UPDATES

കേരളം

ഈ ഹര്‍ത്താല്‍ മരംകൊള്ളക്കാര്‍ക്കും പാറമട ലോബിയ്ക്കും വേണ്ടി – പി.ടി തോമസ്

മലയോരമേഖല വീണ്ടും ചൂടുപിടിക്കുകയാണ്. കസ്തൂരി രംഗന്‍ റിപോര്‍ടിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിയെ ലോലമായി പ്രഖ്യാപിച്ച 2013 നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുന്നതാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഹരിത ട്രിബ്യൂണല്‍ മുന്‍പാകെ വ്യക്തമാക്കി എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മലയോര മേഖല വീണ്ടും സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ഇടുക്കിയിലും കോഴിക്കോടിന്‍റെ മലയോര മേഖലകളിലുമാണ് ഇടതുപക്ഷം ഹര്‍ത്താല്‍ നടത്തുന്നത്. എന്നാല്‍ ഇത് തെറ്റിദ്ധാരണ ജനകമായ പ്രചാരണം മാത്രമാണെന്നും ഹരിത ട്രിബ്യൂണല്‍ മുന്‍പാകെ ഗോവ ഫൌണ്ടേഷന്‍റേതായി വന്ന വാദത്തില്‍ കേന്ദ്രം നിലപാട് അറിയിക്കുക മാത്രമേ ചെയ്തുള്ളൂ എന്നും സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയെതിന് ശേഷമേ തീരുമാനമെടുക്കൂ എന്ന ഡിസംബറിലെ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നു എന്നുമാണ് യു ഡി എഫുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഈ ഹര്‍ത്താല്‍ മരം കൊള്ളക്കാര്‍ക്കും പാറമട ലോബികള്‍ക്കും വേണ്ടിയുള്ളതാണെന്ന കടുത്ത വിമര്‍ശനമാണ് ഇടുക്കി എം പി പി ടി തോമസ് ഉന്നയിക്കുന്നത്. പി ടി തോമസ് അഴിമുഖത്തോട് സംസാരിക്കുന്നു.

മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ടിന്‍റെ പേരില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളും ആശങ്കകളും പടര്‍ത്തി ജനങ്ങളുടെ ഇടയില്‍ ഭീതി പടര്‍ത്തുകയാണ് ഇടുക്കിയില്‍ ഒരു കൂട്ടം ആളുകള്‍. നിര്‍ഭാഗ്യ വശാല്‍ അതിനു നേതൃത്വം നല്‍കുന്നതില്‍ ചുരുക്കം ചില വൈദികരും പങ്കാളികളാകുന്നു എന്നത് ഏറ്റവും ഖേദകരമായ ഒരു വസ്തുതയാണ്. ഉദാഹരണത്തിന് കൃഷിക്കാരുടെ കൃഷി ഇടങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ക്ക് ഫോറെസ്റ്റുകാര്‍ വന്ന് നമ്പര്‍ ഇടുന്നു എന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. നമ്പറിട്ടു കഴിഞ്ഞാല്‍ മരം വെട്ടി എടുക്കാന്‍ പറ്റില്ല. പിന്നീട് അത് ഗവണ്‍മെന്റിന്‍റേതായി മാറും. അതുകൊണ്ട് കിട്ടുന്ന വിലയ്ക്ക് മരങ്ങള്‍ വില്‍ക്കാനുള്ള പ്രേരണ കൊടുക്കുകയാണ്. അടിമാലിയില്‍ പറയുന്നത് മൂന്നാറില്‍ മരത്തിന് നമ്പറിട്ടു എന്നാണ്. മൂന്നാറില്‍ പറയുന്നത് ഇടുക്കിയില്‍ മരങ്ങള്‍ക്ക് നമ്പറിട്ടു എന്നാണ്. ഇടുക്കിയില്‍ പറയുന്നത് കുമളിയില്‍ നമ്പറിട്ടു എന്നും. ഇങ്ങനെ വ്യാപകമായി കള്ള പ്രചാരണങ്ങള്‍ നടത്തി ആശങ്ക പടര്‍ത്തുകയാണ്. ഈ പ്രചരണം കേള്‍ക്കുന്ന പാവപ്പെട്ട കൃഷിക്കാരന്‍ തങ്ങള്‍ നട്ടു വളര്‍ത്തിയ പ്ലാവ്, മാവ്, ആഞ്ഞിലി തുടങ്ങിയ മരങ്ങള്‍ കിട്ടുന്ന വിലയ്ക്ക് വില്‍ക്കാന്‍ തയ്യാറാവുകയാണ്. മരം കൊള്ളക്കാര്‍ക്ക് കൊള്ള ലാഭം കൊയ്യാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുന്നത്.
 

