TopTop
Begin typing your search above and press return to search.

ഷെര്‍ലക് ഹോംസും വാട്സണും തമ്മിലെന്ത്?

ഷെര്‍ലക് ഹോംസും വാട്സണും തമ്മിലെന്ത്?

വില്ലാ പാസ്ക്കിന്‍ (സ്ലേറ്റ്)

ഷെര്‍ലക്ക് എന്ന ബിബിസി സീരിയലിന്റെ മൂന്നാം സീസണില്‍ ഷെര്‍ലക്ക് വളരെവേഗം തന്നെ മരണത്തില്‍ നിന്ന് തിരിച്ചുവരുന്നുണ്ട്. രണ്ടുവര്‍ഷം മുന്പ് പ്രദര്‍ശിപ്പിച്ച റെയിക്കന്‍ബാക്ക് ഫോള്‍ എന്ന അവസാന എപ്പിസോഡില്‍ ഷെര്‍ലക്ക് ആയി അഭിനയിക്കുന്ന ബെനഡിക്റ്റ് കമ്പര്‍ബാക്ക് ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് കുതിക്കുക്കുകയായിരുന്നു. സമൂഹവും ഉറ്റസുഹൃത്ത് ജോണ് വാട്സനും (മാര്‍ട്ടിന്‍ ഫ്രീമാന്‍) ഷെര്‍ലക്ക് മരിച്ചുവെന്ന് കരുതുന്നു. എന്നാല്‍ എപ്പിസോഡിന്റെ അവസാനനിമിഷത്തില്‍ ഷെര്‍ലക്കിന്റെ സുഖമായി ജീവനോടെയിരിക്കുന്ന ഒരു നിഴല്‍രൂപം കാണുന്നുണ്ട്. ഷെര്‍ലക്ക് ഹോംസ് മരിക്കില്ല, പ്രത്യേകിച്ചും സ്വന്തം പേരിലുള്ള ഒരു ടീവി ഷോയില്‍.

ആര്‍തര്‍ കോനന്‍ ഡോയലിന്റെ ക്ലാസിക്ക് ഡിറ്റക്ടീവിന്റെ മോഡേണ്‍ രൂപമാണ് ബിബിസിയുടെ ഷെര്‍ലക്ക്. അതീവബുദ്ധിശാലിയായ ഈ സൂപ്പര്‍ഹീറോയുടെ ഹൃദയം അടുത്തറിയാവുന്നയാള്‍ വാട്സനാണ്. രണ്ടുവര്ഷം മുന്‍പുണ്ടായ ഷെര്‍ലക്കിന്റെ മരണത്തോടെ വാട്സന്‍ തീക്ഷ്ണവും തീവ്രവുമായ ദുഖത്തില്‍ അകപ്പെടുന്നു. തന്റെ പുതിയ കാമുകിയായ മേരിയുടെ സഹായത്തോടെയാണ് മെല്ലെ അയാള്‍ അതില്‍ നിന്ന് പുറത്തുവന്നു തുടങ്ങുന്നത്. തിരിച്ചുവരുമ്പോള്‍ വാട്സന്‍ രണ്ടുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് ഷെര്‍ലക്ക് കരുതുന്നത്. തനിക്കുചുറ്റുമുള്ള ആളുകളുടെ വികാരങ്ങളെപ്പറ്റി എന്നത്തേയുംപോലെ ഷെര്‍ലക്ക് ഇപ്പോഴും ബോധവാനല്ല. മൂന്നാമത്തെ സീസണ്‍ അല്‍പ്പം കൂടി അയഞ്ഞമട്ടിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ തമാശകളുണ്ട്. മുന്‍പ് വന്ന എപ്പിസോഡുകളുടെയത്ര ബുദ്ധിപരത കാണുന്നില്ല. കേസുകള്‍ തെളിയിക്കുന്നതിനെക്കാള്‍ പുതുതായി ഉരുത്തിരിഞ്ഞ ഈ പ്രേമ ത്രികോണത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനാണ് പുതിയ സീസണ്‍ താല്‍പ്പര്യം കാണിക്കുന്നത്.


