TopTop
Begin typing your search above and press return to search.

ഉച്ചപ്പടങ്ങളെക്കുറിച്ച് ഒരാസ്വാദനം

ഉച്ചപ്പടങ്ങളെക്കുറിച്ച് ഒരാസ്വാദനം

സാജു കൊമ്പന്‍

വളരെക്കാലത്തിന് ശേഷമാണ് ഒരു ഉച്ചപ്പടത്തിനിറങ്ങിയത്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഉച്ചപ്പടത്തിന് പോവുക എന്നു പറഞ്ഞാല്‍ തുണ്ട് പടം കാണാന്‍ പോവുക എന്നായിരുന്നു അര്‍ത്ഥം. എന്നാല്‍ 70കളുടെ ഒടുവിലും 80 കളിലും ഉച്ചപ്പടം എന്നു പറഞ്ഞാല്‍ ‘ബുദ്ധിജീവി’ പടങ്ങളായിരുന്നു. നൂണ്‍ ഷോ ആയി മാത്രം പ്രദര്‍ശിപ്പിച്ച അന്നത്തെ ആര്‍ട് പടങ്ങള്‍. അന്നത്തെ ശബ്ദഘോഷങ്ങള്‍ നിറഞ്ഞ കളര്‍ഫുള്ളായ കച്ചവട സിനിമകളുടെ സമാന്തരമായിരുന്നു ഈ പടങ്ങള്‍. താരാധിപത്യത്തിനെതിരെയുള്ള കലാപങ്ങള്‍. അടിയന്തിരാവസ്ഥ സൃഷ്ടിച്ച ആകുലതയും മുഖ്യധാരാ ഇടതുപക്ഷത്തോടുള്ള പ്രതിഷേധവും അസ്തിത്വ വ്യഥയുമെല്ലാം ആ സിനിമകളെ പ്രക്ഷുബ്ദങ്ങളായ കലാവിഷ്ക്കാരങ്ങളാക്കി മാറ്റി. യഥാര്‍ഥത്തില്‍ ആ പടങ്ങള്‍ കാണിക്കേണ്ടിയിരുന്നതും നട്ടുച്ച നേരത്ത് തന്നെയായിരുന്നു. കാരണം അന്നത്തെ യുവാക്കളുടെ ഉള്ളിലെ ചൂടും ചൂരുമായിരുന്നു ആ പടങ്ങള്‍. അതിന്‍റെ വക്കുകളില്‍ ചോര പൊടിഞ്ഞു കിടന്നിരുന്നു. നല്ല സിനിമയ്ക്കു വേണ്ടി യുദ്ധം ചെയ്ത സാമുറായികളായിരുന്നു ആ പടങ്ങളുടെ സൃഷ്ടാക്കള്‍. സ്വയംവരവും (അടൂര്‍ ഗോപാലകൃഷ്ണന്‍), ഉത്തരായനവും (അരവിന്ദന്‍) കബനി നദി ചുവന്നപ്പോഴും (ബക്കര്‍), ഇനിയും മടിച്ചിട്ടില്ലാത്ത നമ്മളും (രവീന്ദ്രന്‍), അമ്മയറിയാനും (ജോണ്‍ എബ്രഹാം), അതിഥിയും (കെ പി കുമാരന്‍), അശ്വഥാമാവും(കെ ആര്‍ മോഹനന്‍), യാരോ ഒരാളും(പവിത്രന്‍), സ്വപ്നാടനവും (കെ ജി ജോര്‍ജ്) ആലീസിന്‍റെ അന്വേഷണവുമൊക്കെ (ടി വി ചന്ദ്രന്‍) കണ്ട് നട്ടുച്ച നേരത്ത് ആളുകള്‍ ജീവിതത്തിന്റെ തിളയ്ക്കുന്ന വെയിലിലേക്ക് വെന്തിറങ്ങി.

