TopTop

ആം ആദ്മി അല്ല മാതൃക; കോണ്‍ഗ്രസ് സ്വയം മാറണം - വി.ടി ബല്‍റാം

ആം ആദ്മി അല്ല മാതൃക; കോണ്‍ഗ്രസ് സ്വയം മാറണം - വി.ടി ബല്‍റാം

ആം ആദ്മി പാര്‍ട്ടി രൂപം കൊണ്ടതും തെരഞ്ഞെടുപ്പില്‍ വിജയിച്ചതും ഡല്‍ഹിയില്‍ മന്ത്രിസഭ രൂപീകരിച്ചതുമൊക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അധികം കേട്ടുകേള്‍വിയില്ലാത്ത മാതൃകയാണ്. മുഖ്യധാരാ, പരമ്പരാഗാത രാഷ്ട്രീയ പാര്‍ട്ടികള്‍ ആം ആദ്മി പാര്‍ട്ടി ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്നതിനെ സംശയത്തോടും ഒട്ടൊക്കെ പേടിയോടും കൂടിയാണ് കാണുന്നത്. കേരളത്തിലും ആം ആദ്മി പാര്‍ട്ടി അവരുടെ ചുവടുറപ്പിക്കാന്‍ നോക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് മുന്നില്‍ അഴിമുഖം ഏതാനും ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. തന്റെ ഇടപെടലുകളിലൂടെ ജനമനസില്‍ ഇടം പിടിച്ച് കഴിഞ്ഞ യുവ എം.എല്‍.എ
വി.ടി ബല്‍റാം
ആം ആദ്മി പാര്‍ട്ടിയെക്കുറിച്ച് അഴിമുഖത്തോട് സംസാരിക്കുന്നു.
1. കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു തരംഗം സൃഷ്ടിക്കാനാവുമെന്ന് കരുതുന്നുണ്ടോ?

ബല്‍റാം: കേരളത്തെ സംബന്ധിച്ചിടത്തോളം ആം ആദ്മി പാര്‍ട്ടി ഉന്നയിക്കുന്ന പല ആശയങ്ങളും ഇപ്പോള്‍ത്തന്നെ നമ്മുടെ പൊതുമണ്ഡലത്തില്‍ ഉള്ളവയാണ്. ജനങ്ങളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നവരും വലിയ ധാരാളിത്തമൊന്നുമില്ലാത്ത ജീവിതശൈലി പിന്തുടരുന്നവരുമൊക്കെയാണു നമ്മുടെ പൊതുപ്രവര്‍ത്തകരില്‍ വലിയൊരു ഭാഗവും. മറിച്ചുള്ള ഉദാഹരണങ്ങളുമുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. വ്യക്തിതലത്തിലെ വലിയ അഴിമതിക്കാരുടെ എണ്ണവും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് താരതമ്യേനെ കുറവാണെന്ന് പറയാം. എന്നാല്‍ നമ്മുടെ വ്യവസ്ഥിതിയിലുള്ള അഴിമതി ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അതിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ ശൈലിയിലുള്ള പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം പ്രയോജനകരമായിരിക്കുമെന്ന് കാലം തെളിയിക്കേണ്ട കാര്യമാണ്. എനിക്ക് തോന്നുന്നത് വിവരാവകാശ നിയമം, സേവനാവകാശ നിയമം തുടങ്ങിയവയുടെ സാര്‍ത്ഥകമായ പ്രയോഗവും മാധ്യമജാഗ്രതയുമെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന അവകാശബോധ്യത്തിലധിഷ്ഠിതമായ ഒരു പുതിയ പൗരത്വ സംസ്‌ക്കാരമാണു അഴിമതിയെ നിയന്ത്രിക്കാന്‍ കൂടുതല്‍ ഫലപ്രദമായിട്ടുള്ളത് എന്നാണ്.
എന്നാല്‍ ഇത്തരം ആഴത്തിലും സമഗ്രതയിലുമുള്ള പരിഹാരങ്ങളേക്കാള്‍ ആള്‍ക്കൂട്ടങ്ങളെ നയിക്കുന്നത് ഉപരിപ്ലവമായ കേവല വികാരപ്രകടനങ്ങളാണ്. നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കെതിരെയാണ് ഈ വികാരപ്രകടനങ്ങള്‍ സ്വാഭാവികമായും ഉയരുക. ആം ആദ്മി പാര്‍ട്ടി നമ്മുടെ മധ്യവര്‍ഗ്ഗത്തിനിടയില്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതും ഇത്തരം വികാരങ്ങളാണ്. അതുകൊണ്ടുതന്നെ ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജയങ്ങളൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ലെങ്കിലും അവര്‍ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിക്കെതിരെ ഉയര്‍ത്തുന്ന അസംതൃപ്തി ഇവിടെ നിലനിന്നേക്കാം. അതിനെ അതിജീവിക്കുകയും ജനവിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്യുക എന്നതായിരിക്കും നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