ഒന്നര മണിക്കൂര്‍ വീതം നീളമുള്ള മൂന്നു എപ്പിസോഡുകള്‍ വീതമാണ് ഓരോ സീസണിലും ഉള്ളത്. ഇതിനുമുന്‍പുള്ള സീസണുകളില്‍ ഓരോ എപ്പിസോഡും ഒന്ന് വളരെ മികച്ചത്, ഒന്ന് തെറ്റില്ലാത്തത്, ഒന്ന് കമ്പര്‍ബാക്കിന്റെ കലക്കന്‍ പ്രകടനം ഒന്നുകൊണ്ട് മാത്രം രക്ഷപെട്ടത് എന്ന രീതിയിലാണ് പുറത്തുവന്നിട്ടുള്ളത്. ഇപ്പോള്‍ പുറത്തു വന്ന മൂന്നാം സീസണില്‍ വാട്ട്സന്റെ വിവാഹം കാണിക്കുന്ന രണ്ടാമത്തെ എപ്പിസോഡ് ആണ് ഏറ്റവും മികച്ചതായി കാണാന്‍ കഴിയുക.

“ദി എമ്പ്റ്റി ഹേര്സ്” എന്ന ഈ സീസണിലെ ആദ്യ എപ്പിസോഡ് ഷെര്‍ലക്ക് ഹോംസ് ഫാന്‍ക്ലബ്ബുകളെ ചിത്രീകരിക്കുന്ന ഒരു വമ്പന്‍ കഥയാണ്. സീരിയലിന്റെ തന്നെ ആരാധകര്‍ക്ക് ഇതില്‍ പ്രധാനറോള്‍ കൊടുക്കുന്നുണ്ട്. ഹോംസ് എങ്ങനെ മരണത്തെ അതിജീവിച്ചു എന്നതിന് ഉത്തരം വ്യക്തമായും തൃപ്തികാരമായും ഈ എപ്പിസോഡ് തരുന്നില്ല. ഏറ്റവും മികച്ച മിസ്റ്ററികഥകളില്‍ ഒന്നായ ഷെര്‍ലക്ക് ഹോംസ് കഥകളുടെ യാതൊരു ലാളിത്യവും ഈ എപ്പിസോഡില്‍ ഇല്ല. (ഷെര്‍ലക്കിന്റെ ശരീരം മോര്‍ച്ചറിയില്‍ വെച്ച് ആരും പരിശോധിച്ചില്ല എന്നൊക്കെയാണോ പറയുന്നത്?) തുടക്കത്തില്‍ പരിപാടിക്കുള്ള ആരാധകരെ കഥയില്‍ പരിഗണിക്കുന്നത് ഒരു രസമായാണ് തോന്നുന്നതെങ്കിലും പതിയെ നിങ്ങളുടെ ഷോ ആളുകള്‍ക്ക് എത്രമാത്രം പ്രാധാന്യമേറിയതാണ് എന്നാണ് നിങ്ങള്‍ കരുതുന്നത് എന്ന തരം സ്വയം പൊങ്ങലുകളിലേയ്ക്ക് കഥ എത്തുന്നുണ്ട്. ആരാധകര്‍ എക്കാലവും ആരാധകരായിരിക്കും. എന്നാല്‍ ആരാധകര്‍ പോലും ഒരു തകര്‍പ്പന്‍ ഷെര്‍ലക്ക് എപ്പിസോഡ് കാണാനാണ് ആഗ്രഹിക്കുക, അല്ലാതെ ഷെര്‍ലക്ക് എന്ന സീരിയലിന് തങ്ങളോടുള്ള ബന്ധം എന്താണെന്ന് സ്ക്രീനില്‍ നോക്കി ആലോചിക്കാന്‍ ഒരു ആരാധകരും ഇഷ്ടപ്പെടില്ല.


ഈ എപ്പിസോഡില്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്ന മറ്റൊരു സംഗതി ഷെര്‍ലക്ക്- വാട്സന്‍ ആണ്‍കൂട്ട് തന്നെയാണ്. വളരെവേഗം തന്നെ ഷോ “അവര്‍ തമ്മിലുള്ള പ്രേമ”ത്തിലേയ്ക്ക് സംഗതികളെ കൊണ്ടെത്തിക്കുന്നു. ഷെര്‍ലക്കും താനും പ്രേമത്തിലല്ല എന്ന് വാട്സന്‍ വളരെ ഉറക്കെത്തന്നെ പലവട്ടം പ്രഖ്യാപിക്കുന്നുണ്ട്. എങ്കിലും ഷെര്‍ലക്കിന്റെ മുന്നില്‍ വാട്സന്‍ വാക്കുകളില്ലാതാവുകയും അയാളെ സംരക്ഷിക്കാനും പരിരക്ഷിക്കാനും ശ്രമിക്കുകയും ഒക്കെ ചെയ്യുന്നു. പുതിയ സീസണിലെ മികച്ച എപ്പിസോഡായ രണ്ടാമത്തേതില്‍ പ്രധാനസംഭവം വാട്സന് ഷെര്‍ലക്ക് നല്‍കുന്ന വികാരനിര്ഭരമായ വിവാഹ ആശംസയാണ്. വാട്സന്റെ ഭാര്യയായ മേരി ഒരു സ്ത്രീഹോംസ് ആണ് എന്ന് ധ്വനിപ്പിക്കുന്നുകൂടിയുണ്ട് സീരിയല്‍. വളരെ ബുദ്ധിമതിയായതുകൊണ്ടാണ് വാട്സന് മേരിയെ ഇഷ്ടമായത് എന്ന് സാരം.

