UPDATES

കേരളം

നമോ വിചാറുകാരെ ആനയിക്കുംമുമ്പ് പിണറായി വിജയന്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍

അജയന്‍ കെ.ആര്‍
 
“രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍
അവരെ പാലൂട്ടി വളര്‍ത്തിയ 
അമ്മമാര്‍ക്ക് അഭിവാദ്യങ്ങള്‍
നമുക്ക് ചുറ്റും പാറി നടന്ന് 
ഇതിന് പകരം ചോദിക്കൂ,
പകരം ചോദിക്കൂ  
എന്ന് നമ്മോട് ആവശ്യപ്പെടുന്ന 
അവരുടെ ധീരാത്മക്കള്‍ക്ക് 
അഭിവാദ്യങ്ങള്‍”
 
സോവിയറ്റ് റഷ്യയിലെ വിപ്‌ളവത്തിന്റെ പടവാളുകളില്‍ ഒന്ന് എന്ന്, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഉടനീളം അറിയപ്പെടുന്ന സ്റ്റാലിന്‍ നല്‍കിയ മറക്കരുതാത്ത പാഠമാണിത്. കമ്യൂണിസ്റ്റുകാര്‍ക്ക് ഇത് സ്വന്തം സഖാക്കള്‍ക്ക് വേണ്ടിയുള്ള കേവലം വ്യക്തിപരമായ പ്രതികാരത്തിന്റെ പ്രശ്‌നമല്ല എന്നത് കൊണ്ടാണ് സ്റ്റാലിന്‍ രക്തസാക്ഷികളെ വളര്‍ത്തിയെടുത്ത, അവര്‍ക്ക് പാലൂട്ടിയ അമ്മമാര്‍ ഉള്‍പ്പെടുന്ന ജനതയെ ആകെ അഭിവാദ്യം ചെയ്യുന്നത്. ജനങ്ങള്‍ക്കെതിരായി ആയുധവും ആശയവും ഉപയോഗിക്കുന്ന ഹിറ്റ്‌ലറുടെ ഫാസിസത്തെ നേരിടാന്‍ റഷ്യന്‍ ജനതയെ ഒരൊറ്റ മുഷ്ടിയാക്കി തീര്‍ത്തത് ഈ ഓര്‍മയാണ്. അവിടെയാണ് ഇന്ത്യയിലെ വര്‍ഗീയ ഫാസിസ്റ്റുകള്‍ എന്ന് കമ്യൂണിസ്റ്റ് – ഇടതുപക്ഷ – ജനാധിപത്യവാദികള്‍ എല്ലാം തന്നെ ഉറച്ച് നിന്ന് ആരോപിക്കുന്ന കാവിപ്പടയുടെ ഏറ്റവും കിരാതമുഖമായ ഗുജറാത്തിലെ നരമേധ നേതാവിന്റെ പേരില്‍ സി.പി.എം പുരോഗമനലക്ഷണങ്ങള്‍ കാണുന്നത്. അങ്ങനെയാണ് നരേന്ദ്രമോദി വിചാര്‍ മഞ്ചിന്റെ ചുരുക്കമായ നമോ വിചാര്‍ മഞ്ചിനോട് പിണറായി വിജയന്‍ നമോവാകം പറയുന്നത്.
 
ഒ.കെ.വാസുവിന്റ്റെ പാര്‍ട്ടി ടിക്കറ്റ് ഓകെ ആക്കുമ്പോള്‍ ഒരു ജനുവരി 26 കൂടി രണ്ട് പതിറ്റാണ്ട് കുറിച്ചുകൊണ്ട് രക്തശോഭമായി ഉദിക്കുന്നുണ്ട്. അത് തല്ലിക്കെടുത്താവുന്ന കുറുവടിയും കഠാരയുമാണ് കത്തിവേഷമായി പിണറായി അരങ്ങത്തേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. അത് ഒരിയ്ക്കലും അവരെ പാലൂട്ടി വളര്‍ത്തിയ അമ്മക്ക് അഭിവാദ്യം പറഞ്ഞ സ്റ്റാലിന്റെ പിന്മുറയല്ല, മറിച്ച് സ്റ്റാലിന്‍ പരാജയപ്പെടുത്തി കൊടികുത്തിയ ബര്‍ലിനിലെ ഹിറ്റ്‌ലറൈറ്റ് ഫാസിസത്തിന്റെ കരിനിഴലുമായുള്ള അവിഹിത ബാന്ധവമാണ്.
 