2.അഴിമതി ആരോപണം, ലൈംഗിക ആരോപണങ്ങള്‍ എന്നിവ രാഷ്ട്രീയക്കാര്‍ക്കെതിരേ ഉയരുന്നത് കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് വഴിയൊരുക്കില്ലേ?
ബല്‍റാം: രാഷ്ട്രീയത്തെക്കുറിച്ചുള്ള നമ്മുടെ സംവാദങ്ങളില്‍ അഴിമതിയാരോപണങ്ങളും ലൈംഗികാരോപണങ്ങളും ഒരേ പ്രാധാന്യത്തോടെയാണ് കടന്നുവരാറുള്ളത്. പലപ്പോഴും ലൈംഗികാരോപണങ്ങളാണ് കൂടുതല്‍ ജനശ്രദ്ധയും മാധ്യമശ്രദ്ധയും ആകര്‍ഷിച്ചുകാണാറുള്ളത്. നമ്മുടെ സാമൂഹ്യമനസ്സിന്റെ പ്രതിഫലനം തന്നെയാണിത്. പദവിയും അധികാരവും ദുരുപയോഗിച്ച് നടത്തപ്പെടുന്ന ചൂഷണങ്ങള്‍ തീര്‍ച്ചയായും ഗൗരവത്തോടെ കാണേണ്ടതുണ്ട്. എന്നാല്‍ രാഷ്ട്രീയനേതാക്കളുടെ വ്യക്തിജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടമാണു മിക്ക ലൈംഗികാരോപണങ്ങള്‍ക്കും പുറകില്‍. അവയ്ക്ക് അമിതപ്രാധാന്യം നല്‍കുന്നത് നമ്മുടെ ഇടയില്‍ നിലനില്‍ക്കുന്ന കപടസദാചാര സങ്കല്‍പ്പങ്ങളാണ്. കൃത്യമായ പ്രത്യയശാസ്ത്ര അടിത്തറയില്ലാത്തതുകൊണ്ട് ഇത്തരം വ്യക്തിപരമായ മധ്യവര്‍ഗ്ഗ, നാഗരിക, പുരുഷ, സദാചാര സങ്കല്‍പ്പങ്ങളാണ് വലിയൊരളവുവരെ ആം ആദ്മി പാര്‍ട്ടിയും മുന്നോട്ടുവെക്കുന്നത്. അവ നമ്മുടെ ജനാധിപത്യത്തിനു ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമായിരിക്കുമെന്ന് കരുതാന്‍ വയ്യ.
3. ഇടത്-വലത് വ്യത്യാസമില്ലാതെ മുതലാളിത്തത്തിന്റെയും പുതുപണത്തിന്റേയും സംരക്ഷകരായി രാഷ്ട്രീയപാര്‍ട്ടികള്‍ മാറിക്കൊണ്ടിരിക്കുന്നു. ആംആദ്മിക്ക് വളക്കൂറുള്ളമണ്ണായി കേരളത്തെ മാറ്റാന്‍ ഈ സാഹചര്യം ഉതകില്ലേ
ബല്‍റാം: സാമ്പത്തിക നയസമീപനങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരേണ്ടതുണ്ട്. താത്വിക, പ്രത്യയശാസ്ത്ര വാചകക്കസര്‍ത്തുകളില്‍ അവര്‍ക്ക് കാര്യമായ താത്പര്യമില്ല എന്നാണ് ഇതുവരെയുള്ള അനുഭവം. അതൊരു നല്ല കാര്യമായിട്ടാണെനിക്ക് തോന്നുന്നത്. പ്രായോഗികമായ ഇടപെടലുകളാണു ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സ്വകാര്യ മൂലധനത്തെ പൂര്‍ണ്ണമായി എതിര്‍ക്കേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചും