന്‍ ധനിക രാജ്യങ്ങളിലെ തൊഴിലാളികള്‍ തീര്‍ത്തും വിമുഖരാണ്. പക്ഷേ, ഒരു തരത്തില്‍ ആഗോള വര്‍ഗ രാഷ്ട്രീയം ഒരു തിരിച്ചുവരവ് നടത്തുകയാണെന്ന ചിന്താഗതിയും ശക്തമായുണ്ട്- ഏതാനും ട്രോട്സ്കിയിസ്റ്റ് അദ്ധ്യാപകര്‍ മാത്രമല്ല ഇത് പറയുന്നത്. അങ്ങനെയെങ്കില്‍ ആഗോള ധനികവര്‍ഗത്തിന് അങ്കലാപ്പിലാവാന്‍ സമയമായി. തീര്‍ച്ചയായും, അത് സായുധ കലാപത്തിനുള്ള ആഹ്വാനംപോലെ ഭീഷണമായ ഒന്നാകില്ല. പക്ഷേ ലോകത്തെ ഒരു ശതമാനം ധനികപ്രഭുക്കളെ അധികം താമസിയാതെ ഒരു പുതിയ ഭൂതം വേട്ടയാടും; മധ്യവര്‍ഗ പ്രതിഷേധം എന്ന ഭൂതം.

കാള്‍ മാര്‍ക്സ് വര്‍ഗസമരത്തിന് മഹാദുരന്തസമാനമായൊരു യുക്തിയുണ്ടെന്ന് കണ്ടു. ഒരു ചെറുവിഭാഗം വരുന്ന ധനികരുടെ ഭരണകൂടത്തിനെതിരെ മഹാഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിന്റെ പോരാട്ടത്തിന് അനിവാര്യമായൊരു അന്ത്യമേയുള്ളൂ: തൊഴിലാളികള്‍ 1,ധനികര്‍ 0. തൊഴിലാളി വിപ്ലവത്തിന്റെ ചോദന അടിസ്ഥാനപരമായി ഒരു സാര്‍വ്വദേശീയ വികാരമാണെന്നും മാര്‍ക്സ് വാദിച്ചു. പണിശാലകളിലെ ആത്മാവില്ലാത്ത ജീവിതത്തിന്റെയും കൊടുംദാരിദ്ര്യത്തിന്റെയും അനുഭവങ്ങള്‍ ഒരു പോലെ പങ്കുവെക്കുന്ന തൊഴിലാളിവര്‍ഗം രാജ്യ, സമുദ്രാതിര്‍ത്തികള്‍ മറികടന്നു ഒന്നിക്കും. മാര്‍ക്സ് ഇതെഴുതുന്ന കാലത്ത് വിവിധ രാജ്യങ്ങളിലെ ദരിദ്രര്‍ ഏതാണ്ട് സമാന സാഹചര്യങ്ങളിലാണെന്ന്, അല്ലെങ്കില്‍ താമസിയാതെ അങ്ങനെയാകുമെന്ന ധാരണ യുക്തിസഹവും പ്രബലവുമായിരുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848) എഴുതുന്ന കാലത്ത് ആഗോളതലത്തിലെ വരുമാന അസന്തുലിതാവസ്ഥ രാജ്യങ്ങള്‍ക്കുള്ളിലെ വര്‍ഗ വ്യത്യാസം മൂലമായിരുന്നു എന്ന് ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ ബ്രാങ്ക് മിലാനോവിക് പറയുന്നു. ചില രാജ്യങ്ങള്‍ മറ്റുള്ളവയെക്കാള്‍ വ്യക്തമായും സമ്പന്നമായിരുന്നെങ്കിലും ഒരാളെ ധനികനോ ദരിദ്രനോ ആയി കണക്കാക്കുന്നതിനുള്ള വരുമാനം ഇംഗ്ലണ്ടിലും ഫ്രാന്‍സിലും അമേരിക്കയിലും എന്തിന് അര്‍ജന്റീനയിലും ഏതാണ്ട് സമാനമായിരുന്നു.
പക്ഷേ വ്യാവസായിക വിപ്ലവം ശക്തിപ്പെട്ടതോടെ ആ തുല്ല്യതയില്‍ അടുത്ത ശതാബ്ദത്തോടെ നാടകീയമായി മാറ്റം വന്നു- ആഗോള തൊഴിലാളി വിപ്ലവമെന്ന മാര്‍ക്സിന്റെ പ്രവചനം പാടെ പിഴക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കമ്മ്യണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു അല്‍പ്പകാലത്തിനുള്ളില്‍ത്തന്നെ ബ്രിട്ടണിലെ തൊഴിലാളികളുടെ വേതനം ഉയരാന്‍ തുടങ്ങി. യൂറോപ്പിലും വടക്കേ അമേരിക്കയിലും ഇതേ പ്രവണത ദൃശ്യമായി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ സാമ്പത്തിക വിദഗ്ധന്‍ ലാന്‍റ് പ്രിട്ചെട്ട് കൃത്യമായി വിശേഷിപ്പിച്ചപ്പോലെ “വിഭിന്നതയുടെ വലിയ കാലങ്ങളിലേക്ക്” ലോകം കടക്കുകയായിരുന്നു. മാഡിസണ്‍ പ്രൊജെക്ടിന്റെ ചരിത്രപരമായ കണക്കുകളുടെ രേഖകള്‍ പ്രകാരം 1870-ല്‍ ബ്രിട്ടനില്‍ പ്രതിശീര്‍ഷ ജി ഡി പി 3,190 ഡോളറായിരുന്നു. ആഫ്രിക്കന്‍ ശരാശരി 648 ഡോളറും. 2010-ലെ പ്രതിശീര്‍ഷ ജി ഡി പിയുമായി ഇതൊന്നു താരതമ്യം ചെയ്തുനോക്കു; ബ്രിട്ടനില്‍ ഇത് 23,777 ഡോളറും, ആഫ്രിക്കന്‍ ശരാശരി 2,034 ഡോളറുമാണ്. 140 കൊല്ലങ്ങള്‍ക്കുമുമ്പ് ശരാശരി ആഫ്രിക്കക്കാരന്‍ അയാളുടെ ബ്രിട്ടീഷ് സഖാവിനെ അപേക്ഷിച്ച് അഞ്ചിലൊന്ന് ധനികനായിരുന്നു. ഇന്ന്, അയാളുടെ മൂല്യം പത്തിലൊന്നായി ഇടിഞ്ഞിരിക്കുന്നു.