അന്നത്തെ ഉച്ചപ്പട സംവിധായകരെല്ലാം ഇന്ന് വൃദ്ധരായി. മള്‍ടിപ്ലെക്സ് പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള നഗര കേന്ദ്രീത നോണ്‍ലീനിയര്‍ കഥാകഥനങ്ങള്‍ക്കിടയിലും ലാഭമെന്ന രേഖീയമായ കമ്പോള യുക്തിക്കിടയിലും പെട്ട് ചിലര്‍ സിനിമയില്‍ നിന്ന് പിന്‍വാങ്ങി. മറ്റ് ചിലര്‍ തങ്ങള്‍ക്കിപ്പോഴും ജീവനുണ്ട് എന്ന തെളിവിനായി ഇടയ്ക്കൊക്കെ ചില സിനിമകളുമായി വന്നു. അങ്ങനെയൊരു സിനിമ കാണാനാണ് കഴിഞ്ഞ ദിവസം ഇറങ്ങിയത്. ടി വി ചന്ദ്രന്‍റെ ഭൂമിയുടെ അവകാശികള്‍. മോളെ കാണിക്കണ്ട എന്ന് തീരുമാനിക്കുന്ന സിനിമകള്‍ക്കാണ് സാധാരണ ഞങ്ങള്‍ ഉച്ചയ്ക്ക് പോകാറുള്ളത്. പക്ഷേ ഈ പടം അവള്‍ കൂടി കണ്ടോട്ടെ എന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നു. ടി വി ചന്ദ്രന്‍റെ തന്നെ കഥാവശേഷന്‍ ടി വി യില്‍ വന്നപ്പോള്‍ ഒറ്റക്കിരുന്നു അവള്‍ മുഴുവന്‍ കണ്ടിരുന്നു. മാത്രമല്ല ആ സിനിമ കണ്ട് ഞാന്‍ കരഞ്ഞുപോയി എന്ന് അവള്‍ പറയുകയും ചെയ്തിരുന്നു.

അമ്മയറിയാന്‍

കഴിഞ്ഞ ദിവസം ഇങ്ങനെ ഒരു പടം ഇറങ്ങിയിട്ടുണ്ടെന്നും നമുക്ക് പോകാമെന്നും പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചതു ആരാ നായകന്‍ എന്നാണ്. കൈലാസും ശ്രീനിവാസനും എന്ന് പറഞ്ഞപ്പോള്‍ അവളുടെ നെറ്റി ചുളിഞ്ഞു. പടം പൊട്ടയായിരിക്കും അവള്‍ പറഞ്ഞു. അഭിനയിക്കുന്നവരെ നോക്കിയാണോ നമ്മള്‍ പടം നല്ലതാണോ ചീത്തയാണോ എന്നൊക്കെ തീരുമാനിക്കുന്നത്? ഞാന്‍ ചോദിച്ചു. നീ കാണുന്ന ആനിമേഷനില്‍ നടന്‍മാരൊന്നുമില്ലല്ലോ? അവളൊന്നു പരുങ്ങി. അത് ശരിയാണ്. നല്ല കഥയായിരിക്കണം. പക്ഷേ സിനിമ വിജയിക്കണമെങ്കില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള നടനും നടിയുമൊക്കെ വേണം. അല്ലെങ്കില്‍ കാണാന്‍ ആളുണ്ടാകില്ല. അവളുടെ വാദത്തില്‍ ഉറച്ചു നിന്നു.