നിയമങ്ങള്‍ക്ക് വിധേയമായും സുതാര്യമായി വേണം വികസനത്തിന്റെ പേരിലുള്ള പദ്ധതികള്‍, അത് പൊതുമേഖലയിലായാലും ശരി, സ്വകാര്യമേഖലയിലായാലും ശരി, വരേണ്ടത്. ഇതിനു കഴിയുന്ന തരത്തിലുള്ള വ്യവസ്ഥാപിത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയാണു നാം ചെയ്യേണ്ടത്.
കേരളത്തില്‍ ഏത് മുന്നണി ഭരിച്ചാലും തങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ കൃത്യമായി സംരക്ഷിക്കാനറിയാവുന്ന ഒരു പുതിയ ഭരണവര്‍ഗ്ഗം ഉയര്‍ന്നുവരുന്നുണ്ട്. ഭരണാധികാരികളും ഇത്തരക്കാരും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും ക്രോണി ക്യാപ്പിറ്റലിസവും നമ്മുടെ ജനങ്ങള്‍ക്ക് ഈ വ്യവസ്ഥിതിയിലും നിയമവാഴ്ചയിലുമുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്നുണ്ട്. ആറന്മുള വിമാനത്താവള വിഷയത്തിലൊക്കെ നാമത് കാണുന്നുണ്ട്. ആം ആദ്മി പാര്‍ട്ടി മുതലെടുത്തേക്കാവുന്ന ഇത്തരം സാഹചര്യങ്ങളെ തിരുത്താനുള്ള ഇച്ഛാശക്തി പരമ്പരാഗത പാര്‍ട്ടികള്‍ കാണിച്ചേ മതിയാകൂ.
4. ജാതി-മത ശക്തികളുടെ സ്വാധീനം കേരള രാഷ്ട്രീയത്തില്‍ കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്നു. കേരള സമൂഹം ആര്‍ജ്ജിച്ച പുരോഗമനാത്മക നിലപാടുകളില്‍ നിന്ന് പിന്നോക്കം പോകുകയാണ്. ഇത് നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പരാജയമല്ലേ, ഇതിന് ഒരു തിരുത്തല്‍ അനിവാര്യമല്ലേ
ബല്‍റാം: ജാതി, മതശക്തികള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ അശ്ലീല സാന്നിദ്ധ്യമായി വളരുകയാണെന്ന് നാം അംഗീകരിക്കുക തന്നെ വേണം. നവോത്ഥാനനായകരുടെ ഇടപെടലിന്റേയും ദേശീയ പ്രസ്ഥാനത്തിന്റേയും ഭാഗമായി നാം വലിയ അളവില്‍ മുന്നോട്ടുകൊണ്ടുപോയ സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയക്ക് ഇടക്കെവിടെയോ സംഭവിച്ച ഇടര്‍ച്ചയാണു ഈ സാഹചര്യം സൃഷ്ടിച്ചത്. ഓരോ സമുദായത്തിനകത്തേയും നവീകരണ പ്രസ്ഥാനങ്ങളായി കടന്നുവന്ന ജാതി, മത സംഘടനകള്‍ പിന്നീട് അതിന്റെ നേര്‍ വിപരീത ദിശയിലേക്ക് അധ:പതിച്ച കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്.