അര്‍ത്ഥശൂന്യമായി പെരുപ്പിച്ച സി ഇ ഒ ശമ്പളത്തിന്റെയും ഓഹരി വിപണിയിലെ ലാഭത്തിന്റെയും കണക്കുകളില്‍ പല അമേരിക്കക്കാരും മുഴുകാറുണ്ടെങ്കിലും ഒരു കടുത്ത സാമ്പത്തിക വസ്തുത അവര്‍ കാണാതെ പോവുകയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സുസ്ഥിര വളര്‍ച്ചയുടെ വഴിയിലെത്തിയപ്പോള്‍ രാജ്യങ്ങള്‍ക്കകത്തെ വരുമാന അസന്തുലിതാവസ്ഥയെക്കാള്‍ പതിന്‍മടങ്ങു പെരുകുകയായിരുന്നു രാജ്യങ്ങള്‍ തമ്മിലുള്ള വരുമാന അന്തരം. അതായത് കിഴക്കന്‍ ലണ്ടനിലെ ഒരു താത്ക്കാലിക തൊഴിലാളി, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുമെങ്കില്‍, ലാഗോസിലെത്തിയാല്‍ അവളൊരു രാജ്ഞിയെപ്പോലെ ജീവിക്കും. വര്‍ഷാവസാനമുള്ള നിങ്ങളുടെ ബോണസില്‍ തൃപ്തനല്ലെങ്കില്‍ ഇതൊന്നു നോക്കൂ; ഇന്ത്യയിലെ ഏറ്റവും ധനികരായ 5 ശതമാനത്തിന്റെ ശരാശരി വരുമാനം അമേരിക്കയിലെ ഏറ്റവും ദരിദ്രരായ 5 ശതമാനത്തിന്‍റേതിന് സമാനമാണ്.

