Top

ഈ കോര്‍പറേറ്റ് മാധ്യമങ്ങള്‍ കെജ്‌രിവാളിനെ എന്തു ചെയ്യും?

ടീം അഴിമുഖം

കഴിഞ്ഞ ഒരു ദശാബ്ദമായി ഡല്‍ഹിയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തിവരുന്ന അരവിന്ദ് കെജ്‌രിവാള്‍ എന്നും മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. അണ്ണഹസാരയോട് കൈകോര്‍ത്തതോടെ ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങളുടെ ഒന്നാം പേജില്‍ അരവിന്ദ് നിറഞ്ഞ് കവിഞ്ഞൊഴുകുയായിരുന്നു. ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ സ്‌നേഹത്തിന് ഇടക്കാലം കുറവ് സംഭവിച്ചെങ്കിലും ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അത്ഭുതക്കുട്ടിയായി മാറിയതോടെ മുഖ്യധാരാ, കോര്‍പറേറ്റ് മാധ്യമങ്ങളൂടെ കൂടുതല്‍ ഇഷ്ടക്കാരനായി മാറുകയും ചെയ്തു.

ഈ ഒരു ബന്ധം മൊത്തം ഉലയ്ക്കുന്നതാണ് ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസങ്ങളായി നടത്തിയ സമരത്തിന്റെ ഫലം. ഇംഗ്ലീഷ് ചാനലും പത്രങ്ങളും അരവിന്ദിന്റെ ഈ അരാജകത്വത്തെ അടപടലം ആക്രമിക്കുകയും ഇതിനെ നിരുത്തരവാദിത്വമെന്ന് പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു. ഈ മാധ്യമങ്ങള്‍ ഡല്‍ഹിയിലെ മധ്യവര്‍ഗത്തിന്റെ മനസില്‍ കെജ്‌രിവാളിനെക്കുറിച്ച് സംശയം വിതയ്ക്കുകയും ചെയ്തു.

സമരം തന്നെ ജീവിതമാക്കിയ ഇദ്ദേഹത്തിന്റെ ഒടുവിലത്തെ സമരം ഒരു കൈവിട്ട കളിയാണോ എന്നും അത് ആം ആദ്മി പാര്‍ടിയുടെ കുതിപ്പിന് വേഗം കുറച്ചു എന്നുമുള്ള നിഗമനങ്ങളാണ് ഇംഗ്ലീഷ് സംസാരിക്കുന്ന ഡല്‍ഹിക്കാര്‍ക്കിടയിലെ ചര്‍ച്ച. പക്ഷെ ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നത് ഈ ഭ്രാന്തിന് പിന്നില്‍ ഒരു രാഷ്ട്രീയ തന്ത്രമുണ്ടെന്ന് തന്നെയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുടെ വന്‍തോതിലുള്ള പിന്തുണയൊന്നും ആം ആദ്മിക്ക് കിട്ടില്ലെന്ന് തീര്‍ച്ചയാണ്. കാരണം ദേശീയതലത്തിലുള്ള മിക്ക മാധ്യമഗ്രൂപ്പുകളും നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന ബി.ജെ.പി.യോടോ അല്ലെങ്കില്‍ കോണ്‍ഗ്രസിനോടോ താല്‍പര്യം കാട്ടിത്തുടങ്ങിയിട്ടുണ്ട്. അതിനൊപ്പം, മുഖ്യധാരാ മാധ്യമങ്ങളില്‍ മിക്കതും ഭരിക്കുന്നത് ഇപ്പോള്‍ റിലയന്‍സ് അടക്കമുള്ള ഇന്ത്യന്‍ കുത്തക കമ്പനികളാണ്. നരേന്ദ്ര മോഡി എന്ന രക്ഷകനായി പണമെറിയുന്ന തിരക്കിലാണ് ഈ മാധ്യമങ്ങളത്രയും.