സമുദായ നേതാക്കളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വഴങ്ങാതിരിക്കാനുള്ള ആര്‍ജ്ജവമാണു രാഷ്ട്രീയ നേതാക്കള്‍ കാണിക്കേണ്ടത്. സമുദായ നേതാക്കളെന്ന ഇടത്തട്ടുകാരെ ഒഴിവാക്കി ഓരോ സമുദായത്തിനകത്തുമുള്ള ബഹുജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനും അവരുടെ വിശ്വാസമാര്‍ജ്ജിക്കാനുമാണ് നാം ശ്രമിക്കേണ്ടത്.

5. സാറാജോസഫിനെപോലെയുള്ള പൊതുസ്വീകാര്യരായ വ്യക്തികളുടെ കടന്നുവരവ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആം ആദ്മിയുടെ വിജയ സാധ്യത വര്‍ദ്ധിപ്പിക്കുമോ
ബല്‍റാം: സാറ ടീച്ചറേക്കുറിച്ച് എനിക്ക് ഏറെ മതിപ്പുണ്ട്. തന്റെ എഴുത്തിലൂടെയും ഇടപെടലുകളിലൂടെയും കേരളത്തില്‍ ജനപക്ഷ രാഷ്ട്രീയത്തിനു കരുത്തുപകരാന്‍ അവര്‍ക്ക് കഴിയുമെന്ന കാര്യത്തിലും സംശയമില്ല. എന്നാല്‍ അവരേപ്പോലുള്ളവര്‍ കടന്നുവരുന്നതോടുകൂടി ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ വലിയ ശക്തിയായി മാറുമെന്നും തെരെഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുമെന്നും പ്രതീക്ഷിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല.
കൃത്യമായ പ്രത്യയശാസ്ത്ര അടിത്തറയോ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമാവുന്ന പൊതു കാഴ്ച്ചപ്പാടുകളോ ഇല്ലാത്ത ഒരു പാര്‍ട്ടിയാണു ആപ്പ്. 'പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും അവരുടേതായ കാരണങ്ങളുണ്ട്' എന്ന് ഒരു ചന്ദനത്തിരിയുടെ പരസ്യത്തില്‍ പറയുന്ന പോലെ ഓരോരുത്തരും ആ പാര്‍ട്ടിയിലേക്ക് കടന്നുചെല്ലുന്നത് ഓരോ കാരണങ്ങള്‍ മൂലമാണ്. ഒരുപക്ഷേ കേരളത്തിലെങ്കിലും ആപ്പ് ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് അതിലേക്ക് തള്ളിക്കയറാന്‍ നോക്കുന്ന പല സെലിബ്രിറ്റീസിനേയും തന്നെയാണ്. ഒരു തരത്തിലുള്ള താരതമ്യവുമര്‍ഹിക്കാത്ത പലരുമാണു ഇപ്പോള്‍ ആപ്പിന്റെ തൊപ്പിയുമിട്ട് ഒരേപോലെ കടന്നുവരുന്നത്.
വ്യത്യസ്ത വിഷയങ്ങളില്‍ സ്വതന്ത്രമായ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ചില അടിസ്ഥാന കാഴ്ചപ്പാടുകളുടെ പേരില്‍ ഒരേ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ കഴിയുന്ന സാഹചര്യത്തെ ഞാനും സ്വാഗതം ചെയ്യുകയാണ്. ജനാധിപത്യത്തിന്റെ വികാസമായാണ് അത്തരമൊരവസ്ഥയെ ഞാന്‍ നോക്കിക്കാണുന്നത്. എന്നാല്‍ അപ്പോഴും മുഴുവന്‍ അംഗങ്ങളേയും പിടിച്ചുനിര്‍ത്തുന്ന ചില അടിസ്ഥാന മൂല്ല്യങ്ങള്‍ ഏതൊരു സംഘടനക്കുമുണ്ടാവേണ്ടതായിട്ടുണ്ട്. ഇന്നത്തെ നിലക്ക് ആപ്പിന് അങ്ങനെയൊരു കോഹ്സ്സീവ്‌നെസ് കാണിക്കാന്‍ കഴിയുമോ എന്നത് സംശയമാണ്.
6. ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലായ്മയും അസന്തുഷ്ടരായ കേഡറുകളും നിറഞ്ഞ പാര്‍ട്ടി സംവിധാനങ്ങളില്‍ നിന്ന് പലര്‍ക്കും അഭയമാകാന്‍ ആംആദ്മിക്ക് കേരളത്തില്‍ കഴിയില്ലേ.
ബല്‍റാം: ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായേ മതിയാകൂ. ഒരോ പാര്‍ട്ടിയുടേയും അടിസ്ഥാന ലക്ഷ്യങ്ങള്‍ക്കനുസൃതമായിട്ടായിരിക്കണം അതിന്റെ സംഘടനാ സ്വഭാവം നിര്‍ണ്ണയിക്കപ്പെടേണ്ടത്. ഉദാഹരണത്തിനു വര്‍ഗ്ഗസമരവും വിപ്ലവവും നടത്താനാണു തങ്ങളുടെ ഉദ്ദേശ്യമെന്നാണു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വാദം. അതില്‍ എത്രമാത്രം ഗൗരവമുണ്ട് എന്നത് മറ്റൊരു കാര്യം. എന്നിരുന്നാലും അത്തരം സംഘടനകളില്‍ ഇരുമ്പുമറകളും അധികാര കേന്ദ്രീകരണവും അച്ചടക്കത്തിന്റെ വാള്‍മുനയുമൊക്കെ ഒരുപരിധി വരെ സ്വാഭാവികമാണ്. കാറ്റും വെളിച്ചവും കടന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ന്നുപോവുമെന്ന് എം.എന്‍.വിജയന്‍ മാഷൊക്കെ വിലപിച്ചതും ഇതുകൊണ്ടായിരിക്കാം.