ബാങ്കുകളെയും ബഹുരാഷ്ട്ര കുത്തകകളെയും പോലെ സമ്പത്തും ദാരിദ്ര്യവും ഇന്ന് ആഗോളീകരിക്കപ്പെട്ടിരിക്കുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും ഏറ്റവും താഴ്ന്ന പടിയിലുള്ള നഗര ജീവനക്കാര്‍ പോലും ദരിദ്ര വികസ്വര രാജ്യങ്ങളിലെ അവരുടെ അതേ ജോലി ചെയ്യുന്നവരെക്കാള്‍ എത്രയോ ധനികരാണ് (വാങ്ങല്‍ ശേഷിയിലെ തുല്യത പരിഗണിച്ചാല്‍ പോലും). ആ രാജ്യങ്ങളിലെ ചെറുകിട കര്‍ഷകരെയോ, കച്ചവടക്കാരെയോ അപേക്ഷിച്ചാണെങ്കില്‍ അവര്‍ അളക്കാന്‍ പറ്റാത്ത വിധത്തില്‍ മെച്ചമാണുതാനും.
ക്ഷമിക്കണം മാര്‍ക്സ്: യൂറോപ്പിലെയും അമേരിക്കയിലേയും ദരിദ്രര്‍ പോലും ദക്ഷിണേഷ്യയുടെയോ ആഫ്രിക്കയുടെയോ മാനദണ്ഡങ്ങള്‍ വെച്ചുനോക്കിയാല്‍ ഉപരിവര്‍ഗ്ഗത്തിന്റെ ശ്രേണിയിലാണെന്നതാണ് സര്‍വ്വലോക തൊഴിലാളികള്‍ ഇനിയും ഒന്നിക്കാത്തതിന്റെ കാരണം. ‘പിതൃഭൂമിയെ രക്ഷിക്കാന്‍’ എന്ന ന്യായമുപയോഗിച്ച് ‘കോളനികളെ അടിമകളാക്കാനുള്ള’ ‘അവരുടെ’ ‘ബൂര്‍ഷ്വാസിയുടെ’ ‘അവകാശങ്ങള്‍’ മറച്ചുവെച്ച യൂറോപ്പിലേയും അമേരിക്കയിലേയും പല സോഷ്യലിസ്റ്റുകളുടേയും വഞ്ചനയെ കമ്മ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്റെ 1920-ലെ രണ്ടാം കോണ്‍ഗ്രസ് അപലപിച്ചിരുന്നു. “വികസിത രാജ്യങ്ങളില്‍ സാമ്രാജ്യത്തത്തെ നശിപ്പിച്ചതിനുശേഷം പിന്നാക്ക രാജ്യങ്ങളിലെ സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ മുഴുവനായും വിപ്ലവാത്മകമായി മാറ്റിതീര്‍ത്തത്തിന് ശേഷമേ” ഈ അവിശ്വാസം തുടച്ചുനീക്കാനാകൂ എന്നും അവിടെക്കൂടിയ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ അതെല്ലാം പെട്ടന്നുതന്നെ മാറിയേക്കും. ആഗോളീകരണം തൊണ്ണൂറുകളിലെ പുത്തന്‍ വരവായിരുന്നെങ്കിലും അതിന്റെ പണി ഇപ്പോളും നടന്നുകൊണ്ടിരിക്കുകയാണ്. പരസ്പരബന്ധിതമായ ആഗോള വിപണികള്‍ കൂടുതല്‍ പരസ്പരബന്ധിതമാകുന്നതോടെ ശരാശരി വരുമാനം ഒരുപോലെയാകുകയാണ്. കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ ശരാശരി വരുമാനത്തിലെ അന്തരം കുറക്കും വിധത്തില്‍ അതിവികസിത രാജ്യങ്ങളെക്കാള്‍ വേഗത്തിലാണ് വികസ്വര രാജ്യങ്ങളുടെ വളര്‍ച്ച. സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് സുബ്രമണ്യത്തിന്റെ അഭിപ്രായത്തില്‍ 2030-ഓടെ ചൈന മൊത്തം യൂറോപ്യന്‍ യൂണിയനെക്കാള്‍ സമ്പന്നമാകും, 31,000 ഡോളര്‍ പ്രതിശീര്‍ഷ ജി ഡി പി വരുമാനത്തോടെ, ബ്രസീലും അത്ര പിന്നിലാകില്ല. ഇന്തോനേഷ്യയുടെ പ്രതിശീര്‍ഷ ജി ഡി പി 23,000 ഡോളറാകും-അതായത് സാങ്കേതിക വിദ്യകളുടെ കേന്ദ്ര സ്ഥാനമായ തെക്കന്‍ കൊറിയയുടെ വരുമാനത്തിന് തുല്യം.
ലളിതമായി പറഞ്ഞാല്‍ ഏതാണ്ട് ഒരു തലമുറ കഴിയുമ്പോള്‍ ലോകത്തെ നല്ലൊരു വിഭാഗം ധനികരാകും; അല്ലെങ്കില്‍ ഉറച്ച മധ്യവര്‍ഗം. ഞാനും എന്റെ സഹപ്രവര്‍ത്തക സാറ ദിക്സ്ട്രയും ചേര്‍ന്ന് രൂപപ്പെടുത്തിയ കണക്കുകള്‍ അനുസരിച്ചു ലോക ബാങ്കിന്റെ രീതിയില്‍ ‘ഉയര്‍ന്ന വരുമാനമുള്ള’ എന്നു വിളിക്കാവുന്ന രാജ്യങ്ങളിലാണ് ലോകത്തെ ജനസംഖ്യയുടെ 16 ശതമാനവും വസിക്കുന്നത്. എന്നാല്‍ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ദശാബ്ദത്തിലേത്പോലെ തുടര്‍ന്നാല്‍ 2030-ഓടെ ലോകത്തെ 41 ശതമാനം ജനതയും ‘ഉയര്‍ന്ന വരുമാനമുള്ള’ രാജ്യങ്ങളിലായിരിക്കും കഴിയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ വികസ്വര രാജ്യങ്ങള്‍ അടുത്തകാലത്ത് കണ്ടപോലെ വളര്‍ന്നാല്‍ രാജ്യങ്ങള്‍ക്കിടയിലെ അസമത്വം ചുരുങ്ങും-അതേസമയം രാജ്യങ്ങള്‍ക്കകത്തെ അസമത്വം ആഗോള അസമത്വത്തിന്റെ പ്രധാന പ്രഭവകേന്ദ്രമാവുകയും ചെയ്യും.