അതോടൊപ്പം തന്നെ ആറുമണിക്ക് ശേഷം കുട്ടികള്‍ കരഞ്ഞാല്‍ കാട്ടുമൃഗങ്ങള്‍ക്ക് ഉറങ്ങാന്‍ പറ്റില്ല, വിടുകള്‍ക്കെല്ലാം അവര്‍ പറയുന്ന പെയിന്‍റടിക്കണം, തേക്കടി-മൂന്നാര്‍ റോഡിന്‍റെ വലതു വശത്ത് കാട്ടുമൃഗങ്ങള്‍ക്ക് നടന്നു പോകാന്‍ വേണ്ടി മാറ്റിവച്ചിരിക്കുകയാണ്, പട്ടയം കൈമാറ്റം ചെയ്യാന്‍ പറ്റില്ല, വസ്തു വാങ്ങാനും വില്‍ക്കാനും പറ്റില്ല, രജിസ്ട്രേഷന്‍ നടക്കില്ല ഇങ്ങനെ തുടങ്ങി കൃഷിക്കാരില്‍ ഭീതി ജനിപ്പിക്കുന്ന പ്രചരണമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. ദേവാലയത്തിലെ കുര്‍ബാന മധ്യേ പോലും ചുരുക്കം ചില വൈദികര്‍ ഇപ്രകാരം പ്രചരിപ്പിക്കുന്നു എന്നുള്ളതും വളരെ ഉത്കണ്ഠ ജനിപ്പിക്കുന്ന ഒന്നാണ്. തീവ്രവാദ സംഘടനകള്‍ പോലും പറയാത്ത ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇടുക്കി ജില്ലയിലെ എരട്ടിയാര്‍ പഞ്ചായത്തില്‍ പെട്ട പള്ളിക്കാനം എന്ന സ്ഥലത്തെ പള്ളിയിലെ ഒരു വികാരി അച്ഛന്‍ അവിടെ നടന്ന ഒരു പ്രകടനത്തിന് ശേഷം ജനങ്ങളോട് പറഞ്ഞത് പി ടി തോമസിന്‍റെ കയ്യും കാലും വെട്ടിയിട്ടിട്ട് പോരേ, ബാക്കി കാര്യം ഞാന്‍ നോക്കിക്കൊള്ളാമെന്നാണ്. ഇതിന് മുന്പ് ഇതിന് സമാനമായ കള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി ഇവര്‍ പ്രചരിപ്പിച്ചിരുന്നു. കുറേ പാറമട ലോബികള്‍ക്കും തടി കച്ചവടക്കാര്‍ക്കും  ഹൈറേഞ്ചിനെ കൊള്ളയടിക്കാന്‍ ഇക്കൂട്ടര്‍ കൂട്ട് നില്‍ക്കുകയാണ്.