 
അപ്പോള്‍ സഖാവ് സുധീഷിനെ ഓര്‍ക്കേണ്ടതുണ്ട്. എസ്.എഫ്.ഐ നേതാവ് കെ.വി.സുധീഷിന്റെ അമ്മയുടെ കണ്ണുകള്‍ കണ്ട ക്രൗര്യമാര്‍ന്ന കൊലക്കത്തി ഒരുപട്ടുമടിശീലയിലും ഒളിപ്പിക്കാന്‍ കഴിയില്ല. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയും കൂത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗവുമായ സുധീഷിനെ, റിപബ്‌ളിക് ദിന പുലരിയില്‍ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച് കയറി മാതാപിതാക്കളുടെ മുന്നിലിട്ട് നരാധമന്മാര്‍ 37 കഷ്ണങ്ങളായി വെട്ടിയരിയുകയായിരുന്നു.
 
കെ.വി.സുധീഷിന് ഒരു മുന്‍മുറക്കാരനുണ്ട്. പഴയ മലബാറിന്റെ തെക്കേ അറ്റത്ത് ഇന്നത്തെ തൃശൂര്‍ ജില്ലയിലെ നാട്ടിക ഫര്‍ക്കയില്‍ ‘ഇത് നമ്മുടെ റിപ്പബ്‌ളിക്ക് അല്ല’ എന്ന് ഉറക്കെ വിളിച്ചതിന്, ചെങ്കൊടിയേന്തി പരസ്യമായി അത് ആഞ്ഞ് വിളിച്ചതിന് സര്‍ദാര്‍ ഗോപാലകൃഷ്ണനെ ഒരുരാവ് മുഴുവന്‍ ഭേദ്യം ചെയ്ത് കൊലപ്പെടുത്തി കടല്‍തീരത്ത് പോലീസ് കുഴിച്ച്മൂടിയ ദിനം കൂടിയാണ് ജനുവരി 26. വര്‍ഗവൈരത്തിന് കൃത്യമായി അതിര്‍വരമ്പുകള്‍ വരച്ച ധീരന്മാര്‍ക്ക് ചരിത്ര തുടര്‍ച്ചയുണ്ടെന്നര്‍ത്ഥം.
 
 
എന്നാല്‍, ബി.ജെ.പി.വിട്ട് നരേന്ദ്രമോദി വിചാര്‍മഞ്ച് രൂപീകരിക്കപ്പെടുന്നത് സാമ്പത്തിക – സദാചാര വിഷയങ്ങള്‍ ഉയര്‍ത്തികൊണ്ടായിരുന്നു. ബി.ജെ.പി.ക്കും ആര്‍.എസ്.എസിനും എതിരല്ല, നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കണമെന്ന ഒരു ലക്ഷ്യമാണുള്ളത് തങ്ങള്‍ക്ക് എന്നായിരുന്നു അവരുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നത്. 
 
ഇതൊക്കെയാണ് കാര്യങ്ങള്‍. ചേരികള്‍ക്ക് അപ്പുറത്ത് നിന്ന് ഒരേ തൂവല്‍പക്ഷികളായി കൈകോര്‍ക്കുന്ന നമോ വിചാര്‍ മഞ്ചുകാര്‍ക്കും അവരുടെ ആതിഥേയര്‍ക്കും പക്ഷെ അതോര്‍മ്മയുണ്ടാകണമെന്നില്ല. അവരിന്ന് വര്‍ഗ വൈരത്തിന്റെ അതിര്‍ത്തി മായ്ച്ച് കളയുന്നതിന്റെ തിരക്കിലാണ്. കാരണം അവരുടേത് ഒരു പൊതുലക്ഷ്യമാണ്.
 
(കൂത്തുപറമ്പ് സ്വദേശിയാണ് ലേഖകന്‍)
ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