മാര്‍ക്സ് ശരിയാണ് എന്നതാണോ ഇതിനര്‍ത്ഥം?-കണക്കുകൂട്ടലുകളില്‍ ചില നൂറ്റാണ്ടുകളുടെ വ്യത്യാസം? പൂര്‍ണമായും അങ്ങനെയല്ല.

വിക്ടോറിയന്‍ കാലത്തെ ബ്രിട്ടനിലെ തൊഴിലാളി വര്‍ഗത്തിന് സ്വപ്നം കാണാന്‍ മാത്രം കഴിയുന്നൊരു ജീവിതം നയിക്കുന്നവരാണ് ഈ മധ്യവര്‍ഗം. ഇരുണ്ടു നരകസമാനമായ വസ്ത്രനിര്‍മ്മാണശാലകളിലല്ല, എല്‍‌ഇ‌ഡി വിളക്കുകളുടെ വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന കടകളിലും കാര്യാലയങ്ങളിലുമാണ് അവര്‍ പണിയെടുക്കുന്നത്. ആയുര്‍ദൈര്‍ഘ്യം കണക്കിലെടുത്താല്‍ 1848-ലെ ശരാശരി ഒരാളെ അപേക്ഷിച്ച് ഇവര്‍ 40 വര്‍ഷംകൂടി ജീവിക്കും. പക്ഷേ, കടലുകള്‍ക്കപ്പുറമുള്ള തൊഴിലാളി സഖാക്കളുമായി പൊതുപ്രശ്നങ്ങള്‍ അവര്‍ പങ്കുവെക്കുമോ?