അങ്ങനെ ഞാനും സഫിയയും കൂടി തിരുവനന്തപുരത്തെ സര്‍ക്കാര്‍ തിയറ്ററായ ശ്രീയിലെത്തി. തൊട്ടടുത്ത കൈരളിയില്‍ സത്യന്‍ അന്തിക്കാടിന്റെ ആം ആദ്മി പടം ഒരു ഇന്‍ഡ്യന്‍ പ്രണയകഥയും അപ്പുറത്ത് നിളയില്‍ തമിഴ് നടന്‍ അജിത്തിന്‍റെ വീരവുമാണ് കളിക്കുന്നത്. രണ്ടു പടത്തിനും ടിക്കെറ്റെടുക്കാന്‍ ചെറിയ ക്യു ഉണ്ട്. ഭൂമിയുടെ അവകാശികള്‍ കളിക്കുന്ന ശ്രീയുടെ ടിക്കറ്റ് കൌണ്ടറിന് മുന്‍പില്‍ പത്തു പന്ത്രണ്ടു പേര്‍ വട്ടംകൂടി നില്‍ക്കുന്നു. മിക്കവരും മധ്യവയസ്ക്കരോ വൃദ്ധരോ ആണ്. ഞങ്ങള്‍ നേരെ കൌണ്ടറിനടുത്ത് ചെന്നു ടിക്കറ്റിന് പണം കൊടുത്തപ്പോള്‍ കമ്പിവലയ്ക്കപ്പുറത്ത് നിന്ന് ഒരു പരുക്കന്‍ ശബ്ദം. “30 ആളുകള്‍ ആയാല്‍ മാത്രമേ ഷോ നടത്തുകയുള്ളൂ”. അപ്പോഴാണ് ആളുകള്‍ വട്ടം കൂടിയിരിക്കുന്നതിന്‍റെ ഗുട്ടന്‍സ് പിടികിട്ടിയത്. ഞാന്‍ എണ്ണി നോക്കി ഞങ്ങളടക്കം 14 പേര്‍. ഇനിയും വേണം 16 ആളുകള്‍. കൂട്ടത്തില്‍ നിന്ന് ഒരു വൃദ്ധന്‍ പറഞ്ഞു “ഞങ്ങള്‍ ചന്ദ്രന്‍റെ പടം കാണാന്‍ വന്നവരാണ്. കുറച്ചു സമയം കൂടി നിന്നാല്‍ മുപ്പതു പേരാകുമായിരിക്കും” നിങ്ങള്‍ പോകരുത് എന്നൊരപേക്ഷ അയാളുടെ പറച്ചിലില്‍ ഉള്ളതായി ഞങ്ങള്‍ക്ക് തോന്നി. സമയം നോക്കിയപ്പോള്‍ സിനിമ തുടങ്ങാന്‍ ഇനിയും അരമണിക്കൂറുണ്ട്. ചിലപ്പോള്‍ തിയറ്ററുകാരന്‍റെ 30 എന്ന മാജിക്കല്‍ നമ്പര്‍ അര മണിക്കൂര്‍ കൊണ്ട് കടന്നേക്കാം. ഞങ്ങളും അവരുടെ കൂടെ കൂടി.

ഭൂമിയുടെ അവകാശികള്‍

പിന്നീട് വരുന്നവരിലും ഞങ്ങള്‍ കാത്തു നില്‍ക്കുന്നതിന്‍റെ ഉദ്ദേശ്യം അറിയിച്ചു കൊടുക്കുകയും അവരില്‍ സിനിമ പ്രദര്‍ശിപ്പിക്കും എന്ന പ്രത്യാശ ജനിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഏറ്റവും വിഷമകരമായ കാര്യം. ഞങ്ങള്‍ക്ക് ശേഷം അഞ്ചു പേര്‍ കൂടി ഭൂമിയുടെ അവകാശികള്‍ കാണുക എന്ന ലക്ഷ്യത്തോടെ എത്തി. സമയം വൈകിയതോടെ അതിലൊരാള്‍ അമല പോളിനെയും ഫഹദ് ഫാസിലിനെയും കാണാന്‍ കയറി. മറ്റൊരാള്‍ വീരത്തിന്‍റെ പോസ്റ്ററില്‍ പുച്ഛത്തോടെ നോക്കി വേഗത്തില്‍ വണ്ടി ഓടിച്ച് പോയി. എന്നാല്‍ ഞങ്ങളാരും തന്നെ ഞങ്ങളിതാ 15 പേര്‍ ഉണ്ട്. ഞങ്ങള്‍ക്ക് വേണ്ടി സിനിമ കളിക്കണം എന്ന് തീയറ്റര്‍ മാനേജറോട് ആവിശ്യപ്പെട്ടില്ല. അങ്ങനെയൊരു സംഘടിത ബോധമൊന്നും ഞങ്ങള്‍ക്കുണ്ടായില്ല.