എങ്കിലും ലൈംഗികതയുടെ കാര്യം വരുമ്പോള്‍ ഷെര്‍ലക് സീരിയല്‍ അത്ര ലോജിക്കലായി ചിന്തിക്കുന്നുണ്ടോ എന്ന് സംശയമാണ്. കമ്പര്‍ബാക്ക് തന്റെ കറുത്തുചുരുണ്ട മുടിയും നീളന്‍ കുപ്പായവും ഒക്കെയായി അടിമുടി സുന്ദരനാണ്. ഹോംസ് ഒരു ബ്രഹ്മചാരിയായിരിക്കാം, എന്നാല്‍ ഷോയുടെ സൃഷ്ടാവായ സ്റ്റീഫന്‍ മോഫാറ്റ് പറയുന്നത് ഹോംസിന്റെ ബ്രഹ്മചര്യം “ലൈംഗികതാല്പ്പര്യമില്ലായ്മയില്‍ നിന്നുള്ളതല്ല, മറിച്ച് സന്യാസം പോലെയുള്ള ധ്യാനത്തില്‍ നിന്നുള്ളതാണ്” എന്നാണ്. പുരുഷന്‍മാരില്‍ താല്പ്പര്യമുണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഷെര്‍ലക്ക് ഒരു പുരുഷന്റെയൊപ്പം താമസിക്കാന്‍ തീരുമാനിക്കില്ലായിരുന്നു എന്നുകൂടി മോഫാറ്റ് പറയുന്നുണ്ട്. എന്നാല്‍ ഈ ലോകത്തില്‍ ഷെര്‍ലക്ക് ആകെ സ്നേഹിക്കുന്നയാള്‍ വാട്സന്‍ ആണ്. ഷെര്‍ലക്ക് മാപ്പ് പറയുകയും അസൂയപ്പെടുകയും വിവാഹം പ്ലാന്‍ ചെയ്തുകൊടുക്കുകയും മിസ്സ്‌ ചെയ്യുകയും ഒക്കെ ചെയ്യുന്ന ഒരേയൊരു മനുഷ്യന്‍ വാട്സന്‍ ആണ്. ലോജിക്കിന്റെ മാസ്റ്റര്‍ ആയ ഷെര്‍ലക്കിന് വാട്സന്‍ ഒരു പുരുഷനാണ് എന്നത് പ്രശ്നമാവും എന്നാണോ നമ്മള്‍ കരുതേണ്ടത്? എന്തൊക്കെയായാലും ഈ ഷെര്‍ലക്കിന് ബൈസെക്ഷ്വാലിറ്റിയൊന്നും വലിയ പ്രശ്നമാണെന്ന് തോന്നുന്നില്ല. ഒരു കേസ് തെളിയിക്കാനായി സ്ത്രീകളോടെന്നത് പോലെ പുരുഷന്മാരോടും നാണമില്ലാതെ ശൃംഗരിക്കാന്‍ ഈ ഷെര്‍ലക്കിന് സാധിക്കും. എന്നാല്‍ നായകന്‍റെ അപ്പീല്‍ സ്ത്രീകളോട് മാത്രമാണ് എന്ന് സ്ഥാപിക്കാന്‍ മോഫറ്റും സീരിയലും ശ്രമിക്കുന്നത് പോലെ തോന്നും. ആരെക്കാളും കൂടുതല്‍ ഉള്‍ക്കാഴ്ചയുള്ള ഷെര്‍ലക്ക് അത് ആദ്യം തന്നെ “എലമെന്‍റ്ററി” എന്നുപറഞ്ഞ് തള്ളിക്കളയാനാണ് സാധ്യത.

Willa Paskin is Slate’s television critic.


Next Story

Related Stories