ഒരു പക്ഷേ, പ്രതിരോധമാണ് ഏക മാര്‍ഗം എന്നതുകൊണ്ടായിരിക്കില്ല. എല്ലായിടത്തും കൂലി വെറും നിലനില്‍പ്പിനുമാത്രം ഉപകരിക്കുന്ന വിധത്തില്‍ ചുരുങ്ങിപ്പോകും എന്ന അവസ്ഥയില്‍ സര്‍വ്വലോക തൊഴിലാളികള്‍ സംഘടിക്കുകയും പോരാടുകയും ചെയ്യുമെന്നാണ് മാര്‍ക്സ് പ്രവചിച്ചത്. പക്ഷേ വേതനം ലോകത്തെങ്ങും ഉയരുമ്പോള്‍ തൊഴിലാളി വര്‍ഗത്തിന്റെ അവസ്ഥ-കടുത്ത ജോലി,കുറഞ്ഞ കൂലി- ഇന്നിപ്പോള്‍ എളുപ്പമായ ജോലിയും മെച്ചമായ വേതനവും എന്നായിരിക്കുന്നു. ചൈനയില്‍ മാത്രം ഇതിപ്പോള്‍ ദശലക്ഷക്കണക്കിനാളുകളെ ദാരിദ്ര്യത്തില്‍നിന്നും പുറത്തുകൊണ്ടുവന്നിരിക്കുന്നു. മികച്ച രീതിയില്‍ നിയന്ത്രിച്ച വിപണികളെ വെച്ചുനോക്കിയാല്‍ 20-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങള്‍ ഉണ്ടായ സമൂഹങ്ങള്‍ ജീവിത നിലവാരത്തിന്റെ കാര്യത്തില്‍ തികച്ചും മോശമായിരുന്നു എന്നത് വ്യക്തമാണ്.
പക്ഷേ വാറെന്‍ ബുഫെറ്റിന് ആശ്വസിക്കാം എന്നല്ല ഇതിനര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ലാഗോസിലെയും ലണ്ടനിലേയും ദരിദ്രര്‍ കൂടുതല്‍ കൂടുതലായി ഒരുപോലെ ആകുമ്പോള്‍ 2030-ല്‍ ലോകത്തെ തൊഴിലാളികള്‍ ഒന്നിക്കാനുള്ള സാധ്യത കൂടുതലാണ്. സാങ്കേതികവിദ്യയും വ്യാപാരവും മനുഷ്യരാശിയെ വീണ്ടും അടുപ്പിക്കുന്നതോടെ ലോകത്തെ ഏതാണ്ട് 3.5 ബില്ല്യണ്‍ വരുന്ന തൊഴിലാളികള്‍ സ്വന്തം രാജ്യങ്ങളിലെ ഉപരിവര്‍ഗ്ഗവുമായുള്ളതിനെക്കാള്‍ തങ്ങള്‍ക്ക് തമ്മിലുള്ള സമാനതകളെക്കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാകും.


തങ്ങളുടെ വിയര്‍പ്പും രക്തവും ഒരുപിടി വരുന്ന ആഗോള മുതലാളിത്ത ധനികവര്‍ഗത്തെ മാത്രം കൊഴുപ്പിക്കാന്‍ ഉപയോഗിക്കാതെ കൂടുതല്‍ സന്തുലിതമായി നല്കാന്‍ അവര്‍ സര്‍ക്കാരുകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തും. ലോകത്തെ ധനികവര്‍ഗം സമ്പത്തൊളിപ്പിക്കുന്ന നികുതിരഹിത സ്വര്‍ഗ്ഗങ്ങള്‍ അടച്ചുപൂട്ടാന്‍ അവര്‍ ശ്രമിക്കും. കമ്പനികളെ ആകര്‍ഷിക്കാനായി നികുതി ഒഴിവും തൊഴില്‍ നിയമങ്ങളില്‍ ഇളവും വരുത്താന്‍ ഏതറ്റം വരെയും പോകുന്നതിനു തടയിടാനുള്ള ഉടമ്പടികള്‍ക്കായി അവര്‍ വാദിക്കും. രാജ്യങ്ങള്‍ക്കുള്ളില്‍ മാത്രമല്ല തങ്ങള്‍ക്കിടയിലും സ്വതന്ത്ര നീക്കം അനുവദിച്ചുകൊണ്ടു ആഗോള ജീവിതശൈലിയുടെ ഗുണഫലങ്ങള്‍ ലോകത്തെ ധനികര്‍ക്ക് മാത്രമല്ല കിട്ടുന്നത് എന്നുറപ്പാക്കാന്‍ അവര്‍ ശ്രമിക്കും. അതൊരു തൊഴിലാളിവര്‍ഗ വിപ്ലവമൊന്നുമായിരിക്കില്ല എന്നത് ശരിതന്നെ. പക്ഷേ അങ്ങനെപ്പറഞ്ഞാല്‍, ഇടത്തരക്കാരന്‍ ഒരിയ്ക്കലും കടുത്ത വിപ്ലവകാരികളായിരുന്നിട്ടില്ല- പക്ഷേ തികഞ്ഞ ഫലപ്രാപ്തിയുള്ളവരായിരുന്നു. ധനികവര്‍ഗത്തിനുനേരെ നിരാശരായ ദരിദ്രരുടെ കലാപത്തിന്റെ രാഷ്ട്രീയം അടുത്ത ദശാബ്ദത്തില്‍ അധികം കാണില്ല. എന്നാല്‍ ഇടത്തരക്കാരുടെ മുന്നേറ്റം ഉണ്ടാവുകയും ചെയ്യും. ഒരുപക്ഷേ ഇതെല്ലാം മാര്‍ക്സിന്റെ മുഖത്ത് ഒരു പ്രേതസ്മിതം പടര്‍ത്തിയേക്കാം.


Next Story

Related Stories