എന്തായാലും സിനിമ കാണാന്‍ കഴിയാത്തതിന്‍റെ ഇച്ഛാഭംഗത്തില്‍ ഇന്‍ഡ്യന്‍ കോഫീ ഹൌസില്‍ നിന്ന് ചായയും കട് ലെറ്റും കഴിച്ച് ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. എന്തായാലും ഇന്ന് വൈകുന്നേരത്തെ ഷോയ്ക്ക് ഒന്നു പോയ് നോക്കാം. ചിലപ്പോള്‍ നൂണ്‍ ഷോ ആയതു കൊണ്ടായിരിക്കും. ഞാന്‍ സമാധാനിച്ചു.

അതിഥി

ടി വി ചന്ദ്രന്‍റെ സിനിമകള്‍ ഒന്നും ഇതുവരെ മിസ് ചെയ്തിട്ടില്ല. ആദ്യത്തെ സിനിമ കൃഷ്ണന്‍കുട്ടിയും അനുരാധയെ നായികയാക്കി അഭിനയിപ്പിച്ച ഹേമാവിന്‍ കാതലര്‍കള്‍ എന്ന സിനിമയുമൊഴിച്ച് എല്ലാം കണ്ടിട്ടുണ്ട്. ദൂരദര്‍ശന്റെ ഒരു നട്ടുച്ച ഷോയിലാണ് ആലീസിന്‍റെ അന്വേഷണങ്ങള്‍ കണ്ടത്. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ക്ലാസ് കട് ചെയ്ത് പൊന്തന്‍ മാട കാണുന്നത്. ഒരു നൂണ്‍ ഷോയ്ക്ക്. പിന്നീട് നാട്ടില്‍ (വയനാട്ടില്‍) വെച്ചാണ് മങ്കമ്മയും സൂസന്നയും കണ്ടത്. മങ്കമ്മ കണ്ടതും നൂണ്‍ ഷോ ആയിരുന്നു. മാനന്തവാടിയില്‍ വെച്ച്. അതേ ഷോയ്ക്ക് ഓഫീസിലെ ബുദ്ധിജീവിയായ സുഹൃത്തിനെയും കൂട്ടി അച്ഛനും ഉണ്ടായിരുന്നു. ഞങ്ങള്‍ പസ്പരം കാണാതെ മാറിയിരുന്നു. സൂസന്ന കണ്ടത് സെക്കന്‍റ് ഷോയാണ്. സിനിമ കണ്ടിട്ട് പാതിരാത്രി പത്ത് കിലോമീറ്റര്‍ നടത്തം. അന്നത്തെ ഭ്രാന്ത്. കൂടെ സിനിമ കാണാനുണ്ടായിരുന്ന സുഹൃത് ഇന്‍റെലെക്‍ച്വല്‍ ഹിപ്പോക്രസി എന്ന് സിനിമയെ വീശേഷിപ്പിച്ചത് കേട്ടപ്പോള്‍ ദേഷ്യം വന്നു.(ഞാന്‍ അന്ന് ടി വി ചന്ദ്രന്‍ ഫാന്‍സ് അസോസിയേഷന്‍ ആയിരുന്നു). ടി വി ചന്ദ്രന്‍റെ സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമ ഡാനി കണ്ടത് തിരുവനന്തപുരം ജീവിതം ആരംഭിച്ച ആദ്യ കാലത്താണ്. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ അന്ന് 30 ദിവസത്തോളം ആ സിനിമ തിരുവനന്തപുരം ധന്യ തിയറ്ററില്‍ കളിച്ചു. ടി വി ചന്ദ്രന്‍റെ ഗുജറാത്ത് സിനിമാ ത്രയത്തിലെ ആദ്യത്തെ സിനിമ കാഥാവശേഷന്‍ ഞാനും ഡിസൈനര്‍ സൈനുല്‍ ആബിദും ഒന്നിച്ചായിരുന്നു കണ്ടത്. ഗുജറാത്ത് കലാപം ഉണ്ടാക്കിയ ഞെട്ടലും കഥാവശേഷനിലെ വല്ലാത്ത വൈകാരികതയും ഞങ്ങളെ രണ്ടു പേരെയും വല്ലാതെ ഉലച്ചു കളഞ്ഞു. പാഠം ഒന്നു ഒരു വിലാപവും, വിലാപങ്ങള്‍ക്കപ്പുറത്തും എന്‍റെ ഭാര്യ സഫിയയ്ക്ക് ഏറെ പ്രിയപ്പെട്ട സിനിമകളായിരുന്നു. കാരണം മുസ്ലീം കുടുംബത്തിനുള്ളിലെ യാഥാസ്ഥിതിക ജീവിതത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്നതാണ് അവള്‍. ഗുജറാത്ത് സിനിമ ത്രയത്തിലെ മൂന്നാമത്തെ സിനിമയാണ് ഭൂമിയുടെ അവകാശികള്‍. കോര്‍പ്പെറേറ്റ് മാധ്യമങ്ങള്‍ മോഡി യുഗത്തിന് ശംഖനാദം മുഴക്കി തുടങ്ങിയ ഈ ഘട്ടത്തില്‍ ഭൂമിയുടെ അവകാശികള്‍ തരുന്ന ചലച്ചിത്രാനുഭവം എനിക്കു വേണമായിരുന്നു.