ആം ആദ്മിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം ഡല്‍ഹിയിലേത് പോലെ മാധ്യമങ്ങളുടെ പിന്‍ബലത്തില്‍ നടക്കില്ലെന്ന് തീര്‍ച്ച. ഇന്ത്യ എന്ന യാഥാര്‍ത്ഥ്യം ടെലിവിഷന്‍ കാണുന്ന 50 ശതമാനം ജനതയ്ക്കും, പത്രങ്ങള്‍ വായിക്കുന്ന ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 12 ശതമാനം ജനതയ്ക്കും അപ്പുറമാണ്. മീഡിയ എന്ന ചാലകം ഉപേക്ഷിച്ച് സാധാരണക്കാരുമായി നേരിട്ട് ബന്ധം സ്ഥാപിച്ചെടുക്കാനായിരിക്കാം ഇവരുടെ ലക്ഷ്യം. ഇങ്ങനെ സംഭവിച്ചാല്‍ ഇത് ആദ്യമായിരിക്കില്ല. കാരണം, കാന്‍ഷിറാമും മായാവതിയും അവരുടെ ബി.എസ്.പി എന്ന പാര്‍ടിയെ പടുത്തുയര്‍ത്തിയത് മുഖ്യധാരാ മാധ്യങ്ങളുടെ എതിര്‍പ്പില്‍ ചവിട്ടി നിന്നായിരുന്നു.

അരാജകവാദിയായ മുഖ്യമന്ത്രിയല്ല മറിച്ച് ദീര്‍ഘവീക്ഷണമുള്ള ഭരണകര്‍ത്താവാണ് താനെന്ന് തെളിയിക്കാന്‍ കെജരിവാളിന് അധിക സമയമൊന്നും വേണ്ട. നിര്‍ണായകമായ ഭരണ തീരുമാനങ്ങള്‍ പലതും കെജരിവാളിന്റെ ആവനാഴിയില്‍ ഉണ്ടെന്നതാണ് സത്യം. വരും ദിനങ്ങളില്‍ ഇവ ഓരോന്നായി പുറത്തെടുക്കുമെന്നാണ് സൂചന.

ഷീലാ ദീക്ഷിത് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ വരും ദിവസങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ ആന്റി-കറപ്ഷന്‍ ബ്യൂറോ അന്വേഷണം ആരംഭിക്കും. പൊതുസമൂഹത്തിന് അഴിമതി അസഹനീയമാണ്. അതേപോലെതന്നെ പോലീസിന്റെ കൊള്ളരുതായ്മകള്‍ക്കെതിരേയും പ്രതിഷേധമുണ്ട്. ഇത്തരം കാര്യങ്ങളിലൂടെ ജനരോഷമറിഞ്ഞ് പ്രതികരിക്കുന്ന നേതാവ് എന്ന നിലയിലേക്ക് ഉയരുകയും ജനങ്ങളുടെ ശബ്ദം ആം ആദ്മി പാര്‍ട്ടിയിലേക്ക് ആവാഹിക്കാന്‍ കഴിയുകയും ചെയ്താല്‍ കെജരിവാളിനെ മാധ്യമങ്ങള്‍ക്ക് പിടിച്ചാല്‍ കിട്ടാത്ത ഉയരങ്ങളിലേയ്ക്ക് വളര്‍ന്ന് കയറും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ ദിശാമാറ്റമായിരിക്കും അത്.

അല്ലെങ്കില്‍ അഴിമതിക്കെതിരേ പോരാടി അധികാരത്തിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി എന്ന അടിക്കുറിപ്പില്‍ മാത്രം ഒതുങ്ങുന്ന വ്യക്തിത്വമായി അരവിന്ദ് കെജരിവാള്‍ മാറിയേക്കാം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉദിച്ചസ്തമിച്ചു പോയ അനേകം പ്രാദേശിക പാര്‍ട്ടികളിലൊന്നായി ആം ആദ്മി പാര്‍ട്ടിയും മാറും.


Next Story

Related Stories