എന്നാല്‍ ഇന്ത്യയെ ഒരു ജനാധിപത്യ രാഷ്ട്രമാക്കി സൃഷ്ടിക്കുകയും ഭരണഘടനയിലൂടെ അതിനു ആധികാരികത നല്‍കുകയും ചെയ്ത കോണ്‍ഗ്രസ് പോലുള്ള പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം സമൂഹത്തിലെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയെ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് പ്രധാന ദൗത്യം. അതുകൊണ്ടുതന്നെ തുറന്ന അഭിപ്രായ പ്രകടനങ്ങളും അതിന്റെയടിസ്ഥാനത്തില്‍ ഉണ്ടാവുന്ന ആശയരൂപീകരണങ്ങളും പൊതു സമവായങ്ങളും തിരുത്തലുകളുമൊക്കെയാണ് കോണ്‍ഗ്രസ്സിനകത്ത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. എന്നാല്‍ അതിനുപകരം കമ്മ്യൂണിസ്റ്റ് മാതൃകയിലുള്ള കേഡറിസത്തെ എന്തോ മഹത്തരമായ കാര്യമായി കരുതുന്നവരാണു കോണ്‍ഗ്രസ്സിനകത്തേയും ഒരു വലിയ വിഭാഗമാളുകള്‍. കോണ്‍ഗ്രസ്സിലുണ്ടാവേണ്ടത് പട്ടാളച്ചിട്ടയിലുള്ള അച്ചടക്കമല്ല, മറിച്ച് കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലുള്ള ജൈവീകമായ അച്ചടക്കമാണ്. പാര്‍ട്ടി രഹസ്യം, പാര്‍ട്ടി കമ്മിറ്റികളുടേയും തീരുമാനങ്ങളുടേയും അലംഘനീയത എന്നിവക്കൊക്കെ ഒരു ആധുനിക ജനാധിപത്യ പാര്‍ട്ടിയില്‍ പരിമിതമായ പ്രാധാന്യമേ ഉണ്ടാവാന്‍ പാടുള്ളൂ. അത്തരത്തില്‍ ലിബറലും സംവാദാത്മകവുമായ ഒരു സംഘടനാ സംവിധാനം മുന്നോട്ടുവെക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞാല്‍ ആം ആദ്മി പാര്‍ട്ടിയേക്കാള്‍ എന്തുകൊണ്ടും ആകര്‍ഷകമായിരിക്കും കോണ്‍ഗ്രസ്.

7. ആം ആദ്മിയുടെ ഡല്‍ഹി വിജയത്തില്‍ നിന്ന് താങ്കളുടെ പാര്‍ട്ടി എന്ത് പാഠമാണ് പഠിച്ചത്?
ബല്‍റാം: ആം ആദ്മി പാര്‍ട്ടിക്ക് ദില്ലിയിലുണ്ടായ വിജയം വലിയ രീതിയില്‍ അപ്രതീക്ഷിതമായിരുന്നു. അവര്‍ പോലും ഇത്രക്ക് പ്രതീക്ഷിച്ചിരുന്നോ എന്ന് സംശയമാണ്. ആ വിജയത്തില്‍ നിന്ന് പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പാഠം ജനങ്ങള്‍, പ്രത്യേകിച്ചും മധ്യവര്‍ഗ്ഗം, ഒരു മാറ്റമാഗ്രഹിക്കുന്നു എന്നതാണ്. സ്വയം ആ മാറ്റമാവാന്‍ തയ്യാറാവുക എന്നതാണു കോണ്‍ഗ്രസ് സ്വീകരിക്കേണ്ട സമീപനം എന്നാണെന്റെ വിലയിരുത്തല്‍. അഴിമതിയും വിലക്കയറ്റവും കോര്‍പ്പറേറ്റുവല്‍ക്കരണവും പോലെ ജനങ്ങള്‍ വൈകാരികമായി സമീപിക്കുന്ന വിഷയങ്ങളില്‍ ശക്തമായ തിരുത്തല്‍ നിലപാട് സ്വീകരിക്കുകയും പഴയ ഫ്യൂഡല്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന അധികാരധാര്‍ഷ്ട്യവും ആഡംബരവുമൊക്കെ കുറക്കുകയും ചെയ്ത് ജനവിശ്വാസം വീണ്ടെടുക്കാനായാല്‍ ഇന്ത്യന്‍ ജനമനസ്സ് വീണ്ടും കോണ്‍ഗ്രസ്സിനൊപ്പം തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
Next Story

Related Stories