ഏകാകിനി

ഞാന്‍ വീണ്ടും ഫസ്റ്റ് ഷോ കാണാന്‍ ശ്രീ തിയറ്ററിലെത്തി. രാവിലെത്തെ അതേ അനുഭവം തന്നെ വൈകുന്നേരവും. രാവിലെ കണ്ട വൃദ്ധന്‍ ഇത്തവണയും പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്നുണ്ട്. പാര്‍ക്കിംഗ് ഗ്രൌണ്ടിലെ സെക്യൂരിറ്റിയോട് കാര്യം തിരക്കി. “ഷോ നടക്കാന്‍ സാധ്യതയുണ്ടോ അണ്ണാ..?” ആദ്യ ദിവസം രണ്ടു ഷോ മാത്രമേ നടന്നുള്ളൂ. ഇന്നിനി നടക്കാന്‍ സാധ്യതയില്ല എന്നു അയാളുടെ മറുപടി വന്നു. മങ്കമ്മയില്‍ താന്‍ നായകനായി അഭിനയിച്ച കബനിനദി ചുവന്നപ്പോള്‍ എന്ന സിനിമ കണ്ടിറങ്ങുന്ന സംവിധായകന്‍ ടി വി ചന്ദ്രന്‍റെ ഒരു ദൃശ്യമുണ്ട്. ആ സീനില്‍ തിയറ്ററിലെ ടിക്കറ്റ് മുറിക്കുന്ന മനുഷ്യന്‍ ഇങ്ങനെ പറയുന്നുണ്ട്, " വന്ന്‍ വന്ന്‍ ഏത് മരമോന്തയ്ക്കും സിനിമയില്‍ അഭിനയിക്കാമെന്നായി.." സെക്യൂരിറ്റി പയ്യന്‍റെ മുഖത്തെ ചിരി കണ്ടപ്പോള്‍ എനിക്കീ ഡയലോഗാണ് ഓര്മ്മ വന്നത്.

വീട്ടിലെത്തിയപ്പോള്‍ മകള്‍ അമ്മു പറഞ്ഞു. “ഞാന്‍ പറഞ്ഞില്ലേ ഈ സിനിമ പൊട്ടുമെന്ന്. വല്ല ബ്ലാക് ഫാന്‍റസി എന്നോ മറ്റോ പേരിട്ട് അമല പോളിനെയും ഫഹദിനെയും അഭിനയിപ്പിച്ചിരുന്നെങ്കില്‍ സിനിമ കാണാന്‍ ആള്‍ക്കാര്‍ വന്നേനെ..”!


Next Story

Related Stories