ഏറ്റവും സുശക്തമായ നീതിന്യായ പീഠമുള്ള ഒരു രാജ്യമായ ഇന്‍ഡ്യയില്‍ നീതിന്യായ കോടതിയുടെ ഭാഗമായ ഹരിത ട്രിബ്യൂണലിന്‍റെ മുന്പില്‍ ഒരു കേസ് വരുമ്പോള്‍, കേസിന്‍റെ ഒരു അവധി മാറ്റി മറ്റൊരു ദിവസത്തിലേക്കു വയ്ക്കുമ്പോഴോ, വിചാരണ മധ്യേ എന്തെങ്കിലും പരാമര്‍ശം ഉണ്ടാകുമ്പോഴോ അത് അന്തിമ വിധിയാണെന്ന് പ്രചരിപ്പിച്ച് ഹര്‍ത്താല്‍ നടത്തുന്ന ഇടതുപക്ഷ മുന്നണിയുടെ രാഷ്ട്രീയ പാപ്പരത്തം ഓര്‍ത്ത് കേരളം തീര്‍ച്ചയായും ലജ്ജിക്കും. ഇതിലൂടെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇടുക്കി ജില്ലയിലുടനീളം സ്ഥലം വില്‍ക്കാന്‍ പാടില്ല, വാങ്ങാന്‍ പാടില്ല, ഒരു വീട്ടിലെ ഒരംഗം വീട് മാറി മറ്റൊരു വീട്ടില്‍ താമസിക്കാന്‍ പാടില്ല, തുടങ്ങിയ പ്രചാരണങ്ങള്‍ അഴിച്ചു വിട്ട് വസ്തു വകകളുടെ കച്ചവടം സ്തംഭിപ്പിക്കുകയാണ് ഇവര്‍. എന്നിട്ട് ഇവര്‍ തന്നെ പരാതിപ്പെടുകയാണ് ഇടുക്കിയിലെ സ്ഥല കച്ചവടം നിന്നു പോയി, ആകെ അരാജകത്വമാണ് എന്ന്.  നീതിന്യായ കോടതി ഇടപ്പെട്ടു ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ നിയന്ത്രിക്കേണ്ടതാണ്. ഇടുക്കി ബിഷപ്പ് ആനികുഴികാട്ടില്‍ ഇരട്ടയാര്‍ പള്ളിയില്‍ കുര്‍ബാന മധ്യേ പ്രസംഗിച്ചത് കുമ്പമ്പാറ എന്ന സ്ഥലത്തു 35 രാജ വെമ്പാലകളെ ഫോറെസ്റ്റ് ഡിപ്പാര്‍ട്മെന്‍റ് അഴിച്ചു വിട്ടു, മറയൂരില്‍ അഞ്ച് കടുവകളെ അഴിച്ചു വിട്ടു, ശാന്തന്‍ പാറയില്‍ പുലികളെ ഇറക്കി വിട്ടു, തേക്കടിയില്‍ രണ്ടു ലോഡ് കുരങ്ങന്‍മാരെ ഇറക്കിവിട്ടു എന്നൊക്കെയാണ്. അഭിവന്ദ്യനായ ഒരു വൈദിക ശ്രേഷ്ഠനാണ് ഇത്തരം കാര്യങ്ങള്‍ കുര്‍ബാന മധ്യേ പറയുന്നത്. ദൈവത്തിന്‍റെ പ്രതിപുരുഷനാണ് വൈദികന്‍ എന്ന സങ്കല്‍പ്പത്തിലാണ് വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്. അവിടെ അസത്യ പ്രചരണത്തിനുള്ള വേദിയാക്കി മാറ്റുന്നത് കാണുമ്പോള്‍ കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല എന്ന യേശുദേവന്‍ പറഞ്ഞ വാക്കുകളാണ് ഓര്മ്മ വരുന്നത്.
 

കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നതിന് തുല്യമായ നടപടിയാണ് ഇന്നത്തെ ഹര്‍ത്താല്‍. ഹരിത ട്രിബ്യൂണല്‍ മുന്‍പാകെ ഇത് സംബന്ധിച്ച് ഒരു കേസ് വന്നു അവിടെ നടന്ന എന്തോ പരമര്‍ശത്തിന്റെ പേരിലാണ് ഇടുക്കിയില്‍ ഹര്‍ത്താല്‍ നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ടുകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ 13-11-2013ലെ ഓഫീസ് മെമ്മോറാണ്ടം നിലനില്‍ക്കുന്നുണ്ടോ എന്നു ബെഞ്ച് ചോദിക്കുകയാണ് ഉണ്ടായത്. 13-11-2013ലെ ഓഫീസ് മെമ്മോറാണ്ടവും അതോടൊപ്പം, 20-11-2013ലെ ഓഫീസ് മെമ്മോറാണ്ടവും നിലനില്‍ക്കുന്നുണ്ടെന്നും 20-11-2013ലെ ഓഫീസ് മെമ്മോറാണ്ടമനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതികള്‍ കൊടുക്കാന്‍ അവസരമുണ്ടെന്നും ഇത് അന്തിമമായ വിധിയല്ല എന്നുമാണ് ഹരിത ട്രിബ്യൂണല്‍ പറഞ്ഞിട്ടുള്ളത്. ഇതിനെ വളച്ചൊടിച്ചു കൊണ്ടാണ് ഇടതുപക്ഷമുന്നണി ഹര്‍ത്താല്‍ ആചരിക്കുന്നത്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള രാഷ്ട്രീയക്കളി മാത്രമാണിത്. ജനങ്ങള്‍ ഇത് തിരിച്ചറിയണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